UPDATES

ട്രെന്‍ഡിങ്ങ്

ദേശീയ തൊഴിലുറപ്പ് പദ്ധതി രാജ്യത്തിന് അപമാനമാണെന്നു പറഞ്ഞ മോദി ശ്രീധന്യയെ കേള്‍ക്കാന്‍ തയ്യാറാകണം; രാഹുല്‍ ഗാന്ധി

വയനാട്ടില്‍ എത്തിയ രാഹുല്‍ ഉച്ചഭക്ഷണം കഴിച്ചത് ശ്രീധന്യ സുരേഷിനൊപ്പം ആയിരുന്നു

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410 ആം റാങ്ക് സ്വന്തമാക്കിയ ആദിവാസി പെണ്‍കുട്ടി ശ്രീധന്യ സുരേഷിനെ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ പരാമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ വിമര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുള്ള മറുപടിയായാണ് രാഹുല്‍ ശ്രീധന്യയെ ഉയര്‍ത്തിക്കാട്ടിയത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് രാജ്യത്തിന് അപമാനകരമാണെന്നു പറഞ്ഞ മോദി ശ്രീധന്യയെ കേള്‍ക്കാന്‍ തയ്യാറാകണം എ്ന്നായിരുന്നു പ്രസംഗത്തിനിടയില്‍ രാഹുല്‍ ആവശ്യപ്പെട്ടത്.

വയനാട്ടില്‍ എത്തിയ രാഹുല്‍ ഉച്ചഭക്ഷണം കഴിച്ചത് ശ്രീധന്യ സുരേഷിനൊപ്പം ആയിരുന്നു. ഉച്ചഭക്ഷണം കഴിക്കുന്നതിനിടയില്‍ താന്‍ ശ്രീധന്യയോട് എങ്ങനെയാണ് ഐഎഎസിന്റെ ഉന്നതമായ റാങ്കിലേക്ക് എത്തിയതെന്നു ചോദിച്ചുവെന്നും അപ്പോള്‍ ശ്രീധന്യ സുരേഷ് പറഞ്ഞത് തന്റെ മാതാപിതാക്കള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴില്‍ ചെയ്യുന്നവരാണ്. അവിടെ നിന്നു കിട്ടിയ പിന്തുണ തനിക്ക് വലിയ സഹായകരമായി എന്നുമാണ്. ഇക്കാര്യമാണ് പ്രസംഗത്തിനിടയില്‍ രാഹുല്‍ പരാമര്‍ശിച്ചത്. ദേശീയ തൊഴിലുറപ്പ് പദ്ധതി രാജ്യത്തിന് അപമാനകരമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നു. ഈ നരേന്ദ്ര മോദി ശ്രീധന്യ സരേഷിനെ കേള്‍ക്കാന്‍ തയ്യാറാകണം എന്നായിരുന്നു രാഹുല്‍ തുടര്‍ന്നു പറഞ്ഞത്.

സിവില്‍ സര്‍വീസ് നേട്ടത്തിനു പിന്നാലെ ശ്രീധന്യയെ അഭിനന്ദിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതിയാണ് ശ്രീധന്യ. അവരുടെ അര്‍പ്പണ ബോധവും കഠിന പ്രയത്‌നവുമാണ് നേട്ടത്തിന് പിന്നില്‍. മികച്ച വിജയം നേടിയ ശ്രീധന്യയെയും അവര്‍ക്ക് പിന്തുണ നല്‍കിയ കുടുംബത്തിനും ആഭിനന്ദനങ്ങള്‍ അറിയിക്കുന്നു. കരിയറില്‍ മികച്ച നേട്ടം കൈവരിക്കാന്‍ ശ്രീധന്യക്ക് കഴിയട്ടെ എന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്ററില്‍ കുറിച്ചത്.

വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ കുറിച്യ വിഭാഗത്തില്‍പ്പെട്ട പെണ്‍ക്കുട്ടിയാണ്. ആദിവാസി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് റാങ്ക് നേടുന്ന ആദ്യ മലയാളിയാണ് പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ കോളനിയിലെ സുരേഷ്-കമല ദമ്പതിയുടെ മകളായ ശ്രീധന്യ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍