UPDATES

ട്രെന്‍ഡിങ്ങ്

‘ദിലീപേട്ടാ കുടങ്ങി’; അബദ്ധങ്ങളൊക്കെയും തെളിവാക്കി പ്രോസിക്യൂഷന്‍, പഴുതുകള്‍ കാണാതെ പ്രതിഭാഗം

ജാമ്യാപേക്ഷയില്‍ പൊലീസുകാരന്റെ ഏറ്റു പറച്ചില്‍ തന്നെയാണ്‌ പ്രധാന കുരുക്കായത്

കോടതിക്കു മുന്നില്‍ തെളിവുകള്‍ക്കാണ് പ്രധാന്യം. ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഇന്നു കോടതി ഒരിക്കല്‍ കൂടി വ്യക്തമാക്കിയതും അതാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരേയുള്ള ഗൂഡാലോചന കുറ്റം തെളിയിക്കുന്നതിനുള്ള വ്യക്തമായ തെളിവുകള്‍ തന്നെയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. കെട്ടിച്ചമച്ചതും നിലനില്‍പ്പില്ലെന്നും പറഞ്ഞു പ്രതിഭാഗം പ്രതിരോധിക്കാന്‍ ശ്രമിച്ചവ മാത്രമല്ല, പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ച കാര്യങ്ങളില്‍ പലതും പ്രതിഭാഗത്തിന് അപ്രതീക്ഷിതവും നിഷേധിക്കാന്‍ പഴുതുകള്‍ കാണാത്തവയുമായിരുന്നു.

ഇതില്‍ പ്രധാനം ഒരു പൊലീസുകാരന്റെ മൊഴിയാണ്. അറസ്റ്റിലായ ശേഷം ആലുവ പൊലീസ് ക്ലബ്ബില്‍ കൊണ്ടുവന്ന സമയത്ത് ഈ പൊലീസുകാരന്‍ ദിലീപിനെ വിളിക്കാന്‍ സുനിക്ക് തന്റെ ഫോണ്‍ കൈമാറിയിരുന്നു. ഈ ഫോണില്‍ നിന്നു സുനി നടനെ വിളിക്കുകയും ദിലീപേട്ടാ കുടുങ്ങി എന്നു പറയുകയുമുണ്ടായി. ഈ ശബ്ദസന്ദേശം അടക്കം പൊലീസുകാരന്റെ മാപ്പപേക്ഷയും അന്വേഷണസംഘം കോടതി മുമ്പാകെ തെളിവായി നല്‍കി. അറസ്റ്റിലായ ഉടനെ പള്‍സര്‍ സുനി ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു എന്നതിനുള്ള തെളിവുകള്‍ക്കൊപ്പമാണ് പൊലീസുകാരന്റെ കുറ്റസമ്മതവും ഹാജരാക്കിയത്. ദിലീപിന് ഇന്നും ജാമ്യം നിഷേധിക്കാന്‍ പ്രധാനകാരണമായതും ഈ തെളിവുകള്‍ തന്നെയാണ്.

കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലേക്കും സുനി ഈ പൊലീസുകാരന്റെ സഹായത്തോടെ വിളിക്കാന്‍ ശ്രമിച്ചതായും പൊലീസ് തെളിവു നിരത്തുന്നു. പിന്നീട് ഇതേ പൊലീസുകാരന്‍ തൃശൂരിലെ ഒരു ടെലിഫോണ്‍ ബൂത്തില്‍ നിന്നും ദിലീപിനെയും കാവ്യയേയും ബന്ധപ്പെടാന്‍ ശ്രമിച്ചതായും അന്വേഷണ സംഘം പറയുന്നു. എന്നാല്‍ സുനിക്കു കൈമാറിയ ഫോണിന്റെ സിം കാര്‍ഡ് പിന്നീട് ഈ പോലീസുകാരന്‍ നശിപ്പിച്ചു കളഞ്ഞിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ഇയാള്‍ പിന്നീട് കുറ്റമേറ്റു പറയുകയായിരുന്നു. ഈ പൊലീസുകാരനെയും കേസില്‍ പ്രതിയാക്കുമെന്നാണ് വിവരം.

ഈ തെളിവുകളെല്ലാം സീല്‍ വച്ച കവറില്‍ പ്രോസിക്യൂഷന്‍ കോടതിക്കു മുമ്പാകെ ഹാജരാക്കിയിരുന്നു. തങ്ങള്‍ക്കു കിട്ടിയ തെളിവുകള്‍ എല്ലാം തന്നെ പുറത്തുവിടാതെ പ്രധാനപ്പെട്ട പലതും പ്രോസിക്യൂഷന്‍ രഹസ്യമാക്കിയാണ് കോടതിക്കു മുന്നില്‍ സമര്‍പ്പിച്ചത്. ഈ രേഖകളെല്ലാം വിശദമായി പരിശോധിച്ച കോടതി ദിലീപ് കേസില്‍ പ്രഥമദൃഷ്ട്യ കുറ്റക്കാരനെന്ന നിഗമനത്തിലേക്ക് എത്തിയത്.

തനിക്കെതിരേ ഗൂഢാലോചന നടന്നെന്ന ദിലീപിന്റെ വാദം പൊളിക്കുന്നവയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയില്‍ കിട്ടിയിരിക്കുന്ന തെളിവുകള്‍ എല്ലാം എന്നാണ് വിവരം. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് വിപുലീകരിച്ച കേസ് ഡയറിയും 40 പേജുള്ള സത്യവാങ്മൂലവുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിക്കു കൈമാറിയിരുന്നത്.

എല്ലാ പഴുതുകളും അടച്ചു തന്നെയാണ് പ്രോസിക്യൂഷന്‍ നീങ്ങുന്നതെന്നു തന്നെയാണ് ഇവിടെ കാണുന്നത്. സര്‍ക്കാര്‍ കേസില്‍ ശക്തമായ നിലപാട് എടുത്തിട്ടുണ്ടെന്നതും നടന് തിരിച്ചടിയാണ്. കുറ്റം ചെയ്തവരെ കുറ്റവാളിയായി മാത്രം കണ്ടാല്‍ മതിയെന്നും അവരുടെ സ്ഥാനമാനങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന ശക്തമായ സൂചനയാണ്. ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതിനുശേഷമാണ് മുഖ്യമന്ത്രിയില്‍ നിന്നും ഇത്തരം പരാമര്‍ശം ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. നവമാധ്യമങ്ങള്‍ വഴി അന്വേഷണം വഴി തിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പൊലീസ് ഇതൊന്നും കാര്യമാക്കേണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍