UPDATES

ട്രെന്‍ഡിങ്ങ്

പിഎച്ച്ഡി കിട്ടിയതുകൊണ്ട് ഇംഗ്ലീഷ് അറിയണമെന്നില്ല; ഐസക്കിനെ പരിഹസിച്ച് ശ്രീധരന്‍ പിള്ള

ദേശീയ പാത വികസനം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന തോമസ് ഐസക്കിന്റെ പ്രചാരണം തെറ്റാണെന്നും ശ്രീധരന്‍ പിള്ള

താന്‍ കേരളത്തിലെ ദേശീയ പാത വികസനം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ആരോപണത്തിനെതിരേ ബിജെപി സംസ്ഥാനാധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. പ്രളയദുരിതം അനുഭവിക്കുന്നവരുടെ ഭൂമി തത്കാലം ഏറ്റെടുക്കരുതെന്നു മാത്രമാണ് താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതെന്നും അതിന്റെ പേരിലാണ് തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതെന്നുമാണ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. ഇത്രയും മനുഷ്യത്വമില്ലാത്തവരായി ഐസക്കും സിപിഎം നേതാക്കളും മാറരുതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

തോമസ് ഐസക്കിന്റെ വാക്കുകള്‍ അപകടകരമാണെന്നും പിഎച്ച്ഡി കിട്ടിയതുകൊണ്ട് ഇംഗ്ലീഷ് അറിഞ്ഞിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ശ്രീധരന്‍ പിള്ള തോമസ് ഐസക്കിനെ പരിഹസിച്ചു.

പ്രളയദുരിതബാധിതരായ തങ്ങളുടെ ഭൂമി ഏറ്റെടുത്താല്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നു പറഞ്ഞു തന്നെ വന്നുകണ്ടവരുടെ അവസ്ഥ മനസിലാക്കി, അവരെ സഹായിക്കേണ്ടത് മനുഷ്യത്വപരമായ കാര്യമാണെന്നു തോന്നിയിട്ടാണ് നിയമം അനുശാസിക്കുന്ന വിധത്തില്‍ ശുപാര്‍ശ കത്തുമായി ആക്ഷന്‍ കമ്മിറ്റി നല്‍കിയ നിവേദനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് അയച്ചു കൊടുത്തതെന്നാണ് ശ്രീധരന്‍ പിള്ള പറയുന്നത്. ജനങ്ങളുടെ ആശങ്ക കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതിനെയാണ് മറ്റൊരു രീതിയില്‍ പ്രചാരണാമാക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു. തന്നെ വന്നു കണ്ട ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെ കൂട്ടത്തില്‍ ഒരു സിപിഎം പ്രാദേശിക നേതാവും ഉണ്ടായിരുന്നുവെന്നും ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായതുകൊണ്ട് തന്നെ വന്നു കണ്ട് പലരും നിവേദനങ്ങള്‍ തരാറുണ്ടെന്നും അതെല്ലാം വായിച്ചു നോക്കി കവറിങ് ലെറ്റര്‍ വച്ച് കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ അയച്ചു നല്‍കാറുണ്ടെന്നും ഈ സംഭവത്തിലും അതാണ് ഉണ്ടായതെന്നും ശ്രീധരന്‍ പിള്ള പറയുന്നു. അല്ലാതെ മന്ത്രി ആരോപിക്കുന്നതുപോലെ വികസനം അട്ടിമറിക്കാനല്ല താന്‍ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഭാവിതലമുറയുടെ വികസനപ്രയാണങ്ങള്‍ സുഗമമാക്കാനുള്ള സുപ്രധാന നടപടിയാണ് ശ്രീധരന്‍ പിള്ള നീചമായി അട്ടിമറിച്ചതെന്നായിരുന്നു മന്ത്രി തോമസ് ഐസക്കിന്റെ ആരോപണം. ഈ കാര്യത്തില്‍ ശ്രീധരന്‍ പിള്ളയ്ക്ക് കേരളം മാപ്പ് നല്‍കില്ലെന്നും ഐസക്ക് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷപദം കേരള വികസനം അട്ടിമറിക്കാനുള്ള സുവര്‍ണാവസരമാക്കുകയാണ് ശ്രീധരന്‍ പിള്ള. ഈ നാടിന്റെ ഭാവി വികസനത്തെ പിന്‍വാതിലിലൂടെ അട്ടിമറിച്ച ശേഷം വെളുക്കെച്ചിരിച്ച് പഞ്ചാര വര്‍ത്തമാനവുമായി നമ്മെ വീണ്ടും വഞ്ചിക്കാന്‍ അദ്ദേഹത്തെ അനുവദിക്കണോ എന്ന് ചിന്തിക്കണമെന്നും ഐസക്ക് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. ശ്രീധരന്‍ പിള്ള കേന്ദ്രത്തിന് എഴുതിയ കത്ത് തോമസ് ഐസക്ക് ആണ് പുറത്തു വിട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍