UPDATES

ട്രെന്‍ഡിങ്ങ്

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകത്തിനു പിന്നില്‍ നോട്ടുനിരോധനം തകര്‍ത്ത കോടികളുടെ ഭൂമിക്കച്ചവടമോ?

പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനുവിന്റെ പേരും കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുണ്ട്.

തൃശൂര്‍ ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറും തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് വ്യാപാരം നടത്തുന്നയാളുമായ അങ്കമാലി സ്വദേശി രാജീവിന്റെ കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങളില്‍ ഒന്ന് രാജ്യത്ത് നടപ്പാക്കിയ നോട്ട് നിരോധനവും! നോട്ട് നിരോധനം ശക്തമായ തിരിച്ചടിയായിരുന്നു റിയല്‍ എസ്‌റ്റേറ്റ് ബിസിനിസിന് ഉണ്ടാക്കിയത്. കോടികളാണ് ഇതുമൂലം പലര്‍ക്കും നഷ്ടം വന്നത്. രാജീവിന്റെ കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിയതും ഇത്തരത്തിലുണ്ടായൊരു നഷ്ടം നികത്താനുള്ള ശ്രമത്തിന്റെ ഒടുക്കമായിരുന്നുവെന്ന് സൂചന.

രാജീവ് ഇടനിലനിന്ന പാലക്കാട് കേന്ദ്രീകരിച്ചുള്ളൊരു ഭൂമിക്കച്ചവടം നോട്ട് നിരോധനം മൂലം അവതാളത്തിലായിരുന്നു. മൂന്നേകാല്‍ കോടിയോളം രൂപ ഇതാനായി രാജീവ് മുഖാന്തിരം അഡ്വാന്‍സ് നല്‍കുകയും ചെയ്തു. വ്യക്തമായ രേഖകള്‍ ഒന്നുമില്ലാതെയായിരുന്നു പണം കൈമാറല്‍. എന്നാല്‍ അതിനിടയിലാണ് നോട്ട് നിരോധനം ഉണ്ടായത്. ഇതോടെ അഡ്വാന്‍സായി നല്‍കിയ തുക എങ്ങനെയെങ്കിലും തിരികെ വാങ്ങിനല്‍കുകയോ അല്ലെങ്കില്‍ ബാക്കി തുക രാജീവ് നല്‍കി സഹായിക്കുകയോ വേണമെന്ന് വസ്തു വാങ്ങാന്‍ തയ്യാറായ ആള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ രാജീവില്‍ നിന്നും സഹായം കിട്ടിയില്ലെന്നു മാത്രമല്ല, തിരികെ വാങ്ങിയ അഡ്വാന്‍സ് തുക രാജീവ് കൈക്കലാക്കിയെന്നും ഇടപാടുകാരന്‍ കണക്കുക്കൂട്ടി. ഇതോടെയാണ് അയാള്‍ രാജീവിനെതിരെ തിരിയുകയായിരുന്നുവെന്നും രാജീവിനെ തട്ടിക്കൊണ്ട് വന്ന് ചില രേഖകളില്‍ നിര്‍ബന്ധപൂര്‍വം ഒപ്പീടിക്കാനുള്ള പദ്ധതി, പക്ഷേ കൊലപാതകത്തിലാണ് കലാശിക്കുകയായിരുന്നു എന്നുമാണ് വിവരങ്ങള്‍.

നിലവില്‍ ചാലക്കുടി പുഴയോരത്തുള്ള പരിയാരം തവളപ്പാറയിലുള്ള 20 ഏക്കര്‍ ജാതിത്തോട്ടം പാട്ടത്തിനെടുത്ത് വ്യാപാരം നടത്തുകയായിരുന്നു രാജീവ്. തോട്ടത്തിലുള്ള ഔട്ട് ഹൌസില്‍ തന്നെയായിരുന്നു താമസം. വെള്ളിയാഴ്ച രാവിലെ ആറരയോടെ താമസസ്ഥലത്തു നിന്നും സ്‌കൂട്ടറില്‍ കടയിലേക്ക് പോകാന്‍ ഇറങ്ങുമ്പോഴായിരുന്നു രാജീവിനെ തട്ടിക്കൊണ്ടു പോകുന്നത്. രാജീവിന്റെ വീട്ടില്‍ നിന്നും ഏതാണ്ട് 150 മീറ്റര്‍ അകലെയുള്ള ഒരു വാടക കെട്ടിടത്തിലേക്കാണ് കൊണ്ടു പോയത്. ആസൂത്രിതമായൊരു നീക്കത്തിന്റെ ഭാഗമായിരുന്നു ഈ തട്ടിക്കൊണ്ടു പോകല്‍. രണ്ടുമാസത്തിലേറെയായി ഇതിനായി നീക്കം തുടങ്ങിയിരുന്നു. രാജീവ് താമസിക്കുന്നതിന് അടുത്തായി തന്നെ പ്രതികള്‍ ഒരു വീട് വാടകയ്ക്ക് എടത്തായിരുരുന്നു ആസൂത്രണം. രണ്ടേക്കറില്‍ ജാതിമരങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന, ഒരു കന്യാസ്ത്രി മഠത്തിന്റെ ഉടമസ്ഥതയിലുള്ള വീടായിരുന്നു ഇത്. ഇവിടേക്കാണ് രാജീവിനെ കൊണ്ടുവന്നത്. ഇവിടെ വച്ച് രാജീവ് ക്രൂരമായി മര്‍ദ്ദനത്തിന് ഇരയായിരുന്നു. തുടര്‍ന്നായിരിക്കണം പായ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു.

രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതിയടക്കം രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്. ഇതൊരു ക്വട്ടേഷന്‍ വര്‍ക്ക് അല്ലെന്നാണ് പൊലീസ് പറയുന്നതും. പിടിയിലാകാനുള്ള മുഖ്യപ്രതി ജോണി, രാജീവുമായി ഭൂമിക്കച്ചവടത്തിലെ കമ്മിഷന്റെ പേരില്‍ വഴക്കിട്ടു പിരിഞ്ഞയാളാണ്. ജോണിക്ക് രാജിവിനുമേല്‍ ഉണ്ടായിരുന്ന ശത്രുതയാണോ കൊലപാതകത്തിനു പിന്നിലെന്ന് വ്യക്തമല്ല. ആസൂത്രണം നടത്തിയെന്നു കരുതുന്ന മൂന്നുപേരുടെ വിവരം തങ്ങളുടെ കൈവശം ഉണ്ടെന്നു പറയുമ്പോഴും പേരോ മറ്റു കാര്യങ്ങളോ പൊലീസ് പുറത്തുവിടുന്നുമില്ല. ഇതിനിടയിലാണ് പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനുവിന്റെ പേര് കേസുമായി ബന്ധപ്പെട്ട് ഉയരുന്നത്. രാജീവിനും കുടുംബത്തിനും ഉദയഭാനുവിന്റെ ഭീഷണിയുണ്ടായിരുന്നുവെന്നാണ് ഡിജിപിക്കു നല്‍കിയിരുന്ന രാജീവിന്റെ പരാതി വ്യക്തമാക്കുന്നത്. തന്നെ കള്ളക്കേസില്‍ കുടുക്കുമെന്നുള്‍പ്പെടെ അഡ്വ. ഉദയഭാനു ഭീഷണിപ്പെട്ടുത്തിയിട്ടുണ്ടെന്നാണ് രാജീവിന്റെ മകന്‍ അഖിലും ഇന്നലെ ചാനലുകളില്‍ വ്യക്തമാക്കിയത്. ഉദയഭാനുവില്‍ നിന്നും അച്ഛനു ഭീഷണി ഉണ്ടായിരുന്നുവെന്ന് അഖിലും സ്ഥിരീകരിക്കുന്നു. പോലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് തൃശൂര്‍ റൂറല്‍ പൊലീസ് മേധാവി യതീഷ് ചന്ദ്ര വ്യക്തമാക്കിയിട്ടുമുണ്ട്.

"</p

പാലക്കാടും നെടുമ്പാശ്ശേരിയിലുമായി നടന്ന ഭൂമിക്കച്ചവടവുമായി ഉണ്ടായ തര്‍ക്കമാണ് ഒരുസമയത്ത് നല്ല ബന്ധത്തിലായിരുന്ന ഉദയഭാനുവും രാജീവും തമ്മില്‍ തെറ്റാന്‍ കാരണമെന്നു പറയപ്പെടുന്നു. ഒരു വസ്തു ഇടപാടിലെ കമ്മീഷനുമായി ബന്ധപ്പെട്ട് രാജീവും ജോണിയുമായി തര്‍ക്കം ഉണ്ടാവുകയും ജോണിയില്‍ നിന്നും തനിക്ക് ഭീഷണി ഉണ്ടെന്നു കാണിച്ചു ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു രാജീവ്. അന്ന് രാജീവിനുവേണ്ടി ഹാജരായത് അഡ്വ. ഉദയഭാനുവായിരുന്നു. ഇങ്ങനെയാണ് ഇവര്‍ക്കിടയില്‍ സൗഹൃദം ഉണ്ടാകുന്നതെന്നു പറയുന്നു. ഈ സൗഹൃദമാണ് പാലക്കാട് ഭൂമി വാങ്ങുന്നതിന് ഉദയഭാനുവിനു രാജീവ് ഇടനിലനില്‍ക്കുന്നത്. പക്ഷേ നോട്ട് നിരോധനം വന്നതോടെ എല്ലാബന്ധങ്ങളും തകര്‍ന്നു. കരാര്‍ എഴുതിയ ഭൂമി എന്തുകൊണ്ടോ വില്‍പ്പന നടക്കാതെ വരികയും ഇതിന്റെ പേരില്‍ പരസ്പരം പഴിചാരുകയുമായിരുന്നു. ഉദയഭാനു തന്നെയാണ് കച്ചവടം നടക്കാതിരുന്നതിനു കാരണമെന്നു രാജീവ് പറഞ്ഞിരുന്നുവെന്നാണ് വാര്‍ത്തകളില്‍. ഉദയഭാനുവിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് കരാര്‍ നഷ്ടമായതിനു കാരണമെന്നു കാണിച്ച് രാജീവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ സംഭവങ്ങളാണ് ഇപ്പോള്‍ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഭിഭാഷകന്റെ പേര് ഉയരാന്‍ കാരണം. എന്നാല്‍ ഉദയഭാനുവിനെ ഇതുവരെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമെ അതേക്കുറിച്ച് ചിന്തിക്കൂ എന്നും അന്വേഷണം നടക്കുകയുമാണെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ തനിക്കെതിരേ വരുന്ന ആരോപണങ്ങളെ വ്യാജമെന്നു പറഞ്ഞ് തള്ളിക്കളഞ്ഞു അഡ്വ. ഉദയഭാനു. താന്‍ രാജീവിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറയുന്നു. പണം വാങ്ങിയശേഷം രാജീവ് വഞ്ചിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതോടെയാണ് രക്ഷപ്പെടാനുള്ള മാര്‍ഗമെന്ന നിലയില്‍ രാജീവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. എന്നാല്‍ ഈ ഹര്‍ജി പരാതിയില്‍ കഴമ്പില്ലെന്നു കണ്ട് കോടതി തള്ളിക്കളയുകയായിരുന്നുവെന്നും ഉദയഭാനു പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍