UPDATES

ട്രെന്‍ഡിങ്ങ്

ദലിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: തമിഴ്‌നാട്ടില്‍ ബിജെപി ഓഫീസുകളുടെ സുരക്ഷ ശക്തമാക്കി

പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കമല്‍ ഹാസനും രജനീകാന്തും

തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയ്‌ക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച ദലിത് വിദ്യാര്‍ത്ഥി അനിത ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. പലയിടങ്ങളിലും ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്. ഇതിനിടെ സംഭവത്തില്‍ സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ ഹാസന്‍, രജനീകാന്ത് എന്നിവരും രംഗത്തെത്തി. അരിലയല്ലൂര്‍ ജില്ലയിലെ ഷണ്‍മുഖത്തിന്റെ മകളാണ് അനിത. വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

നീറ്റ് ചോദ്യപ്പേപ്പര്‍ സിബിഎസ്ഇ അടിസ്ഥാനത്തിലുള്ളതാണെന്നും ഇത് സംസ്ഥാന സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാകില്ലെന്നുമാണ് അനിത സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്‌നാടിന് ഒരുവര്‍ഷത്തെ ഇളവുതേടിയുള്ള ഓര്‍ഡിനന്‍സിന്റെ കരട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന് അയച്ചിരുന്നു. എന്നാല്‍ ഒരു സംസ്ഥാനത്തിന് മാത്രമായി ഇളവ് അനുവദിക്കാനാകില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിലപാടെടുത്തത്. തുടര്‍ന്ന് സുപ്രിംകോടതി അനിതയുടെ ഹര്‍ജി തള്ളുകയായിരുന്നു. അനിതയുടെ തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളിലാണ് പ്രതിഷേധമുയരുന്നത്. പെരമ്പള്ളൂര്‍, അരിയല്ലൂര്‍ ജില്ലകളില്‍ ഒരു വിഭാഗം ഹര്‍ത്താലിന് ആഹ്വാനം നല്‍കി. അനിതയുടെ മരണത്തിന് ഉത്തരവാദികള്‍ ബിജെപിയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ബിജെപി ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കി. ഇതിനിടെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

മെഡിക്കല്‍ പ്രവേശനത്തില്‍ തമിഴ്‌നാട് നീറ്റില്‍ നിന്നും ഒഴിവാക്കപ്പെടുമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പു നല്‍കിയിരുന്നെന്നും ഇത് പാലിക്കാത്തതിനാലാണ് അനിതയ്ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നതെന്നും പ്രതിപക്ഷ നേതാവ് സ്റ്റാലിന്‍ അണ്ണ ഡിഎംകെ വിമതപക്ഷ നേതാവ് ടിടിവി ദിനകരന്‍ എന്നിവര്‍ ആരോപിക്കുന്നു. രണ്ട് സര്‍ക്കാരുകള്‍ക്കുമാണ് ആത്മഹത്യയുടെ ഉത്തരവാദിത്വം. നീറ്റിന്റെ ക്രൂരത അനിതയുടെ മരണത്തോടെ വിശദീകരിക്കപ്പെട്ടിരിക്കുകയാണെന്ന് ഡിഎംകെ നേതാവ് സ്റ്റാലിന്‍ പറഞ്ഞു. ഒരു ഡോക്ടറാകണമെന്ന അനിതയുടെ ആഗ്രഹങ്ങളാണ് ഇവിടെ കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഹയര്‍ സെക്കന്‍ഡറി പഠനത്തില്‍ അനിത നടത്തിയ കഠിനാധ്വാനങ്ങളെല്ലാം വെറുതെയായി. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തമിഴ്‌നാടിനെ നീറ്റില്‍ നിന്നും ഒഴിവാക്കുമെന്ന വ്യാജവാഗ്ദാനം നല്‍കിയിരുന്നുവെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ആ വാഗ്ദാനം വിശ്വസിച്ചാണ് അനിത വിചാരണയ്ക്കിടെ സുപ്രിംകോടതിയില്‍ നിന്നും മടങ്ങിയത്.

സംസ്ഥാന സര്‍ക്കാരിന്റെയും വ്യാജവാഗ്ദാനം നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെയും നിരുത്തരവാദപരമായ പ്രവര്‍ത്തിയാണ് അനിതയുടെ മരണത്തിന് കാരണമെന്ന് അനിതയുടെ മരണത്തിന് കാരണമെന്ന് ദിനകരന്‍ ആരോപിച്ചു. അമ്മ(ജയലളിത) ജീവിച്ചിരുന്നെങ്കില്‍ നീറ്റിന്റെ അനീതിയില്‍ നിന്നും സംസ്ഥാനത്തെ രക്ഷിക്കുമായിരുന്നെന്നും ദിനകരന്‍ പറയുന്നു.

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി സി വിജയ ഭാസ്‌കര്‍ രാജിവയ്ക്കണമെന്ന് ടിഎന്‍സിസി പ്രസിഡന്റ് സു തിരുനാവുക്കരസര്‍ ആവശ്യപ്പെട്ടു. ബിജെപിയുടെ രാഷ്ട്രീയ നയങ്ങളുടെ ഫലമാണ് ഇപ്പോള്‍ സംഭവിക്കുന്നതെല്ലാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍ ആരോപിച്ചു. 196.5 കട്ട് ഓഫ് മാര്‍ക്കുകളുണ്ടായിരുന്ന അനിതയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ അതിലൂടെ തന്നെ അഡ്മിഷന്‍ ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നീറ്റ് ആ അവസരം നഷ്ടപ്പെടുത്തി. അതിനാല്‍ വെറ്റിനറി കോളേജില്‍ മാത്രമാണ് ഈ വിദ്യാര്‍ത്ഥിനിയ്ക്ക് അഡ്മിഷന്‍ ലഭിച്ചത്.

അനിതയുടെ മരണത്തിന്റെ നാണക്കേടില്‍ ഈ സമൂഹം ഒന്നടങ്കം തലകുലിക്കണമെന്ന് പിഎംകെ നേതാവ് എസ് രാമദോസ് പറഞ്ഞു. പ്ലസ്ടുവിന് നേടിയ മാര്‍ക്ക് പരിഗണിച്ചിരുന്നെങ്കില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച മെഡിക്കല്‍ കോളേജില്‍ തന്നെ അനിതയ്ക്ക് അഡ്മിഷന്‍ ലഭിക്കുമായിരുന്നു. സംസ്ഥാന സര്‍ക്കാരിന് തെറ്റായ പ്രതീക്ഷ നല്‍കിയ കേന്ദ്രസര്‍ക്കാരാണ് ഈ ആത്മഹത്യയുടെ ഉത്തരവാദിയെന്ന് എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോ പറയുന്നു. തമിഴ്‌നാടിനെ നീറ്റില്‍ നിന്നും ഒഴിവാക്കുമെന്ന് വാക്കുകൊടുത്ത കേന്ദ്രസര്‍ക്കാര്‍ എന്നാല്‍ സുപ്രിംകോടതിയില്‍ ഉത്തരവ് റദ്ദാക്കില്ലെന്നാണ് അറിയിച്ചത്. സ്വതന്ത്ര ഇന്ത്യ കണ്ട വഞ്ചനയാണ് ഇതെന്നും വൈക്കോ അരോപിക്കുന്നു.

തമിഴ്‌നാട്ടില്‍ മാത്രമല്ല, രാജ്യത്തെമ്പാടും നീറ്റ് പരീക്ഷ അവസാനിപ്പിക്കാനുള്ള വലിയൊരു സമരത്തിന്റെ തുടക്കമാണ് അനിതയുടെ ആത്മഹത്യയെന്ന് വിസികെ നേതാവ് തോല്‍ തിരുമാവളവന്‍ അറിയിച്ചു. ടിഎംസി നേതാവ് ജികെ വാസന്‍, മനിതനേയ മക്കള്‍ കക്ഷി നേതാവ് ജവഹിറുള്ള, തമിഴക വാഴുരിമൈ കക്ഷി നേതാവ് ടി വേലുമുരുകന്‍ എന്നിവരും അനിതയുടെ ആത്മഹത്യയില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം രേഖപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍