UPDATES

ട്രെന്‍ഡിങ്ങ്

കാലവര്‍ഷം വിഴുങ്ങുന്ന കേരളം; ഒന്നര മാസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചത് 90 പേര്‍

കോഴിക്കോട് താമരശ്ശേരില്‍ അഞ്ചു കുടംബങ്ങളെ പൂര്‍ണമായും ഇല്ലാതാക്കിയ ഉരുള്‍പ്പൊട്ടല്‍ ഉള്‍പ്പെടെ കടുത്ത ദുരന്തങ്ങളടക്കമാണ് ഇത്തവണ സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തത്.

അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയ ഇത്തവണ മണ്‍സൂണ്‍ ആരംഭിച്ച് ഇതുവരെയുള്ള മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടത് 90 ഓളം പേര്‍ക്ക്. കോഴിക്കോട് താമരശ്ശേരിയില്‍ 4 കുടുംബങ്ങളെ  ഇല്ലാതാക്കിയ ഉരുള്‍പ്പൊട്ടല്‍ ഉള്‍പ്പെടെ കടുത്ത ദുരന്തങ്ങളടക്കമാണ് ഇത്തവണ സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തത്. കട്ടിപ്പാറ കരിഞ്ചോലയില്‍ 14 പേരാണ് ഉരുള്‍പൊട്ടലി്ല്‍ മരിച്ചത്. ഇതിനു പുറമെയാണ് വ്യാപകമായ നാശ നഷ്ടങ്ങള്‍. 8863.9 ഹെക്ടറില്‍ കൃഷിയും നശിച്ചിട്ടുണ്ട്. മഴ കനത്തു പെയ്ത കഴിഞ്ഞ മുന്നു ദിവസങ്ങളായി കുട്ടനാട്ടെ 500 ഏക്കറോളം കൃഷി നാശം ഉള്‍പ്പെടെ 686 ഹെക്ടര്‍ കൃഷി നശിച്ചിട്ടുണ്ട്. 350 ഓളം വീടുകള്‍ പൂര്‍ണമായും 8000ത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കട്ടിപ്പാറയ്ക്ക് പുറമേ വടക്കന്‍ കേരളത്തിന്റെ മലയോര മേഖലകളില്‍ മാത്രം നിരവധി ഉരുള്‍പൊട്ടലാണ് റിപോര്‍ട്ട് ചെയ്തത്. തെക്കന്‍ കേരളത്തില്‍ ഇടുക്കിയിലാണ് കൂടുതല്‍ ഉരുള്‍പൊട്ടല്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇതിനു പുറമേയാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്ത് കടലാക്രമണങ്ങള്‍. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ തിരുവനന്തപുരം ജില്ലകളിലാണ് കടലാക്രമണം രുക്ഷമായത്. എന്നാല്‍ ഒന്നരമാസത്തിനിടെ പലപ്പോഴായാണ് ഇത്രയും മരണങ്ങള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ മഴക്കെടുതിയുടെ യഥാര്‍ഥ മനുഷ്യനാശം വാര്‍ത്താ പ്രാധാന്യം നേടാതെ പോവുകയാണ്.

കനത്ത മഴ മൂലം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരുലക്ഷത്തോളം പേരാണ് സംസ്ഥാനത്ത ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറിയത്. ഇതില്‍ ആലപ്പുഴയിലാണ് കൂടുല്‍ പേര്‍ ക്യാംപുകളിലുള്ളത്. 25000ത്തോളെ പേരാണ് ഇവിടെയുള്ളത്. കുട്ടനാട്ടില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് 77 വീടുകള്‍ ഭാഗികമായും ഒന്നു പൂര്‍ണമായും തകര്‍ന്നു. കോട്ടയത്ത് 104, എറണാകുളം 54, പത്തനംതിട്ട 64, തൃശൂര്‍ 24 ക്യാംപകളുമാണ് തുറന്നിട്ടുള്ളത്.

കൊല്ലം ജില്ലയില്‍ 200 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും 88 ഹെക്ടര്‍ കൃഷി നശിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് കോടിയുടെ കൃഷി നാശമാണ് കണക്കാക്കുന്നത്. പത്തനംതിട്ടയില്‍ 1600ലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മുന്നു വീടുകള്‍ പൂര്‍ണമായും 138 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.

അതേസമയം, രൂക്ഷമായ കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ചൂഷണവുമാണ് സംസ്ഥാനത്തെ കാലവര്‍ഷ കെടുതികള്‍ രൂക്ഷമാവാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. വയല്‍ നികത്തലും ജലാശയങ്ങളുടെ കയ്യേറ്റവും മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നത്. ഇത് കൊച്ചിയടക്കമുള്ള നഗരങ്ങളില്‍ വളരെ പെട്ടെന്നു തന്നെ വെള്ളപ്പൊക്കത്തിന് കാരണമാക്കുന്നു. എന്നാല്‍ അതീവ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കേരളത്തിലെ പശ്ചിമഘട്ട നിരകളിലെ മനുഷ്യ ഇടപെടലാണ് ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നത്. അതീവ ലോല പ്രദേശങ്ങളില്‍ പോലും മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടക്കം അടുത്തിടെ ഉണ്ടായ വന്‍ ദുരന്തങ്ങള്‍ക്ക് കാരണമായതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. മനുഷ്യ വാസം പോലും നിയന്ത്രിക്കേണ്ട പ്രദേശമാണ് അടുത്തിടെ ഉരുള്‍പൊട്ടലുണ്ടായ കട്ടിപ്പാറയെന്ന് ഹരിത കേരളം മിഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ഇതോടൊപ്പമാണ് തീരദേശ മേഖലയിലെ ശക്തമായ കടലാക്രണം. തിരുവന്തപുരത്തെ ശംഖുമുഖവും, കൊച്ചി ചെല്ലാനവുമാണ് ഇതില്‍ ഏറ്റവുമധികം വാര്‍ത്താ പ്രാാധാന്യം നേടിയിട്ടുള്ളത്. ജൂണില്‍ ആരംഭിച്ച ഈ വര്‍ഷത്തെ തെക്കു പടിഞ്ഞാറന്‍ കാലത്തിനു ശേഷം ശംഖുമുഖത്തെ കടല്‍ ഭിത്തി പൂര്‍ണമായും തകര്‍ന്നു പോയ നിലയിലാണ്. 9 ജില്ലകളിലായ 530 കിലോമീറ്റര്‍ തീരദേശമുള്ള കേരളത്തില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആയിത്തോളം ഏക്കര്‍ സ്ഥലമാണ് കടലെടുത്ത് പോയിട്ടുള്ളത്.

എന്നാല്‍, സംസ്ഥാനനത്ത് അടക്കം കണ്ടുവരുന്ന മാറ്റങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായാണ് ഉണ്ടായതെന്ന് വിലയിരുത്താനാവില്ലെന്നാണ് സിഡബ്ല്യുആര്‍ഡിഎമ്മിലെ പരിസ്ഥിതി വിഭാഗത്തിലെ ശാസ്ത്രജ്ഞരുടെ പ്രതികരണം. കേരളത്തില്‍ റെക്കോര്‍ഡ് മഴയാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വേനലില്‍ കനത്ത ചൂടും അനുഭവപ്പെട്ടിരുന്നു. ഇതില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം ഉണ്ടോ എന്ന് ഉറപ്പാക്കാന്‍ വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം, കാലവര്‍ഷക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആയിരം രൂപ വീതം ഒറ്റത്തവണയായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജൂലൈ 17 വൈകിട്ട് ആറ് മണിവരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉളളവര്‍ക്കും ക്യാമ്പുകളില്‍ എത്തി തിരിച്ചുപോയവര്‍ക്കും സഹായധനം ലഭിക്കും. വീട്ടുസാധനങ്ങള്‍, വസ്ത്രങ്ങള്‍ മുതലായവ നഷ്ടപ്പെട്ടത് കണക്കിലെടുത്താണ് സഹായം നല്‍കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍