UPDATES

ട്രെന്‍ഡിങ്ങ്

ഈ പ്രളയക്കെടുതിയില്‍ ഒരു കുഞ്ഞുടുപ്പും കുടുക്കയും ഒക്കെ ഓര്‍മിപ്പിക്കുന്നത് മനുഷ്യത്വത്തെക്കുറിച്ചാണ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്ക് ഒത്തൊരുമയോടെ സോഷ്യല്‍ മീഡിയ

ഒരു സംസ്ഥാനം എങ്ങനെയാണ് ഒരു പ്രകൃതി ദുരന്തത്തെ നേരിടുന്നതെന്ന് നാം നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ കാലങ്ങളില്‍ അന്യദേശത്തെവിടെയോ സംഭവിക്കുന്ന, നമ്മെ ഒരിക്കലും ബാധിക്കാത്ത ഒന്നായിരുന്നു നമുക്ക് പ്രകൃതി ദുരന്തങ്ങള്‍. ഇപ്പോള്‍ അറുപതിനായിരത്തിലേറെ പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും സഹായവും കാത്ത് കഴിക്കുന്നത്.

പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര ധനസഹായമായി 100 കോടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷവും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപ വീതവും നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുരിതക്കയത്തിലായ കേരളത്തിന് വേണ്ടി മാനദണ്ഡങ്ങള്‍ പാലിക്കാതെ സഹായം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങളുടെ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ വച്ചാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക നിക്ഷേപിക്കണമെന്ന സന്ദേശം പ്രചരിക്കുന്നത്.

“കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരിതമാണ് അഭിമുഖീകരിക്കുന്നത്. തകർന്ന പ്രദേശങ്ങളെ പുനർനിർമ്മിക്കുക ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ്. കേരള ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ലോകത്തോട് മുഴുവൻ അഭ്യർത്ഥിച്ചിരുന്നു. വ്യക്തിപരമായി ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ സംഭാവന നൽകി.” എന്ന പോസ്റ്റോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സോഷ്യല്‍ മീഡിയയില്‍ വന്നതോടെ നിരവധി ആളുകളാണ് സംഭാവന സന്നദ്ധതയുമായി രംഗത്തെത്തിയത്.

അതേസമയം കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് മാത്രമേ സഹായം ലഭിക്കൂവെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നിക്ഷേപിക്കരുതെന്നും ആരും ഈ സന്ദേശം പ്രചരിപ്പിക്കരുതെന്നും ചില കേന്ദ്രങ്ങളില്‍ നിന്നും പ്രചരണമുണ്ടായി. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ നേരിട്ട് രംഗത്തെത്തുകയായിരുന്നു. കൂടാതെ തന്റെ ഒരു മാസത്തെ ശമ്പളം ഇതിലേക്കായി അദ്ദേഹം മാറ്റിവയ്ക്കുകയും ചെയ്തു.

‘അതിരൂക്ഷമായ പ്രളയക്കെടുതിക്ക് ഇരയായവരെ സഹായിക്കുന്നതിനായി ഒരു മാസത്തെ ശമ്പളം ഞാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കരുത് എന്ന സോഷ്യല്‍ മീഡിയ കാമ്പയിന്‍ നിങ്ങള്‍ തള്ളിക്കളയണം. മഹാദുരന്തത്തില്‍ നിന്നും കരകയറാന്‍ നിങ്ങള്‍ ഓരോരുത്തരുടെയും ഒരു കൈ സഹായം കേരളത്തിന് ആവശ്യമുണ്ട്.’ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഒരു ജനത മുഴുവന്‍ പരസ്പരം സഹായിക്കുകയാണ്. ഭരണ പക്ഷവും പ്രതിപക്ഷവും രാഷ്ട്രീയം നോക്കാതെ ഒറ്റക്കെട്ടായി നില്‍ക്കുന്ന ഒരു സാഹചര്യം ഒരു നാട്ടിലുണ്ടാകുന്നത് അപൂര്‍വമാണ്. ഒരു നാട്ടില്‍ ഒരു ഭരണകൂടം ഉണ്ടെന്നത് ഇത്രയും നല്ലതരത്തില്‍ അനുഭവപ്പെട്ട മുഹൂര്‍ത്തങ്ങള്‍ നമുക്ക് അപൂര്‍വ്വമല്ലേ ഉണ്ടാകാറുള്ളൂ. മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നു. പ്രതിപക്ഷ നേതാവ് ഒപ്പം നില്‍ക്കുന്നു. മന്ത്രിമാര്‍, കളക്ടര്‍മാര്‍, പോലീസ് മേധാവികള്‍, ഭരണകൂടത്തിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നു.

ഒരു കുഞ്ഞുടുപ്പ് കൊണ്ടെങ്കിലും സഹജീവികളെ സഹായിക്കാന്‍ മുന്നോട്ടു വരുന്നവരെ കണ്ടില്ലെന്ന് നടിക്കരുത്. മധ്യപ്രദേശുകാരനായ ഒരു കമ്പിളി വില്‍പ്പനക്കാരന്‍ തന്റെ കൈവശമുണ്ടായിരുന്നതെല്ലാം ദുരിതമനുഭവിക്കുന്നവര്‍ക്ക് ദാനം ചെയ്തപ്പോള്‍ കേരളം ആ മനുഷ്യന് മുന്നില്‍ ശിരസുകുനിച്ച് നമിച്ചു. വിഷ്ണുവിന്റെ മഹത്വം മാധ്യമ പ്രവര്‍ത്തകന്‍ സുജിത്ത് ചന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയപ്പോള്‍ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള ആ പോസ്റ്റ് വൈറലായി.

തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമെല്ലാം കേരളത്തിലേക്ക് സഹായങ്ങള്‍ ഒഴുകിയെത്തുകയാണ്. എ ഐ എ ഡി എം കെ, ഡി എം കെ പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളും തമിഴ് ചലച്ചിത്ര താരങ്ങളും സഹായം പ്രഖ്യാപിച്ചു. മലയാളത്തിലെ ചലച്ചിത്ര താരങ്ങളും വെറുതെയിരുന്നില്ല. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ധനസഹായത്തോടൊപ്പം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഡോ. ആസാദ് മൂപ്പന്‍, എം എ യൂസഫലി, ബി ആര്‍ ഷെട്ടി തുടങ്ങിയ പ്രമുഖരും ദുരിതാശ്വാസ നിധിയിലേക്ക് വന്‍തുക സംഭാവന ചെയ്തു.

സംഭാവനകള്‍ പണമായി നല്‍കാതെ വസ്ത്രങ്ങളും ഭക്ഷണവും മറ്റുമായി നല്‍കുന്നവരുമുണ്ട്. വ്യക്തികളില്‍ നിന്നും സമാഹരിക്കുന്ന ഇത്തരം സഹായങ്ങള്‍ സംഘടനകള്‍ ശേഖരിച്ച് സഹായം ആവശ്യമുള്ളവരിലെത്തിക്കുന്നു. മക്കള്‍ക്ക് ഓണക്കോടി വാങ്ങാനുള്ള തുക വെള്ളത്തിലായവര്‍ക്ക് കൊടുക്കാമെന്ന് തീരുമാനിച്ച ലോട്ടറി വില്‍പനക്കാരിയായ ജയയുടെ കഥയും നാം വായിച്ചു.

സോഷ്യല്‍ മീഡിയയിലൂടെയും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മനുഷ്യര്‍ ഒന്നിക്കുകയാണ്. തന്റെ മകളുടെ ആദ്യ ഓണമാണെങ്കിലും ഇത്തവണ ആഘോഷിക്കുന്നില്ലെന്നാണ് എഴുത്തുകാരിയും മോഡലുമായ രശ്മി നായര്‍ പറയുന്നത്. അതിന് വേണ്ടി ചിലവഴിക്കാനിരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് രശ്മിയൂടെയും ഭര്‍ത്താവ് രാഹുലിന്റെയും തീരുമാനം.

സ്റ്റഡി ടേബിള്‍ വാങ്ങാനായി കുടുക്കയിലിട്ട് സമ്പാദിച്ച നാലക്ക സംഖ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ് ആവാസ് എന്ന ആച്ചു. മാധ്യമ പ്രവര്‍ത്തകനായ സലീഷിന്റെയും നൃത്ത അധ്യാപിക കലാമണ്ഡലം സൈലയുടെയും മകനാണ് ഒന്നാം ക്ലാസുകാരനായ ആച്ചു. ആച്ചുവിനെ ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ആച്ചുവിനെ എല്ലാവരും മാതൃകയാക്കണമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണം.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതു പോലെ ഇതിനിടെയിലാണ് വെറുപ്പുകൊണ്ട് വിഷം ചീറ്റി ചിലര്‍ ജീവിക്കുന്നത്. ജീവിക്കട്ടെ, മനുഷ്യര്‍ ഏറ്റവും അധഃപതിച്ചാല്‍ എന്താകുമെന്നതിന് ഉദാഹരണമായി കുഞ്ഞുങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ചിലത് വേണം. ഒരിക്കലും ആയിത്തീരരുതാത്തത്. പരിചയത്തില്‍ പോലും അങ്ങനെ ഒരാളില്ലാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം

Chief Minister’s Distress Relief Fund
A/c No : 67319948232
Bank : SBI City Branch, TVM
IFSC : SBIN0070028

ആ അൻപത് കമ്പിളി പുതപ്പുകൾ എന്റെ തല കുനിപ്പിക്കുന്നു

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍