UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി പറഞ്ഞാലേ ഇനി മകരസംക്രമ പൂജ നടക്കുകയുള്ളോ? തന്ത്രിയേയും രാജാവിനെയും വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ചെന്നിത്തല

മുണ്ടിന്റെ കൊന്തലയില്‍ താക്കോല്‍കൂട്ടം കെട്ടി നടക്കുന്ന ആളാണ് തന്ത്രി എന്ന് മുഖ്യമന്ത്രി ധരിക്കരുതെന്നും പ്രതിപക്ഷ നേതാവ്

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയ ധ്രുവീകരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ ആചാരങ്ങളെ വെല്ലുവിളിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശബരിമല തന്ത്രിക്കും പന്തളം രാജകുടുംബത്തിനും എതിരേ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളെയും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.മുണ്ടിന്റെ കൊന്തലയില്‍ താക്കോല്‍കൂട്ടം കെട്ടി നടക്കുന്ന ആളാണ് തന്ത്രി എന്ന് മുഖ്യമന്ത്രി ധരിക്കരുതെന്നും പ്രതിഷ്ഠയുടെ പിതൃസ്ഥാനീയനാണ് തന്ത്രിയെന്നുമാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോടായി പറയുന്നത്.  ക്ഷേത്രകാര്യത്തിലും ഭരണകാര്യത്തിലും ക്ഷേത്രത്തിന്റെ ആചാരങ്ങളും മര്യാദകളും പാലിക്കുന്ന കാര്യത്തിലുമെല്ലാം തന്ത്രിക്കാണ് പരമാധികാരമെന്ന് സുപ്രിം കോടതി വരെ വിധിച്ചിട്ടുള്ളതാണ്; ചെന്നിത്തല പറഞ്ഞു. പത്തനംതിട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ തന്ത്രിമാരെ മോശമായി ചിത്രീകരിച്ച മുഖ്യമന്ത്രിയുടെ നടപടി തീര്‍ത്തും തെറ്റായി പോയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ പന്തളം കൊട്ടാരത്തിനെതിരായി ഉണ്ടായ പരാമര്‍ശങ്ങള്‍ക്കെതിരേയും ചെന്നിത്തല പ്രതിഷേധിച്ചു. പന്തളം രാജാവ് അയ്യപ്പന്റെ പിതൃസ്ഥാനീയനാണ് എന്നതാണ് വിശ്വാസം. പന്തളം കൊട്ടാരത്തില്‍ നിന്നും തിരുവാഭരണങ്ങള്‍ എത്തിയാല്‍ മാത്രമെ ശബരിമലയില്‍ മകരസംക്രമ പൂജകള്‍ നടക്കുകയുള്ളൂ. ഇനി മുതല്‍ പിണറായി വിജയന്‍ പറയുമ്പോഴെ മകരസംക്രമ പൂജകള്‍ നടക്കുകയുള്ളൂ എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ വരുന്നത്. കൃഷ്ണപരുന്ത് പറക്കണമെങ്കിലും പിണറായി വിജയനും പൊളിറ്റ് ബ്യൂറോയും പറയണം എന്ന നിലയിലേക്ക് കാര്യങ്ങള്‍ വരണമെന്നാണോ പറയുന്നത്? തിരുവാഭരണം വന്നാലേ മകരസംക്രമ പൂജ നടക്കൂ എന്ന വിശ്വാസം പിണറായി വിജയന്‍ വിചാരിച്ചാലൊന്നും തിരുത്താന്‍ കഴിയില്ല. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്നുവെന്ന് കരുതി എന്തും പറയാമെന്ന് ധരിക്കരുത്. മുഖ്യമന്ത്രി സ്ഥാനം ജനങ്ങള്‍ തരുന്നതാണ്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറാന്‍ അവകാശമുള്ളത് പന്തളം രാജാവിന് മാത്രമാണ്. ഇതെല്ലാം ആചാരങ്ങള്‍ക്കുള്ള അധികാരമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരിച്ചാല്‍ മാറ്റാന്‍ കഴിയുന്നതല്ല ഇതൊന്നും എന്ന്് അദ്ദേഹം വിസ്മരിക്കരുത്. കോടികള്‍ വിലവരുന്ന തിരുവാഭരണം സൂക്ഷിക്കുന്നത് പന്തളം കൊട്ടാരത്തിന്റെ അധീനതയിലുള്ള ക്ഷേത്രത്തിലാണ്. ഇതും ആചാരത്തിന്റെ ഭാഗമാണ്. ഇതും മാറ്റണമെന്ന് നാളെ മുഖ്യമന്ത്രി പറയുമോ? പന്തളം ട്രഷറിയില്‍ ആയിരിക്കണം തിരുവാഭരണം സൂക്ഷിക്കേണ്ടത് എന്ന് മുഖ്യമന്ത്രി നാളെ പറയുമോ? രമേശ് ചെന്നിത്തല ചോദിച്ചു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധി നടപ്പക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ തിടുക്കവും പിടിവാശിയും കാണിച്ചെന്നാണ് പ്രതിപക്ഷ നേതാവിന്റെ മറ്റൊരാരോപണം. ബാര്‍ കേസില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ മാസങ്ങള്‍ എടുത്തെങ്കില്‍ ശബരിമല വിഷയത്തില്‍ വിധിയുടെ കോപ്പി കിട്ടുന്നതിന് മുന്‍പേ നടപ്പാക്കാന്‍ ഇറങ്ങിയെന്നാണ് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരേ ഉയര്‍ത്തുന്ന പരിഹാസം. ശബരിമല സ്ത്രീ പ്രവേശനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉറച്ച നിലപാട് ഇല്ലെന്നും ഈ ബോര്‍ഡിനെ പിരിച്ചുവിടുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല വിമര്‍ശനമുയര്‍ത്തുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ സ്ഥിതി അതീവ പരിതാപകരമാണെന്നും എല്ലാ ദിവസവും ദേവസ്വം പ്രസിഡന്റിനെ മുഖ്യമന്ത്രി മുക്കാലിയില്‍ അടിക്കുകയാണെന്നു പരിഹസിക്കുകയും ചെയ്തു രമേശ് ചെന്നിത്തല.

തന്ത്രി പൂട്ടിപ്പോയാൽ അമ്പലം അടഞ്ഞുകിടക്കുമെന്നു ധരിക്കരുത്; ഇവരുടെ ബ്രഹ്മചര്യമൊക്കെ നമുക്കറിയാം-നിലപാട് ആവര്‍ത്തിച്ച് പിണറായി

ഇല്ലാത്ത രാജ്യവും വല്ലാത്ത രാജവംശവും; നാട്ടുകാരില്‍ നിന്ന് സ്ഥലം വിലക്ക് വാങ്ങി രാജ്യം സ്ഥാപിച്ച ആദ്യത്തെ രാജകുടുംബവും ലോകചരിത്രത്തില്‍ ഒരു പക്ഷെ ഇവരായിരിക്കും

ദേവസ്വം ബോര്‍ഡ് നടത്തിപ്പുകാര്‍മാത്രം: രാജകുടുംബത്തെ പുച്ഛിച്ച നിലപാടില്‍ വേദന; മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം രാജകുടംബം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍