UPDATES

ട്രെന്‍ഡിങ്ങ്

കലോത്സവത്തില്‍ കിത്താബിനു പകരം എലിപ്പെട്ടി; സംഘടനകള്‍ തയ്യാറായി വന്നാല്‍ തെരുവില്‍ അവതരിപ്പിക്കാനും തയ്യാറെന്ന് സംവിധായകന്‍ റഫീഖ് മംഗലശ്ശേരി

“ചിലപ്പോഴൊക്കെ ഭീഷണിയുടെ തലത്തിലേക്കു പോലുമുയരുന്ന രീതിയിലുള്ള സമ്മര്‍ദ്ദങ്ങളാണ് ഇസ്ലാമിക സംഘടനകള്‍ നാടകത്തിനെതിരെ ഉയര്‍ത്തിയത്. അങ്ങിനെയുള്ളപ്പോള്‍ ഒരു വിദ്യാലയത്തിന് ഒരിക്കലും നാടകവുമായി മുന്നോട്ടുപോകാനാവില്ലല്ലോ”

ശ്രീഷ്മ

ശ്രീഷ്മ

മതമൗലികവാദികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സംസ്ഥാന യുവജനോത്സവത്തില്‍ നിന്നും പിന്മാറിയ ‘കിത്താബ്’ നാടകം വേദികളില്‍ അവതരിപ്പിക്കാന്‍ തന്നെയാണ് ആഗ്രഹമെന്നും അതിനു തയ്യാറായെത്തുന്ന സംഘടനകളുണ്ടെങ്കില്‍ നാടകാവതരണവുമായി മുന്നോട്ടു പോകാന്‍ ഒരുക്കമാണെന്നും സംവിധായകന്‍ റഫീഖ് മംഗലശ്ശേരി. കിത്താബ് നാടക വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലാവശ്യപ്പെട്ടു കൊണ്ടുള്ള സോഷ്യല്‍ മീഡിയ പ്രചാരണം സജീവമാകുന്നതിനിടെയാണ് നാടകാവതരണവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് താല്‍പര്യമെന്ന സംവിധായകന്റെ പ്രതികരണം.

വടകര മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കിത്താബ് എന്ന നാടകം മതനിന്ദ പ്രചരിപ്പിക്കുന്നതും മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങളടങ്ങിയതുമാണെന്ന വാദത്തെത്തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ജില്ലാ യുവജനോത്സവത്തിന്റെ ഭാഗമായി വടകരയില്‍ അരങ്ങേറിയ നാടകം മികച്ച അഭിപ്രായമാണ് നേടിയിരുന്നത്. നാടകത്തിലെ അഭിനേതാക്കളിലൊരാൾ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

സംസ്ഥാനതലത്തില്‍ മത്സരിക്കാനുള്ള കുട്ടികളുടെ ആഗ്രഹമില്ലാതാക്കിക്കൊണ്ടാണ് വിവിധ മതസംഘടനകളുടെ എതിര്‍പ്പുണ്ടായതും സ്‌കൂളിന് നാടകത്തില്‍ നിന്നും പിന്മാറേണ്ടി വന്നതും. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന യുവജനോത്സവത്തില്‍ കിത്താബിനു പകരം മത്സരിക്കുക രണ്ടാം സ്ഥാനം നേടിയ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ‘എലിപ്പെട്ടി’യാണ്.

സ്‌കൂള്‍ കലോത്സവത്തില്‍ നാടകം അവതരിപ്പിക്കാനുള്ള അവസരമൊരുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്ന ആഹ്വാനവുമായുള്ള ക്യാംപയിനോടു ചേര്‍ന്നു നില്‍ക്കുന്നതായും, ഭീഷണികള്‍ക്കു വഴങ്ങി നാടകത്തെ മാറ്റി നിര്‍ത്തരുതെന്നും റഫീഖ്. “വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സര്‍ക്കാരും ഇടപെണമെന്നും മതേതര കേരളത്തിന്റെ പിന്തുണയോടെ സംസ്ഥാന കലോത്സവത്തില്‍ നാടകം കളിക്കണമെന്നുമാണ് അഭിപ്രായം. കുട്ടികള്‍ക്കും നാടകം കളിക്കണമെന്നു തന്നെയാണ് ആഗ്രഹം. കൃത്യമായ ഒരു ഭീഷണിയുടെ സ്വരം ഉയര്‍ന്നപ്പോള്‍ സ്‌കൂളിന് മറ്റു മാര്‍ഗ്ഗമില്ലാതായി എന്നു മാത്രം. അവിടെ പഠിക്കുന്ന എണ്ണൂറോളം മുസ്ലിം കുട്ടികള്‍ ടി.സി. വാങ്ങിക്കും എന്ന ഭീഷണിയുള്ളപ്പോള്‍ സ്‌കൂളധികൃതരും നിസ്സഹായരാണ്. പുരോഗമനപരമായി ചിന്തിക്കുന്ന പല പ്രാദേശിക സംഘടനകളും നാടകത്തിന് പിന്തുണയറിയിച്ചിട്ടുണ്ട്. ആദ്യത്തെ ദിവസങ്ങളില്‍ത്തന്നെ സമൂഹമാധ്യമങ്ങളും വിഷയം താല്‍പര്യത്തോടെത്തന്നെ ഏറ്റെടുത്തിരുന്നു. യൂടൂബിലും ഗ്രൂപ്പുകളിലും പങ്കുവയ്ക്കപ്പെട്ട്, കേരളത്തില്‍ ഈയടുത്ത കാലത്ത് ഇത്രയേറെപ്പേര്‍ കണ്ട നാടകം വേറെയില്ല എന്ന ഘട്ടത്തില്‍വരെ എത്തുന്നുണ്ട് കാര്യങ്ങള്‍.” -റഫീഖ് വിശദീകരിച്ചു.

നാടകം അവതരിപ്പിക്കണമെന്ന ആഗ്രഹം തന്നെയാണ് അഭിനേതാക്കളായ കുട്ടികള്‍ക്കുമുള്ളതെന്ന് മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനായ കൃഷ്ണദാസും ചൂണ്ടിക്കാട്ടുന്നുണ്ട്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നാടകവുമായി സംസ്ഥാന കലോത്സവവേദിയിലെത്തണമെന്നു തന്നെയാണുള്ളതെങ്കിലും, നിലവിലെ സാഹചര്യങ്ങളില്‍ അതിനു സാധിക്കാതെ വരികയാണെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ക്കുന്നു. ‘ചിലപ്പോഴൊക്കെ ഭീഷണിയുടെ തലത്തിലേക്കു പോലുമുയരുന്ന രീതിയിലുള്ള സമ്മര്‍ദ്ദങ്ങളാണ് ഇസ്ലാമിക സംഘടനകള്‍ നാടകത്തിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ ഒരു വിദ്യാലയത്തിന് ഒരിക്കലും നാടകവുമായി മുന്നോട്ടുപോകാനാവില്ലല്ലോ. വിദ്യാലയം ഒരു സെക്കുലര്‍ സ്ഥാപനമാണ്. പുറത്തുള്ള ഒരു സംഘടനയോ സ്ഥാപനമോ പെരുമാറുന്ന പോലെ വിദ്യാലയത്തിനു സാധിക്കില്ല. നാടകത്തില്‍ മതനിന്ദയുണ്ടെന്നതടക്കമുള്ള വാദങ്ങളോട് വ്യക്തിപരമായി ഞങ്ങളാരും യോജിക്കുന്നില്ലെങ്കില്‍പ്പോലും, നിസ്സഹായതയുടെ പ്രശ്‌നമുണ്ട്.’

നാടകാവതരണത്തില്‍ പങ്കാളികളായിട്ടുള്ള പത്തോളം കുട്ടികളുടെ വലിയ ആഗ്രഹം തന്നെയാണ് സംസ്ഥാന യുവജനോത്സവ വേദിയിലെത്തുക എന്നത്. അതിനു സാധിക്കാത്തതില്‍ കുട്ടികളോടൊപ്പം മേമുണ്ട സ്‌കൂളിലെ അധ്യാപകരും ദുഃഖിതരാണ്. വളരെ പ്രകോപനപരം എന്നു ചൂണ്ടിക്കാണിക്കപ്പെട്ട ഭാഗങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയും, നാടകത്തിന്റെ ആത്മാവിനെ നശിപ്പിക്കാത്ത വിധം സംഭാഷണങ്ങളില്‍ ചെറിയ തിരുത്തലുകള്‍ വരുത്തിയും അവതരിപ്പിക്കാമെന്ന ചിന്തയുണ്ടായിരുന്നെങ്കിലും അതിനു പോലും മതസംഘടനകള്‍ വഴങ്ങിയില്ലെന്ന് അധ്യാപകര്‍ പറയുന്നു. ഏറ്റവും അവസാനത്തെ ചര്‍ച്ചകളില്‍പ്പോലും നാടകം ഉപേക്ഷിക്കണമെന്ന വാദത്തില്‍ പലരും ഉറച്ചു നിന്നതോടെ പിന്മാറാന്‍ സ്‌കൂളധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നെന്നാണ് അധ്യാപകരുടെ പക്ഷം.

പുറത്തെ വേദികളില്‍ നാടകവുമായി ചെല്ലാനും സ്‌കൂളിന് തടസ്സങ്ങളുണ്ട്. സുരക്ഷയാണ് ഇതിനെ തടുക്കുന്ന പ്രധാന ഘടകം. സ്‌കൂള്‍ യുവജനോത്സവ വേദികളില്‍ ലഭിക്കുന്ന നാമമാത്രമായ സുരക്ഷ പോലും തുറന്ന വേദികളിലുണ്ടാകില്ലെന്നത് വീണ്ടും സ്‌കൂളിനെ പുറകോട്ടുവലിക്കുന്നുണ്ട്. എന്നാല്‍, സ്‌കൂളിന്റെ പരിമിതികള്‍ ഉള്‍ക്കൊള്ളുന്നുവെന്നും, അതുകൊണ്ടു തന്നെ മറ്റു സംഘടനകള്‍ തയ്യാറാണെങ്കില്‍ തെരുവുകളിലോ മറ്റോ നാടകം പുനരാവിഷ്‌കരിക്കുമെന്നും റഫീഖ് പറയുന്നു. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കു പകരം മറ്റു കുട്ടികളെ അണിനിരത്തി നാടകം അവതരിപ്പിക്കാനുള്ള വഴികള്‍ തന്നെയാണ് റഫീഖ് തേടുന്നത്.

‘ഹൂറന്മാരില്ലാത്ത ഞങ്ങള്‍ക്കെന്തിനാണ് സ്വര്‍ഗം?’ എന്ന് നാടകത്തില്‍ ചോദ്യം: സ്‌കൂള്‍ കലോത്സവത്തിനെതിരെ എസ്ഡിപിഐ

തെറ്റുപറ്റി സമ്മതിക്കുന്നു, എന്നാല്‍ എന്നെ തീവ്രവാദികള്‍ക്ക് എറിഞ്ഞു കൊടുക്കുകയാണ് ഉണ്ണി ആര്‍ ചെയ്തത്: കിത്താബ് സംവിധായകന്‍ റഫീഖ് മംഗലശേരി

കിത്താബ് നാടകം ഇനിയൊരിടത്തും അവതരിപ്പിക്കില്ല;ഇസ്ലാമിനെ അവഹേളിച്ചതിനു മാപ്പ് ചോദിച്ച് മേമുണ്ട സ്‌കൂള്‍ അധികൃതര്‍

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍