UPDATES

വിപണി/സാമ്പത്തികം

ഊര്‍ജിത് പട്ടേല്‍: നോട്ട് നിരോധനകാലത്തെ ‘വില്ലന്‍’, ഇന്ന് മോദി സര്‍ക്കാരിന്റെ പ്രതിയോഗി

കോടിക്കണക്കിന് ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാകുന്നത് കണ്ടുനില്‍ക്കുക മാത്രം ചെയ്ത റിസര്‍വ് ബാങ്കിനോട്, തീര്‍ച്ചയായും നാളെയൊരിക്കല്‍ ലജ്ജിച്ചു തലത്താഴ്‌ത്തേണ്ടി വരുമെന്ന് പറഞ്ഞവരുണ്ട്

ഇന്ത്യന്‍ സമ്പദ്ഘടനയെ അട്ടിമറിച്ച നോട്ട് നിരോധനത്തെ കുറിച്ച്, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന് ദിവസങ്ങളോളം പാലിച്ച തന്റെ മൗനത്തിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ ‘വില്ലന്‍’ പരിവേഷമായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്. റിസര്‍വ് ബാങ്കിനെ കാഴ്ച്ചക്കാരനാക്കി മോദി സര്‍ക്കാര്‍ നോട്ട് നിരോധനം കൊണ്ടുവന്നെന്ന വിമര്‍ശനത്തില്‍, അതിന്റെ തലവനായ പട്ടേല്‍ പുലര്‍ത്തിയ മൗനം കേന്ദ്രസര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായി മാറിയ ഒരുവന്റെ ഗതികേട് എന്ന നിലയിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. തന്റെ മുന്‍ഗാമിയുടെ ഗതി സംഭവിക്കാതെ, രണ്ടാമതൊരു ടേം കൂടി ആര്‍ബിഐയുടെ തലപ്പത്ത് തുടരാന്‍ ആഗ്രഹിക്കുന്നു ഊര്‍ജിത് പട്ടേല്‍ എന്നും ആ മൗനം വായിക്കപ്പെട്ടു. ആ സാഹചര്യത്തില്‍ നിന്നും ഇപ്പോഴിതാ മോദി സര്‍ക്കാരിന്റെ പ്രതിയോഗിയായി തീര്‍ന്നിരിക്കുകയാണ് പട്ടേല്‍. സ്വയമേവ ആഗ്രഹിച്ചില്ലായെങ്കില്‍ പോലും രഘുറാം രാജന്റെ വിധി അദ്ദേഹത്തിന്റെ പിന്‍ഗാമിക്കും സംഭവിക്കുന്നു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അവര്‍ നടത്തിയ അധികാര കൈയേറ്റങ്ങള്‍ സിബിഐയും കടന്ന് റിസര്‍വ് ബാങ്കില്‍ എത്തിയതോടെയാണ് ഒരു സമയത്ത് വിശ്വസ്തനെന്ന് കരുതപ്പെട്ട പട്ടേലും മോദിയുമായി തര്‍ക്കിച്ച് പുറത്തേക്ക് പോരാന്‍ തയ്യാറെടുക്കുന്നത്. സര്‍ക്കാരിന്റെ കടന്നു കയറ്റത്തിനെതിരേ കേന്ദ്ര ബാങ്ക് നേതൃത്വത്തില്‍ കടുത്ത അസ്വാര്യസങ്ങള്‍ പുകയുന്നുണ്ട്. ഈ ശീതസമരത്തില്‍ വീണ്ടുമൊരിക്കല്‍ കൂടി സര്‍ക്കാര്‍ വിധേയത്വത്തിന് തയ്യാറാകുന്നില്ലെങ്കില്‍ 2019 സെപ്തംബറില്‍ തന്റെ കാലാവധി അവസാനിക്കും മുമ്പ്, അല്ലെങ്കില്‍ രാജനെ പോലെ ഇനിയൊരു തവണ കൂടി ഗവര്‍ണര്‍ സ്ഥാനത്ത് ഇരിക്കാന്‍ തയ്യാറല്ലെന്നു പ്രഖ്യാപിച്ച് കാലാവധി പൂര്‍ത്തിയാക്കി ഊര്‍ജിത് പട്ടേലും പുറത്തേക്കിറങ്ങും.

ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതി എന്നവകാശപ്പെട്ട് ഒരു അപ്രതീക്ഷിത രാത്രിയില്‍, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുമ്പോള്‍, റിസര്‍വ് ബാങ്കിന് ആ കളിയില്‍ കാഴ്ച്ചക്കാരന്റെ റോള്‍ മാത്രമായിരുന്നു. തങ്ങളോടാലോചിക്കാതെ, വരുംവരായ്മകളെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ പ്രധാനമന്ത്രി എടുത്ത തീരുമാനത്തെ ഒരു വാക്കു കൊണ്ടുപോലും ചോദ്യം ചെയ്യാന്‍ പക്ഷേ ആര്‍ ബി ഐ ഗവര്‍ണര്‍ തയ്യാറായതുമില്ല. ആ കറുത്ത രാത്രിക്കപ്പുറം ഇന്ത്യന്‍ ജനത ദയനീയമായൊരു വഴിയോരക്കാഴ്ച്ചയായി മാറിയപ്പോഴും ഒന്നും പറയാന്‍ ഇല്ലായിരുന്നു റിസര്‍വ് ബാങ്കിനും അതിന്റെ തലവനും. 2016 നവംബര്‍ എട്ടിലെ രാത്രി കഴിഞ്ഞ് പട്ടേലിന് പ്രതികരണത്തിന് സമയം കിട്ടിയത് നീണ്ട 26 ദിവസങ്ങള്‍ക്കു ശേഷമായിരുന്നു. നവംബര്‍ മാസം 28 ന് ഊര്‍ജിത് പട്ടേല്‍ അത്രദിവസത്തേയും മൗനം ഭഞ്ജിച്ചതാകട്ടെ സര്‍ക്കാരിന്റെ ന്യായീകരണക്കാരന്റെ വേഷത്തിലും. ഒരു വലിയ ‘ ക്യൂ’ ആയി ഇന്ത്യന്‍ ജനതയെ മാറ്റിയവരുടെ ചെയ്തികളിലെ കുഴപ്പങ്ങളായിരുന്നില്ല, എല്ലാം പരിഹരിക്കപ്പെടുമെന്ന വാഗ്ദാനമേ പട്ടേലിന് പറയാനുള്ളായിരുന്നു. സാധാരണക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുമെന്നും സത്യസന്ധരായ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വേണ്ട നടപടികളും എടുക്കുന്നുണ്ടെന്നുമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞത്. ബാങ്ക് ഇടപാടുകള്‍ അധികം വൈകാതെ സാധാരണ നിലയില്‍ ആകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു, ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാണെന്ന് അവകാശപ്പെട്ടു, നോട്ടുകള്‍ ബാങ്കുകളിലും എടിഎമ്മുകളിലും എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി വരികയാണെന്ന് പ്രസ്താവിച്ചു, നോട്ടിന്റെ ക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ രീതിയില്‍ പുതിയ നോട്ടുകളുടെ അച്ചടി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പ്രസ്സുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നു പറഞ്ഞു. ആകെക്കൂടി അദ്ദേഹം പറഞ്ഞുവച്ചത്, നോട്ട് നിരോധനം മൂലം ഉണ്ടായ ബുദ്ധിമുട്ടുകള്‍ വരും ദിവസങ്ങളില്‍ ഇല്ലാതാകുമെന്നായിരുന്നു. പ്രധാനമന്ത്രി ഇന്ത്യയെക്കുറിച്ച് കാണുന്ന ‘സ്വപ്‌നങ്ങളെ’ പിന്തുണയ്ക്കുന്ന പട്ടേലിനെ എല്ലാവരും കണ്ടു. നോട്ടുകള്‍ക്ക് പകരം ഡെബിറ്റ് കാര്‍ഡ്, ഡിജിറ്റല്‍ വാല്ലറ്റ് തുടങ്ങിയ സേവനങ്ങള്‍ സാധാരണ ജനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കറന്‍സി നോട്ടുകളുടെ ഉപയോഗം കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിക്ക് ഗുണകരമാകും നോട്ട് നിരോധനം എന്ന് പറയാനും തന്റെ ചിന്തകള്‍ തടസ്സമാകാതിരുന്ന ആര്‍ ബി ഐ ഗവര്‍ണറുടെ സ്വതന്ത്രാധികാരത്തെക്കുറിച്ച് ഏറെപ്പേരും സംശയിച്ചു.

നിങ്ങള്‍ ചെയ്യേണ്ടത് ചെയ്യാതെ, കോടിക്കണക്കിന് ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാകുന്നത് കണ്ടുനില്‍ക്കുക മാത്രം ചെയ്ത റിസര്‍വ് ബാങ്കിനോട്, തീര്‍ച്ചയായും നാളെയൊരിക്കല്‍ ലജ്ജിച്ചു തലത്താഴ്‌ത്തേണ്ടി വരുമെന്ന് പറഞ്ഞവരുണ്ട്. ആലോചനാശൂന്യവും സേച്ഛാധികാരവും നിറഞ്ഞ രാഷ്ട്രീയ നേതൃത്വത്തിന്റെ പാവകളിക്ക് നിന്നു കൊടുക്കാതെ തങ്ങള്‍ക്കുള്ള പ്രൊഫഷണല്‍ തികവോടെ തീരുമാനമെടുക്കുകയും റബര്‍ സ്റ്റാമ്പാകാന്‍ തയാറല്ല എന്നു വ്യക്തമാക്കുകയും ചെയ്തിരുന്നെങ്കില്‍ എന്ന് റിസര്‍വ് ബാങ്കിനെക്കുറിച്ച് ചിന്തിച്ചത് സ്വന്തം ഭാവിയോര്‍ത്ത് വിലപിച്ച ഇന്ത്യന്‍ ജനതയായിരുന്നു. അവര്‍ അതുകൊണ്ടു തന്നെയാണ് ഊര്‍ജിത് പട്ടേല്‍ എന്ന ആര്‍ബിഐ ഗവര്‍ണറെ ഒരു രാഷ്ട്രീയ വിഡ്ഡിത്തകഥയിലെ വില്ലന്‍ കഥാപാത്രങ്ങളിലൊന്നായി കണ്ടതും. ചെയ്യാനും പറയാനും പലതും ഉണ്ടായിരുന്നിട്ടും പുലര്‍ത്തിയ മൗനം ചാര്‍ത്തിക്കൊടുത്ത വില്ലന്‍ വേഷം.

നോട്ട് നിരോധനം, അതിന്റെ ലക്ഷ്യങ്ങള്‍ നേടാനാകാതെ പരാജയമായെന്ന് പറയേണ്ടി വന്നൂ റിസര്‍വ് ബാങ്കിന് ഒടുവില്‍. ഒരു വര്‍ഷത്തിലധികം എടുത്ത് പൂര്‍ത്തിയാക്കിയ നോട്ടെണ്ണല്‍ വ്യക്തമാക്കിയത് നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും ബാങ്കുകളില്‍ തന്നെ തിരിച്ചെത്തിയിട്ടുണ്ടെന്നാണ്. ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ടിലെ ആ കണക്കാണ് ഒരു ജനത വിഡ്ഡിയാക്കപ്പെട്ടതിന്റെ തെളിവായി തീര്‍ന്നത്. ആരാണ് ഈ ‘ക്രൈമി’ലെ പ്രധാന കുറ്റവാളിയെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, കൂട്ടുപ്രതികള്‍ക്കും-അത് കുറ്റവാളിയെ തടയാതിരുന്നതിനോ, അയാള്‍ ചെയ്ത കുറ്റത്തെക്കുറിച്ച് പുറത്തു പറയാതിരുന്നതിന്റെയോ പേരിലാകാം-അയാള്‍ക്കൊപ്പം പങ്കുണ്ടായിരുന്നതില്‍. ഊര്‍ജിത് ഡപ്യൂട്ടി ഗവര്‍ണറായിരുന്നപ്പോള്‍ ഗവര്‍ണറായിരുന്ന രഘുറാം രാജനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് അറിവ്. ആ ബന്ധത്തില്‍ നിന്നും ഒന്നും പഠിക്കാതെ പോയി പട്ടേല്‍ എന്നതാണ് നിര്‍ഭാഗ്യം. നോട്ട് നിരോധനം എന്ന ആശയം ഒരു മണ്ടത്തരമാകുമെന്ന് സര്‍ക്കാരിനോട് പറയാന്‍ മടി കാണിച്ചിരുന്നില്ല രാജന്‍. നോട്ട് നിരോധനം നല്ല ആശയമല്ലെന്നും നല്ലരീതിയില്‍ ആസൂത്രണം ചെയ്യാതെ നടപ്പിലാക്കിയാല്‍ അത് പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നും രഘുറാം രാജന് സര്‍ക്കാരിനോട് പറയാന്‍ കഴിഞ്ഞു. നോട്ട് നിരോധനത്തിന്റെ ദോഷവശങ്ങള്‍ തിരിച്ചറിയാന്‍ കഴിയുകയും അത് ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കാന്‍ തയ്യറാവുകയും ചെയ്ത രാജന്റെ സ്ഥാനത്തേക്ക് പട്ടേല്‍ വന്നപ്പോള്‍ തങ്ങള്‍ക്ക് ഒരു റോളും തരാതെ ചെയ്ത പ്രവര്‍ത്തിയില്‍ ഒന്നും പറയാനുണ്ടായിരുന്നില്ല എന്നത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന സ്ഥാനത്തിനും കേന്ദ്രബാങ്കിന്റെ പ്രവര്‍ത്തന മൂല്യങ്ങളോടും ചെയ്ത ചതിയായിരുന്നു. അതിനദ്ദേഹം സ്വയം തയ്യറായതാവില്ലായെങ്കില്‍ പോലും നിര്‍ബന്ധിതനാകേണ്ടി വന്നതു തന്നെ കുറ്റമാണ്.

ഇതേ ഊര്‍ജിത് പട്ടേല്‍ തന്നെയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരേ തിരിഞ്ഞിരിക്കുന്നത്. വൈകിയുള്ളൊരു തിരിച്ചറിവാണോ കാരണം! എന്തായാലും ഇന്നലെ ചെയ്യേണ്ടി വന്ന അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ആര്‍ബിഐ കേന്ദ്രത്തിനോട് പ്രഖ്യാപിക്കുമ്പോള്‍ അതവരുടെ പഴയ കുറ്റങ്ങള്‍ മറക്കാന്‍ പര്യാപ്തമാകുമോ എന്നറിയില്ല. എന്നാല്‍ ഏകാധിപത്യത്തില്‍ സ്വതന്ത്ര സംവിധാനങ്ങള്‍ക്ക് ഇടമില്ലാതാക്കുന്നവരോട് നടത്തുന്ന ചെറുത്തുനില്‍പ്പിന് പിന്തുണ കൊടുക്കേണ്ടതുണ്ട്.

സിബിഐ, അയോധ്യ, റാഫേല്‍: മോദി സർക്കാരിന് മുന്നിലെ സുപ്രീം കോടതി കടമ്പകൾ

റിസര്‍വ് ബാങ്ക് Vs മോദി സര്‍ക്കാര്‍: പ്രതിസന്ധി രൂക്ഷം; ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു?

സിബിഐക്ക് പിന്നാലെ റിസര്‍വ് ബാങ്ക് Vs മോദി സര്‍ക്കാര്‍; ആശങ്കയോടെ ബാങ്കിംഗ് മേഖല

നോട്ട് നിരോധനത്തിന്റെ രണ്ടാം വർഷം; മോദി സര്‍ക്കാരിന്റെ മറ്റു തീരുമാനങ്ങളും ഇങ്ങനെയായിരുന്നോ? പേടിക്കണം

തെറ്റ് സമ്മതിക്കാന്‍ മോദി തയ്യാറല്ല; എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നു: ഗാര്‍ഡിയന്റെ മുഖപ്രസംഗം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍