UPDATES

ട്രെന്‍ഡിങ്ങ്

അവന്‍ മരിച്ച് മൂന്നാം മാസം അവള്‍ അരുണിനൊപ്പം പോയി: ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ മുത്തശ്ശി

ബിജുവിന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ബാബു മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തൊടുപുഴയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ അമ്മയ്‌ക്കെതിരെ മുത്തശ്ശി. മകന്‍ മരിച്ച് മൂന്ന് മാസത്തിനകം യുവതി അരുണിനൊപ്പം പോയെന്നും കുട്ടികളെ തങ്ങള്‍ക്ക് വിട്ടുനല്‍കിയില്ലെന്നും ഭര്‍ത്താവ് ബിജുവിന്റെ അമ്മ പറഞ്ഞു. ബിജുവിന്റെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.

അരുണ്‍ ആനന്ദ് നേരത്തെ തന്നെ പ്രശ്‌നക്കാരനായിരുന്നെന്നും ഇവര്‍ പറയുന്നു. ബിജുവിന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ബാബു മുഖ്യമന്ത്രിക്ക് പരാതി നല്‍കി. 2018 മെയ് മാസത്തിലാണ് ബിജു മരിച്ചത്. ബിജുവിന്റെ മരണത്തിന് ശേഷമാണ് അരുണ്‍ ആനന്ദുമായി പരിചയത്തിലായതെന്നാണ് യുവതിയുടെ വാദം. അതേസമയം തിരുവനന്തപുരത്ത് സിഡിറ്റിലെ ജീവനക്കാരനായിരുന്ന ബിജുവിന്റെ സുഹൃത്തായിരുന്നു അരുണെന്നും പറയപ്പെടുന്നു. വിവാഹശേഷം കരിമണ്ണൂരില്‍ യുവതിയുടെ വീട്ടിലാണ് ബിജു കഴിഞ്ഞിരുന്നത്. ഹൃദയാഘാതമാണ് ബിജുവിന്റെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.

അതേസമയം ഇടുക്കി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അരുണിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. യുവതിക്കെതിരെയും പോലീസ് കേസെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മര്‍ദ്ദന വിവരം മറച്ചു വച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുക്കുക. ഏഴ് വയസ്സുകാരനെ അരുണ്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നാണ് ഇളയകുട്ടിയായ മൂന്നര വയസ്സുകാരന്റെ മൊഴി. ഈ കുട്ടിയുടെ ദേഹത്തും മുറിവുകള്‍ കരിഞ്ഞതിന്റെ പാടുണ്ട്. കുട്ടികള്‍ ഇത്രയേറെ മര്‍ദ്ദനമേറ്റിട്ടും പോലീസിനെയോ ചൈല്‍ഡ് ലൈനിനെയോ യുവതി വിവരം അറിയിക്കാത്തതിനാലാണ് പോലീസ് കേസെടുക്കാന്‍ ഒരുങ്ങുന്നത്. ആറ് വര്‍ഷം മുമ്പ് കുമളിയില്‍ അഞ്ച് വയസ്സുകാരനെ രണ്ടാനമ്മ ക്രൂരമായി പീഡിപ്പിച്ചിട്ടും അധികൃതരെ അറിയിക്കാതിരുന്ന പിതാവിനെതിരെയും കേസെടുത്തിരുന്നു.

അതേസമയം ആശുപത്രിയില്‍ കഴിയുന്ന ഏഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കല്‍ സംഘം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഏഴ് വയസ്സുകാരനെ ക്രൂരമായ മര്‍ദ്ദിച്ചതിന് പുറമേ പ്രതി അരുണ്‍ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയെ പ്രതി അരുണ്‍ പല തവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

കുട്ടിയെ അരുണ്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. അരുണിന്റെ ക്രിമിനല്‍ പശ്ചാത്തലം കൂടി അടിസ്ഥാനമാക്കിയാണ് കേസ് അന്വേഷണം. പിടികൂടുമ്പോള്‍ അരുണിന്റെ കാറില്‍ മദ്യകുപ്പികള്‍ക്കൊപ്പം കൈക്കോടാലിയും ഉണ്ടായിരുന്നു. കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ട് പ്രഷര്‍ കുക്കറുകള്‍, സിഗരറ്റ് ലാബ്, ഒരു ബക്കറ്റ് എന്നിവ കണ്ടെടുത്തു. പ്രതിയുടെ വീട്ടിലെ എല്ലാ മുറികളിലും ആയുധങ്ങള്‍ക്ക് സമാനമായ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്നു. അരുണ്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. പോക്‌സോയ്‌ക്കൊപ്പം വധശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍