UPDATES

പഠനകാലം മുഴുവൻ ഒന്നാം റാങ്കുകാരൻ, പക്ഷേ ഐഎഎസിൽ അടിതെറ്റി രാജു നാരായണ സ്വാമി

ഇടുക്കി കളക്ടറായിരിക്കെ മുന്നാര്‍ ഓപ്പറേഷന്‍ നടത്തിയശേഷം സിവില്‍ സപ്ലൈസിലെ കമ്മീഷണർ സ്ഥാനം ഒഴിച്ചാൽ അപ്രധാന തസ്തികകളിലായിരുന്നു രാജു നാരായണ സ്വാമിയുടെ സേവനങ്ങള്‍.

എസ്.എസ്.എല്‍.സി പരീക്ഷ മുതല്‍ സിവില്‍ സര്‍വീസ് വരെ എഴുതിയ പരീക്ഷകളിലെല്ലാം ഒന്നാം റാങ്ക് നേടിയ മലയാളി, മികച്ച വ്യക്തിത്വം. സംസ്ഥാനത്ത് അഞ്ചുജില്ലകളില്‍ കളക്ടറായി സേവനം. മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാനായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നിയോഗിച്ച ദൗത്യ സംഘത്തിലെ പ്രധാനികളിലൊരാൾ. പക്ഷേ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം രാജു നാരായണ സ്വാമിയെ പിരിച്ചു വിടാന്‍ കേരളം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് ശുപാർശ നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. ശുപാര്‍ശ അംഗീകരിച്ചാല്‍ സംസ്ഥാനത്ത് പിരിച്ചുവിടപ്പെടുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന ഖ്യാതിയും  രാജു നാരായണ സ്വാമിക്ക് ലഭിക്കും.

തിരുവനന്തപുരം ഉള്ളുർ സ്വദേശിയായ രാജു നാരായണ സ്വാമി ഒന്നാം റാങ്കോടെയാണ് എസ്എസ്എൽസി പാസായത്. 1989-ല്‍ സിവില്‍ സര്‍വീസ് പരീക്ഷയിലും ഒന്നാംറാങ്ക്. കേരള കേഡർ ഐഎഎസ് സിവിൽ സർവീസിലേക്ക് കടന്നവന്ന തമിഴ് ബ്രാഹ്മണകുടുംബാഗമായ രാജു നാരായണ സ്വാമി തൃശൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കളക്ടറുടെ ചുമതല വഹിച്ചിരുന്നു.

45-ാം വയസ്സില്‍ കോംപെറ്റീഷന്‍ നിയമം സംബന്ധിച്ച കട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര് റെഗുലേഷന്‍ ആന്‍ഡ് കോംപെറ്റീഷന്‍ നടത്തിയ പരീക്ഷയിലും രാജു നാരായണ സ്വാമിക്ക് ഒന്നാംറാങ്കായിരുന്നു.  ടെക്നോളജി വിഷയത്തില്‍ സ്വാമി നേടുന്ന പതിനേഴാമത്തെ ബിരുദാനന്തര ബിരുദ ഡിപ്ലോമ. അതും  നാഷണല്‍ ലോ സര്‍വകലാശാലയില്‍ നിന്ന് ബൗദ്ധിക സ്വത്തവകാശത്തില്‍ ഒന്നാംറാങ്കോടെ.  ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചു. ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയില്‍ എന്ന പുസ്തകത്തിന്  2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. അഴിമതി വിരുദ്ധ പോരാട്ടത്തിന് ഐ.ആര്‍.ഡി.എസ് ലക്നൗ പ്രത്യേക പുരസ്ക്കാരം നല്‍കിയും സ്വാമിയെ ആദരിച്ചു.

കാര്‍ഷികോല്‍പ്പാദന കമ്മീഷണര്‍, ഫിഷറീസ് ഡയറക്ടര്‍, കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, മാര്‍ക്കെറ്റ് ഫെഡ് എം.ഡി., സിവില്‍ സപ്ലൈസ് കമ്മീഷണര്‍, നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍, കൃഷി വകുപ്പ് സെക്രട്ടറി എന്നീ തസ്തികകൾ കൈാര്യം ചെയ്തിട്ടുള്ള അദ്ദേഹം പക്ഷേ കരിയറിൽ തൊട്ടതെല്ലാം വിവാദങ്ങളിലായിരുന്നു അവസാനിച്ചത്. ഇടുക്കി കളക്ടറായിരിക്കെ മുന്നാര്‍ ഓപ്പറേഷന്‍ നടത്തിയശേഷം സിവില്‍  സപ്ലൈസ്  കമ്മീഷണർ പദവി ഒഴിച്ചാല്‍ അപ്രധാന തസ്തികകളിലായിരുന്നു ചുമതല മുഴുവൻ.

ഇടുക്കി കളക്ടറായിരിക്കെ 2007 ൽ അന്നത്തെ മന്ത്രി ടി യു കുരുവിളയുമായി ബന്ധപ്പെട്ടയർന്ന ഭൂമി വിവാദമായിരുന്നു ഇതിൽ ആദ്യത്തേതെന്ന് പറയേണ്ടത്. ടി.യു കുരുവിളയുടെ മകന്‍ എല്‍ദോ കുരുവിളയുടെ 1.81 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന കളക്ടറുടെ റിപ്പോര്‍ട്ടായിരുന്നു ഇതിൽ വിവാദത്തിൽ ഇടം പിടിച്ചത്. ടി യു കുരുവിളയുടെ മന്ത്രി സ്ഥാനത്തിന് പോലും ഭീഷണിയായിരുന്നു ഈ റിപ്പോർട്ട്. ഈ ഭൂമി സര്‍ക്കാര്‍ വകയാണെന്ന കളക്ടറുടെ റിപ്പോര്‍ട്ട് തെറ്റെന്ന് എല്‍ദോയുടെ വാദം.

ഇതേവർഷം, സ്റ്റേ നിലനില്‍ക്കെ മൂന്നാറില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ കെട്ടിടം പൊളിച്ചു നീക്കിയതിന് രാജു സ്വാമിക്കെതിരെ കോടതിയ ലക്ഷ്യത്തിന് ഹൈക്കോടതി കേസെടുത്തു. പിന്നാലെയെത്തി വിഎസിന്റെ മുന്നാർ ഒഴിപ്പിക്കൽ. വലിയ രാഷ്ട്രീയ പോരിന് ഉൾപ്പെടെ വഴിവച്ച ഒഴിപ്പിക്കല്‍ വിവാദമായതോടെ സ്വാമിയെ ഇടുക്കി കളക്ടര്‍ സ്ഥാനത്തു നിന്നും നീക്കി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീരീക്ഷകനായി ഡെപ്യൂട്ടേഷനിൽ കേന്ദ്ര സർവീസിലേക്ക് പോയ അദ്ദേഹത്തെ 2013 ൽ തിരിച്ചു വിളിച്ചു.  സംസ്ഥാനത്ത് മാന്യമായ തസ്തിക നല്‍കണമെന്നും അല്ലെങ്കിൽ കേന്ദ്രത്തിലേക്ക് തന്നെ തിരിച്ച് അയയ്ക്കണമെന്നും രാജു നാരായണ സ്വാമി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

സിവില്‍ സപ്ലൈസില്‍ വകുപ്പിൽ കമ്മീഷണറായിരിക്കെ മന്ത്രി അനൂപ് ജേക്കബുമായി കൊമ്പുകോർത്തു. അനൂപിനെതിരായ വിജിലന്‍സ് കേസില്‍ മന്ത്രിക്ക് അനുകൂലമായ നിലപാട് എടുക്കാത്തതിന്റെ പേരില്‍ അപ്രധാനമായ സൈനിക ക്ഷേമ ബോര്‍ഡ് സെക്രട്ടറി സ്ഥാനത്തേക്ക് രാജു നാരായണസ്വാമിക്ക് മാറ്റം.

7 വര്‍ഷമായി തനിക്ക് ഭേദപ്പെട്ട പോസ്റ്റിങ് തരുന്നില്ലെന്ന് ആരോപിച്ച് 2014 ൽ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷനെതിരെ രാജു നാരായണസ്വാമി ഐ.എ.എസ് അസോസിയേഷന് പരാതി നല്‍കി. രാഷ്ട്രീയ കാരണങ്ങളാല്‍ ഭരത് ഭൂഷൺ തന്നെ ദ്രോഹിക്കുകയാണെന്നുമായിരുന്നു ആരോപണങ്ങൾ. മുന്നാർ ദൗത്യത്തിനിടെ അനധികൃത കെട്ടിടങ്ങളില്‍ ചിലത് തകര്‍ക്കരുതെന്ന് ഇ.കെ.ഭരത് ഭൂഷണ്‍ തന്നോട് ഫോണില്‍ ആവശ്യപ്പെട്ടുവെന്നും അതിന് വിസമ്മതിച്ചതാണ് പീഡനങ്ങള്‍ക്ക് കാരണമെന്നുമായിരുന്നു പ്രധാന ആരോപണം.

പരാതിയിൽ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷനെക്കുറിച്ച് മോശം പരാമര്‍ശം നടത്തുകയും പരാതി നല്‍കിയത് പദവിക്കു ചേരാത്ത നടപടിയായും വിലയിരുത്തിയ മന്ത്രിസഭ രാജു നാരായണ സ്വാമിക്കെതിരെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

വിവാഹ മോചിതനായ സ്വാമിക്കെതിരെ 2016 ൽ എറണാകുളം കുടുംബകോടതിയുടെ ജാമ്യമില്ലാ വാറന്റെ് പുറപ്പെടുവിച്ചു. ഭാര്യക്ക് ചെലവിന് നല്‍കാത്തതിനാൽ  ഗാര്‍ഹിക പീഡന സംരക്ഷണ നിയമപ്രകാരം ഭാര്യ ബീന നല്‍കിയ പരാതിയിലായിരുന്നു നടപടി.  ‌നോട്ടീസുമായി ചെന്ന മെസഞ്ചറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി കോടതിയലക്ഷ്യ നടപടിക്കൊരുങ്ങിയത് മറ്റൊരു സംഭവം. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്ന് സ്വാമിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.

പിന്നാലെ 2017ല്‍ കൃഷി വകുപ്പ് സെക്രട്ടറിയായിരിക്കെ  ബിജു പ്രഭാകറുമായി തർക്കം. രാജു നാരായണസ്വാമി  സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാന്‍ അനുവദിക്കുന്നില്ലെന്നും തന്നെ വിജിലന്‍സ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നെന്നുമായിരുന്നു ബിജു പ്രഭാകറിന്റെ ആരോപണം.

എന്നാല്‍ ബിജുപ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്നും ഇത് തെളിയിക്കുന്ന രേഖകള്‍ തന്റെ പക്കലുണ്ടെന്നും സ്വാമി വാദിച്ചു. തമ്മിലടി അവസാനിപ്പിക്കാന്‍ മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ ഇടപെടലും വാർത്തയായിരുന്നു. തര്‍ക്കത്തിന് പിന്നാലെ കൃഷി വകുപ്പ് സെക്രട്ടറിയായിരുവന്ന രാജു നാരായണസ്വാമിക്ക് സ്ഥാന ചലനം ഉണ്ടാവുകയായിരുന്നു. സ്വാമിയെ ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം.

ഇതിന് ശേഷം കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയർമാൻ സ്ഥാനത്തേക്ക്. പത്ത് മാസത്തെ സേവനത്തിന് ശേഷം ഇവിടെ നിന്നും സ്ഥാന ചലനം. ഇതിന് പിന്നിൽ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഉള്‍പ്പെടെ തനിക്കെതിരേയുള്ള ഗൂഢാലോചനയെന്ന് സ്വാമിയുടെ ആരോപണം.  കേന്ദ്ര നാളികേര വികസന ബോര്‍ഡിലെ അഴിമതികള്‍ താൻ  കണ്ടെത്തിയതാണെന്നും പ്രതിരണം.

ഇപ്പോൾ അഴിമതിക്കാരനായ ചീഫ് സെക്രട്ടറി തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് രാജു നാരായണ സ്വാമിയുടെ ആരോപണത്തിൽ എത്തി നിൽക്കുന്നു കരിയർ. എന്നാൽ അപ്പോഴും രാജു നാരായണ സ്വാമിയെ പിരിച്ച് വിടാൻ ശുപാർശ ചെയ്തുകൊണ്ട് സംസ്ഥാന സർക്കാർ ശുപാർശ നൽകിയെന്ന റിപ്പോർട്ടിന് സ്ഥിരീകരണമില്ല.

Also Read- വിഎസിന്റെ രണ്ടാമത്തെ പൂച്ചയും പുറത്തേക്ക്

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍