UPDATES

കേരളം

‘ഞെട്ടി.. വയനാട് മൊത്തം ഇളകി മറിഞ്ഞിരിക്കുവല്ലേ.. രാഹുല്‍ ഗാന്ധി വരുന്നതുകൊണ്ട് ഹാപ്പിയായിട്ടിരിക്കുവാണ്.’

ഏത് പാര്‍ട്ടിയില്‍പെട്ടവരാണെങ്കിലും ജനം ഒന്നടങ്കം ഒറ്റ സ്വരത്തില്‍ പറയുന്നത് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി, അദ്ദേഹത്തിന് ഒരു വോട്ട് ചെയ്യാന്‍ ഞങ്ങള്‍ക്ക് ഒരു അവസരം ലഭിച്ചു. അത് ഞങ്ങള്‍വിനിയോഗിക്കും..

‘ഞെട്ടി.. വയനാട് മൊത്തം ഇളകി മറിഞ്ഞിരിക്കുവല്ലേ.. രാഹുല്‍ ഗാന്ധി വരുന്നതുകൊണ്ട് ഹാപ്പിയായിട്ടിരിക്കുവാണ്.’ വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ് ഈ വാക്കുകളില്‍ കാണുന്നത്. പുല്‍പ്പള്ളിയില്‍ നിന്ന് കല്‍പ്പറ്റയിലേക്കുള്ള യാത്രയില്‍ രാഹുല്‍ ഗാന്ധി എന്ന വികാരം നിക്ഷ്പക്ഷരായ ഒരു കൂട്ടം ആളുകളെ വരെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ എല്‍ഡിഎഫും എന്‍ഡിഎയും അത് ഗൗനിക്കാതെ മികച്ച പ്രവര്‍ത്തനങ്ങളിലാണ്. വയനാട്ടില്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തുന്ന സഹോദരി പ്രിയങ്ക ഗാന്ധിയോട് ഒപ്പം എത്തുന്ന രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളും കൂട്ടത്തില്‍ രാഹുല്‍ തരംഗം സ്വാധീനിച്ച സാധാരണക്കാരുടെയും പ്രതികരണങ്ങളും

വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി ഉലഹന്നാന്‍ നീറന്താനത്ത് രാഹുല്‍ ഗാന്ധിയുടെ വരവിനെ മണ്ഡലത്തിലുണ്ടായിരിക്കുന്ന വികാരത്തെക്കുരിച്ച് പറയുന്നത്, ‘ആവേശത്തോടെയുള്ള പ്രവര്‍ത്തനമാണ് രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപനത്തോടെ ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം തന്നെ നിക്ഷ്പക്ഷരായ ആളുകള്‍ പോലും കോണ്‍ഗ്രസ് അധ്യക്ഷന്റെ വരവ് ആവേശം കൊള്ളിച്ചിരിക്കുകാണ്. ഞങ്ങളുടെ പ്രിയപ്പെട്ട നേതാവും രാജ്യത്തെ പ്രധാനമന്ത്രി പദത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഒരു സ്ഥാനാര്‍ഥി ഇവിടെ നില്‍ക്കുന്നുവെന്നതാണ് ഇപ്പോള്‍ ഇവിടെയുള്ള എല്ലാ ചര്‍ച്ചകളും. രാഹുല്‍ ഇവിടെ എത്തുന്നതിന്റെ പ്രതിഫലനം മൂന്ന് സംസ്ഥാനങ്ങളിലും ഉണ്ടാവും. വയനാട് മൂന്ന് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ജില്ലയാണ്. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടിലും കാര്‍ണാടകയിലും രാഹുല്‍ എന്ന ആവേശം എത്തിയിരിക്കുകയാണ്.

അവഗണിക്കപ്പെടുന്ന ജില്ലയായിരുന്നു വയനാട് ഇത്രയും നാളും. പല തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഈ ജില്ലയിലേക്ക് കടന്നുവരുമ്പോള്‍ അതിന് തുരങ്കം വയ്ക്കുന്ന കാര്യങ്ങളായിരുന്നു ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. റെയില്‍വെ, എയര്‍ സ്ട്രിപ്പ്, മെഡിക്കല്‍ കോളേജ്, രാത്രി യാത്ര നിരോധന വിഷയം. പ്രളയത്തിന് ശേഷം ഇവിടുത്തെ കാര്‍ഷിക മേഖല പരിപൂര്‍ണമായി തകര്‍ന്നു. പത്തോളം കര്‍ഷക ആത്മഹത്യങ്ങള്‍ നടന്നു. എന്നിട്ടു പോലും സര്‍ക്കാര്‍ ഇവിടെ തിരഞ്ഞു നോക്കിയില്ല. ഈ അവഗണനയ്‌ക്കെല്ലാം ഒരു മാറ്റം ഉണ്ടാവും. ഞങ്ങള്‍ വലിയ പ്രതീക്ഷയിലാണ്.

ഏത് പാര്‍ട്ടിയില്‍പെട്ടവരാണെങ്കിലും ജനം ഒന്നടങ്കം ഒറ്റ സ്വരത്തില്‍ പറയുന്നത് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി, അദ്ദേഹത്തിന് ഒരു വോട്ട് ചെയ്യാന്‍ ഞങ്ങള്‍ക്ക് ഒരു അവസരം ലഭിച്ചു. അത് ഞങ്ങള്‍വിനിയോഗിക്കും. അതാണ് ശബ്ദം. നാളെ പത്രിക സമര്‍പ്പിക്കാന്‍ എത്തുന്ന രാഹുല്‍ ഗാന്ധിക്കും സഹോദരി പ്രിയങ്കയ്ക്കും നല്‍കുന്ന സ്വീകരണം കാണുമ്പോള്‍ അത് മനസ്സിലാവും. വയനാട് ലോകസഭ മണ്ഡലത്തില്‍ തന്നെ ഏഴ് നിയോജക മണ്ഡലങ്ങളുണ്ട്. ആ ഏഴു നിയോജക മണ്ഡലത്തിലെ ആളുകള്‍ മുഴുവനും നാളെ കല്‍പറ്റയില്‍ രാഹുലിനെയും പ്രിയങ്കയെയും വരവേല്‍ക്കാന്‍ എത്തിച്ചേരും. റാലിയില്‍ പങ്കെടുക്കാന്‍ രണ്ട് ലക്ഷം പേരെങ്കിലും എത്തിച്ചേരുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.

രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായിപ്പോള്‍ ‘ഞങ്ങള്‍ സന്തോഷത്തിലാണ്’ എന്നാണ് സജി പറയുന്നത്, ‘പുല്‍പ്പള്ളി ഗ്രാമപഞ്ചായിത്തിലെ 15 വാര്‍ഡിലെ ഒരു വോട്ടറാണ് ഞാന്‍. ആദിവാസി വിഭാഗക്കാര്‍ ധാരളമുള്ള മേഖലയാണിത്. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായിപ്പോള്‍ ഞങ്ങള്‍ സന്തോഷത്തിലാണ്. അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നാണ് ആഗ്രഹം. പിന്നോക്ക ജില്ലയായ വയനാട് ആദിവാസികളും ന്യൂനപക്ഷങ്ങളും പാവപ്പെട്ടവരും തൊഴിലാളികളുമൊക്കെ ഉള്‍പ്പെടുന്ന ഈ മണ്ഡലം അദ്ദേഹത്തിനോടൊപ്പമായിരിക്കുമെന്നത് തീര്‍ച്ചയാണ്.

കെ എസ് യു പ്രവര്‍ത്തകനായ ജോജിയും വലിയ ആവേശത്തിലാണ്. ‘ഞങ്ങള്‍ക്കൊക്കെ കിട്ടാവുന്നതിലും വലിയ സന്തോഷമാണ് ഇത്.. അദ്ദേഹം (രാഹുല്‍) വരും വരും എന്നുപറഞ്ഞെങ്കിലും ആദ്യമൊക്കെ വരുമോ വരുമോ എന്ന് രീതിയില്‍ വിഷമത്തിലായി. എന്നാലും പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടുപോയിരുന്നു. ഒരു തണുപ്പന്‍ മട്ടില്‍ അങ്ങ്.. പക്ഷെ ഇപ്പോള്‍ ബൂത്തുകള്‍ സജീവമായി പ്രവര്‍ത്തനം നടക്കുകയാണ്. സ്‌ക്വാഡുകള്‍ ഉണ്ടാക്കി. സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാം ഒരു ഉണര്‍വാണ് കാണുന്നത്. കെഎസ്‌യു നേതൃത്വത്തില്‍ വിദ്യാര്‍ഥി വോട്ടറര്‍മാരെയും, യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുവാക്കളെയും ചെറുപ്പാക്കാരെയും, കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ഷകരെയും, മഹിള കോണ്‍ഗ്രസ് സ്ത്രീകളെയും അങ്ങനെ കോണ്‍ഗ്രസിന്റെ എല്ലാ വിഭാഗങ്ങളും രാഹുലിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ ഉജ്വല പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ചെല്ലുന്നടത്തോക്കെ രാഹുല്‍ തരംഗമാണ്. വീടുകള്‍ കയറുമ്പോഴുള്ള നമ്മുടെ അനുഭവമുണ്ടല്ലോ. അതില്‍ നിന്ന് മനസ്സിലാവുന്നത് അതാണ്.’

ഇരളം സ്വദേശി ജോണി പറയുന്നത് വയനാട് അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരമുണ്ടാകുമെന്നാണ്. ഞങ്ങള്‍ ഒക്കെ കുറെ ബുദ്ധിമുട്ടുകളുണ്ട്. പ്രത്യേകിച്ച് രാത്രിയില്‍ യാത്ര ചെയ്യാന്‍ പറ്റാത്തത്, ഇവിടെയുള്ളവരൊക്കെ ബാംഗ്ലൂരും മൈസൂരുമൊക്കെ പല കാര്യത്തിനായി പോവുന്നവരാണ്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കുള്ള സുല്‍ത്താല്‍ ബത്തേരി വഴിയുള്ള രാത്രി യാത്ര നിരോധനം ഒരു വിലിയ ദുരിതം തന്നെയാണ്. മറ്റൊന്ന് കാര്‍ഷിക വിളകളുടെ വിലതകര്‍ച്ചയും ഉത്പാദനക്ഷമത കുറവും ഒക്കെ കാരണം വലിയ പാടാണ്. നഞ്ചകോഡ് നിലമ്പൂര്‍ റെയില്‍വെ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ അവസരമാണിത്. വയനാടിന് ദേശീയ തലത്തില്‍ തന്നെയുള്ള ശ്രദ്ധ കിട്ടുമ്പോള്‍ ഇതിനെല്ലാം മാറ്റം ഉണ്ടാവും. മാത്രമല്ല ആരും അറിയപ്പെടാതിരുന്ന വയനാടിന് ടൂറിസം മേഖലയിലും ഗുണകരമായ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്.

ചിതലയത്ത് നിന്ന് ബസില്‍ കയറിയ ജയ ചേച്ചി പറഞ്ഞത് ‘രാഹുല്‍ ഗാന്ധിയൊക്കെ ഇവിടെ.. നല്ലോണം ഞെട്ടി. രാഹുല്‍ഗാന്ധി വരുന്നതുകൊണ്ട് നമ്മള് വളരെ ഹാപ്പിയായിട്ടിരിക്കുവാണ്. വയനാട് മൊത്തം ഇളകി മറിഞ്ഞിരിക്കുവല്ലേ.. വയനാടിന് ഇത് വമ്പന്‍ നേട്ടമാണിത്.

രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എത്തുമ്പോള്‍ സത്യത്തില്‍ ഇവിടെ മാത്രമല്ല കേരളം മൊത്തം ഒരു ഉത്തേജനമാണ് കിട്ടിയിരിക്കുന്നതെന്നാണ് മുള്ളന്‍കൊല്ലി പഞ്ചായത്ത് മെമ്പര്‍ തോമസ് പാഴൂര്‍കാല. കാര്‍ഷിക മേഖലയിലെ നിരവിധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് വയനാട്. കോണ്‍ഗ്വസിന്റെ പ്രകടന പത്രികയില്‍ പറഞ്ഞ, കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന കാര്യം വായനാട്ടിലെ കര്‍ഷകര്‍ക്ക് വലിയൊരു ആശ്വാസമാണ്. അതുപോലെ ന്യായി പദ്ധതി വീട്ടമ്മമാരൊക്കെ വളരെ ആവേശത്തൊടെയാണ് കണ്ടിരിക്കുന്നത്. കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന ജില്ലയിലെ വോട്ടര്‍മാര്‍ സാധാരണ തിരിഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കുകയാണ് ചെയ്യുന്നത്. പക്ഷെ ഇത്തവണ രാഹുല്‍ ഗാന്ധി എത്തിയതുകൊണ്ട് അവര്‍ കൂട്ടമായിട്ട് വന്ന് വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ചെയ്തുകഴിഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്നവര്‍പോലും രാഹുല്‍ ഗാന്ധിയാണ് മത്സരിക്കാന്‍ എത്തിയിരിക്കുന്നതെന്നറിഞ്ഞ് വോട്ട് ചെയ്യാന്‍ മാത്രമായി നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്നതോടെ സ്വാഭാവികമായി ഒരു ആവേശം ഉയര്‍ന്നിട്ടുണ്ടെങ്കിലും എല്‍ഡിഎഫിനും അവേശത്തിന് കുറവില്ല. തങ്ങളുടെ വോട്ടുകള്‍ കൃത്യമായി എത്തുകയും നാളിതുവരെയായിട്ടും സ്വന്തം മണ്ഡലമായ അമേഥിയയില്‍ ഒരു വികസനവും എത്തിച്ചിട്ടില്ലെന്ന കാര്യങ്ങള്‍ വോട്ടര്‍മാരെ ബോധ്യപ്പെടുത്തുകയും ചെയ്താല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി പി സുനീറിന് വിജയം നിശ്ചയമാണെന്നാണ് വയനാട് മണ്ഡലത്തിലെ ഒരു വിഭാഗം കരുതുന്നത്. എന്‍ ഡി എ സ്ഥാനാര്‍ഥി ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളി മികച്ച പ്രകടമായിരിക്കും നടത്തുകയെന്നും അഭിപ്രായമുണ്ട്. മാത്രമല്ല തുഷാറിന് വേണ്ടി വയനാട്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള ബിജെപിയുടെ നേതാക്കള്‍ വയനാട്ടിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതൊക്കെ കാരണം മൂന്ന്‌ലക്ഷത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നുള്ള കോണ്‍ഗ്രസിന്റെ അവകാശ വാദം പൊള്ളയാണെന്നാണ് പുല്‍പ്പള്ളിയിലെ മാധ്യമസുഹൃത്തുകളുടെ അഭിപ്രായം. .

ഇന്ന് രാത്രിയോടെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോഴിക്കോട് എത്തും. തുടര്‍ന്ന് പ്രിയങ്കയോടൊപ്പം രാഹുല്‍ നാളെ 11.30 ഓടെ കല്‍പ്പറ്റയിലെത്തി നാമനിര്‍ദ്ദേശപത്രിക നല്‍കും. കോഴിക്കോട് വിക്രം മൈതാനിയില്‍ നിന്നും നാളെ രാവിലെ ഹെലികോപ്റ്ററില്‍ കല്‍പ്പറ്റയിലെ എകെഎംജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധി ഏതാണ്ട് രണ്ട് കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ച് കളക്ട്രേറ്റിലെത്താനാണ് നിലവിലെ തീരുമാനം. ഇതോടൊപ്പം റോഡ് ഷോ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. എന്നാല്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനായി എകെഎംജെ ഹൈസ്‌കൂള്‍ മൈതാനം സജ്ജമാക്കുന്ന അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലാ ഭരണകൂടവും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് നടപടി. എകെഎംജെ ഹൈസ്‌കൂള്‍ മൈതാനത്തിന് പുറമെ പുത്തൂര്‍ വയല്‍ എആര്‍ ക്യാമ്പ് ഗ്രൗണ്ടിലും ബത്തേരി സെന്റ്‌മേരീസ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ ഹെലികോപ്റ്റര്‍ ഇറക്കാനുള്ള സൗകര്യം ഒരുക്കാനും എസ് പിജി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പത്രികാ സമര്‍പ്പണത്തിന് ശേഷമുള്ള രാഹുലിന്റെ പരിപാടികള്‍ സംബന്ധിച്ച് ഇനിയും വ്യക്തമായ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

പത്രികാ സമര്‍പ്പണത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്ന സാഹചര്യത്തില്‍ ജില്ല കനത്ത സുരക്ഷാ വലയത്തിലാണ്. എസ്പിജി സുരക്ഷ ചുമതല ഏറ്റെടുത്തിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്‍പ്പടെ നിലനില്‍ക്കുന്നതിനാല്‍ വന്‍ പോലീസ് സംഘത്തെയാണ് കളക്ടറേറ്റ് സ്ഥിതിചെയ്യുന്ന കല്‍പ്പറ്റയിലും പരിസരങ്ങളിലും ഒരുക്കിയിട്ടുള്ളത്. എസ്പിജിയുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ചുരം കയറിയെത്തുന്ന വാഹനങ്ങളിലടക്കം പരിശോധന ശക്തമാക്കിയിട്ടുണ്ട്.

 

 

 

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍