UPDATES

പുഴയില്‍ ചാടിയെങ്കില്‍ ഫസലിന്റെ ഫോണും വാച്ചും എങ്ങനെ പോലീസിന് കിട്ടി? ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തിലെ ഫസലിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു

ഫസല്‍ പുഴയില്‍ ചാടിയെങ്കില്‍ ഒരു രാത്രിയും പകലും മുഴുവന്‍ പോലീസ് ആ കാര്യം മറച്ചുവെച്ചതിന് പിന്നിലെ രഹസ്യമെന്തായിരുന്നു?

ദീഷ്‌ണ സി.

ദീഷ്‌ണ സി.

കോഴിക്കോട് ജില്ലയിലെ മുക്കത്ത് ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തില്‍ സജീവമായിരുന്ന യുവാവ് പോലീസിനെ ഭയന്നോടി പുഴയില്‍ വീണുമരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ പ്രകടിപ്പിച്ച് ബന്ധുക്കളും നാട്ടുകാരും. മരണം അറിഞ്ഞിട്ടും ജനങ്ങളില്‍ നിന്ന് പോലീസ് വിവരം മറച്ചുവെച്ചതും മരിച്ച വ്യക്തിയുടെ മൊബൈല്‍ ഫോണും വാച്ചും പോലീസിന്റെ കയ്യില്‍ ഉണ്ടായിരുന്നു എന്നതും ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ സംശയങ്ങള്‍ പ്രകടിപ്പിക്കുന്നത്.

മുക്കത്ത് ഗെയില്‍ സമരത്തിലെ സജീവ സാന്നിധ്യമായിരുന്ന അഗസ്ത്യമൂഴി സ്വദേശി ഫസല്‍ (36) ആണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി നാട്ടില്‍ ഒരു സംഘം കൂടിയിരുന്ന് സംസാരിക്കുമ്പോഴായിരുന്നു മുക്കം എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള കുറച്ച് പൊലീസുകാര്‍ ഫസലിനെയും കൂട്ടരെയും അടിച്ചോടിക്കുന്നത് കണ്ടെതെന്ന് കൂടിയിരുന്ന സംസാരിച്ചവര്‍ പറയുന്നു. ഭയന്നോടിയ യുവാക്കള്‍ പലസ്ഥലങ്ങളിലായി ഓടിയൊളിക്കുന്നതിനിടയില്‍ ഫസല്‍ ഇരുവഴിഞ്ഞി പുഴയില്‍ വീഴുകയായിരുന്നുവെന്നും അവര്‍ പറയുന്നു. രാത്രിയായതിനാല്‍ വെളിച്ചമില്ലാത്തതുകൊണ്ട് കാല്‍തെറ്റി പുഴയില്‍ വീണാതാണെന്ന് നാട്ടുക്കാര്‍ ആദ്യം കരുതിയത്. എന്നാല്‍, ഫസല്‍ നീന്തല്‍ നന്നായി വശമുള്ള ആളായതിനാലും മുങ്ങിമരിക്കാന്‍ മാത്രമുള്ള വെള്ളം പുഴയില്‍ ഇല്ലാത്തതിനാലും മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും സംശയിക്കുന്നു. സംഭവത്തിനു പിന്നിലെ ദുരൂഹതയുമായി ബന്ധപ്പെട്ട് ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിച്ചതായി അവര്‍ വ്യകതമാക്കി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗെയില്‍ സമരം ആരംഭിച്ച കാലം തൊട്ട് ഫസലും കുടുംബവും സമരത്തിലെ മുന്‍നിര പ്രവര്‍ത്തകരാണ്. കഴിഞ്ഞമാസം സമര സമിതിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ സംഭവത്തില്‍ ഫസലിന്റെ സഹോദരന്‍ 9 ദിവസത്തോളം ജയിലില്‍ റിമാന്റിലായിരുന്നു. സമരത്തിന്റെ ഭാഗമായവരോടുള്ള പോലീസിന്റെ രോഷം ഇനിയും അടങ്ങിയിട്ടില്ലെന്ന എന്ന വസ്തുത മുന്‍നിര്‍ത്തിയാണ് നാട്ടുകാര്‍ മരണത്തിനു പിന്നിലെ ദുരൂഹത അന്വേഷിക്കാന്‍ പരാതി നല്‍കിയിട്ടുള്ളത്.

എന്നാല്‍, ഫസലും സംഘവും അനധികൃതമായി മണല്‍ വാരുകയായിരുന്നെന്നും, പിടികൂടാനുള്ള ശ്രമത്തിനിടയില്‍ ഫസല്‍ കാല്‍തെറ്റി പുഴയില്‍ വീഴുകയായിരുന്നെന്നുമാണ് പോലീസിന്റെ വാദം. രാത്രി മണല്‍ കടത്ത് നടത്തുന്ന ഒരു സംഘമാണ് ഫസലിന്റേതെന്ന് പോലീസ് അവകാശപ്പെടുന്നു. എന്നാല്‍,സംഭവത്തിന് ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ സത്യാവസ്ഥ അറിയാന്‍ ബന്ധുക്കള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. പൊലീസിന്റെ വാദം നാട്ടുക്കാര്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നുമില്ല.

“ഈ പോലീസുകാരെ നടുക്കു നിര്‍ത്തിയാണോ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വരുന്നത്? ആദ്യം നിര്‍മാണം നിര്‍ത്തിവയ്ക്കട്ടെ”; മുക്കംകാര്‍ പറയുന്നു

ഫസലിന്റെ പരിചയക്കാരിലൊരാളായ സാദിഖ് ഇതുസംമ്പന്ധിച്ച് അഴിമുഖത്തോട് പറയുന്നതിങ്ങനെ: ‘‘പുഴയില്‍ മുങ്ങിമരിച്ച നിലയിലാണ് ഫസലിനെ കണ്ടുകിട്ടിയത്. നീന്തല്‍ വശമുണ്ടവന്. മാത്രവുമല്ല, ഒട്ടും വെള്ളമില്ലാത്ത ഒരു ഭാഗത്തുനിന്നാണ് ശരീരം കണ്ടെടുക്കാനായത്. പിന്നെങ്ങനെ ഇത് സംഭവിച്ചു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പോലീസിനെ ഭയന്നോടുന്നതിനിടയില്‍ രാത്രിയാണ് അപകടം സംഭവിച്ചത്. ഓടി രക്ഷപ്പെടുന്നതിനിടെ കാല്‍ തെറ്റിയാണ് പുഴയില്‍ വീണതെന്നാണ് പൊലീസുകാര്‍ സമര്‍ത്ഥിക്കുന്നത്. എങ്കില്‍ എങ്ങനെയാണ് അവന്റെ മൊബൈല്‍ ഫോണും വാച്ചും പോലീസുകാരുടെ കയ്യില്‍ ഉണ്ടാവുന്നത്? അതു രണ്ടും അവരുടെ കയ്യില്‍ ഉണ്ടായിരുന്നു. മാത്രമല്ല, അവന്‍ പുഴയിലേക്ക് ചാടിയത് പൊലീസുകാര്‍ കണ്ടിരുന്നു/അറിഞ്ഞിരുന്നു. എന്നിട്ടും ഒരു ദിവസം മുഴുവന്‍ അവര്‍ ആ വിവരം പുറത്തുവിട്ടില്ല. പിറ്റേന്ന് വൈകുന്നേരം മകനെ കാണാനില്ലെന്ന് പരാതി നല്‍കാന്‍ ഫസലിന്റെ ഉപ്പ പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ മാത്രമാണ് പോലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഫസല്‍ പുഴയിലേക്ക് എടുത്ത് ചാടിയെന്നുള്ള വാര്‍ത്ത പുറത്തുവിടുന്നത്. ഒരു രാത്രിയും പകലും മുഴുവന്‍ ആ കാര്യം മറച്ചുവെച്ചതിന് പിന്നിലെ രഹസ്യമെന്ത്?

ഗെയ്ല്‍ പൈപ്പ്‌ലൈന്‍ ; നിയമം പറയുന്ന അധികാരികളും ആശങ്കകള്‍ അടങ്ങാത്ത ജനങ്ങളും

ഇതാണ് ഞങ്ങള്‍ക്ക് അറിയേണ്ടത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ശരീരം കണ്ടെടുക്കാന്‍ സാധിച്ചത്. അതിലൊന്നും പോലീസിന്റെ യാതൊരു വിധ സഹകരണവും ഉണ്ടായിരുന്നില്ല. പോലീസിന്റെ ഭാഗത്ത്‌ നിന്നുള്ള പെരുമാറ്റത്തില്‍ ഇത്തരം അസ്വാഭാവികതകള്‍ കണ്ടതുകൊണ്ടാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഞങ്ങള്‍ പറയുന്നത്. സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഉന്നതാധികാരികള്‍ക്ക് അപേക്ഷ നല്‍കാനും മറ്റും നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. മരിച്ചു പോയ ഒരു വ്യക്തിയുടെ യഥാര്‍ത്ഥ മരണകാരണം പോലും അറിയാന്‍ കഴിയാതിരിക്കുക എന്നത് അവരുടെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരു വലിയ വേദനയാണ്. ചിലപ്പോള്‍ മരണത്തെക്കാള്‍ വേദന ഉണ്ടാക്കാന്‍ കഴിയുക അതിന്റെ കാരണം അറിയാന്‍ പറ്റാത്ത ഒരവസ്ഥയ്ക്കാണ്. സത്യം ഒരു ദിവസം പുറത്തു വരുമെന്നുള്ള പ്രതീക്ഷയിലാണ് ഞങ്ങള്‍ എല്ലാവരും”.

‘എതിര്‍ക്കുന്നവര്‍ അവര്‍ക്ക് തീവ്രവാദികള്‍; ഇത് നിലനില്‍പ്പിനായുള്ള സമരം’- ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരേ മുക്കത്തുകാര്‍ പറയുന്നു

“വീട്ടുകാര്‍ ഫസലിനെ അന്വേഷിച്ച് ചെന്നില്ലായിരുന്നെങ്കിലോ? ഇങ്ങനെ ഒരു കാര്യം ആരെങ്കിലും അറിയുമായിരുന്നുവോ എന്ന് ബന്ധുക്കള്‍ ചോദിക്കുന്നു. പോലീസ് ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. മരണത്തിലെ ദുരൂഹത മാറ്റി സത്യം പുറത്തുകൊണ്ടുവരണമെന്നാണ് ഫസലിന്റെ കുടുംബം ആവശ്യപ്പെടുന്നത്. എന്നാല്‍, ഗെയില്‍ സമരത്തിന്റെ ഭാഗമായുള്ള പോലീസ് പകപ്പോക്കലിന്റെ ഒരു ബാക്കിപത്രമാണ് ഫസലിന്റെ മരണമെന്ന് വരുത്തി തീര്‍ക്കാന്‍ പലരും ശ്രമിക്കുകയാണെന്നും ഫസലിന്റെ ബന്ധുക്കളില്‍ ചിലര്‍ പറയുന്നു. അതൊരു തരം രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്നാണ് അവരുടെ പക്ഷം. ഗെയില്‍ സമരവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നാണ് ഫസലിന്റെ വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഫസലിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ അനാസ്ഥയില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്”.- നാട്ടുകാരിലൊരാളായ സൂഫിയാന്‍ അഴിമുഖത്തോട് പറഞ്ഞത്.

പ്രണയത്തിന്റെ ബോംബ് പൊട്ടിയ മുക്കത്ത് മറ്റൊരു ‘ബോംബ്’

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍