UPDATES

ട്രെന്‍ഡിങ്ങ്

അന്ത്യാഭിലാഷവും മാനിച്ചില്ല; നജ്മല്‍ ബാബുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു

തങ്ങളെല്ലാം നിരീശ്വരവാദികളായതിനാലാണ് കബറടക്കം പാടില്ലെന്ന നിലപാടെടുത്തതെന്ന് ബന്ധുക്കള്‍

ബന്ധുക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാദമാവുകയും ഒടുവില്‍ ഒത്തുതീര്‍പ്പുകളും അന്ത്യാഭിലാഷവും മാനിക്കാതെ നജ്മല്‍ ബാബുവിന്റെ മൃതദേഹം വീട്ടില്‍ സംസ്കരിച്ചു. തന്നെ ചേരമാന്‍ പള്ളിയില്‍ കബറടക്കണമെന്നായിരുന്നു നജ്മല്‍ ബാബുവിന്റെ ആഗ്രഹം. ഇത് അദ്ദേഹം സ്വന്തം കൈപ്പടയിലെഴുതി പള്ളി അധികാരികളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നജ്മല്‍ ബാബുവും കുടുംബാംഗങ്ങളും നിരീശ്വരവാദികളാണെന്ന ന്യായമുയര്‍ത്തിയാണ്‌ ബന്ധുക്കള്‍ കബറടക്കത്തിന് തടസ്സം നിന്നത്.

ശവസംസ്‌കാരം വീട്ടുവളപ്പില്‍ നടത്താനായിരുന്നു ബന്ധുക്കളുടെ ആദ്യ ആലോചന. പിന്നീട് നജ്മല്‍ ബാബു ഒടുവില്‍ താമസിച്ചിരുന്ന കൊടുങ്ങല്ലൂര്‍ ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസ്‌കരിക്കാമെന്നായി. എന്നാല്‍ ഇത് നജ്മല്‍ ബാബുവിന്റെ സുഹൃത്തുക്കള്‍ എതിര്‍ത്തു.  “പള്ളിയില്‍ അടക്കാന്‍ സമ്മതിക്കില്ല എന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്'”, കൊടുങ്ങല്ലൂര്‍ സ്വദേശിയായ മന്‍സൂര്‍ കൊച്ചുകടവ് പറഞ്ഞു. “കുടുംബക്കാരെല്ലാം നിരീശ്വരവാദികളാണ്. അതുകൊണ്ട് പള്ളിയില്‍ കബറടക്കാന്‍ പറ്റില്ല എന്നാണ് സഹോദരനും പ്രേംചന്ദ്‌ എന്നയാളും ഉള്‍പ്പെടെയുള്ളവര്‍ ഞങ്ങളോട് പറഞ്ഞത്. സാമൂഹ്യപ്രവര്‍ത്തകരും എംഎല്‍എയും ഉള്‍പ്പെടെ ബന്ധുക്കളുമായി സംസാരിച്ചു. പക്ഷെ അവര്‍ വഴങ്ങിയില്ല”.

ആര്‍ഡിഒയും ജില്ലാ കളക്ടറുമുള്‍പ്പെടെ ബന്ധുക്കളുമായി സംസാരിച്ചെങ്കിലും അവര്‍ നിലപാടില്‍ അയവ് വരുത്താന്‍ തയാറായില്ല. ഇതോടെ ശവസംസ്‌കാരം തല്‍ക്കാലത്തേക്ക് തടഞ്ഞുവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ചേരമാന്‍ പള്ളിയില്‍ തന്നെ കബറടക്കണമെന്ന നജ്മല്‍ ബാബുവിന്റെ കത്ത് സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ആര്‍ഡിഒയ്ക്കും കളക്ടര്‍ക്കും നല്‍കിയെങ്കിലും ബന്ധുക്കള്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവുകയും സംസ്കരിക്കുകയുമായിരുന്നു.

നജ്മല്‍ ബാബുവിന്റെ ആഗ്രഹം പോലും കണക്കിലെടുക്കാതെ കുടുംബം എന്ന കാര്യത്തിന് പ്രഥമ പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവാന്‍ അനുവദിച്ചതെന്ന് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായിരുന്ന ജോളി ചിറയത്ത് പ്രതികരിച്ചു; “അദ്ദേഹം എന്തുകൊണ്ട് ജീവിതത്തില്‍ ആ നിലപാടുകള്‍ സ്വീകരിച്ചു എന്നത് അദ്ദേഹത്തിന്റെ മരണം കൊണ്ട് വ്യക്തമാവുകയാണ്. നജ്മല്‍ ബാബു പൊതുവായ ഒരാളായിരുന്നു, അല്ലെങ്കില്‍ ഒരു ഒറ്റയാന്‍. ഇന്നേവരെ അന്വേഷിച്ച് വരാത്ത ബന്ധുക്കള്‍ മരണത്തിന് ശേഷം എത്തിയിരിക്കുകയാണ്. വീട്ടിലേക്ക് കൊണ്ടുപോവുന്നതിന് പോലീസും സ്ഥലം എംഎല്‍എയും സിപിഎമ്മുകാരുമെല്ലാം ഒത്തുകളിച്ചിട്ടുണ്ട്. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മതേതര മൂല്യം കണക്കിലെടുക്കുക കൂടി ചെയ്യാന്‍ ചിലര്‍ക്ക് കഴിഞ്ഞില്ല”, അവര്‍ പറഞ്ഞു.

നജ്മല്‍ ബാബു സ്വന്തം കൈപ്പടയിലെഴുതിയ കത്തിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട സുലൈമാന്‍ മൗലവിക്ക്,
വിചിത്രമെന്ന് തോന്നാവുന്ന ഒരു ആവശ്യമാണ് നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നത്. ഞാനൊരു വിശ്വാസിയൊന്നുമല്ല. വിശ്വാസങ്ങളുടെ വൈവിധ്യ ഭം?ഗിയിലാണ് ഒരുപക്ഷേ എന്റെ വിശ്വാസം. ജീവിതത്തില്‍ ഉടനീളം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ എന്നും മുസ്ലിങ്ങള്‍ ആയിരുന്നുഇപ്പോഴും! ഞാന്‍ മരിക്കുമ്പോള്‍ എന്നെ ചേരമാന്‍ പള്ളിയുടെ വളപ്പില്‍ സംസ്‌കരിക്കുവാന്‍ കഴിയുമോ?
നോക്കൂ! മൗലവി, ജനനം ‘തിരഞ്ഞെടുക്കുവാന്‍’ നമുക്ക് അവസരം ലഭിക്കുന്നില്ല. മരണവും മരണാനന്തരവുമെങ്കിലും നമ്മുടെ ഇഷ്ടത്തിന് നടക്കുന്നതല്ലേ ശരി. എന്റെ ഈ അത്യാ?ഗ്രഹത്തിന് മതപരമായ ന്യായങ്ങള്‍ കണ്ടെത്തുവാന്‍ പണ്ഡിതനായ നിങ്ങള്‍ക്ക് കഴിയുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. ഇങ്ങനെ ഒരു ജോയിയുടെ സൃഷ്ടികൊണ്ട് കാരുണ്യവാനായ ദൈവം എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടാവില്ലേ?
ജനിച്ച ഈഴവജാതിയുടെ ജാതിബോധം തീണ്ടാതിരിക്കുവാനാണ് അച്ഛന്‍ എന്നെ മടിയില്‍ കിടത്തി അന്ന് ‘ജോയ്’ എന്ന് പേരിട്ടത്. ബാബറി പള്ളി തകര്‍ക്കലിനും ?ഗുജറാത്ത് വംശഹത്യയ്ക്കും ശേഷം എന്റെ സുഹൃത്തുക്കളുടെ സമുദായം ‘മാത്രം’ സഹിക്കുന്ന വിവേചനങ്ങളില്‍ ഞാന്‍ അസ്വസ്ഥനാണ്. ഇതിനെതിരായ ‘മുസ്ലിം സാഹോദര്യങ്ങളുടെ’ പ്രതിഷേധത്തില്‍ ഞാന്‍ അവരോടൊപ്പമാണ്. മുസ്ലിം സമുദായത്തിലെ അനേകരോടൊപ്പം എന്റെ ഭൗതിക ശരീരവും മറവ് ചെയ്യപ്പെടണമെന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കുവാന്‍ പിന്നില്‍ ആരവങ്ങളൊന്നുമില്ലാത്ത ഒരു ദുര്‍ബലന്റെ പിടച്ചിലില്‍ മൗലവി എന്നോടൊപ്പം ഉണ്ടാകുമെന്ന് ഇപ്പോള്‍ എനിക്ക് ഏതാണ്ട് ഉറപ്പാണ്.
നിര്‍ത്തട്ടെ
സ്‌നേഹത്തോടെ, സ്വന്തം കൈപ്പടയില്‍
ടിയെന്‍ജോയ്
മുസിരിസ്‌dec.13/2013
copy to സെക്രട്ടറി
ചേരമന്‍ മഹല്ല് കമ്മറ്റി

“ഞാന്‍ മരിച്ചാല്‍ ചേരമന്‍ പള്ളി വളപ്പില്‍ സംസ്കരിക്കുമോ?”; ടി എന്‍ ജോയ് ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നില്‍

പ്രിയപ്പെട്ട സുലൈമാന്‍ മൌലവിക്ക്, വിചിത്രമെന്ന് തോന്നാവുന്ന ഒരു ആവശ്യമാണ് നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നത്; സ്നേഹത്തോടെ ടി എൻ ജോയ്

എന്തിനാണ് ജോയി ഒളിച്ചിരിക്കുന്നത്? ഒരിക്കല്‍ സക്കറിയ ചോദിച്ചു

ഉള്ളിൽ കനലുള്ളവന് ഈ ഫാസിസ്റ്റ് കാലത്ത് നിശ്ശബ്ദനായിരിക്കാനാവില്ല; ജോയിച്ചേട്ടന്‍ എന്ന നജ്മല്‍ ബാബുക്കയെ ഓര്‍ക്കുമ്പോള്‍-സഫിയ ഫാത്തിമ എഴുതുന്നു

മരണത്തിലും സമരങ്ങളില്‍ നിന്ന് വിരമിക്കാത്ത നജ്മല്‍ ബാബു

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍