UPDATES

ട്രെന്‍ഡിങ്ങ്

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊല; സി പി ഉദയഭാനുവിനു കുരുക്കായി സിസിടിവി ദൃശ്യങ്ങള്‍

വസ്തു ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം രാജീവിനും ഉദയഭാനുവിനും ഇടയില്‍ ഉണ്ടായിരുന്നു

ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ സംശയപ്പട്ടികയില്‍ നില്‍ക്കുന്ന അഭിഭാഷകന്‍ സി പി ഉദയഭാനുവിനു കുരുക്കായി സിസിടിവി ദൃശ്യങ്ങള്‍. കൊല്ലപ്പെട്ട രാജീവിന്റെ വീട്ടില്‍ ഉദയഭാനു പലതവണ വന്നിട്ടുണ്ടെന്നു തെളിയിക്കുന്ന ദൃശ്യങ്ങളാണ് രാജീവിന്റെ വീട്ടിലെ സിസിടിവിയില്‍ നിന്നും പൊലീസിന് കിട്ടിയത്. മറ്റു ചില നിര്‍ണായക തെളിവുകളും കിട്ടിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി സി പി ഉദയഭാനു ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

കൊല്ലപ്പെട്ട രാജീവിന് ഉദയഭാനുവില്‍ നിന്നും വധഭീഷണി ഉണ്ടായിരുന്നുവെന്നു നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ കാര്യങ്ങള്‍ കാണിച്ച് രാജീവ് സംസ്ഥാന പൊലീസ് മേധാവിക്കുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. ഹൈക്കോടതിയിലും രാജീവ് ഹര്‍ജി നല്‍കിയരുന്നു. വസ്തു ഇടപാടുമായി നടന്ന തര്‍ക്കമാണ് ഉദയഭാനുവിനും രാജീവിനും ഇടയില്‍ ഉണ്ടായതെന്നാണ് പറയുന്നത്. നേരത്തെ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഈ ബന്ധത്തിന്റെ പുറത്ത് പാലക്കാട് ഉദയഭാനുവിനു ഭൂമി വാങ്ങുന്നതിനായി ഇടനിലനിന്നത് രാജീവായിരുന്നു. മൂന്നേകാല്‍ കോടി അഡ്വാന്‍സ് രാജീവ് മുഖാന്തരം ഭൂമി വാങ്ങുന്നതിനായി ഉദയഭാനു നല്‍കി. എന്നാല്‍ നോട്ടുനിരോധനവും മറ്റും വന്നതോടെ കച്ചവടം മുടങ്ങി. അഡ്വാന്‍സ് നല്‍കിയ പണം തിരികെ വാങ്ങിത്തരണമെന്ന് ഉദയഭാനു രാജീവിനോട് ആവശ്യപ്പെട്ടെങ്കിലും അതു നടന്നില്ല എന്നതാണ് അഭിഭാഷകനു പകയുണ്ടാകാന്‍ കാരണമായി പറയുന്നത്. രാജീവ് ചതിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ കച്ചവടം മുടങ്ങിയതിനു കാരണം ഉദയഭാനു ആണെന്നു പറഞ്ഞ് രാജീവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. രാജീവിന്റെ കൊലപാതകത്തിനുശേഷം സംശയങ്ങള്‍ അഭിഭാഷകനു നേരെ ഉയര്‍ന്നപ്പോള്‍ തനിക്കെതിരേയുള്ള ആരോപണങ്ങളെല്ലാം ഉദയഭാനു നിഷേധിക്കുകയായിരുന്നു. താന്‍ രാജീവിനെ ഭീഷണിപ്പെടുത്തിയിരുന്നില്ലെന്നും ഉദയഭാനു പറഞ്ഞു.

എന്നാല്‍ രാജീവിന്റെ മകന്‍ അഖില്‍ നല്‍കിയ മൊഴിയിലും ഉദയഭാനുവിനെതിരായിരുന്നു കാര്യങ്ങള്‍. അച്ഛനെ വധിക്കുമെന്നും തന്നെ കള്ളക്കേസില്‍ കുടുക്കുമെന്നും ഉദയഭാനു ഭീഷണിപ്പെടുത്തിയിരുന്നതായാണ് അഖില്‍ പറയുന്നത്. അഖിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ കിട്ടിയ ദൃശ്യങ്ങള്‍ അടക്കം ഉയഭാനുവിനു മേല്‍ കുരുക്ക് മുറുകുകയാണെന്നതാണ് കാണുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും അഭിഭാഷകന്റെ പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നു തൃശൂര്‍ റൂറല്‍ പൊലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞിരുന്നു.

രാജീവിനെ തട്ടിക്കൊണ്ടു വന്നു കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനപ്രതിയടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  പ്രധാന പ്രതി ചക്കര ജോണിക്കും രാജീവിനും ഇടയിലും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നുണ്ട്. ഇപ്പോള്‍ പിടിയിലായിരിക്കുന്നവരെ കൂടുതല്‍ ചോദ്യം ചെയ്യുമ്പോള്‍ കേസില്‍ മറ്റാരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്നു വ്യക്തമാകുമെന്നും പൊലീസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍