UPDATES

ട്രെന്‍ഡിങ്ങ്

ഹോര്‍മിസ് തരകന്‍ പ്രശംസിച്ച പോലീസുകാരന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്താണ് ജോലിയില്‍ കയറിയത്: രഘു സംസാരിക്കുന്നു

രഘുവിന്റെ സമരത്തെ തുടര്‍ന്ന് അന്ന് റാങ്ക് ലിസ്റ്റിലെ 95 പേര്‍ക്കും നിയമനം നല്‍കുകയുണ്ടായി

‘ഇന്നലെ രാവിലെ എഡിജിപി സന്ധ്യ മാഡത്തിന്റെ ഓഫീസിലേക്ക് വിളിക്കാന്‍ സ്റ്റേഷനില്‍ നിന്ന് പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടി. ദൈവമേ എന്ത് പുലിവാലാണോ എന്നാണ് ആലോചിച്ചത്. വിളിച്ചപ്പോള്‍ മാഡം എന്നെ അഭിനന്ദിച്ചു കൊണ്ട് സംസാരിച്ചു. ഫോണ്‍ വെക്കാറായപ്പോഴാണ് എന്തിന് വേണ്ടിയിട്ടാണ് എന്നെ അഭിനന്ദിക്കുന്നതെന്ന് ഞാന്‍ ചോദിച്ചത്. അപ്പോഴാണ് തരകന്‍ സാര്‍ അഴിമുഖത്തില്‍ ഒരു നോട്ട് എഴുതിയിരുന്നുവെന്ന് അറിഞ്ഞത്.’ കേരള പോലീസിന് ഈ ഉദ്യോഗസ്ഥനെക്കുറിച്ച് അഭിമാനിക്കാമെന്ന് ഐപിഎസ് ഹോര്‍മിസ് തരകന്‍ പറഞ്ഞ പോലീസുദ്യോഗസ്ഥന്‍ രഘു വളരെ സന്തോഷത്തോടെയാണ് സംസാരിച്ചു തുടങ്ങിയത്. ഐ.ജി പി വിജയനെ കാണാനുള്ള യാത്രക്കിടയില്‍ അദ്ദേഹം കൂടുതല്‍ സംസാരിച്ചു. ‘ മിക്ക പോലീസ് ഉദ്യോഗസ്ഥന്മാരും ഇങ്ങനെയുള്ള ഡ്യൂട്ടികള്‍ ചെയ്യാറുണ്ട്. ചില സമയത്ത് മാത്രം അത് ജനങ്ങളും മേലുദ്യോഗസ്ഥരും അറിയാനുള്ള സാഹചര്യമുണ്ടാവുന്നുവെന്നേ ഉള്ളൂ.’

ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയില്‍ നിന്നും കൊച്ചി മുസിരിസ് ബിനാലെക്ക് എത്തിയ താനിയ കാന്റിയാനിയ വഴിയാണ് ഹോര്‍മിസ് തരകന്‍ രഘുവിനെ കുറിച്ച് അറിഞ്ഞത്. രാത്രി ഒരു മണിക്ക് വഴിയറിയാതെ കുഴങ്ങി നിന്ന താനിയയെ സുരക്ഷിതമായി ഹോട്ടലിലെത്തിച്ചതാണ് രഘുവിന് ഇത്രയേറെ പ്രശംസ നേടാന്‍ ഇടയാക്കിയത്. തന്റെ രാജ്യത്തായിരുന്നെങ്കില്‍ രാത്രി ഈ സമയത്ത് ഒരു പോലീസുകാരനെ സമീപിച്ചിരുന്നെങ്കില്‍ ജീവനും കൊണ്ടോടേണ്ടി വന്നേനെയെന്നാണ് താനിയ ഹോര്‍മിസ് തരകനോട് പറഞ്ഞത്. താനിയയെ കാണാനിടയാക്കിയ സാഹചര്യത്തെ കുറിച്ച് രഘു വിവരിച്ചതിങ്ങനെയാണ്.

‘ടൂറിസം പോലീസിന് രാത്രി ഒരു മണി വരെയാണ് പട്രോളിങ്. പട്രോളിങ്ങിനിടയ്ക്ക് ബീച്ചിന്റെ വശത്തായി പട്ടിക്കുഞ്ഞുങ്ങളുണ്ടായിരുന്നു. അതില്‍ മൂന്ന് കുഞ്ഞുങ്ങളെ ജനമൈത്രിയിലാക്കിയിട്ട് ബാക്കി കുഞ്ഞുങ്ങളെ എടുക്കാന്‍ പോകുമ്പോള്‍ ഞാന്‍ വളര്‍ത്തുന്ന ബെല്ല എന്ന പട്ടിയും കൂടെ കയറി. ഞങ്ങള്‍ ബീച്ചിലേക്ക് പോകുമ്പോള്‍ ഒഴിഞ്ഞ ഒരു ഭാഗത്തു കൂടി ഒരു സ്ത്രീ പേടിച്ച് നടക്കുന്നത് കണ്ടു. ഞാന്‍ വണ്ടി കൊണ്ട് അടുത്ത് നിര്‍ത്തിയിട്ട് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ചു. എന്നെ കണ്ടപ്പോള്‍ അവര്‍ വല്ലാതെ ഭയന്നു. ഞാന്‍ പോലീസാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ പോലീസ് തന്നെയാണോ എന്ന് അവര്‍ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേയിരുന്നു. കൂടെ ബെല്ല ഉണ്ടായിരുന്നത് കൊണ്ടാകണം അവര്‍ക്ക് സംശയം തോന്നിയത്. താമസിക്കുന്ന സ്ഥലത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താമസിക്കുന്ന സ്ഥലം പിടികിട്ടുന്നില്ലെന്നും താമസിക്കുന്ന ഹോട്ടലിന്റെ പേര് മറന്നു പോയെന്നും അവര്‍ പറഞ്ഞു. ഗുജറാത്തി എന്ന വാക്ക് അതിനിടയില്‍ അവര്‍ പറഞ്ഞത് വെച്ച് മട്ടാഞ്ചേരിയാണെന്ന് എനിക്ക് തോന്നി. എന്റെ വണ്ടിയില്‍ കയറാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ പേടിച്ചു കൊണ്ട് വണ്ടിയില്‍ കയറി. പോലീസാണെന്ന് മനസിലാക്കിക്കോട്ടേയെന്ന് കരുതി ഞാന്‍ വയര്‍ലെസ് എടുത്ത് അവരുടെ കൈയില്‍ കൊടുത്തു. പട്ടികളെ ജനമൈത്രിയിലാക്കിയതിന് ശേഷം അവരെയും കൊണ്ട് മട്ടാഞ്ചേരിയിലേക്ക് പോയി. ഓരോ വഴിയിലും പോയി അവര്‍ താമസിക്കുന്ന സ്ഥലമേതാണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെ ഒരു ജൈനക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ അവര്‍ സ്ഥലം തിരിച്ചറിഞ്ഞു. പോകുന്ന വഴിക്കെല്ലാം താനിയയുടെ പേടി മാറ്റാനായി ഞാന്‍ അവരോട് കുടുംബത്തെപ്പറ്റി സംസാരിച്ചു കൊണ്ടിരുന്നു. അവരെ ഹോട്ടലിന് മുന്നില്‍ വിട്ടതിന് ശേഷം എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നെ വിളിക്കാനായി എന്റെ മൊബൈല്‍ നമ്പറും, ഇമെയില്‍ ഐഡിയും കൊടുത്ത് തിരിച്ചു പോന്നു.’ മേലുദ്യോഗസ്ഥരുടെ പ്രശംസകള്‍ കിട്ടുമെന്ന പ്രതീക്ഷയിലൊന്നുമല്ല രഘു ഇതൊന്നും ചെയ്തത്. രഘുവിനെ സംബന്ധിച്ച് പോലീസിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ഇതെല്ലാം.

മലപ്പുറത്ത് വിവാഹത്തിന് എത്തിയ കോളേജ് വിദ്യാർഥിനികൾക്ക് നേരെ നാട്ടുകാരുടെ സദാചാര ഗുണ്ടായിസം

രഘു പോലീസിലേക്ക് നിയമിതനാകുന്നത് തന്നെ വലിയ സമരത്തിലൂടെയാണ്. രഘുവും മക്കളും 2006ല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതാണ്. എറണാകുളം ജില്ലയിലെ പോലീസ് കോണ്‍സ്റ്റബിള്‍ നിയമനം വേഗത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ യുഡിഎഫ് ഭരണകാലത്ത് സെക്രട്ടറിയേറ്റ് നടയില്‍ നിരാഹാരസമരം നടത്തിയിരുന്നു. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് രഘു നടുറോഡില്‍ രണ്ട് മണിക്കൂര്‍ തലകുത്തി നിന്ന് നിരാഹാരസമരം നടത്തിയത്. ‘അച്ഛന് ജോലി തരൂ, ഞങ്ങളുടെ കുടുംബം രക്ഷിക്കൂ’ എന്ന മുദ്രാവാക്യമെഴുതിയ പ്ലക്കാര്‍ഡുമായി നാലും മൂന്നും വയസുള്ള രഘുവിന്റെ മക്കളും അന്ന് സമരത്തിനുണ്ടായിരുന്നു. രണ്ട് മണിക്കൂറിന് ശേഷം ബോധരഹിതനായ രഘുവിനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചു. രഘുവിന്റെ സമരത്തെ തുടര്‍ന്ന് അന്ന് റാങ്ക് ലിസ്റ്റിലെ 95 പേര്‍ക്കും നിയമനം നല്‍കുകയുണ്ടായി. പോലീസാകാന്‍ സമരം ചെയ്ത രഘുവിന് വീണ്ടും സവിശേഷതകള്‍ ഏറെയായിരുന്നു.

പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് മാസത്തെ ശമ്പളമാണ് രഘു നല്‍കാന്‍ തയാറായത്. കൂടാതെ പ്രളയ സമയത്ത് ആവശ്യ സാധനങ്ങള്‍ എത്തിക്കുക, പരിമിതമായ നീന്തലറിവു കൊണ്ട് വെള്ളത്തില്‍പെട്ടു പോയ പട്ടിയുടെ ജീവന്‍ രക്ഷിക്കുക എന്നതടക്കമുള്ള മാതൃകാപരമായ ഇടപെടലുകള്‍ രഘു ചെയ്തിരുന്നു.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍