UPDATES

സിനിമ

ജനകീയ കോടതി; ദിലീപ് ഫാന്‍സിന്റെ ‘ഉമ്മനടി’

ഒരു ചോദ്യം മാത്രം. കേരളത്തിലെ ജനസംഖ്യ എത്ര? കേരളമൊട്ടാകെ ഇന്നലെ രാമലീല കാണാന്‍ എത്തിയവര്‍ എത്ര?

ജനകീയ കോടതി എന്ന പ്രയോഗം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നത് രാഷ്ട്രീയക്കാരായിരുന്നു. സ്ഥാനത്തും ആസ്ഥാനത്തും ആവര്‍ത്തിക്കപ്പെട്ടതോടെ അതിന്റെ രാഷ്ട്രീയ ധ്വനി തന്നെ നഷ്ടപ്പെട്ടു ഒരു കോമഡിയായി മാറിയിരിക്കുന്നു. ഇപ്പോഴിതാ സിനിമാക്കാരും ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു.

ബൂര്‍ഷ്വാ കോടതിയില്‍ വിശ്വാസമില്ല മറിച്ച് ജനകീയ കോടതിയാണ് പഥ്യം എന്ന കമ്യൂണിസ്റ്റുകളുടെ സിദ്ധാന്തവും അഴിമതിയും തെമ്മാടിത്തവും കാണിക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളെ ജനകീയ വിചാരണ ചെയ്യുന്ന നക്സലൈറ്റ് കലാപരിപാടിയുമായിരുന്നു ജനകീയ കോടതിയുടെ പ്രാഗ് പ്രയോഗങ്ങള്‍. അത് കുറച്ചുകൂടി ജനപക്ഷമായതുകൊണ്ട് അല്‍പസ്വല്പം പൊതു സ്വീകാര്യതയും കിട്ടിയിരുന്നു.

എന്നാല്‍ കാണിച്ച കന്നംതിരിവുകള്‍ക്ക് നീതിന്യായ കോടതിയില്‍ നിന്നും അടി കിട്ടുമ്പോള്‍ ജനകീയ കോടതിയിലാണ് തങ്ങള്‍ക്ക് വിശ്വാസം എന്നു പറയുന്ന രാഷ്ട്രീയാഭ്യാസം സമീപകാലത്ത് ഒരു ഫാഷനായി തന്നെ മാറി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആയിരുന്നു ഈ അടവ് തന്ത്രത്തില്‍ കേമന്‍. സോളാര്‍ വിവാദകാലത്ത് ഉമ്മന്‍ ചാണ്ടി പല തവണ ജനകീയ കോടതിയിലേക്ക് പോയി. അരുവിക്കര ഉപതിരഞ്ഞെടുപ്പിലും ലോകസഭാ തിരഞ്ഞെടുപ്പിലുമൊക്കെ ഈ ജനകീയ കോടതി ഉമ്മന്‍ ചാണ്ടിയെ വെറുതെ വിടുകയും ചെയ്തു. എന്നാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സാമാന്യം നന്നായി തന്നെ ജനകീയ കോടതി ഉമ്മന്‍ ചാണ്ടിയെയും കൂട്ടരെയും ശിക്ഷിച്ചു.

നടിയെ പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തു എന്നാരോപിക്കപ്പെട്ട് കഴിഞ്ഞ 70 ദിവസത്തിലധികമായി ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ആരാധകരും ജനകീയ കോടതി എന്നു ആര്‍ത്തുവിളിച്ചു കൊണ്ടിരിക്കുന്നു. രാമലീലയ്ക്ക് ഇന്നലെ ഉണ്ടായ ആള്‍ക്കൂട്ടം ജനകീയ കോടതി നല്‍കിയ കുറ്റവിമുക്തിയായിട്ടാണ് ഫാന്‍സും ദിലീപിനെ പിന്തുണക്കുന്നവരും വ്യാഖ്യാനിക്കുന്നത്. കൂട്ടത്തില്‍ അവനൊപ്പം എന്ന ഹാഷ് ടാഗുമായി ലാല്‍ ജോസിനെ പോലുള്ള സിനിമാ സുഹൃത്തുക്കളും സജി നന്ത്യാട്ടിനെ പോലുള്ള ദിലീപ് വൈതാളികരും രംഗത്തെത്തിയിട്ടുണ്ട്.

ഇവരോട് ഒരു ചോദ്യം മാത്രം. കേരളത്തിലെ ജനസംഖ്യ എത്ര? കേരളമൊട്ടാകെയുള്ള 191 തിയറ്ററുകളില്‍ ഇന്നലെ രാമലീല കാണാന്‍ എത്തിയവര്‍ എത്ര?

കണക്ക് കിട്ടിയാല്‍ കൊള്ളാം. അല്ലാതെ ‘ഉമ്മനടി’ച്ചതുകൊണ്ട് കാര്യമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍