UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയില്‍ വരുന്ന പുരുഷന്മാരുടെ നൈഷ്ഠിക ബ്രഹ്മചാര്യവും പരിശോധിക്കേണ്ടതുണ്ട്: രാഹുല്‍ ഈശ്വര്‍

ശബരിമലയും ആര്‍ത്തവവും തമ്മില്‍ യാതൊരു ബന്ധവുമില്ല

ശബരിമലയിലെത്തുന്ന പുരുഷന്മാരുടെ നൈഷ്ടിക ബ്രഹ്മചാര്യവും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്. അതേസമയം അത് പ്രായോഗികമല്ലെന്നും രാഹുല്‍ പറയുന്നു. ആചാരം ലംഘിക്കാന്‍ പാടില്ല എന്നാണ് നിര്‍ബന്ധമെങ്കില്‍ പുരുഷന്റെ നൈഷ്ടിക ബ്രഹ്മചാര്യമല്ലേ ഉറപ്പാക്കേണ്ടത് എന്ന് ചോദിച്ചപ്പോഴാണ് രാഹുല്‍ ഇത്തരത്തില്‍ മറുപടി പറഞ്ഞത്. എന്നാല്‍ അത് പ്രായോഗികമല്ലെന്ന് പറഞ്ഞ് രാഹുല്‍ ഉരുണ്ട് കളിക്കുകയും ചെയ്തു. രാഹുല്‍ ഈശ്വറും അഴിമുഖം ലേഖകനും തമ്മിലുള്ള സംഭാഷണം ചുവടെ.

ഞങ്ങളുടെ നിലപാട് വളരെ കൃത്യമാണ്. ഈ നിലപാട് പ്രകോപനപരമല്ല. വ്യക്തിപരമല്ല. സുപ്രിംകോടതിയിലെ അഭിഭാഷകരോട് സംസാരിച്ച് കൃത്യതയുണ്ടാക്കിയതാണ്. കാരണം നമുക്ക് ഒരു കോടതിയലക്ഷ്യം വന്നാല്‍ പറ്റില്ല. സുപ്രിംകോടതിയെ പ്രകോപിപ്പിക്കാനും പറ്റില്ല. ഞങ്ങള്‍ അടക്കമുള്ളവരുടെ നെഞ്ചില്‍ ചവിട്ടിയേ മഹിഷികള്‍ ശബരിമലയില്‍ കയറൂ എന്നതാണ് ഞങ്ങളുടെ നിലപാട്. ഭരണഘടന അനുവദിക്കുന്ന ഒരു പ്രതിഷേധ രീതിയാണ് ഇത്. തൃപ്തി ദേശായിയെ ചീത്ത വിളിച്ചാല്‍ പോലും ഞങ്ങള്‍ക്കെതിരെ കേസെടുക്കാം. വഴിയില്‍ കിടക്കാന്‍ ഭരണഘടനാപരമായി ഞങ്ങള്‍ക്ക് അധികാരമുണ്ട്. ആ വഴിയില്‍ കിടക്കുന്ന ഞങ്ങളുടെ നെഞ്ചില്‍ ചവിട്ടി പോകണമെങ്കില്‍ തൃപ്തി ദേശായിക്ക് പോകണമെങ്കില്‍ പോകാം എന്ന് ഞങ്ങള്‍ക്ക് പറയാം. അങ്ങനെ ചവിട്ടി പോയാല്‍ തൃപ്തി ദേശായിക്കെതിരെ കേസെടുക്കാന്‍ പോലീസിനാകും. കാരണം മറ്റൊരാളുടെ ശരീരത്തെ ഉപദ്രവിക്കുകയാണല്ലോ? പലരും ചിന്തിക്കുന്നത് ഇത് അതി വൈകാരികതയുടെ നിലപാടാണെന്നാണ്. അങ്ങനെയല്ല. പല പ്രക്ഷോഭങ്ങള്‍ക്കും ഈ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ആളുകള്‍ സ്വീകരിച്ചിട്ടുണ്ട്.

മറ്റൊരാളെ ഉപദ്രവിക്കരുതെന്ന് മാത്രമാണ് നോണ്‍ വയലന്‍സിന്റെ അര്‍ത്ഥം. പക്ഷെ സ്വയം പീഡനം ഏറ്റുവാങ്ങാം. ഇത് ഗാന്ധിജി സ്വാതന്ത്ര്യസമര കാലത്ത് എടുത്ത തന്ത്രമാണ്. ഞങ്ങള്‍ ബ്രിട്ടീഷുകാരെ തല്ലില്ല, പക്ഷെ ബ്രിട്ടീഷുകാര്‍ ഞങ്ങളെ തല്ലിയാല്‍ ഞങ്ങള്‍ കൊല്ലും.

ആറ് ദിവസം മുമ്പ് ഞങ്ങള്‍ വിജയകരമായി ശബരിമല പ്രതിരോധിച്ചു. ഇനി 66 ദിവസം കൂടി പ്രതിരോധിക്കും. ഇന്ന് തന്നെ ശബരിമലയില്‍ പോകാനിരുന്നതാണ്. സര്‍വകക്ഷി യോഗത്തെ പ്രതിരോധിച്ചാണ് പോകാതിരുന്നത്. നാളെ രാവിലെ മുതല്‍ 2019 ജനുവരി 20 വരെയുള്ള 66 ദിവസം ശബരിമലയെ ഞങ്ങള്‍ പ്രതിരോധിക്കും.

പ്രളയം മൂലം ശബരിമലയില്‍ നൂറ് കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. പ്രളായനന്തര ശബരിമലയില്‍ സൗകര്യങ്ങളില്ലെന്നും യുവതികള്‍ കൂടി വന്നാല്‍ ശുചിമുറികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാലും മണ്ഡല മകരവിളക്ക് കാലത്തേക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകാത്തതിനാലും യുവതീ പ്രവേശനം മാറ്റിവയ്ക്കാനുള്ള അവസരം തരണമെന്ന് കേരള സര്‍ക്കാരിന് നിലപാടെടുക്കാം.

ഒരു കാരണവശാലും കേരളത്തില്‍ കലാപത്തിന് സാധ്യതയില്ല. മുസ്ലിംലീഗ്, ജമാഅത്ത് ഇസ്ലാമി, സുന്നി സംഘടനകള്‍ തുടങ്ങിയ സ്വന്തം കാര്യത്തിന് പോലും ഒന്നിച്ചു ചേരാത്ത സംഘടനകള്‍ കോഴിക്കോട് ഔദ്യോഗികമായി യോഗം ചേര്‍ന്ന് ശബരിമലയ്ക്ക് പിന്തുണ നല്‍കുന്നുവെന്ന് തുറന്നു പറഞ്ഞതാണ്. ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും പി സി ജോര്‍ജ്ജ്, പി സി ഷോണും ഉള്‍പ്പെടെയുള്ളവരും ഞങ്ങള്‍ക്കുണ്ട്.

ശബരിമല വിഷയത്തെ ആരെങ്കിലും വര്‍ഗ്ഗീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അതിനെ തുറന്നെതിര്‍ക്കാന്‍ എനിക്ക് മടിയില്ല. എനിക്ക് വ്യക്തിപരമായി അറിയാവുന്ന ടി ജി മോഹന്‍ദാസിനെതിരെ കേസ് കൊടുക്കാന്‍ കാരണം അവിടെ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞതാണ്. ഹൈക്കോടതിയില്‍ കക്ഷി ചേര്‍ന്ന് എതിര്‍ക്കുകയാണ് ഞങ്ങള്‍ ചെയ്തത്. നൈഷ്ടിക ബ്രഹ്മചാര്യം അയ്യപ്പന് എത്രമാത്രം പ്രധാനമാണോ അതുപോലെ മതസൗഹാര്‍ദ്ദവും പ്രധാനമാണ്. അതുകൊണ്ടാണ് മുസ്ലീമായ വാവര്‍ക്ക് വിഗ്രഹമില്ലാതെ അവിടെയൊരു നടയുള്ളത്. മുസ്ലിമായ ഒരു മൗലവിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന ഹിന്ദുക്കളെ ഇന്ത്യയിലെന്നല്ല, ലോകത്തിലെവിടെയെങ്കിലും കാണാന്‍ കഴിയുമോ? അതൊക്കെയാണ് ശബരിമലയുടെ പ്രത്യേകത. ശബരിമല മതേതര ക്ഷേത്രമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷെ ഞങ്ങള്‍ മതസൗഹാര്‍ദ്ദ ക്ഷേത്രമെന്നേ പറയൂ.

ശബരിമലയും ആര്‍ത്തവവും തമ്മില്‍ യാതൊരു ബന്ധവുമില്ല. 91 വരെ പത്ത് മുതല്‍ 55 വരെയായിരുന്നു പരിധി. അതിന് ശേഷമാണ് ഹൈക്കോടതി അത് അമ്പത് എന്നാക്കിയത്. ആണുങ്ങള്‍ക്ക് നൈഷ്ടിക ബ്രഹ്മചാര്യം എന്ന വൃതമുണ്ട്. സ്ത്രീകള്‍ക്ക് തിങ്കളാഴ്ച വൃതമെന്ന് പറയുന്നത് പോലെ. ആണുങ്ങള്‍ സ്വയംഭോഗം ചെയ്യാതെ, ലൈംഗികതയില്‍ ഏര്‍പ്പെടാതെ, ലൗകിക കാര്യങ്ങളില്‍ ഉള്‍പ്പെടാതെ 41 സസ്യാഹാരം മാത്രം കഴിച്ച് മാംസാഹാരവും മദ്യവും സിഗരറ്റ് പോലുള്ള ലഹരി പദാര്‍ത്ഥങ്ങളും ഉപേക്ഷിച്ച് വൃതമെടുത്താല്‍ കുണ്ഡലിനി എനര്‍ജി എന്ന എനര്‍ജി കൂടുമെന്നും തലച്ചോറില്‍ ഓജസ് ഉണ്ടാകുമെന്നാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരിക്കുന്നത്. ഇതാണ് ശബരിമലയിലും പാലിക്കപ്പെടുന്നത്. അവിടെ ആര്‍ത്തവത്തിന്റെ വിഷയവുമായി യാതൊരു ബന്ധവുമില്ല. ആര്‍ത്തവ വിരാമമുണ്ടാകാത്ത 54 വയസുള്ള ഒരു സ്ത്രീ പിരിയഡ്‌സ് അല്ലാത്ത ദിവസം ശബരിമലയില്‍ എത്തിയാല്‍ യാതൊരു കുഴപ്പവുമില്ല.

900 വര്‍ഷം മുമ്പ് അയ്യപ്പന്‍ മുന്നോട്ട് വച്ച ആശയമാണ് നൈഷ്ടിക ബ്രഹ്മചാര്യമെന്നത്. വിശ്വാസം അതുപോലെ വേണം. അതുകൊണ്ടാണല്ലോ ഇരുമുടിക്കെട്ട് തലയിലേന്തി പതിനെട്ടാം പടി ചവിട്ടണമെന്ന് ഹൈക്കോടതി പോലും പറഞ്ഞിരിക്കുന്നത്. ശബരിമലയിലെത്തുന്ന പുരുഷന്മാരെല്ലാം നൈഷ്ടിക ബ്രഹ്മചാര്യം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കല്‍ പ്രായോഗികമാണോ? ഞാന്‍ നിങ്ങളുടെ ചോദ്യത്തോട് യോജിക്കുന്നു. പുരുഷന്മാര്‍ നാല്‍പ്പത് ദിവസമാണോ 41 ദിവസമാണോ വൃതമെടുത്തതെന്ന് അറിയാന്‍ എന്തെങ്കിലും വഴിയുണ്ടോ? എന്നാല്‍ സ്ത്രീകളുടെ പ്രായം അറിയാന്‍ ആധാര്‍ കാര്‍ഡ് നോക്കിയാല്‍ മതി. മലയാളികളായ പുരുഷന്മാര്‍ കൃത്യമായി വൃതമെടുക്കണം. മലയാളികള്‍ ആന്ധ്രാക്കാരുടെയും നിന്നും തമിഴന്മാരുടെയും വിശ്വാസ ഉറപ്പ് ചിലപ്പോഴെങ്കിലും എല്ലാ മലയാളികള്‍ക്കും ഉണ്ടാകാറില്ല. അത് പ്രയോഗപദത്തിലെത്തിക്കേണ്ടതുണ്ട്. ആചാര ലംഘനം നടത്തുന്നില്ലെന്ന് പുരുഷന്മാരായ വിശ്വാസികള്‍ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തണം.

സര്‍വകക്ഷി യോഗം പരാജയം; വിധി നടപ്പാക്കുന്നത് ദുര്‍വാശിയല്ലെന്ന് മുഖ്യമന്ത്രി

രഹ്ന ഫാത്തിമയല്ല, രാഹുല്‍ ഈശ്വറിന്റെ ‘ഫെമിനിച്ചി’ തൃപ്തി ദേശായി

യുവമോര്‍ച്ചാ പ്രസംഗം മാത്രമല്ല, ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും പിള്ളേച്ചന് പുലിവാലാകും

തൃപ്തി ദേശായിക്ക് പ്രത്യേക പരിഗണനയില്ലെന്ന് പൊലീസ്; കത്തിന് മറുപടി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍