UPDATES

ട്രെന്‍ഡിങ്ങ്

എറണാകുളത്ത് മഴ മാറുന്നില്ല, വെള്ളം ഒഴിയുന്നില്ല; ആലുവ നജത് ആശുപത്രിയില്‍ ഐസിയു രോഗികള്‍ ഉള്‍പ്പെടെ കുടുങ്ങി

എറണാകുളം നഗരത്തില്‍ മഴ തോരാതെ പെയ്യുന്നതോടെ നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളം കയറിയ നിലയിലാണ്. ഫ്ലാറ്റുകളില്‍ വെള്ളം കയറി ആളുകളെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മേനക, ഇടപ്പള്ളി, എംജി റോഡ് ഭാഗങ്ങളിലൊക്കെ വെള്ളം കയറിയിട്ടുണ്ട്. മേനക, എംജി റോഡ് എന്നിവിടങ്ങളില്‍ റോഡ് മുഴുവന്‍ വെള്ളത്തിലായി. കെഎസ്ആര്‍ടിസി ബസ്റ്റ് സ്റ്റാന്‍ഡ് വെള്ളത്തിലായി. ഇടപ്പള്ളി തോട് നിറഞ്ഞു കവിഞ്ഞ് ഫ്ലാറ്റുകളിലേക്ക് വെള്ളം കയറി. ഇടപ്പള്ളി ഫഌറ്റില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ആലുവ നജത് ആശുപത്രിയില്‍ ഐസിയു രോഗികള്‍ ഉള്‍പ്പെടെ കുടുങ്ങിപ്പോയ സ്ഥിതി ഉണ്ടായി. ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആലുവയിലെ മൂന്നു ആശുപത്രികളില്‍ വെള്ളക്കെട്ട് ഉണ്ടായി. നേവിയും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. ആലുവയിലും ഫഌറ്റുകളില്‍ വെള്ളം കയറി. ഉയര്‍ന്ന നിലകളില്‍ താമസിക്കുന്നവരെ ഉള്‍പ്പെടെ മാറ്റിക്കൊണ്ടിരിക്കുകയാണ്. നൂറിലധികം പേര്‍ ആലുവയിലെ വിവിധ ഫഌറ്റുകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ആലുവയില്‍ ഇപ്പോള്‍ വെള്ളമുള്ളതിന്റെ അര കിലോമീറ്റര്‍ പരിധിയിലുള്ളവരെല്ലാം വീടുകള്‍ ഒഴിഞ്ഞ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

"</p "</p "</p

അതേസമയം ആലുവ കമ്പിനിപ്പടിയില്‍ നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. രക്ഷാദൗത്യത്തിന് കൂടുതല്‍ ആളുകളെ വേണമെന്നാണ് ആവശ്യം. കുടുങ്ങിക്കിടക്കുന്നിടത്തു നിന്നും ആളുകളെ മാറ്റാന്‍ കൂടുതല്‍ ബോട്ടുകള്‍ വേണമെന്നും ആവശ്യമുണ്ട്. ആലുവ കടങ്ങല്ലൂര്‍ ഭാഗത്തും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഏലൂര്‍ക്കര നരസിംഹ സ്വാമി ക്ഷേത്രത്തിനു സമീപം, എലഞ്ഞിച്ചുവട് ഭാഗം എന്നിവിടങ്ങളില്‍ ചില കുടുംബങ്ങള്‍ കുടുങ്ങിക്കടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താന്‍ കൂടുതല്‍ ബോട്ടുകള്‍ ആവശ്യമുണ്ട്. കുടുങ്ങിക്കിടക്കുന്നവര്‍ തുടര്‍ച്ചയായി സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ചുകൊണ്ടിരിക്കുകയാണ്. എത്രയും വേഗം തന്നെ ബോട്ടുകള്‍ എത്തിച്ച് കുടുങ്ങിക്കിടക്കുന്നവരെയെല്ലാം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുമെന്നാണ് അറിയിച്ചിരിക്കുന്നത്. കറണ്ട് ഇല്ലാത്തതിനാല്‍ മിക്കവരുടെയും ഫോണിന്റെ ബാറ്ററി ചാര്‍ജ്ജ് തീര്‍ന്നതും സഹായത്തിന് വിളിക്കാന്‍ കഴിയാത്ത് സാഹചര്യം ഉണ്ടാക്കുന്നുണ്ട്. കാലടി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പരിസരത്ത് ഒരു കെട്ടിടത്തില്‍ 35 ഓളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും വിവരം വരുന്നുണ്ട്. പ്രായമായവര്‍ വരെ ഈ കൂട്ടത്തിലുണ്ട്. കാലടി ടൗണിലും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

ഏലൂര്‍ക്കര ഭാഗത്ത് സ്ഥിതി വളരെ മോശമാണ്. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പാക്ക് ചെയ്ത ഭക്ഷണം, കുപ്പിവെള്ളം എന്നിവ ആവശ്യമാണ്. വീടുകള്‍ മിക്കതും വെള്ളത്തിനടിയിലായതോടെ എല്ലാം ഉപേക്ഷിച്ച് തന്നെ ആളുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയാണ്. ഏറ്റവും അത്യാവശ്യമായ രേഖകളും സര്‍ട്ടിഫിക്കറ്റുകളും മാത്രം എങ്ങനെയെങ്കിലും കൈകളില്‍ കരുതി രക്ഷപ്പെടാനാണ് ആളുകള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

കാലടി സംസ്‌കൃത സര്‍വകലാശാല കെട്ടിടത്തില്‍ 500 ഓളം വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഹോസ്റ്റല്‍ കെട്ടിടത്തില്‍ രാവിലെ വെള്ളം കയറിയതോടെ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ അഭയം തേടുകയായിരുന്നു. കാലടി നഗരത്തില്‍ വെള്ളക്കെട്ടായതോടെ ഈ ഭാഗങ്ങളില്‍ വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

എം.സി റോഡ്,എം ജി റോഡ്, വരാപ്പുഴ ഫെറി റോഡ്,അങ്കമാലി മഞ്ഞപ്ര റോഡ്,കാലടി മലയാറ്റൂര്‍ റോഡ്, മഞ്ഞുമ്മല്‍ മുട്ടാര്‍ റോഡ്,അങ്കമാലി പറവൂര്‍ റോഡ്,ആലുവ പറവൂര്‍ റോഡ്,ആലുവ കളമശേരി റോഡ്, അങ്കമാലി കാലടി റോഡ്, പെരുമ്പാവൂര്‍ മൂവാറ്റുപുഴ റോഡ്,മൂവാറ്റുപുഴ കോതമംഗലം റോഡ്,തിരുവാംകുളം പുത്തന്‍ കുരിശ് റോഡ്, കോലഞ്ചേരി മൂവാറ്റുപുഴ റോഡ്, പെരുമ്പാവൂര്‍ അറക്കപ്പടി റോഡ്- എന്നിവിടങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ല ഭരണകൂടം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ശനിയാഴ്ച്ചയും തുറക്കാന്‍ കഴിയില്ലെന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്. പെരിയാറില്‍ നിന്നുള്ള വെള്ളം ആലുവയും വിമാനത്താവള പരിസരവും മൊത്തം മുക്കിയിരിക്കുകയാണ്. വെള്ളം പൂര്‍ണമായി ഇറങ്ങാതെ വിമാനത്താവളം തുറക്കാന്‍ കഴിയില്ലെന്നാണ് അറിയുന്നത്. എറണാകുളം ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളായ കോലഞ്ചേരി, മുവാറ്റുപുഴ, കോതമംഗലം, മേഖലകളിലും ഗുരുതരമായ സാഹചര്യമാണ്. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലും വെള്ളം കയറുന്നുണ്ട്. എറണാകുളം ഐരൂര്‍ സെന്റ് ജോസ്ഫ് എല്‍ പി സ്‌കൂളിലെ ക്യാമ്പില്‍ വെള്ളം കയറുന്നുണ്ടെന്നാണ് വിവരം. ക്യാമ്പിലെ താമസക്കാരെ മുകളിലത്തെ നിലയിലേക്ക് മാറ്റുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍