UPDATES

ട്രെന്‍ഡിങ്ങ്

വേട്ടയാടൽ തുടങ്ങിയത് മൂന്നാർ മുതൽ, പിരിച്ച് വിടാനുള്ള നീക്കത്തിന് പിന്നിൽ ചീഫ് സെക്രട്ടറിയുടെ പ്രതികാരം; ആഞ്ഞടിച്ച് രാജു നാരായണ സ്വാമി

സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച അന്ന് തന്നെ സംസ്ഥാനത്ത് നിന്നും ഇത്തരമൊരു നീക്കം തനിക്കെതിരെയുണ്ടായത് സംവിധാനത്തിന്റെ പരാജയം ചൂണ്ടിക്കാട്ടുന്നെന്നും അദ്ദേഹം പറയുന്നു.

അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി രാജു നാരായണ സ്വാമിക്ക് നിര്‍ബന്ധിത പിരിച്ചുവിടല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു ശുപാര്‍ശ നല്‍കിയതായി റിപ്പോർട്ട്. ഡല്‍ഹിയില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍നിന്ന് മൂന്നു മാസം മുമ്പ് വിരമിച്ച രാജു നാരായണ സ്വാമി ഉദ്യോഗസ്ഥനെന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിലയിരുത്തിയാണു നടപടി. കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സമിതിയുടെ തീരുമാന പ്രകാരമാണ് നടപടിയെന്നുമായിരുന്നു ഇന്ന് പുറത്ത് വന്ന റിപ്പോർട്ട്.

അതേസമയം, സർവ്വീസിൽ നിന്ന് പുറത്താക്കാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്ന് പ്രതികരിച്ച നാരായണ സ്വാമി സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ചു. മൂന്നാർ മുതൽ സർക്കാർ തന്നോട് പ്രതികാര നടപടി സ്വീകരിക്കുകയാണ്. അഴിമതിക്കാരനായ ചീഫ് സെക്രട്ടറിയാണ് തനിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. വിഷയത്തിൽ സർക്കാർ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നടപടി എടുക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ച വ്യക്തിക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല. ഗോഡ് ഫാദർ ഇല്ലാത്ത ഉദ്യോഗസ്ഥർക്ക് സർവീസിൽ തുടരാൻ കഴിയില്ലെന്നതിന്റെ ഉദാഹരണമാണ് തനിക്കെതിരായ നടപടിയെന്നും അദ്ദേഹം പറയുന്നു.

ആദ്യമായാണ് കേരളത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത്. സർവീസിൽ പത്തു വര്‍ഷം കൂടി ശേഷിക്കെയാണു പുറത്താകുന്നത്. സംസ്ഥാന, കേന്ദ്ര സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചെന്നു സമിതി കണ്ടെത്തി. കേന്ദ്ര സര്‍വീസില്‍നിന്ന് സംസ്ഥാന സര്‍വീസിലേക്കു തിരിച്ചുവന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

പിരിച്ചുവിടാനുള്ള നീക്കം നടക്കുന്നെന്ന് അറിഞ്ഞത് മാധ്യമ വാർത്തകളിലൂടെയാണ്. ഇത്തരം ഒരു നടപടി ഉണ്ടെങ്കിൽ അത് തന്റെ വയറ്റത്തടിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു. അഴിമതി തുറന്ന് കാട്ടിയതാണ് തനിക്കെതിരായ നടപടിക്ക് കാരണം. ആരെയും കുറ്റപ്പെടുത്താനില്ല. അരോടും പരാതിയുമില്ല. അഴിമതി പുറത്ത് വരാതിരിക്കാനുള്ള ചിലരുടെ ഗൂഡ ശ്രമങ്ങളാണ് നീക്കത്തിന് പിന്നിൽ.തന്റെ പ്രവർത്തനങ്ങൾ മോശമാണെന്ന് അരും പറഞ്ഞിട്ടില്ല- അദ്ദേഹം പറയുന്നു.

നാളികേര വികസന ബോർഡിലെ അഴിമതി മറച്ചു വയ്ക്കാനാണ് തന്നെ പിരിച്ചുവിടുന്നത്. നാളികേര വികസന ബോർഡിലെ അഴിമതിയെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി സിബിഐക്ക് റിപ്പോർട്ട് നൽകിയിരുന്നുവെന്നും. ”മൂന്നാർ മുതൽ ഇങ്ങോട്ട് തുടങ്ങിയതാണ് തനിക്കെതിരെയുള്ള വേട്ട. സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച അന്ന് തന്നെ സംസ്ഥാനത്ത് നിന്നും ഇത്തരമൊരു നീക്കം തനിക്കെതിരെയുണ്ടായത് സംവിധാനത്തിന്റെ പരാജയം ചൂണ്ടിക്കാട്ടുന്നെന്നും അദ്ദേഹം പറയുന്നു.

മുന്നാറിലെ അനധിത കയ്യേറ്റം ഒഴിപ്പിക്കൽ ഉള്‍പ്പെടെ പാറ്റൂര്‍ ഫഌറ്റ് അഴിമതി, രാജകുമാരി ഭൂമിയിടപാട്, സിവില്‍ സപ്ലൈസ് അഴിമതിയിലും മറ്റും നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ വ്യക്തിയാണ്. രാജു നാരായണ സ്വാമി. അഴിമതി വിരുദ്ധ ഇടപെടലിന്റെ പേരിൽ വാര്‍ത്താപ്രാധാന്യം നേടിയ ഈ പദ്ധതികളിൽ എല്ലാം തന്നെ ഉദ്യോഗസ്ഥനെ പ്രശസ്തനാക്കിയിരുന്നു. ഇടുക്കി ജില്ലയിലെ രാജകുമാരി വില്ലേജിലെ 50 ഏക്കര്‍ ഭൂമി കുരുവിളയുടെ മക്കള്‍ ഏഴു കോടി രൂപയ്ക്ക് വ്യവസായി കെജി എബ്രഹാമിന് കൈമാറാന്‍ ശ്രമിച്ച കേസിൽ‌ മുന്‍മന്ത്രി ടി.യു കുരുവിളയുടെ രാജിക്ക് വഴിവച്ച ഭൂമി കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രാജു നാരായണ സ്വാമിയായിരുന്നു.

എന്നാൽ കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തിരിക്കെ രാജു നാരായണ സ്വാമി കോടികളുടെ അഴിമതി കണ്ടെത്തിയതിന്റെ പേരില്‍ വധഭീഷണിയും സ്ഥാനമാറ്റ ഭീഷണിയും ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായികുന്നു. പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നീക്കിവച്ചിരിക്കുന്ന കോടിക്കണക്കിനു രൂപ അര്‍ഹരായവര്‍ക്ക് നല്‍കാതെ വകമാറ്റി ചെലവാക്കിയതിനെതിരെ സിബിഐയ്ക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ ഈ പരാതി കാര്‍ഷിക മന്ത്രാലയത്തിനു നല്‍കുകയും മന്ത്രാലയം ബോര്‍ഡ് ചെയര്‍മാനായ രാജു നാരായണ സ്വാമിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഭീഷണിയുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

വിഷത്തിൽ ചെയര്‍മാന്‍ നിയോഗിച്ച അന്വേഷണ സംഘം പരാതി വാസ്തവാണെന്നും കോടിക്കണിക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും കണ്ടെത്തി. കേന്ദ്ര നാളികേര വികസന ബോര്‍ഡ് ബെംഗളൂരൂ റിജീയണല്‍ ഓഫിസ് ഡയറക്ടര്‍ ഹേമചന്ദ്രയെ പ്രതിയാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയും ഉണ്ടായി. ബോര്‍ഡില്‍ ഇത്തരത്തില്‍ നടക്കുന്ന അഴിമതികളുടെ പിന്നിലെ സത്യം പുറത്തു കൊണ്ടുവരാന്‍ സമഗ്രമായ സിബിഐ അന്വേഷണത്തിനും രാജു നാരായണ സ്വാമി ശുപാര്‍ശ നല്‍കി. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ അനര്‍ഹര്‍ക്ക് നല്‍കിയത് പിടിച്ചെടുത്ത് അര്‍ഹരായവര്‍ക്ക് നല്‍കാനും ചെയര്‍മാന്‍ ഉത്തരവ് ഇടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു നാളികേര വികസന ബോർഡിൽ നിന്നും അദ്ദേഹം പുറത്ത് പോരുന്നത്. ഇതോടെയാണ് ബോര്‍ഡിലും കേന്ദ്ര കൃഷിമന്ത്രാലയം കേന്ദ്രീകരിച്ചും രാജു നാരായണ സ്വാമിക്കെതിരേയുള്ള നീക്കങ്ങള്‍ നടന്നിരുന്നെന്നായിരുന്നു അന്നത്ത റിപ്പോർട്ടുകൾ.

 

ആചാര സംരക്ഷണം മാത്രമല്ല, പ്രേമചന്ദ്രന്‍ അവതരിപ്പിക്കുക സര്‍ഫാസി നിയന്ത്രണമുള്‍പ്പെടെ മൂന്ന് സ്വകാര്യ ബില്ലുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍