UPDATES

ട്രെന്‍ഡിങ്ങ്

എനിക്കവന്റെ കണ്ണുകളില്‍ നോക്കി ചോദിക്കണം, നീ അത് ചെയ്‌തോ എന്ന്? കതുവ പ്രതിയുടെ ഭാവി വധു പറയുന്നു

കുറ്റം നിഷേധിക്കുകയാണെങ്കില്‍ എത്രകാലം വേണമെങ്കിലും ഖജൂരിയയ്ക്കു വേണ്ടി കാത്തിരിക്കുമെന്നും രേണു

ക്രൂരമായ ലൈംഗീക പീഡനങ്ങള്‍ക്കൊടുവില്‍ എട്ടുവയസുകാരി ആസിഫയെ കൊല്ലാന്‍ തീരുമാനിച്ചപ്പോള്‍, ഒരു നിമിഷം എല്ലാവരും ഒന്നു മാറി നില്‍ക്കെന്നാവശ്യപ്പെട്ട് ഒരിക്കല്‍ കൂടി തന്റെ കാമം ആ കുഞ്ഞിനുമേല്‍ തീര്‍ത്തിരുന്നു സ്‌പെഷ്യല്‍ പൊലീസ് ഓഫിസറായ ദീപക് ഖജൂരിയ എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ ഖജൂരിയ ഇങ്ങനെയൊരു ക്രൂരത ചെയ്‌തോ എന്ന് അയാള്‍ സമ്മതിച്ചാല്‍ മാത്രമെ വിശ്വസിക്കൂ എന്നു പറയുകയാണ് ഒരു പെണ്‍കുട്ടി. രേണു ശര്‍മ എന്ന 24 കാരി.

ദീപക് ഖജൂരിയുമായി വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയാണ് രേണു. ഖജൂരിയയെ ജയിലില്‍ പോയി കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. അതു നടക്കാത്തതിന്റെ വിഷമത്തിലാണ്. തനിക്ക് ജയിലില്‍ പോയി ഖജൂരിയയെ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ടെന്നാണ് രേണു ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറയുന്നത്.

ഞാന്‍ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി ചോദിക്കും, ഈ കുറ്റത്തില്‍ പങ്കുണ്ടോ എന്ന്. അദ്ദേഹം എന്നോട്ട് സത്യസന്ധത കാണിക്കുമെന്ന് എനിക്കറിയാം. കുറ്റം അദ്ദേഹം നിഷേധിക്കുകയാണെങ്കില്‍, അദ്ദേഹം പുറത്തുവരുന്നതുവരെ എത്രനാള്‍ വേണമെങ്കിലും ഞാന്‍ കാത്തിരിക്കും. കുറ്റം നിഷേധിക്കുന്നില്ലെങ്കില്‍, മറ്റൊരു വിവാഹം നോക്കാന്‍ ഞാന്‍ മാതാപിതാക്കളോടു പറയും; ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയായ രേണു ശര്‍മ പറയുന്നു.

ഖജൂരിയയെ ജയിലില്‍ സന്ദര്‍ശിക്കാനുള്ള അനുമതി രേണുവിന് കിട്ടിയിട്ടില്ല. 2017 ഡിസംബറില്‍ ആയിരുന്നു 28 കാരനായ ദീപക് ഖജൂരിയായുമായി രേണുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ഈ മാസം 26 ന് ആയിരുന്നു ഇരുവരുടേയും വിവാഹം നടക്കേണ്ടിയിരുന്നത്.

ഇതുപോലൊരു കുറ്റം ചെയ്യാന്‍ ഖജൂരിയ്ക്ക് കഴിയില്ലെന്നാണ് താന്റെ വിശ്വാസമെന്നും രേണു പറയുന്നു. വിവാഹനിശ്ചയ ദിവസം ആണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അതും അകലെ വച്ച്. എന്നാല്‍ പിന്നീട് ഞങ്ങള്‍ ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. ഒരിക്കലും ഒരു പൊലീസുകാരന്റെ പ്രകൃതമൊന്നും അദ്ദേഹത്തിന്റെ സംസാരത്തില്‍ ഉണ്ടായിരുന്നില്ല. ഒരിക്കല്‍ വീഡിയോ കോള്‍ ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു, വേണ്ടെന്നു ഞാന്‍ പറഞ്ഞു, പിന്നെ എന്നെ നിര്‍ബന്ധിച്ചുമില്ല; രേണു പറയുന്നു. ഖജൂരിയയെ കുറ്റം ചെയ്തവനെന്നോ കുറ്റം ചെയ്യാത്തവനെന്നോ പറയാന്‍ തനിക്ക് ഇപ്പോള്‍ പറ്റില്ലെന്നാണ് രേണു പറയുന്നത്. യാഥാര്‍ത്ഥ്യം എനിക്കറിയില്ല. സിബിഐ അന്വേഷിച്ചാല്‍ മാത്രമാണ് സത്യം പുറത്തുവരികയെന്നും രേണു പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍