UPDATES

ട്രെന്‍ഡിങ്ങ്

ജയിലിലെ ‘പി എസ് സി പരീക്ഷയില്‍’ ഒന്നാം റാങ്കുകാരന് കിട്ടിയത് പൂജ്യം മാര്‍ക്ക്; കോപ്പിയടിച്ചെന്ന് യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ് പ്രതികള്‍

തെളിവുകള്‍ മുന്നില്‍ നിരന്നതോടെ ഇരുവര്‍ക്കും കുറ്റം സമ്മതിക്കാതെ നിവൃത്തിയില്ലെന്ന അവസ്ഥ വരികയായിരുന്നു

പി എസ് സി നടത്തിയ കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത് കോപ്പിയടിച്ചാണെന്ന് യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ് പ്രതികളായ ശിവരഞ്ജിത്തും നസീമും അന്വേഷണ സംഘത്തിന് മുന്നില്‍ സമ്മതിച്ചു. പരീക്ഷയില്‍ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 28-ാം റാങ്കുമായിരുന്നു. ജയിലില്‍ കഴിയുന്ന ഇരവരെയും തന്ത്രപൂര്‍വം ചോദ്യം ചെയ്താണ് ക്രൈംബ്രാഞ്ച് സംഘം കുറ്റം സമ്മതിപ്പിച്ചത്.

ജയിലിലെ ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടു. തുടക്കത്തില്‍ പഠിച്ച് പരീക്ഷയെഴുതിയെന്ന നിലപാടില്‍ ഉറച്ചു നിന്ന ഇരുവരും ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം എസ്എംഎസ് നോക്കിയാണ് ഉത്തരം എഴുതിയതെന്ന് പൂര്‍ണമായും സമ്മതിക്കാന്‍ പ്രതികള്‍ തയ്യാറായിട്ടില്ല. പരീക്ഷ എഴുതിയ ഒന്നേകാല്‍ മണിക്കൂറിനിടെ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും രണ്ടാം റാങ്കുകാരനായ പ്രണവിന്റെ ഫോണിലേക്ക് 78 സന്ദേശങ്ങളും എത്തിയതായി പി എസ് സിയുടെ ആഭ്യന്ത അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പ്രതികള്‍ ഈ സന്ദേശം കൈപ്പറ്റിയത് എങ്ങനെയാണെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. മൊബൈല്‍ ഫോണ്‍ വഴിയാണോ സ്മാര്‍ട്ട് വാച്ച് വഴിയാണോ സന്ദേശങ്ങള്‍ സ്വീകരിച്ചതെന്ന് ക്രൈംബ്രാഞ്ച് ചോദിച്ചെങ്കിലും ഇരുവരും മറുപടി പറഞ്ഞില്ല. സന്ദേശങ്ങളായി ലഭിച്ച ഉത്തരങ്ങളുടെ പ്രിന്റ് ഔട്ടുകള്‍ കാണിച്ചതോടെയാണ് ഇരുവരും കുറ്റം സമ്മതിച്ചത്. അതുവരെയും അടുത്തിരിക്കുന്നവരുടെ പേപ്പര്‍ നോക്കി ഉത്തരമെഴുതിയെന്നാണ് ഇവര്‍ പറഞ്ഞത്.

എന്നാല്‍ തെളിവുകള്‍ മുന്നില്‍ നിരന്നതോടെ ഇരുവര്‍ക്കും കുറ്റം സമ്മതിക്കാതെ നിവൃത്തിയില്ലെന്ന അവസ്ഥ വരികയായിരുന്നു. ജയിലിലെ ചോദ്യം ചെയ്യലിനിടെ പരീക്ഷയിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ഒന്നാം റാങ്കുകാരന് ഒരു ചോദ്യത്തിന് പോലും ഉത്തരം പറയാന്‍ സാധിച്ചില്ല. നസീമിനും ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാനായില്ല. ചോദ്യക്കടലാസ് ചോര്‍ന്നത് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നാണെന്ന് സൂചിപ്പിക്കുന്ന രേഖകള്‍ പി എസ് സി വിജിലന്‍സ് നേരത്തെ പോലീസിന് നേരത്തെ കൈമാറിയിരുന്നു. പോലീസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരും ഇവര്‍ക്ക് പരീക്ഷാസമയത്ത് സന്ദേശങ്ങള്‍ ഫോണിലൂടെ നല്‍കിയ പേരൂര്‍ക്കട എസ്എപി ക്യാംപിലെ ഗോകുല്‍, കല്ലറ സ്വദേശി സഫീര്‍ എന്നിവരുമാണ് കേസിലെ പ്രതികള്‍. ഗോകുലും സഫീറും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇരുവരുടെയും മൊബൈല്‍ ഫോണുകളും പ്രവര്‍ത്തനരഹിതമാണ്.

അതേസമയം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിന് കുത്തേറ്റ കേസില്‍ രണ്ടാമത് പുറത്തിറക്കിയ ലുക്ക്ഔട്ട് നോട്ടീസിലെ 11 പ്രതികളെയും പോലീസിന് ഇനിയും പിടികൂടാന്‍ സാധിച്ചിട്ടില്ല. പി എസ് സി റാങ്ക് ലിസ്റ്റ് വിവാദത്തിലെ പി പി പ്രണവും ഈ നോട്ടീസില്‍ ഉള്‍പ്പെടുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ഹരികൃഷ്ണന്റെയും എസ്‌ഐ അനൂപിന്റെയും നേതൃത്വത്തിലാണ് ശിവരഞ്ജിത്തിനെയും നസീമിനെയും ചോദ്യം ചെയ്തത്.

also read:ഒരു ഗ്രാമത്തിന്റെ ഭൂരിഭാഗവും മണ്ണെടുത്തപ്പോള്‍ ചരിത്രം പറയാന്‍ ബാക്കിയായി ഒരു വായനശാല; 1967 മുതലുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പുകള്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള ഭൂദാനത്തിന്റെ ‘ഗ്രാമപ്രകാശിനി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍