UPDATES

ട്രെന്‍ഡിങ്ങ്

കാലുകളില്‍ അതിക്രൂരമായി മര്‍ദ്ദിച്ചു നടക്കാന്‍ കഴിയാത്തവിധമാക്കി; രാജ് കുമാറിന് ഏല്‍ക്കേണ്ടി വന്ന പൊലീസ് മര്‍ദ്ദനത്തെ കുറിച്ച് സര്‍ക്കാര്‍

രാജ് കുമാര്‍ കസ്റ്റഡി കൊലപാതകത്തിലെ ഒന്നാം പ്രതി എസ് ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയെ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ അറിയിച്ചത്

നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയ രാജ് കുമാറിന് പൊലീസ് കസ്റ്റഡിയില്‍ ഏല്‍ക്കേണ്ടി വന്നത് ക്രൂരമര്‍ദ്ദനമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നടക്കാന്‍ പോലും കഴിയാത്ത വിധം രാജ് കുമാറിനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് കോടതിയോട് പൊലീസ് പറയുന്നത്. രാജ്കുമാര്‍ കസ്റ്റഡി മരണത്തില്‍ മുഖ്യപ്രതിയായ എസ് ഐ സാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. സര്‍ക്കാരിനു വേണ്ടി ഹാജരായ എഡിജിപി പറഞ്ഞകാര്യങ്ങള്‍ കേട്ട കോടതി കസ്റ്റഡി മരണക്കേസിലെ എല്ലാ മെഡിക്കല്‍ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മജിസ്‌ട്രേറ്റിന്റെ മുന്നില്‍ രാജ് കുമാറിനെ ഹാജരാക്കിയപ്പോഴത്തെ മുഴുവന്‍ നടപടികളുടെയും വിശദാംശങ്ങളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ് കുമാറിന്റെ കാലുകളില്‍ പ്രതികളായ പൊലീസുകാര്‍ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഇതു മൂലം രാജ് കുമാറിന് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥ വന്നെന്നും എഡിജിപി കോടതിയില്‍ പറഞ്ഞു.

അതേസമയം എസ് ഐ സാബു നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നത്, രാജ് കുമാര്‍ കസ്റ്റഡിയില്‍ ഉള്ള സമയത്ത് താന്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നാണ്. തനിക്കെതിരേയുള്ള പ്രോസിക്യൂക്ഷന്‍ ആരോപണങ്ങള്‍ ശരിയല്ലെന്നാണ് എസ് ഐ സാബു പറയുന്നത്. മജിസ്‌ട്രേറ്റിനു മുന്നില്‍ രാജ് കുമാറിനെ ഹാജരാക്കിയ സമയത്ത് കസ്റ്റഡി മര്‍ദ്ദനത്തെ കുറിച്ച് പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നും ജാമ്യാപേക്ഷയില്‍ എസ് ഐ സാബു പറയുന്നു. പ്രോസിക്യൂഷന്‍ വാദം അനുസരിച്ച് നെടുങ്കണ്ടം സ്‌റ്റേഷനിലെ എസ് ഐ ആയിരുന്ന സാബുവും രണ്ടാും മൂന്നും പ്രതികളായ എ എസ് ഐയും പൊലീസ് ഡ്രൈവറും ചേര്‍ന്നാണ് രജ് കുമാറിനെ അന്യായമായി കസ്റ്റഡിയില്‍ വയ്ക്കുന്നതും മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നതെന്നുമാണ്. വ്യാഴാഴ്ച്ച സാബുവിന്റെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിയിട്ടുണ്ട്.

രാജ് കുമാറിന്റെ റി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ മര്‍ദ്ദനം നടന്നിട്ടുണ്ടെന്നതിന്റെ നിര്‍ണായക വിവരങ്ങള്‍ കിട്ടിയിരുന്നു. ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ രേഖപ്പെടുത്താതിരുന്ന വിവരങ്ങളാണ് റി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ജുഡീഷ്യല്‍ കമ്മിഷന്റെ ആവശ്യപ്രകാരമായിരുന്നു രാജ് കുമാറിന്റെ ശരീരം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ആദ്യത്തെ തവണ വലിയ വീഴ്ച്ചകളാണ് ഉണ്ടായതെന്നാണ് പരാതി.

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ നടത്തിയ റീ പോസ്റ്റ്‌മോര്‍ട്ടത്തില്‍ രാജ് കുമാറിന്റെ ശരീരത്തില്‍ കണ്ടെത്തിയ ചതവുകളും മര്‍ദ്ദനത്തിന്റെ പാടുകളും മരണകാരണമായവയായിരുന്നു. നിമോണിയ ബാധിച്ചാണ് രാജ് കുമാര്‍ മരിച്ചതെന്നായിരുന്നു പൊലീസിന്റെ വാദം. ഇത് ശരിയല്ലെന്നു തെളിയിക്കുന്നതാണ് റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രാജ് കുമാറിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധന കഴിഞ്ഞാല്‍ നിമോണിയ ബാധിതനായിരുന്നോ കുമാര്‍ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍