UPDATES

ട്രെന്‍ഡിങ്ങ്

രാജേട്ടന് ഒന്നല്ല, ഒരൊന്നൊന്നര ചോദ്യം ചോദിക്കാനുണ്ട്

ഇനി രാജഗോപാല്‍ ചോദിക്കാനുള്ളത് മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായത് ചക്കയാണോ ചക്കക്കുരുവാണോ ആദ്യമുണ്ടായത് എന്നൊക്കെയാണെന്ന്‌ ചിലര്‍

നേമം എല്‍എല്‍എ ഒ രാജഗോപാല്‍ നിയമസഭയില്‍ ചോദിച്ച ചില ചോദ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ‘എന്തൊരു ദുരന്തമാണ്’ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. അവരെ ദോഷൈകദൃക്കുകള്‍ എന്നുവിളിക്കാമെന്ന് തോന്നുന്നു. കാരണം, ബിജെപിക്കാരുടെ സ്വന്തം രാജേട്ടനല്ലാതെ മറ്റാരാണ് നേമത്തെ കുറിച്ച് ചോദിക്കേണ്ടത്. അതും ബിജെപിയ്ക്ക് കേരളത്തില്‍ ആറ്റുനോറ്റിരുന്ന് ലഭിച്ച ഒരേയൊരു മണ്ഡലത്തെക്കുറിച്ച്.

രാജേട്ടന്‍ ചോദിക്കുന്നതിലല്ല, ആ ചോദ്യങ്ങളാണ് പ്രശ്‌നം. നേമം മണ്ഡലത്തില്‍ എത്ര സാംസ്‌കാരിക സ്ഥാപനങ്ങളുണ്ടെന്നായിരുന്നു നേമം എംഎല്‍എയുടെ ഇന്നലത്തെ ചോദ്യം. കേള്‍ക്കുമ്പോള്‍ കോട്ടയത്ത് എത്ര മത്തായിമാരുണ്ടെന്ന ഇമ്പമുണ്ടെന്ന് മാത്രമേയുള്ളൂ. സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബലന്റെ മറുപടിയ്ക്ക് യാതൊരു ഇമ്പവുമുണ്ടായിരുന്നില്ല. കാരണം നേമം മണ്ഡലത്തില്‍ ഒരു സാംസ്‌കാരിക സ്ഥാപനവും നിലവിലില്ല എന്നതാണ് സത്യം. അപ്പോള്‍ പിന്നെ ഈ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കായി ഈ സര്‍ക്കാര്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്തിട്ടുള്ളതെന്ന അദ്ദേഹത്തിന്റെ ചോദ്യബാക്കിയ്ക്ക് പ്രസക്തിയില്ലാതായി കഴിഞ്ഞല്ലോ? അതേസമയം സ്വന്തം മണ്ഡലത്തില്‍ സാംസ്‌കാരിക സ്ഥാപനങ്ങള്‍ വല്ലതുമുണ്ടോയെന്ന് സഭയില്‍ ചോദിക്കേണ്ട അവസ്ഥയാണ് എംഎല്‍എയ്ക്ക് എന്നതാണ് സോഷ്യല്‍ മീഡിയയ്ക്ക് വളമായത്.

ഇന്നലെ സാംസ്‌കാരിക വകുപ്പിനെക്കുറിച്ച് ചോദിച്ചെങ്കില്‍ ഇന്ന് എംഎല്‍എ ഒട്ടും കുറച്ചില്ല. ഇന്ന് സ്‌പോര്‍ട്‌സിനേക്കുറിച്ചാക്കി ചോദ്യം. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കണമെന്നാണല്ലോ മോദിജിയുടെ പ്രത്യേക നിര്‍ദ്ദേശം? ‘ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്‌പോര്‍ടസുമായി ബന്ധപ്പെട്ട് പുതുതായി നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?’ എന്നതായിരുന്നു ഇന്നത്തെ ചോദ്യം. കായിക വകുപ്പ് മന്ത്രി എ സി മൊയ്ദീനാണ് ഉത്തരം പറയേണ്ട കടമ. അദ്ദേഹം നല്ല വൃത്തിയായി അതിന് മറുപടിയും കൊടുത്തു. ‘ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പ്രൊപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ആയതിനാല്‍ പുതുതായി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല’. എന്നതായിരുന്നു അത്. പ്രൊപ്പോസലുകളൊന്നും ലഭിക്കാത്തതിന്റെ കുറ്റവും ഇനി മുഖ്യമന്ത്രിക്കാണെന്നും അതിന്റെ പേരില്‍ അദ്ദേഹം രാജിവയ്ക്കണമെന്നും രാജഗോപാല്‍ജി ആവശ്യപ്പെടുമോയെന്ന് അറിയില്ല.

കാലം കുറെയായി രാജഗോപാല്‍ ഇത്തരം ‘സങ്കീര്‍ണമായ!’ ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട്. സഭയുടെ കഴിഞ്ഞ സെഷനില്‍ കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് 15ന് അദ്ദേഹം ചോദിച്ച രണ്ട് ചോദ്യങ്ങള്‍ ഒരു ഒന്നൊന്നര ചോദ്യമായി പോയിരുന്നു. 2014-15 കാലഘട്ടത്തില്‍ സഹകരണ മേഖലയ്ക്ക് എത്ര തുക കേന്ദ്ര ഫണ്ടായി ലഭിച്ചുവെന്നായിരുന്നു അതിലെ ആദ്യ ചോദ്യം. കേന്ദ്രഫണ്ട് വിനിയോഗിച്ചതിന്റെ പശ്ചാത്തലത്തില്‍ എന്ത് മാറ്റമാണ് സഹകരണ മേഖലയ്ക്ക് ഉണ്ടായിട്ടുള്ളതെന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. സഹകരണ മേഖല കേന്ദ്രസര്‍ക്കാരിന്റെ ഭാഗമല്ലെന്ന കാര്യം കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഈ എംഎല്‍എയ്ക്ക് മാത്രം അറിയില്ലെങ്കിലും ഇവിടുത്തെ നഴ്‌സറി കുട്ടികള്‍ക്ക് വരെ അറിയാം. പ്രത്യേകിച്ചും നരേന്ദ്ര മോദി നോട്ട് അസാധുവാക്കല്‍ എന്ന ഇരുട്ടടി നല്‍കിയതിന് ശേഷം. അതിനാല്‍ തന്നെ മന്ത്രി കടകംപള്ളിയ്ക്ക് ‘സഹകരണ മേഖലയ്ക്ക് കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ഫണ്ടായി തുകയൊന്നും ലഭിച്ചിട്ടില്ല’ എന്ന് പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നു കാണില്ല.

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായിരുന്നു 2017 മെയ് രണ്ടിന് മന്ത്രി കെ ടി ജലീലിനെ ‘കുഴക്കിയ’ ചോദ്യം. പദ്ധതിക്കായി കേന്ദ്ര വിഹിതം എത്ര ലഭിച്ചു. പ്രസ്തുത പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം എത്രയാണ്. കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ തുകയും നല്‍കിയിട്ടും ഈ പദ്ധതി പൂര്‍ണമായും നടപ്പാക്കുന്നില്ല എന്ന വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ, എന്തുകൊണ്ടാണ് ഈ പദ്ധതി പൂര്‍ണമായും നടപ്പാക്കാന്‍ കഴിയാതെ വന്നത്. എന്നിവയായിരുന്നു അദ്ദേഹത്തിന്റെ നാല് ചോദ്യങ്ങള്‍. എന്നാല്‍ ഈ പദ്ധതിക്കായി സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട മുഴുവന്‍ തുകയും ലഭിച്ചിട്ടില്ല എന്ന ഒറ്റ ഉത്തരം മതിയായിരുന്നു ഈ ചോദ്യങ്ങള്‍ക്കെല്ലാം തീരുമാനമാകാന്‍.

ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഇതിനായി എത്ര രൂപ മാറ്റിവച്ചിരിക്കുന്നു? പെന്‍ഷന്‍ നല്‍കി തുടങ്ങിയോ? പെന്‍ഷന്റെ ഗുണഭോക്താക്കള്‍ ആരെല്ലാം, ഈ പെന്‍ഷന് എത്രപേര്‍ അര്‍ഹരാണ്? എന്നതായിരുന്നു മെയ് 5ലെ അദ്ദേഹത്തിന്റെ സംശയങ്ങള്‍. ഇല്ലാത്ത പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തിന്റെ മറുപടി ഇവിടെ കുറിക്കേണ്ട കാര്യമില്ലല്ലോ? ലാവ്‌ലിന്‍ കേസ് സുപ്രിംകോടതിയില്‍ വാദിക്കാനായി ഹരീഷ് സാല്‍വെയുടെ ഫീസ് ഉള്‍പ്പെടെ സംസ്ഥാന ഖജനാവില്‍ നിന്ന് എത്ര രൂപ ചെലവഴിച്ചു എന്നതായിരുന്നു മെയ് 17ന് പിണറായിയോടുള്ള ചോദ്യങ്ങള്‍. അന്ന് പിണറായിക്ക് ഒറ്റ ഉത്തരമേ അതിന് നല്‍കാനുണ്ടായിരുന്നുള്ളൂ. ലാവ്‌ലിന്‍ കേസ് സുപ്രിംകോടതിയില്‍ വാദിച്ചിട്ടില്ല.

ഇനി രാജഗോപാല്‍ ചോദിക്കാനുള്ളത് മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായത് ചക്കയാണോ ചക്കക്കുരുവാണോ ആദ്യമുണ്ടായത് എന്നൊക്കെയാണെന്ന്‌ ചില ട്രോളര്‍മാര്‍ പറയുന്നത്. അതെന്തായാലും ഇപ്പോള്‍ സഭയില്‍ അദ്ദേഹം എഴുന്നേല്‍ക്കുമ്പോള്‍ തന്നെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ‘ഈ സര്‍ക്കാര്‍ നിലവില്‍ വന്നിട്ടില്ല, താങ്കള്‍ ദയവായി ഇരിക്കൂ’ എന്ന് പറഞ്ഞ് തുടങ്ങിയെന്നാണ് ചിലര്‍ പറയുന്നത്.

സത്യത്തില്‍ എന്താണ് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. രണ്ട് കൊല്ലം മുമ്പ് മാത്രം താന്‍ എംഎല്‍എയായി എത്തിയ നേമം എന്ന മണ്ഡലം യാതൊരു വികസന പ്രവര്‍ത്തനങ്ങളും എത്തിച്ചേരാത്ത ഒരു പട്ടിക്കാട് ആണെന്നോ? സഭയില്‍ രേഖപ്പെടുത്തുന്ന രേഖകളാണ് ഈ ചോദ്യങ്ങളും ഉത്തരങ്ങളുമെന്നതിനാല്‍ തന്നെ നേമത്ത് സാംസ്‌കാരിക വകുപ്പിന് കീഴിലും കായിക വകുപ്പിന് കീഴിലും യാതൊരു സ്ഥാപനങ്ങളുമില്ലെന്ന് രണ്ട് ദിവസം കൊണ്ട് തന്നെ കേരളം മുഴുവന്‍ അറിഞ്ഞു കഴിഞ്ഞു. അതറിഞ്ഞ സ്ഥിതിയ്ക്ക് ഉടന്‍ തന്നെ എന്തെങ്കിലുമൊക്കെ പ്രൊപ്പോസലുകള്‍ എംഎല്‍എയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍