UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തില്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റ് ഭരണമല്ല; എം ലീലാവതി

രാമരാജ്യത്തിനു പകരം മോദി രാജ്യം വന്നൂ, പട്ടിണി വര്‍ദ്ധിച്ചു

ഇന്ത്യയില്‍ രാമരാജ്യത്തിനു പകരം മോദി രാജ്യം വന്നിരിക്കുന്നുവെന്നു പ്രൊഫ. എം ലീലാവതി. രാജ്യത്ത് പട്ടിണി വര്‍ദ്ധിച്ചെന്നും അഞ്ചു വയസിനു താഴെയുള്ള 12.5 കോടിയില്‍ രണ്ടരക്കോടി മരിച്ചു പോകുന്നു. ബാക്കിയുള്ളതില്‍ ആറരക്കോടി ഭക്ഷണമില്ലാതെയും പോഷകമില്ലാതെയും ശോഷിച്ചും വളര്‍ച്ച മുരടിച്ചും പോകുന്നു. ഇതെന്റെ കണക്കല്ല, സര്‍ക്കാരിന്റെ കണക്കാണ്, മൂന്നുകോടിക്കു വേണ്ടി ഒമ്പതരക്കോടി രക്തസാക്ഷികളാകുന്നു. കമ്യൂണിസമുണ്ടെങ്കില്‍ ഇതുണ്ടാവില്ല; മാതൃഭൂമി ഗിനപത്രത്തിലെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ‘കമ്യൂണിസവും രാമരാജ്യവും’ എന്ന ലേഖനത്തില്‍ ലീലാവതി പറയുന്നു.

എബിവിപി ദേശീയ സെക്രട്ടറി വിനായക് ബിദ്രോ രാജ്യത്തു നിന്നും കമ്യൂണിസം തുടച്ചു നീക്കണമെന്നു പറഞ്ഞതിനുള്ള മറുപടിയെന്നോണം ആദ്യം പട്ടിണി മാറ്റു എന്ന് ലീലാവതി പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തില്‍ കൂടുതല്‍ വിശദീകരണം എന്ന നിലയിലാണ് മാതൃഭൂമിയിലെ ലേഖനം. കമ്യൂണിസം എന്ന ആശയത്തോടു മാത്രമാണ് അടുപ്പമെന്നും തന്റെ അഭിപ്രായം കേട്ട് ചിലര്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരിയാണെന്ന രീതിയില്‍ വ്യാഖ്യാനിച്ചെന്നും തനിക്ക് ഇഷ്ടപ്പെട്ട പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും ലീലാവതി പറയുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് സൗഹൃദത്തിനില്ല. കമ്യൂണിസം ഇല്ലാതാക്കാനാകില്ലെന്നു ഞാന്‍ പറഞ്ഞപ്പോള്‍ പലരും വിചാരിച്ചത് പാര്‍ട്ടിയോട് സൗഹൃദത്തിനായുള്ള പദ്ധതിയാണെന്ന്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇപ്പോള്‍ ഒരു മന്ത്രിയില്ലേ, ഹിംസയ്ക്ക് വണ്‍, ടൂ, ത്രീ എന്ന് നമ്പറിട്ട് നടപ്പാക്കിയെന്ന് അവകാശപ്പെട്ടയാള്‍. ഞാന്‍ ഒരു പാര്‍ട്ടിക്കൊപ്പവുമില്ല. കേരളത്തില്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റ് ഭരണമാണെന്ന് പറയാനാവില്ല. ഇവിടെയുമുണ്ട് പട്ടിണിപ്പാവങ്ങളായ കുഞ്ഞുങ്ങള്‍. അന്യദേശത്തു നിന്ന് തൊഴില്‍ തേടിയെത്തിയവരില്‍ എത്ര സ്ത്രീകളും കുട്ടികളുമാണ് ഇന്നും പട്ടിണി കിടക്കുന്നത്. അവരെയും നമ്മുടെ നാട്ടുകാരായി കണക്കാക്കി സഹായിക്കണം. അങ്ങനെയാണ് യഥാര്‍ത്ഥ കമ്യൂണിസം; ലീലാവതി.

ഇന്ത്യയില്‍ നിലവിലെ സ്ഥിതിയില്‍ രാമരാജ്യം എന്ന ഗാന്ധി സങ്കല്‍പം ഒരിക്കലും വരാനിടയില്ലെന്നും ലീലാവതി പറയുന്നു. നോട്ടു നിരോധനം മുതലാളിമാര്‍ക്കു വേണ്ടിയായിരുന്നു. മുതലാളി ഒരിക്കലും നോട്ട് സൂക്ഷിച്ചു വയ്ക്കില്ല. നോട്ടു നിരോധനത്തില്‍ പാവങ്ങളാണ് ബലിയാടായത്. പാവങ്ങളുടെ അകൗണ്ടിലേക്ക് കള്ളപ്പണം പിടിച്ചെടുത്ത് നല്‍കുമെന്ന വാഗ്ദാനം എന്തായി? ഇപ്പോള്‍ നടക്കുന്നത് സാമുദായിക ധ്രുവീകരണമാണ്. ഇതിനൊക്കെയുള്ള പ്രതിവിധി കമ്യൂണിസമാണ്.

ദാരിദ്ര്യം നിലനില്‍ക്കുന്നിടത്തോളം കമ്യൂണിസത്തെ തുടച്ചു നീക്കാനാവില്ല. പാര്‍ട്ടിയുടെ ഭരണം തുടച്ചു നീക്കാനായേക്കും കമ്യൂണിസം എന്ന ആശയത്തേയല്ല. പെട്ടെന്നൊരു വ്യക്തിക്കോ സംഘടനയ്‌ക്കോ തുടച്ചു നീക്കാനാകുന്നതല്ല കമ്യൂണിസമെന്നും ലീലാവതി ലേഖനത്തില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍