UPDATES

ട്രെന്‍ഡിങ്ങ്

വരട്ടാർ പുനരുദ്ധരിച്ചില്ലായെങ്കിൽ ഞങ്ങൾ ഈ ലോകത്ത് കാണുമായിരുന്നില്ല; ഇടനാട്ടുകാര്‍ പറയുന്നു

ദുരിതാശ്വാസം കഴിഞ്ഞ് പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ച് നാം ചർച്ച തുടങ്ങിയിരിക്കുകയാണ്. നമ്മുടെ നദികളുടെ പുനരുദ്ധാരണമായിരിക്കണം ഒരു പ്രധാനപ്പെട്ട പ്രവർത്തനം.

പ്രളയബാധിത മേഖലയില്‍ നിന്നും ധനമന്ത്രി ഡോ. ടി എം തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കുട്ടനാട്ടിലേത് വെള്ളപ്പൊക്കവും ചെങ്ങന്നൂരിലേത് പ്രളയവുമാണ്. ഇന്നലെ ഇടനാട്ടിലെ പ്രളയക്കെടുതി കണ്ടപ്പോൾ എന്റെ മനസിൽ വന്നത് ഇതാണ്. വരട്ടാർ ജാഥയുമായി നടന്ന തെരുവിന്റെ ഇരുവശത്തും ഒരു മതിൽപോലും ബാക്കിയില്ല. വലിയൊരു ഇരുനില കെട്ടിടത്തിന്റെ അസ്ഥിവാരം പോയിരിക്കുന്നു. അത് തൂണിൻ മേലാണ് നിൽക്കുന്നത്. ഫർണീച്ചറെല്ലാം ആളുകൾ വീടിനു മുന്നിൽ വാരിയിട്ട് വീട് വൃത്തിയാക്കാൻ ശ്രമിക്കുകയാണ്. പ്രളയ ഒഴുക്കിൽ നിന്നും ആകെ രക്ഷപെട്ടത് എനിക്ക് തോന്നുന്നത് കൗൺസിലർ ദേവി പ്രസാദിന്റെ വീടാണെന്നാണ് എനിക്കു തോന്നുന്നത്. അത് ഇപ്പോൾ ചെറിയൊരു ക്യാമ്പായിട്ടാണ് പ്രവർത്തിക്കുന്നത്. ഒരു ചെറുകുന്നിന്റെ ഓരത്താണ് അവരുടെ വീട്.

വെള്ളത്തിന്റെ കുത്തൊഴുക്കിലുള്ള വ്യത്യാസം മാത്രമല്ല, ഇടനാട്ടിലെ പ്രളയത്തിന്റെ കെടുതികളെ തീക്ഷ്ണമാക്കിയത്. ചെങ്ങന്നൂരിലെ ജനസംഖ്യ മൂന്നു ലക്ഷത്തിലേറെയാണ്. അതിൽ പ്രളയബാധിത പ്രദേശങ്ങളിലെ എണ്ണം ഒന്നരലക്ഷം വരും. പക്ഷെ 85000 മാത്രമേ ക്യാമ്പുകളിലുള്ളൂ. ഇടത്തരക്കാരെല്ലാം അവരുടെ വീടുകൾ വിട്ടുവരാൻ വിസമ്മതിച്ചു. രണ്ടാംനിലയിൽ അവർ സുരക്ഷിതരായിരിക്കുമെന്ന് വിചാരിച്ചു. പക്ഷെ, ഇതുപോലൊരു പ്രളയം അവരുടെ അനുഭവത്തിൽ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. സ്വാഭാവികമായും പകച്ചുപോയി. അതൊരു പരിഭ്രാന്തിയായി മാറി. ഇത്തരമൊരു പരിഭ്രാന്തി കുട്ടനാട്ടിൽ ഉണ്ടായില്ല.
ഇടനാടിനെ എനിക്കു നേരത്തേതന്നെ കുറച്ചു പരിചയമുണ്ട്. പമ്പയ്ക്കും വരട്ടാറിനും ഇടയിലുള്ള ഒരു തുരുത്തു പോലുളള ഒരു പ്രദേശമാണ് ചെങ്ങന്നൂർ നഗരസഭയിലെ ഇടനാട്. വരട്ടാർ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ഒരുപാട് പ്രാവശ്യം അവിടെ പോയിട്ടുണ്ട്. ഏതാണ്ട് എല്ലാവരും പരിചിതരുമാണ്. പ്രളയം കശക്കിയ വഴികളിലൂടെ നടക്കുമ്പോൾ പ്രായഭേദമന്യേ ആളുകൾ ഓർമ്മിപ്പിച്ചത് വരട്ടാർ പുനരുദ്ധാരണത്തെക്കുറിച്ചാണ്. വരട്ടാർ പുനരുദ്ധരിച്ചില്ലായെങ്കിൽ ഞങ്ങൾ ഈ ലോകത്ത് കാണുമായിരുന്നില്ലെന്ന് പറയുമ്പോൾ അവരുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. വലിയൊരു തിരിച്ചറിവിലേയ്ക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

വരട്ടാർ ഒരു പക്ഷെ വരണ്ടാലും വലിയൊരു ധർമ്മം നിർവ്വഹിച്ചിരുന്നു. പമ്പയിലെ അധികജലം പ്രളയ കാലത്ത് കരകവിഞ്ഞൊഴുകി വരട്ടാറിലേയ്ക്ക് എത്തും. വരട്ടാറിലൂടെ മണിമലയാറ്റിലേക്കും. ഇത്തരമൊരു വെള്ളമൊഴുക്ക് ഇല്ലായിരുന്നെങ്കിൽ ഇടനാട് ഉണ്ടാകില്ലെന്നാണ് പഴമക്കാർ പറഞ്ഞുകൊണ്ടിരുന്നത് (ഒരു ചെറുപ്പക്കാരൻ പറഞ്ഞ കാര്യം ഇൻബോക്സിൽ നൽകിയിട്ടുണ്ട്). വരട്ടാർ കാമ്പയിനിന്റെ പശ്ചാത്തലത്തിൽ ഒരുപാട് വായിക്കുകയും എഴുതുകയും ചെയ്തെങ്കിലും ഇതിന്റെ ജീവൽപ്രസക്തി കൂടുതൽ ആഴത്തിൽ ബോധ്യപ്പെടുത്തിയ വാക്കുകളായിരുന്നു നാട്ടുകാരുടേത്. എന്നാൽ വരട്ടാർ പുനരുദ്ധാരണം പൂർത്തിയായിട്ടില്ലെന്ന് ഓർക്കണം. അതുകൊണ്ട് പമ്പയിൽ നിന്നും വരട്ടാറിലേയ്ക്ക് കരകവിഞ്ഞൊഴുകിയ വെള്ളത്തിൽ നല്ലൊരു പങ്ക് വീണ്ടും പമ്പയിലേയ്ക്കു തന്നെ മറ്റു ഭാഗങ്ങളിലൂടെ തിരിച്ചൊഴുകി. വരട്ടാർ പുനരുദ്ധാരണം പൂർത്തിയായിരുന്നെങ്കിൽ വരട്ടാറിലൂടെയുള്ള ജലനിർഗ്ഗമനം കുറേക്കൂടി സുഗമമാകുമായിരുന്നു. പമ്പയിലേയ്ക്ക് ഇങ്ങനെ തിരിച്ചൊഴുകുമായിരുന്നില്ലെന്നു വേണം കരുതാൻ. അങ്ങോട്ടും ഇങ്ങോട്ടുമുള്ള കുത്തൊഴുക്കിലാണ് ഇടനാട് ഈവിധം തകർന്നത്. ചെയ്ത കുറേ കാര്യങ്ങൾ നാശത്തിന്റെ തീക്ഷ്ണത കുറയ്ക്കാൻ ഉതകിയെന്നത് വലിയ ആശ്വാസം നൽകുന്ന ഒരു വർത്തമാനമാണ്.

ദുരിതാശ്വാസം കഴിഞ്ഞ് പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ച് നാം ചർച്ച തുടങ്ങിയിരിക്കുകയാണ്. നമ്മുടെ നദികളുടെ പുനരുദ്ധാരണമായിരിക്കണം ഒരു പ്രധാനപ്പെട്ട പ്രവർത്തനം. നദിക്ക് കല്ലുകെട്ടൽ അല്ല ഇതിലെ മുഖ്യപണി. നദീതടത്തിന്റെ ജലസംരക്ഷണശേഷി വർദ്ധിപ്പിക്കുകയും നല്ലൊരു മഴ പെയ്താൽ അതെല്ലാം നദിയിലേയ്ക്ക് കുത്തിയൊഴുകി വെള്ളപ്പൊക്കം ഉണ്ടാകുന്ന അവസ്ഥയ്ക്ക് വിരാമിടുകയും വേണം. ഇടനാട്ടുകാരുടെ ഈ സന്ദേശം കേരളം മുഴുവൻ പരക്കട്ടെയെന്നാണ് എന്റെ ആഗ്രഹം.

40 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടൊരു നദിയുണ്ടായിരുന്നു; വരട്ടാറിനെ ജനങ്ങള്‍ തിരിച്ചു പിടിച്ചതിങ്ങനെയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍