UPDATES

ട്രെന്‍ഡിങ്ങ്

രാജീവ് ഗാന്ധിയുടെ ഭാരതരത്ന പിൻവലിക്കാൻ പ്രമേയം: എഎപിയിൽ പൊട്ടിത്തെറി; വിയോജിച്ച എംഎൽഎയോട് രാജിവയ്ക്കാൻ ആവശ്യം

അരവിന്ദ് കെജ്രിവാള്‍ രാജി ആവശ്യപ്പെട്ടെന്ന് സ്ഥിരീകരിച്ച അൽക്ക ലാംബ താൻ ഉടൻ രാജി സമർപ്പിക്കുമെന്നും പ്രതികരിച്ചു

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മരണാനന്തരം നല്‍കിയ ഭാരത രത്‌ന ബഹുമതി തിരിച്ചെടുക്കണമെന്ന ആംആദ്മി പാർട്ടിയുടെ പ്രമേയം പാർട്ടിയിൽ പൊട്ടിത്തെറിക്ക് വഴിവയ്ക്കുന്നു. ഡൽഹി നിയമ സഭയിൽ എം.എല്‍.എ ജെര്‍ണയില്‍ സിങ് അവതരിപ്പിച്ച പ്രമേയത്തെ എതിർത്ത അല്‍ക്ക ലാംബ എം.എല്‍എയോട് പാർട്ടി രാജിവയ്ക്കാർ ആവശ്യപ്പെട്ടു.  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് രാജി ആവശ്യപ്പെട്ടത്. സിഖ് വിരുദ്ധ കലാപം വംശഹത്യയെന്ന് വ്യക്തമാക്കുന്നുതും, പ്രക്ഷോഭം  തടയുന്നതില്‍ പരാജയപ്പെട്ടതിനാല്‍ രാജീവ് ഗാന്ധിക്ക് നല്‍കിയ ഭാരത രത്‌ന തിരിച്ചെടുക്കണമെന്നായിരുന്നു പ്രമേയത്തിന്റെ ഉള്ളടക്കം.

വിഷയത്തിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജി ആവശ്യപ്പെട്ടെന്ന് സ്ഥിരീകരിച്ച അൽക്ക ലാംബ താൻ ഉടൻ രാജി സമർപ്പിക്കുമെന്നും പ്രതികരിച്ചു. വെള്ളിയാഴ്ചയാണ് പ്രമേയം ഡല്‍ഹി നിയസഭ ജെര്‍ണയില്‍ സിങ് അവതരിപ്പിച്ച പ്രമേയം ശബ്ദ വോട്ടോടെ സഭ പാസാക്കിയത്. പ്രമേയത്തെ പിന്തുണക്കാന്‍ കനത്ത സമ്മര്‍ദമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്ന അൽക്ക പ്രമേയം പാസാക്കിയ യോഗത്തില്‍ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി.

ഡൽഹി ചാന്ദ്നി ചൗക്ക് എംഎല്‍എ ആയ അല്‍ക്ക 2014ലാണ് കോണ്‍ഗ്രസ് വിട്ട് എഎപിയില്‍ ചേര്‍ന്നത്. എഎപിയിൽ എത്തുന്നതിന് മുൻപ് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു അവർ. പ്രമേയത്തെ എതിർത്തതിന്റെ പേരിൽ എന്ത് നടപടി വന്നാലും നേരിടാൻ തയ്യാറാണെന്നും അവര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അതിനിടെ എംഎൽഎയുടെ രാജി ആവശ്യപ്പെട്ടതിന് പുറമെ പ്രമേയം സംബന്ധിച്ച ആശയക്കുഴപ്പം പാർട്ടിയിൽ പുതിയ തർക്കത്തിനും തുടക്കമിട്ടിട്ടുണ്ട്. സഭയിൽ വച്ച പ്രമേയത്തിൽ രാജീവ് ഗാന്ധിയുടെ പേരില്ലായിരുന്നു എന്നാണ് വിശദീകരണം. പിന്നീട്  സോമനാഥ് ഭാരതി നൽകിയ കുറിപ്പ് ജർണെയ്ൽ സിങ് പ്രമേയത്തിൽ ഭേദഗതിയായി വായിക്കുകയായിരുന്നുവെന്നുമാണ് എഎപി നൽകുന്ന വിശദീകരണം. വിഷയത്തിൽ സോമനാഥ് ഭാരതിയോടും പാർട്ടി വിശദീകരണം ചോദിച്ചു. അതിനിടെ, ഔദ്യോഗിക വിശദീകരണത്തിൽ രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കാനും എഎപി തയ്യാറായി.

വംശഹത്യയെന്നാണ് പ്രമേയത്തിൽ സിഖ് വിരുദ്ധ കലാപത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോടതി വിധിക്ക് സമാനമായി മറ്റു കേസുകളിൽക്കൂടി വിചാരണ വളരെവേഗം തീർപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. അംഗങ്ങൾക്കു മുൻകൂട്ടി വിതരണം ചെയ്ത ഈ പ്രമയത്തിനൊപ്പം രാജീവ് ഗാന്ധിക്കു നൽകിയ പുരസ്കാരം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന ഭാഗം കൂടി പിന്നീടു വായിച്ചു ചേർക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍