UPDATES

ട്രെന്‍ഡിങ്ങ്

ഒടുവിൽ സുപ്രീം കോടതിയും; റാഫേൽ മോദിയെ വിഴുങ്ങുമോ?

കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ വളരെ എളുപ്പത്തിൽ പെരുങ്കള്ളൻ പട്ടം സ്വന്തമാക്കിയോ എന്നൊരു സംശയം ബലപ്പെട്ടു വരികയാണ്.

കെ എ ആന്റണി

കെ എ ആന്റണി

ഒരു സാധാ കള്ളനിൽ നിന്നും പെരുങ്കള്ളനായി വളരാൻ എത്ര കാലമെടുക്കും എന്ന ചോദ്യത്തിനുള്ള ശരിയായ ഉത്തരം തികച്ചും ആപേക്ഷികം എന്നു തന്നെയായിരിക്കും. പെരുങ്കള്ളനിലേക്കെത്താൻ അരക്കള്ളൻ, മുക്കാൽ കള്ളൻ എന്നിങ്ങനെ പടവുകളും പദവികളും പലതും കയറേണ്ടതായുണ്ട്. ചിലർ ഇടയ്ക്കു വീണുപോകും. എന്നാൽ അസാധാരണ സിദ്ധിയും വൈഭവവുമുള്ളവർ തപ്പിത്തടയാതെ എവിടെയും വീണുപോകാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ പെരുങ്കള്ളൻ പട്ടം സ്വന്തമാക്കും.

കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ വളരെ എളുപ്പത്തിൽ പെരുങ്കള്ളൻ പട്ടം സ്വന്തമാക്കിയോ എന്നൊരു സംശയം ബലപ്പെട്ടു വരികയാണ്. നോട്ടു നിരോധനത്തിൽ തുടങ്ങി ബാങ്ക് ‘കൊള്ളക്കാരി’യുമായുള്ള അണിയറ ബാന്ധവത്തിലൂടെ വളർന്ന് ഏറ്റവുമൊടുവിലിപ്പോൾ റാഫേൽ ഇടപാടിനു പിന്നിലെ മൂടിവെക്കപ്പെട്ട യാഥാർഥ്യവും ഇത്തരമൊരു സംശയത്തെ അരക്കിട്ടുറപ്പിക്കുന്നു.

തുടക്കത്തിൽ രാഹുൽ ഗാന്ധിയടക്കമുള്ള മോദി വിരുദ്ധർ മാത്രം ഉന്നയിച്ച ആശങ്ക തന്നെയാണ് രാജ്യത്തെ പരമോന്നത നീതി പീഠത്തിനും ഉള്ളതെന്ന തോന്നലാണ് റാഫേൽ ഇടപാട് സംബന്ധിച്ച എല്ലാ വിശദാംശങ്ങളും മുദ്ര വെച്ച കവറിൽ പത്തു ദിവസത്തിനകം ഹാജരാക്കണമെന്ന നിർദ്ദേശത്തിലൂടെ സുപ്രീം കോടതിയും പങ്കുവെച്ചിരിക്കുന്നതെന്നു തന്നെ വേണം കരുതാൻ.

രാജ്യസുരക്ഷ സംബന്ധിച്ച രഹസ്യം എന്ന് പറഞ്ഞു പാർലമെന്റിൽ പോലും ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിസമ്മതിച്ച റാഫേൽ ഇടപാടിലെ ഓരോ വിമാനത്തിന്റെയും വില, മറ്റു സാങ്കേതിക വിവരങ്ങൾ, പങ്കാളികൾ തുടങ്ങിയ വിശദശാംശങ്ങളാണ് പത്തു ദിവസത്തിനകം നൽകാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ് അധ്യക്ഷനായ ബെഞ്ച് ഇന്ന് നിർദ്ദേശിച്ചത്.

രാജ്യസുരക്ഷയുടെ പേര് പറഞ്ഞു റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട വിശദംശങ്ങളൊന്നും പരസ്യപ്പെടുത്താൻ കഴിയില്ലെന്ന അറ്റോർണി ജനറലിന്റെ വാദം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇങ്ങനെ ഒരു നിർദ്ദേശം വെച്ചതെന്നത് കാര്യങ്ങളുടെ ഗൗരവം കൂടുതൽ വർധിപ്പിക്കുന്നു.

റാഫേൽ ഇടപാടിൽ വൻ അഴിമതി നടന്നിരിക്കുന്നുവെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. തഴക്കവും പഴക്കവും വന്ന ഹിന്ദുസ്ഥാൻ ഏറോനോട്ടിക്കൽസ് ലിമിറ്റഡ് (HAL) ഉൾപ്പെടെയുള്ളവരെ തഴഞ്ഞ് പ്രതിരോധ മേഖലയിൽ യാതൊരുവിധ മുൻ പരിചയവും ഇല്ലാത്ത അംബാനിയെ കരാറിൽ പങ്കാളിയാക്കിയതിനെ തുടർന്നായിരുന്നു ഇത്. പാർലമെന്റിൽ ഈ വിഷയം ചർച്ച ചെയ്യാൻ സർക്കാർ വിസമ്മതിച്ചതിനെ തുടർന്നാണ് റാഫേൽ ഇടപാടിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയെ സമീപിച്ചത്. ബി ജെ പി വിട്ട മുൻ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവരും ഇതേ ആവശ്യവുമായി സുപ്രീം കോടതിയിൽ എത്തിയിരുന്നു. ഇവരുടെ ഹർജി പരിഗണിക്കവെയാണ് ഇന്നലെ കേന്ദ്ര സർക്കാരിനെ മുൾമുനയിൽ നിർത്തുന്ന നിർദ്ദേശം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

റാഫേൽ ഇടപാടിൽ സി ബി ഐ അന്വേഷണം വേണമെന്ന ഹർജിക്കാരുടെ ആവശ്യത്തോട് ‘ ആദ്യം സി ബി ഐയിലെ അടി തീരട്ടെ, എന്നിട്ടു പോരെ എന്ന സുപ്രീം കോടതിയുടെ പരിഹാസം തുളുമ്പുന്ന പ്രതികരണവും മോദിക്കും കേന്ദ്ര സർക്കാരിനുമുള്ള മറ്റൊരു പ്രഹരമായി എന്നു തന്നെ വേണം കരുതാൻ. എന്തായാലും കേസ് കോടതി അടുത്ത 14 നു വീണ്ടും പരിഗണിക്കുന്നുണ്ട്. കള്ളൻ മൂത്ത് പെരുങ്കള്ളനായോ ഇല്ലയോ എന്ന്‌ അപ്പോൾ അറിയാം.

എന്തുകൊണ്ട് കടക്കെണിയിലായ അനില്‍ അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുത്തു?

നമ്മളിപ്പോൾ ആ ഇന്ദിരാ ഗാന്ധി നിമിഷത്തിലാണ്; റാഫേൽ നിഗൂഢ നാടകത്തിന്റെ അപായസൂചനകൾ-ഹരിഷ് ഖരെ എഴുതുന്നു

റാഫേൽ: എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മോദിയിലേക്ക്; നടന്നത് അംബാനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കൽ

റാഫേൽ: വിമാനത്തിന്റെ വില, ചെലവ് അടക്കമുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി; കേന്ദ്ര സർക്കാരിന് തിരിച്ചടി

സിബിഐ, അയോധ്യ, റാഫേല്‍: മോദി സർക്കാരിന് മുന്നിലെ സുപ്രീം കോടതി കടമ്പകൾ

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍