UPDATES

രാംനാഥ് കോവിന്ദ് വന്ന വഴി

പ്രതിപക്ഷത്തെ അനൈക്യവും വിവിധ എന്‍ഡിഎ ഇതര പാര്‍ടികളുടെ പിന്തുണ ഉറപ്പാക്കാന്‍ കഴിഞ്ഞതും കോവിന്ദിന്‍റെ വിജയത്തെ സഹായിച്ചു.

തീര്‍ത്തും അപ്രതീക്ഷിതമായും അതുവരെയുള്ള വാര്‍ത്തകളിലും ചര്‍ച്ചകളിലുമൊന്നും കടന്നുവരാതെയുമാണ് ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത്. കെ.ആര്‍ നാരായണന് ശേഷം ദളിത്‌ വിഭാഗത്തില്‍ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വ്യക്തിയാണ് രാംനാഥ് കോവിന്ദ്. ദളിത്‌ വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെ രാജ്യവ്യാപകമായി അരങ്ങേറുന്ന അതിക്രമങ്ങളുടെയും പീഡനങ്ങളുടേയും സാഹചര്യത്തില്‍ ബിജെപിയുടെയും മോദി സര്‍ക്കാരിന്‍റെയും മുഖം രക്ഷിക്കുന്നതിന്‍റെ കൂടി ഭാഗമായാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദളിത്‌ കാര്‍ഡ് ഇറക്കിയത്.

പ്രതിപക്ഷത്തെ അനൈക്യവും വിവിധ എന്‍ഡിഎ ഇതര പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാന്‍ കഴിഞ്ഞതും കോവിന്ദിന്‍റെ വിജയത്തെ സഹായിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ മീരാകുമാറിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം രാഷ്ട്രപതിയാകുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രാംനാഥ് കോവിന്ദ് 7,02,644 വോട്ട് (65.65 ശതമാനം) നേടിയപ്പോള്‍ മീരാകുമാറിന് 3,67,314 (35.35 ശതമാനം) വോട്ട് മാത്രമേ നേടാനായുള്ളൂ. കോവിന്ദിന്റെ വിജയം പ്രതീക്ഷിച്ചത് തന്നെയായിരുന്നുവെങ്കിലും ഗുജറാത്തിലും ഗോവയിലും കോണ്‍ഗ്രസ് അംഗങ്ങളില്‍ പലരും കോവിന്ദിന് വോട്ട് ചെയ്തു എന്നൊരു തിരിച്ചടി കൂടി പ്രതിപക്ഷത്തിന് ഉണ്ടായിട്ടുണ്ട്.

എന്‍ഡിഎക്ക് പുറത്ത് നിന്ന് എഐഎഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ് തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണ നേടാന്‍ കഴിഞ്ഞത് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പിക്കുകയായിരുന്നു. ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാജി വച്ചാണ് രാംനാഥ് കോവിന്ദ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

ദളിത്‌, ആദിവാസി വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ പെടുന്നയാള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് വരണമെന്ന് ബിജെപിയും ആര്‍എസ്എസും താത്പര്യപ്പെട്ടിരുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ താല്പര്യത്തിലാണ് രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദളിത്‌ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി നിലകൊള്ളുന്ന വ്യക്തി എന്ന് ബിജെപി കോവിന്ദിനെ എടുത്തുകാട്ടുമ്പോളും രാജ്യസഭാംഗം എന്ന നിലയില്‍ രാജ്യത്തെ ദളിത്‌ പീഡനങ്ങളുമായി ബന്ധപ്പെട്ട് ഒറ്റ ചോദ്യം പോലും ചോദിക്കാത്തയാളാണ് അദ്ദേഹം എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

ഗുജറാത്ത് വര്‍ഗീയ കലാപത്തിന്‍റെ സമയത്ത് മോദിയേയും ഗുജറാത്ത്‌ സര്‍ക്കാരിനെയും ശക്തമായി ന്യായീകരിച്ചിട്ടുള്ള രാംനാഥ് കോവിന്ദ്, ബിജെപിയുടെ ദേശീയ വക്താവായിരിക്കെ മുസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷ വിരുദ്ധ സമുദായങ്ങള്‍ക്കെതിരെ പ്രസ്താവനകള്‍ നടത്തിയിരുന്നുവെന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പ്രതിപക്ഷം ആരോപിച്ചിരുന്നു. ബിജെപി ദേശീയ അധ്യക്ഷനായിരുന്ന ബംഗാരു ലക്ഷ്മണിന് അനുകൂലമായി അഴിമതി കേസില്‍ അദ്ദേഹം കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. രാംനാഥ് കോവിന്ദിന്‍റെ ജീവിതത്തിലൂടെ:

  • 1945 ഒക്ടോബര്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഒരു ദരിദ്ര ദളിത് കര്‍ഷക കുടുംബത്തില്‍ ജനനം.
  • കാണ്‍പുര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബികോം, എല്‍.എല്‍.ബി ബിരുദങ്ങളെടുത്തു.
  • സിവില്‍ സര്‍വീസ് പരീക്ഷ പാസായി
  • ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകന്‍
  • മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു
  • 1980 മുതല്‍ 93 വരെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍
  • 1994 ലും 2000 ലും ഉത്തര്‍പ്രദേശില്‍നിന്ന് രാജ്യസഭയില്‍. വിവിധ പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗം.
  • 1998 മുതല്‍ 2002 വരെ ദലിത് മോര്‍ച്ചയുടെ പ്രസിഡന്റ് ആയിരുന്നു.
  • 2002 ഒക്ടോബറില്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ പ്രസംഗിച്ചു.
  • ലക്‌നൗവിലെ ഡോ.ബിആര്‍ അംബേദ്കര്‍ സര്‍വകലാശാലയില്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചു
  • കൊല്‍ക്കത്ത ഐഐഎമ്മിലും ബോര്‍ഡ് അംഗം
  • 2015 ഓഗസ്റ്റ്‌ 16 മുതല്‍ ബിഹാര്‍ ഗവര്‍ണര്‍
  • 2017 ജൂലായില്‍ ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍