UPDATES

ട്രെന്‍ഡിങ്ങ്

നമ്മുടെ വിജയം പാണന്മാര്‍ പാടിനടക്കുമെന്ന് രാഹുല്‍ ഈശ്വര്‍: അതെന്നാ ചേട്ടാ നമ്പൂരിമാര്‍ക്ക് പാടി നടന്നാലെന്ന് സോഷ്യല്‍ മീഡിയ

ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളെ പഠിപ്പിച്ച് ഓരോ പൊസിഷനിലെത്തിക്കാന്‍ കഷ്ടപ്പെടുകയാണ്. അല്ലാതെ ഈ സമര കോപ്രായം പാടി നടക്കലല്ല പണി

ശബരിമല സംരക്ഷണ ജാഥ നാനാ മതസ്ഥരും ഹിന്ദുമതത്തിലെ എല്ലാ സമുദായക്കാരും ഏറ്റെടുത്തെന്ന് അവകാശപ്പെട്ട് രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആവേശോജ്വലമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി എല്ലാ ശബരിമല സംരക്ഷണ യാത്രകളും പുരോഗമിക്കുകയാണെന്നാണ് രാഹുലിന്റെ അവകാശവാദം.

ഇനി തമിഴ്‌നാട്, കര്‍ണാടകം, തെലുങ്ക് ഭക്തജനങ്ങളെയും സഹായത്തിന് വിളിക്കുമെന്നാണ് രാഹുല്‍ പറയുന്നത്. ഒക്ടോബര്‍ 17 മുതല്‍ 22 വരെ ആരെയും അതിക്രമിച്ച് കടക്കാന്‍ അനുവദിക്കില്ലെന്നും ഈ ധര്‍മ്മ യുദ്ധം ജയിച്ചേ തീരുവെന്നും രാഹുല്‍ പറയുന്നു. വരാന്‍ പോകുന്ന ഒരുപാട് തലമുറകള്‍ ഈ ധര്‍മ്മ സമരത്തെക്കുറിച്ച് പറയും. വരുംകാല നമ്മുടെ പാണ സഹോദരങ്ങള്‍ ഈ വിജയം പാടി പുകഴ്ത്തുമെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്.

ശബരിമലയ്ക്ക് വേണ്ടി ഹിന്ദു ഒന്നിക്കണമെന്നും പറയുമ്പോഴും നമ്പൂതിരിയും പുലയരും നായരും ഈഴവരുമെല്ലാം വേറെവേറെയാണെന്ന് രാഹുല്‍ ഈശ്വര്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അയ്യപ്പന്റെ കാര്യം വരുമ്പോള്‍ തങ്ങള്‍ക്കിടയില്‍ ജാതി വരമ്പില്ലെന്നും ഹിന്ദുവെന്ന വികാരം മാത്രമേയുള്ളൂവെന്ന് പറയുമ്പോഴും മറ്റ് കാര്യങ്ങളില്‍ അതുണ്ടെന്നാണ് രാഹുലിന്റെ വാക്കുകളുടെ അര്‍ത്ഥം. അതാത് ജാതിക്കാര്‍ അവരുടെ ജാതിക്കുള്ളില്‍ തന്നെ നില്‍ക്കണമെന്നാണ് രാഹുല്‍ ഈശ്വറിന്റെ നിലപാട്. ‘നമുക്ക് ജാതി വേണം നമ്പൂതിരിയും തീയാടിയും എല്ലാവരും വേണം. അവരവരുടെ സ്വത്വത്തില്‍ നിന്നാണ് അയ്യപ്പന് വേണ്ടിയുള്ള ധര്‍മ്മസമരത്തിന് ഇറങ്ങേണ്ടത്’ എന്നും മുമ്പ് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. തങ്ങള്‍ നേടാനിരിക്കുന്ന ഈ വിജയം പാടി നടക്കേണ്ടത് വരുംകാല പാണന്മാരുടെ ജോലിയാണെന്നാണ് പറഞ്ഞുവരുന്നത്.

അതേസമയം നിങ്ങള്‍ നമ്പൂതിരിമാര്‍ പാടി നടന്നാല്‍ ഒക്കൂല്ലേയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് ഉയരുന്ന വിമര്‍ശനം. നിങ്ങള്‍ക്ക് പണിയൊന്നും പറഞ്ഞിട്ടില്ലല്ലോയെന്നും പൗരോഹിത്യം കൊണ്ട് നാട് ഭരിച്ചവരല്ലേയെന്നും ആക്ടിവിസ്റ്റ് ധന്യ മാധവ് ചോദിക്കുന്നു. ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളെ പഠിപ്പിച്ച് ഓരോ പൊസിഷനിലെത്തിക്കാന്‍ കഷ്ടപ്പെടുകയാണ്. അല്ലാതെ ഈ സമര കോപ്രായം പാടി നടക്കലല്ല പണിയെന്നും ധന്യ പറയുന്നു. വേറെ ജോലിയൊന്നും ഇല്ലാതിരിക്കുന്ന രാഹുല്‍ ഈശ്വര്‍ തന്നെ ഇത് പാടി നടന്നോളാനും ധന്യ ആവശ്യപ്പെടുന്നു. ചാനല്‍ ചര്‍ച്ചയ്ക്കിടെ രണ്ട് മിനിറ്റ് അവിടെയിരുന്നും പാടിക്കോളാനും ധന്യ രാഹുലിനോട് പറയുന്നു. ‘നമ്മള് തല്ലുകൊള്ളണം, കൊടിപിടിക്കണം, അതുംകഴിഞ്ഞ് പാടിപ്പുകഴ്ത്തണം.. പക്ഷെ താക്കോല്‍.. അത് അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം.. ല്ലേ?’ എന്നും ധന്യ ചോദിക്കുന്നു.

തന്റെ പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്ന വീഡിയോയില്‍ ശബരിമല അതിക്രമിച്ച് കടക്കാന്‍ വരുന്നവരെ തടയുമെന്നും മുമ്പോട്ട് വിടില്ലെന്നും മലയരയ സമുദായം പറയുന്നുണ്ട് എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. ‘മലയരയന്മാരും ശബരിമലയും അതുപോലെ ബ്രാഹ്മണരും ശബരിമലയും തമ്മിലുള്ള ബന്ധം ഒന്ന് വ്യക്തമാക്കാമോ?’ എന്നാണ് ഇതേക്കുറിച്ച് വിനീത് കെ കൊലാരത്ത് എന്നയാള്‍ ഇതേക്കുറിച്ച് രാഹുലിനോട് ചോദിക്കുന്നത്. മല അരയ സമുദായം എന്ന് പറഞ്ഞത് കേട്ടില്ലേ ആള് മഹാബുദ്ധിശാലിയാണെന്ന് അനില്‍ കുമാര്‍ എന്നയാളും പരിഹസിക്കുന്നു.

മനുഷ്യരില്‍ ജാതി തിരിവ് കാണുകയും അതേസമയം ശബരിമലയുടെ കാര്യം വരുമ്പോള്‍ ജാതിയില്ലെന്ന് പറയുകയും ചെയ്യുന്ന രാഹുല്‍ സ്വന്തം കുടുംബത്തിന്റെ നിലനില്‍പ്പിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും പലരും വിമര്‍ശിക്കുന്നു.

സ്ത്രീകളെ മാത്രമല്ല, ബ്രാഹ്മണനല്ലാത്ത ഈ പൂജാരിയേയും ശബരിമലയില്‍ കയറ്റില്ലെന്നാണ് അവര്‍ പറയുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍