UPDATES

ട്രെന്‍ഡിങ്ങ്

രാജസ്ഥാന്‍ വിവാദ ഓര്‍ഡിനന്‍സ്: പിന്‍വലിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കുമെന്ന് രാജസ്ഥാന്‍ പത്രിക

മാധ്യമങ്ങളും പ്രതിപക്ഷവും മാത്രമല്ല ഓര്‍ഡിനന്‍സിനെ വിമര്‍ശിക്കുന്നത്. ഭരണകക്ഷിയായ ബിജെപിയുടെ എംഎല്‍എമാരായ ഘനശ്യാം തിവാരിയും നര്‍പത് സിംഗ് രാജ്വിയും സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്

വിവാദമായ ക്രിമിനല്‍ നിയമം (രാജസ്ഥാന്‍ ഭേദഗതി) ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം മുഖ്യമന്ത്രി വസുന്ദര രാജെയുമായും അവരുടെ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട ഒരു വാര്‍ത്തയും പ്രസിദ്ധീകരിക്കില്ലെന്ന് ഹിന്ദി ദിനപത്രമായ രാജസ്ഥാന്‍ പത്രിക വ്യക്തമാക്കി. ഓര്‍ഡിനന്‍സിനെ കരിനിയമം എന്നാണ് പത്രിക വിശേഷിപ്പിച്ചത്. സേവനത്തിലിക്കുന്നവരും വിരമിച്ചവരുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ജഡ്ജിമാരെയും മജിസ്‌ട്രേട്ടുമാരെയും സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് നിയമം. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പത്രം ആരോപിച്ചു.

ഒക്ടോബര്‍ 23ന് രാജസ്ഥാന്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ച ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ജഡ്ജിമാരുടെയോ മജിസ്‌ട്രേട്ടുമാരുടെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയോ സേവനകാല നടപടികളെ കുറിച്ച് അന്വേഷിക്കാന്‍ ആവില്ല. ഒരു കേസില്‍ ഔദ്ധ്യോഗിക അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ അതിലുള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ നിയമം വിലക്കുന്നു. ഓര്‍ഡിനന്‍സ് സെലക്ട് കമ്മിറ്റിക്ക് വിടാനുള്ള സര്‍ക്കാരിന്റെ നീക്കം കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണെന്ന് രാജസ്ഥാന്‍ പത്രിക ആരോപിക്കുന്നു. ഓര്‍ഡിനന്‍സ് ഇപ്പോള്‍ തന്നെ നിലവിലുള്ളതിനാല്‍ സര്‍ക്കാര്‍ നടപടികളെ ചോദ്യം ചെയ്യാനോ അതേ കുറിച്ച് അന്വേഷിക്കാനോ മാധ്യമങ്ങള്‍ക്ക് ഇപ്പോഴും സാധിക്കില്ലെന്ന് പത്രിക ചൂണ്ടിക്കാണിക്കുന്നു. വായനക്കാരും പൊതുജനങ്ങളും തങ്ങളുടെ നിലപാടിന് പിന്തുണ നല്‍കുമെന്ന പ്രതീക്ഷയും പത്രിക പ്രകടിപ്പിച്ചു.

മാധ്യമങ്ങളും പ്രതിപക്ഷവും മാത്രമല്ല ഓര്‍ഡിനന്‍സിനെ വിമര്‍ശിക്കുന്നത്. ഭരണകക്ഷിയായ ബിജെപിയുടെ എംഎല്‍എമാരായ ഘനശ്യാം തിവാരിയും നര്‍പത് സിംഗ് രാജ്വിയും സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ഓര്‍ഡിനന്‍സിനെതിരെ രാജ്സ്ഥാന്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ്, ആം ആദ്മി പാര്‍ട്ടി നേതാവ് പൂനം ചന്ദ് ബണ്ഡാരി എന്നിവരും പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബേര്‍ട്ടീസ് എന്ന സംഘടനയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നവംബര്‍ 27ന് കേസില്‍ വാദം കേള്‍ക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍