UPDATES

ട്രെന്‍ഡിങ്ങ്

കേരള ഹൗസില്‍ വംശീയാധിക്ഷേപം; പരാതിയുമായി തമിഴ് മാധ്യമപ്രവര്‍ത്തകന്‍, ആരോപണം നിഷേധിച്ച് ജീവനക്കാര്‍

നിങ്ങള്‍ തമിഴനാണോ വേഗം പുറത്തുപോകൂ എന്നാണ് പറഞ്ഞതെന്നു പുതിയ തലമുറൈ ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ നിരഞ്ജന്‍ കുമാര്‍ പറയുന്നു
ഡല്‍ഹിയിലെ കേരള ഹൗസില്‍ നിന്നും തമിഴ്മാധ്യമപ്രവര്‍ത്തകനു നേരെ വംശീയാധിക്ഷേപം ഉണ്ടായതായി പരാതി. പുതിയ തലമുറൈ ടിവി കറസ്‌പോണ്ടന്റ് നിരഞ്ജന്‍ കുമാര്‍ ആണ് തനിക്ക് കേരള ഹൗസില്‍ നിന്നും വംശീയാധിക്ഷേപം ഉണ്ടായതായി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നിങ്ങള്‍ തമിഴനാണോ വേഗം ഇറങ്ങിപ്പോകൂ എന്നാണ് കേരളഹൗസ് ജീവനക്കാരന്‍ തന്നോട് പറഞ്ഞതെന്നും ഈ സംഭവം തന്നെ മാനസികമായി തകര്‍ത്തെന്നും നിരഞ്ജന്‍ പറയുന്നു. താന്‍ മിക്കദിവസങ്ങളിലും ഇവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നതെന്നും ഇന്നും ഭക്ഷണം കഴിച്ചശേഷം അതിന്റെ ബില്ല് കൊടുത്തശേഷം 100 രൂപയ്ക്ക് ചില്ലറ ചോദിച്ചപ്പോള്‍ പ്രകോപിതനായി തന്നോടു പുറത്തുപോകാന്‍ ആജ്ഞാപിക്കുകയായിരുന്നുവെന്നും നിരഞ്ജന്‍ പറയുന്നു.

നിരഞ്ജന്‍ സംഭവത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്;

നിങ്ങള്‍ തമിഴനോ, വേഗം പുറത്തു പോകൂ, എന്നു കേരള ഹൗസിലെ ജീവനക്കാരന്‍ പറഞ്ഞപ്പോള്‍ എന്റെ മനസ് തകര്‍ന്നു പോയി. ഉച്ചഭക്ഷണത്തിനായാണു ഇന്ന് ഡല്‍ഹിയിലെ കേരള ഹൗസില്‍ പോയത്. മിക്കദിവസവും അവിടുന്നാണ് ആഹാരം കഴിക്കാറുള്ളത്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും ആളുകള്‍ അവിടെ വന്ന് ആഹാരം കഴിക്കാറുമുണ്ട്.  ഇന്ന് ഭക്ഷണത്തിന്റെ പണം കൊടുത്ത ശേഷം 100 രൂപ ചില്ലറ ചോദിച്ചു. എല്ലാവരും വന്ന് ഇവിടെയാണോ ചില്ലറോ ചോദിക്കുന്നത് പുറത്തു പോകു എന്നായിരുന്ന ജീവനക്കാരന്റെ ദേഷ്യത്തോടെയുള്ള മറുപടി. ഉണ്ടെങ്കില്‍ ഉണ്ടെന്ന് പറയു, ഇല്ലെങ്കില്‍ ഇല്ലെന്ന് പറയൂ. എന്തിനാണ് മര്യാദയില്ലാതെ സംസാരിക്കുന്നതെന്ന് ചോദിച്ചു. നിങ്ങള്‍ തമിഴ്‌നാട്ടുകാര്‍ ഇവിടെ വന്നാല്‍ തന്നെ ഇതാണു പ്രശ്‌നം. ഈ തമിഴ്‌നാട്ടുകാരനൊക്കെ ഇവിടെന്താ കാര്യം. ഇറങ്ങിപ്പോ എന്നായിരുന്നു ആക്രോശം.  ഇത് ഇന്ത്യയല്ലേ, അതും ഡല്‍ഹിയില്‍. ഇവിടെ എല്ലാ സംസ്ഥാനക്കാരും വന്ന് ആഹാരം കഴിച്ചു പോകാറില്ലേ. പൈസയും തന്നല്ലോ. എന്തിന് വെളിയില്‍ പോകണം എന്നു ചോദിച്ചു.  അപ്പോള്‍ അവിടെയുണ്ടായിരുന്നു മറ്റു മലയാളി സുഹൃത്തുക്കളും ഇവിടെ നിന്ന് ശബ്ദമുണ്ടാക്കരുത്, നിങ്ങള്‍ പുറത്തു പോകു എന്നു പറഞ്ഞു.  വേറെ വഴിയില്ലാത്തതിനാല്‍ അപമാനത്തോടെ പുറത്തേക്കിറങ്ങി. പുരോഗമന വാദികളെന്നു പറഞ്ഞു നമ്മളെ നാം തന്നെ കബളിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നു തോന്നിപ്പോയി. വിദ്യാസമ്പന്നരായവര്‍ അവരുടെ ഉള്ളിന്റെയുള്ളില്‍ ഭാഷയുടെയും ജാതിയുടെയും പേരില്‍ ഇത്രയും അസഹിഷ്ണുത വെച്ചു പുലര്‍ത്തുന്നുവെങ്കില്‍, ഇതിനു ശേഷം മറ്റൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല.

എന്നാല്‍ നിരഞ്ജന്റെ ആരോപണങ്ങള്‍ തള്ളിക്കളയുകയാണ് കേരള ഹൗസ് ക്യാന്റീന്‍ ക്യാഷിയര്‍. ചില്ലറയില്ലെന്നും പുറത്ത് ആരോടെങ്കിലും ചോദിക്കാന്‍ പറഞ്ഞതോടെ നിരഞ്ജനും സംഘവും തന്നോട് തട്ടിക്കയറുകയും തെറിവിളിക്കുകയുമായിരുന്നുവെന്നും ക്യാഷിയര്‍ പറയുന്നു. ശബ്ദമുയര്‍ത്തിയതോടെ അവരോട് ഇതു ഗസ്റ്റ് ഹൗസ് ആണെന്ന് ഓര്‍മിപ്പിച്ചു. തമിഴ്‌നാട് ഭവനിലാണെങ്കില്‍ നിങ്ങള്‍ ഇത്തരത്തില്‍ പെരുമാറുമോയെന്നും ചോദിച്ചു. ഇതാണവര്‍ വംശിയാധിക്ഷേപമായി പ്രചരിപ്പിക്കുന്നതെന്നും ജീവനക്കാരന്‍ പറയുന്നു.

കേരള ഹൗസിലെ ക്യാന്റീന്‍ ക്യാഷിയറുടെ വിശദീകരണം.

രണ്ടു മൂന്ന് പേരടങ്ങുന്ന സംഘം ഭക്ഷണം കഴിക്കാന്‍ വന്നു. ഭക്ഷണവും കഴിച്ചു, പാര്‍സലും വാങ്ങി. പാര്‍സലിനുള്ള പത്തു രൂപ ചോദിച്ചപ്പോള്‍ 100 രൂപ തന്നു. ചില്ലറ ഇല്ലെന്നു പറഞ്ഞപ്പോള്‍ 10 രൂപ ചില്ലറ തന്നു. വീണ്ടും 100 രൂപ നീട്ടി രണ്ട് 50 രൂപയാക്കി ചെയ്ഞ്ച് ആവശ്യപ്പെട്ടു. ചെയ്ഞ്ചില്ലെന്നും അതിനാലാണ് 10 രൂപ ചില്ലറ ചോദിച്ചതെന്നും ക്യാന്റീന്‍ ക്യാഷിയര്‍ മറുപടി പറഞ്ഞു. പുറത്ത് ആരോടെങ്കിലും ചോദിക്കൂ എന്നും മറുപടി പറഞ്ഞു. അപ്പോള്‍ സംഘം ക്യാഷിയറോട് തട്ടികയറുകയും തെറിവിളിക്കുകയും ചെയ്തു. ഉച്ചത്തില്‍ ശബ്ദമുയര്‍ത്തി സംസാരിച്ചപ്പോള്‍ ഇവിടെ ഗസ്റ്റ് ഹൗസാണെന്നും ശബ്ദമുണ്ടാക്കരുതെന്നും പറഞ്ഞു. തമിഴ്‌നാട് ഭവനിലാണെങ്കില്‍നിങ്ങള്‍ ഇത്തരത്തില്‍ പെരുമാറുമോ എന്നും ക്യാഷിയര്‍ തിരിച്ചു ചോദിച്ചു. ഇതാണ് വംശീയാധിക്ഷേപമായി ഒരു സംഘം പ്രചരിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍