UPDATES

ട്രെന്‍ഡിങ്ങ്

ആസിഡ് ആക്രമണത്തിന്റെ ഇരയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ബിജെപി നേതാവിനെ പുറത്താക്കി

മധ്യപ്രദേശ് സര്‍ക്കാരിനു കീഴില്‍ കാബിനറ്റ് റാങ്കുള്ള പദവി വഹിച്ചിരുന്നയാളാണ് നാംദേവ്.

ആസിഡ് ആക്രമണത്തിന്റെ ഇരയായ 25 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ബിജെപി നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. മധ്യപ്രദേശിലെ ബിജെപി നേതാവും സിലായ് ഖഡായ് ബോര്‍ഡ് ഉപാധ്യക്ഷനുമായ രാജേന്ദ്ര നാംദേവിനെതിരേയാണ് നടപടി. മധ്യപ്രദേശ് സര്‍ക്കാരിനു കീഴില്‍ കാബിനറ്റ് റാങ്കുള്ള പദവി വഹിച്ചിരുന്നയാളാണ് നാംദേവ്.

2016 ല്‍ ഭോപ്പാലിലെ അരേര കോളനിയില്‍വച്ച് ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയാണ് നാംദേവിനെതിരേ പരാതി നല്‍കിയത്. അക്രമണത്തിനിരയായ സമയത്ത് പെണ്‍കുട്ടിയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തയാളാണ് നാംദേവ്.

എന്നാല്‍ നാലു മാസങ്ങള്‍ക്ക് മുമ്പ് നാംദേവ് പെണ്‍കുട്ടിയെ ഭോപ്പാല്‍ പഴയ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ രാജ്ദൂതിലേക്ക് വിളിച്ചു വരുത്തുകയും രണ്ടു ദിവസം മുറിയില്‍ പൂട്ടിയിട്ട് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും പെണ്‍കുട്ടി ഒരുവിധത്തില്‍ അവിടെ നിന്നും രക്ഷപ്പെടുകയാണ് ഉണ്ടായതെന്നും പൊലീസ് പരാതിയുടെ അടിസ്ഥാനത്തില്‍ പറയുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി ഹനുമാന്‍ഗഞ്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതില്‍ അന്വേഷണം നടത്തിയ പൊലീസ് നാംദേവിനെതിരേ കുറ്റം ചുമത്തി. ഇത്തരം പരാതികള്‍ വേറെയും കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്ര നാംദേവിനെ സിലായ് ഖഡായ് ബോര്‍ഡ് ഉപാധ്യക്ഷന്‍ സ്ഥാനത്ത് നിന്നും മാറ്റിയത്.

ഇതിനു പിന്നാലെയാണ് ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നാംദേവിനെ മാറ്റിയതും. തട്ടിക്കൊണ്ടു പോകുന്നവരെയും ബലാത്സംഗം ചെയ്യുന്നവരേയും കോണ്‍ഗ്രസുകാരെ പോലെ ഞങ്ങള്‍ സംരക്ഷിക്കില്ല. നാംദേവിനെതിരേയുള്ള പരാതിയില്‍ അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ തന്നെ അയാളെ ഞങ്ങള്‍ പുറത്താക്കുകയാണ് ചെയ്തത്; ബിജെപി വക്താവ് രജനിഷ് അഗര്‍വാള്‍ പറഞ്ഞു. മാധ്യമവിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍പ്പെട്ട കോണ്‍ഗ്രസ് എംഎല്‍എയെ ഇപ്പോഴും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതെ രാഷ്ട്രീയാരോപണം എന്നു പറയുന്ന കോണ്‍ഗ്രസ് നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു അഗര്‍വാളിന്റെ പ്രതികരണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍