UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയില്‍ ഭയം കൂടാതെ പ്രാര്‍ത്ഥിക്കാനുള്ള അവസരം ഉണ്ടാക്കണം; മുഖ്യമന്ത്രിക്ക് ആറ്റുകാലമ്മയെ കുറിച്ച് പുസ്തകമെഴുതിയ ലക്ഷ്മി രാജീവിന്റെ നിവേദനം

സുപ്രീം കോടതി ഉത്തരവിനെ പരസ്യമായി വെല്ലുവിളിക്കുകയും സ്ത്രീകളായ ഭക്തർക്കെതിരെ ആക്രമണഭീഷണി മുഴക്കുകയും ചെയ്ത എല്ലാവരുടെയും പേരിൽ കർശനമായ നിയമനടപടി സ്വീകരിക്കണം

സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമലയിൽ പ്രാർത്ഥനയ്‌ക്കെത്തുന്ന എല്ലാ സ്ത്രീകളുടെയും സുരക്ഷ ഉറപ്പ് വരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, ഭയം കൂടാതെ വിശ്വാസികളായ ഭക്തകൾക്ക് പ്രാര്ഥിക്കാനുള്ള അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് എഴുത്തുകാരി ലക്ഷ്മി രാജീവ് മുഖ്യമന്ത്രിക്കെഴുതിയ നിവേദനം നവമാധ്യമങ്ങളിൽ ചർച്ചയാകുന്നു. മുഖ്യമന്ത്രിക്ക് കൊടുക്കാനുള്ള നിവേദനത്തിന്റെ മലയാള പരിഭാഷയാണ് അവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടർന്ന് മത മൗലികവാദികളും ജാതിവാദികളും യാഥാസ്ഥിതികരും ചേർന്ന് മതത്തെ സംരക്ഷിക്കാൻ എന്ന പേരിൽ വിഷലിപ്തമായ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്നും ലക്ഷ്മി ആരോപിച്ചു.

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നു നേരത്തെ ചില തീവ്ര ഹൈന്ദവ ഗ്രൂപ്പുകൾ ഭീഷണി മുഴക്കുകയും, ബി ജെ പി, എൻ എസ് എസ് സംഘടനകളുടെ പ്രതിഷേധ സമരങ്ങളിൽ വ്യാപകമായ കൊലവിളി പ്രസംഗങ്ങൾ ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ലക്ഷ്മി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കുന്നത്.

ലക്ഷ്മി രാജീവിന്റെ നിവേദനത്തിന്റെ പൂർണ രൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,

ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടർന്ന് മത മൗലികവാദികളും ജാതിവാദികളും യാഥാസ്ഥിതികരും ചേർന്ന് മതത്തെ സംരക്ഷിക്കാൻ എന്ന പേരിൽ വിഷലിപ്തമായ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. കോടതി ഉത്തരവ് നിലനിൽക്കുന്നിടത്തോളം എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ തീർത്ഥാടനത്തിന് പോകാനും പ്രാർത്ഥിക്കാനും അവകാശമുണ്ട്.

സുപ്രീം കോടതി വിധിയ്ക്കെതിരെ ഏതാനും വ്യക്തികളും സംഘടനകളും തെരുവിൽ പ്രകടനങ്ങൾ നടത്തുകയും ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കെതിരെ അക്രമാസക്തമായ ഭീഷണി മുഴക്കുകയും ചെയ്യുന്നു.പ്രത്യേകിച്ച് ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കെതിരെ അക്രമം ഇളക്കിവിടാൻ രാഹുൽ ഈശ്വർ എന്നയാൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ടി.വി ചാനലുകളിലൂടെയും തീവ്രശ്രമം നടത്തുകയാണ്. രാജ്യത്തെ പരമോന്നതകോടതിയെ വെല്ലുവിളിക്കാൻ അയാൾ പരസ്യമായി ആഹ്വാനം ചെയ്യുന്നു. സ്ത്രീവിരുദ്ധവും ലൈംഗികതയുടെ പേരിൽ സ്ത്രീകളെ തരംതാഴ്ത്തുന്നതരത്തിലുള്ളതുമായ പരാമർശങ്ങൾ നിറഞ്ഞതാണ് അയാളുടെ പ്രസംഗങ്ങൾ. അക്രമാസക്തമായ പ്രതിഷേധങ്ങൾ പ്രതീക്ഷിക്കാമെന്ന് രാഹുൽ ഈശ്വർ പ്രകടമാണ് നിരന്തരമായും പറയുന്നുണ്ട്. ശബരിമലയിൽ പോകാൻ ധൈര്യം കാണിക്കുന്ന സ്ത്രീകളെ പുലിയോ പുരുഷനോ പിടിക്കുമെന്ന മുൻ ദേവസ്വം ബോഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ പ്രഖ്യാപനം സ്ത്രീകൾക്കെതിരെ ആക്രമണത്തിനുള്ള പരസ്യമായ ആഹ്വാനമല്ലാതെ മറ്റൊന്നുമല്ല. ശബരിമലയിൽ എത്തുന്ന സ്ത്രീകളെ വലിച്ചുകീറണമെന്ന് നടനും രാഷ്ട്രീയക്കാരനുമായ കൊല്ലം തുളസി പറഞ്ഞു. ഇന്ത്യൻ ഭരണഘടനാ കത്തിക്കണമെന്ന് മറ്റൊരു രാഷ്ട്രീയക്കാരനായ മുരളീധരനുണ്ണിത്താൻ ആഹ്വാനം ചെയ്തു.

എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാനുള്ള അവകാശത്തെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞ സ്ത്രീ എഴുത്തുകാർക്കും ആക്റ്റിവിസ്റ്റുകൾക്കും ഒളിഞ്ഞും തെളിഞ്ഞും വധഭീഷണിയും ബലാൽസംഗഭീഷണിയും ലഭിക്കുന്നു. അവരുടെ കുട്ടികളെപ്പോലും ഒഴിവാക്കില്ലെന്ന കടുത്ത മുന്നറിയിപ്പുകളും ഉയരുന്നുണ്ട്. അത്തരം സ്ത്രീകൾക്ക് നേരെ കൂലിക്ക് ആളെവച്ചുണ്ടാക്കുന്ന ട്രോളുകളിലൂടെ അശ്ലീലമായ രീതിയിലുള്ള ആക്രമണങ്ങൾ ഫെയ്‌സ്ബുക്ക് പോലെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ നിരന്തരം നടക്കുന്നു. മൊത്തത്തിൽ, മുമ്പൊരു കാലത്തുമുണ്ടായിട്ടില്ലാത്ത തരത്തിൽ, സ്ത്രീകളിലും ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകൾ പ്രവേശിക്കുന്നതിനെ അനുകൂലിക്കുന്ന ഏതൊരാളിലും മാനസികമായ ഭീതിയുണ്ടാക്കാനും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള സംഘടിതമായ ശ്രമം നടക്കുന്നു. 10 വയസ്സ് മുതൽ 50 വയസ്സ് വരെയുള്ള സ്ത്രീകളെ, ദൈവത്തിന്റെ ബ്രഹ്മചര്യം നശിപ്പിക്കാൻ ശ്രമിക്കുന്ന കാമഭ്രാന്തികളായി ചിത്രീകരിക്കുന്നത് ഗുരുതരമായ ദൈവനിന്ദയും സ്ത്രീത്വത്തെ അപമാനിക്കലുമാണ്.

അന്ധവിശ്വാസികളുടെ എതിർപ്പിനെ വകവയ്ക്കാതെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ എല്ലാ മതങ്ങളിലെയും പിന്തിരിപ്പൻ ശക്തികൾക്ക് കോടതികളെ ധിക്കരിക്കാനും ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ ലംഘിക്കാനും അത് ധൈര്യം നൽകും. നിയമവാഴ്ച തകരാറിലാക്കുന്ന അത്തരമൊരു സാഹചര്യം ക്രമേണ നമ്മുടെ രാജ്യത്തിന്റെ മതേതര ജനാധിപത്യഘടനയ്ക്ക് പരിഹരിക്കാനാവാത്ത പരിക്കുണ്ടാക്കും. ഇന്ത്യയുടെ ദേശീയഭദ്രതയാണ് ഇവിടെ വെല്ലുവിളി നേരിടുന്നത്.

തുലാമാസം ഒന്നാംതീയതി നട തുറക്കുമ്പോൾ സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമലയിൽ പ്രാർത്ഥനയ്‌ക്കെത്തുന്ന എല്ലാ സ്ത്രീകളുടെയും സുരക്ഷ ഉറപ്പ് വരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. സുപ്രീം കോടതി ഉത്തരവിനെ പരസ്യമായി വെല്ലുവിളിക്കുകയും സ്ത്രീകളായ ഭക്തർക്കെതിരെ ആക്രമണഭീഷണി മുഴക്കുകയും ചെയ്ത എല്ലാവരുടെയും പേരിൽ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സ്ത്രീകളായ ഭക്തർക്ക് വേണ്ടി ഒരുക്കുന്ന സൗകര്യങ്ങളുടെ വിശദ വിവരങ്ങൾ സംസ്ഥാന സർക്കാർ അറിയിക്കുകയാണെങ്കിൽ ഭയം കൂടാതെ ശബരിമലയിൽ പ്രാർത്ഥനയ്ക്ക് അത് സഹായകമാകും.

ശബരിമലയെ രക്ഷിക്കാനുള്ള സമരങ്ങള്‍ കോടതിയലക്ഷ്യവും കലാപാഹ്വാനവുമോ? 28 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

ശബരിമല സമരക്കാർ വായിക്കണം; സതിക്ക് വേണ്ടി എഴുപതിനായിരം പേർ തെരുവിലിറങ്ങിയിട്ട് എന്ത് സംഭവിച്ചു?

കുത്തിയോട്ടത്തിന് വാടകയ്‌ക്കെടുത്ത കുട്ടികളും: വെളിപ്പെടുത്തലുമായി ആറ്റുകാല്‍ അമ്മയുടെ എഴുത്തുകാരി

കുട്ടികളെ നോവിക്കുമ്പോള്‍ ഏത് ഭഗവതിയാണ് സന്തോഷിക്കുക? കുത്തിയോട്ട വിവാദ നിഴലില്‍ ആറ്റുകാല്‍ പൊങ്കാല

ശബരിമലയിൽ നിന്ന് സ്ത്രീകളെ ആട്ടിയകറ്റുന്നവർ ശാസ്താവിനെ ഹരിവരാസനം പാടി ഉറക്കാമോ? നൈഷ്ഠിക ബ്രഹ്മചാരികള്‍ക്ക് നിഷിദ്ധമായത് എന്തൊക്കെ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍