UPDATES

ട്രെന്‍ഡിങ്ങ്

നാട്ടുകാരുടെ കാശ് വാങ്ങി പെട്ടിയില്‍ വച്ചിട്ടാണ് ജിയോ മുതലാളി കച്ചവടത്തിനിറങ്ങിയത്; അല്ലാതെ സ്വന്തം പോക്കറ്റിലെ കാശല്ല

നിങ്ങൾ ജിയോ തന്നെ ഉപയോഗിച്ചോളൂ, പക്ഷെ ഇന്ത്യ മഹാരാജ്യം മുതലാളിയുടെ സൗജന്യമാണെന്നൊന്നും വാഴ്ത്തരുത്!

ഒരു നിലപാടിന്റെ പുറത്ത് ജീവിതത്തിൽ പ്രതിരോധിച്ചു നിർത്തിയ രണ്ട് സാധനങ്ങളാണ് കൊക്ക കോളയും റിലയൻസും. ശാസ്ത്രസാഹിത്യ പരിഷത്ത് കാലത്ത്, കടവല്ലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കൊക്ക കോള വിരുദ്ധ കാംപെയ്നിലോ മറ്റോ വച്ചാണ് അതൊരു ഉറച്ച തീരുമാനമാകൂന്നത് എന്നാണ് തോന്നുന്നത്. മയിലമ്മയും ജലസമരങ്ങളും പെരുമാട്ടി പഞ്ചായത്തുമൊക്കെ ഒരാവേശമായി മനസിൽ നിറഞ്ഞ കാലത്ത്, സ്വയം പ്രതിരോധം എന്ന നിലയ്ക്കാകണം, ഈ ദ്രാവകം ഇനിമേൽ കുടിക്കേണ്ടെന്ന് തീരുമാനിച്ചത്.

മറ്റൊന്ന് റിലയൻസാണ്. റിലയൻസിന്റേത് മൂല്യാടിത്തറയില്ലാത്ത ലാഭകച്ചവടം മാത്രമാണെന്ന് എക്കാലത്തും തോന്നിയിട്ടുണ്ട്. റിലയൻസ് ഫ്രെഷിലോ ഗാർമെന്റ് ഷോറൂമിലോ ഇലക്ട്രോണിക് ഷോറൂമുൾപ്പെടെ ഉളള റീട്ടെയ്ൽ ഷോറൂമിലോ ഞാനിതു വരെ കയറിയിട്ടില്ലെന്നാണ് വിശ്വാസം. എത്രയൊക്കെ വിലക്കുറവുണ്ടെന്നു പറഞ്ഞാലും റിലയൻസ് പമ്പുകളിൽ നിന്ന് ഇതുവരെയും പെട്രോൾ അടിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ജിയോ, ടൺ കണക്കിന് ഫണ്ണുമായി വന്നപ്പോഴും അതിന്റെ പിറകെ ഓടാൻ തോന്നിയില്ല.

ഇങ്ങനെയൊക്കെ പറയുമ്പോഴും ജീവിതത്തിൽ കോർപ്പറേറ്റ് കമ്പനികളുടെ സാധനങ്ങളും സൗകര്യങ്ങളും ഉപയോഗിച്ചിട്ടില്ലേ എന്നു ചോദിച്ചാൽ ഉണ്ട്, ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. അപ്പോഴും, നെറികെട്ട ബിസിനസിന്റെ പേരിൽ പേരെടുത്തു തന്നെ വിമർശിച്ചു നടന്ന രണ്ട് കമ്പനികളുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിൽ വൈരുധ്യമുണ്ടെന്ന് തോന്നിയതിനാലാകാം, ഈ രണ്ട് സംഗതികളെയും അകറ്റി തന്നെ നിർത്തി.

പറഞ്ഞു വന്നത് പുതിയ ജിയോ ഓഫറിനെ പറ്റിയാണ്. സൗജന്യങ്ങളുടെ പേരിൽ എന്തും വിറ്റു പോകുന്ന ഇന്ത്യൻ മാർക്കറ്റിൽ ജിയോ ഓഫർ ചൂടപ്പം പോലെ വിറ്റു പോകും. നല്ലൊരു ശതമാനം പേരും ജിയോ മുതലാളിക്ക് രൂപ 1500 കൊടുത്ത് പിടക്കണ 4 ജി ഹാൻഡ്സെറ്റ് വാങ്ങും. രാജ്യത്തെ പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎൽ‐ എംടിഎൻഎൽ ഉൾപ്പെടെ ഒരു മാതിരി മൊബൈൽ കമ്പനികൾക്കൊക്കെ പൂട്ടു വീഴും. ഫോൺ വിപണി കൂടി പിടിക്കുന്നതോടെ, ഫോൺ നിർമ്മാതാക്കളും റിലയൻസ് ഫീച്ചറുകൾ ഉളള ഫോണുകൾ വിപണിയിലിറക്കും. ടെലികോം മേഖലയിലെ സമഗ്രാധിപത്യം ജിയോ നേടുന്നതോടെ അവർ പറയുന്നിടത്തേക്ക് നിയമങ്ങൾ ചായും. ഇപ്പോൾ തന്നെ എയർടെല്ലിന്റെ ലാഭം കുത്തനെ ഇടിഞ്ഞു, ഒറ്റക്ക് പിടിച്ചു നിൽക്കാൻ കഴിയാതെ വോഡഫോണും ഐഡിയയും ലയിക്കാൻ തീരുമാനിക്കുന്നു.

അപ്പൊഴും, എല്ലാവരും കണ്ണും പൂട്ടി ചോദിക്കുന്ന കാര്യം 1500 രൂപക്ക് മൊബൈൽ ഹാൻഡ്സെറ്റ് നൽകി, മൂന്നു കൊല്ലം കഴിഞ്ഞ് അത് തിരിച്ചു കൊടുത്താൽ ആ കാശ് തിരിച്ചു കിട്ടുന്ന ഒരു പരിപാടി എങ്ങനെയാണ് അവതരിപ്പിക്കാൻ സാധിക്കുന്നത് എന്നതാണ്. നഷ്ടം സഹിച്ച്, ജിയോ മുതലാളി ഒരു കച്ചോടത്തിനിറങ്ങില്ലെന്ന് നമുക്കറിയാം. അപ്പൊ പിന്നെ എന്തായിരിക്കാം ഇതിന്റെ ഗുട്ടൻസ്?

സംഗതി സിംപിൾ… നികുതി വെട്ടിച്ച കാശാണ് അവർ നമുക്കു നീട്ടുന്ന സൗജന്യം. വെറും എലമെന്ററി മാത്തമാറ്റിക്സു മതി, മുതലാളീയുടെ കച്ചോടം എങ്ങനെയെന്ന് മനസിലാക്കാൻ…

റിലയൻസിൽ നിന്നും ഒരാൾ മൊബൈൽ വാങ്ങുമ്പോൾ 1500 രൂപ അവർ വാങ്ങിക്കുന്നത് നിക്ഷേപമായാണ്, മൊബൈലിന്റെ വിലയായിട്ടല്ല. അങ്ങനെ നിക്ഷേപമായി വാങ്ങിക്കുമ്പോൾ സർക്കാരിലേക്ക് ജിഎസ്ടി അടക്കേണ്ടതില്ല എന്നതാണ് പ്രധാന കാര്യം. അതായത് വില്പനയായി കാണിച്ചാൽ ടാക്സ് ഉൾപ്പെടെ 1920 രൂപ വരുന്ന ഹാൻഡ്സെറ്റാണ്, നിക്ഷേപമായി കാണിച്ച്, ഒറ്റ രൂപ പോലും നികുതി അടയ്ക്കാതെ നിങ്ങൾക്ക് 1500 രൂപയ്ക്ക് തരുന്നത്. ഓരോ മൊബൈൽ ഫോൺ വില്പന നടക്കുമ്പൊഴും സർക്കാരിന് 420 രൂപയാണ് നികുതി നഷ്ടം. അപ്പോൾ റിലയൻസ് ഒരു കോടി മൊബൈൽ ഫോൺ വില്ക്കുമ്പോൾ (അതായത് മൊത്തം ജനസംഖ്യയുടെ കേവലം ഒരു ശതമാനം) സർക്കാരിന് വരുന്ന നികുതി നഷ്ടം 420 കോടി രൂപ! ഇന്ത്യൻ ജനസംഖ്യ നൂറു കോടിക്കു മുകളിലാണെന്നു കൂടി ഓർക്കുക.

ഇനി ഈ കച്ചോടത്തിൽ മുതലാളിയുടെ ലാഭക്കണക്കു കൂടി പറയാം. മേൽപ്പറഞ്ഞ പോലെ ഒരു കോടി പേർ 1500 രൂപയ്ക്ക് മൊബൈൽ ഫോൺ വാങ്ങി എന്നു കരുതുക. (നിലവിൽ തന്നെ അതിലധികം കസ്റ്റമർ ബെയ്സ് ജിയോക്ക് ഉളളതു കൊണ്ട് ഇതു വളരെ എളുപ്പം സാധ്യമാണ്). മുതലാളിയുടെ കയ്യിൽ മൊത്തം വന്നു ചേരുന്ന തുക 1500,00,00,000 ( 1500 കോടി രൂപ) ആണ്. ബിസിനസ് ഒന്ന് ഉരുട്ടിത്തുടങ്ങാൻ ഇത്രയും പണം ധാരാളം. ഇനി ഈ തുക, ഇങ്ങനെയല്ലാതെ ഏതെങ്കിലും ബാങ്ക് ലോൺ വഴിക്കോ മറ്റോ ആയിരുന്നു സ്വരൂപിച്ചതെങ്കിൽ, നിലവിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് അനുസരിച്ച് ഏതാണ്ട് 300 കോടിക്കടുത്ത് പലിശ കൊടുക്കേണ്ടി വരും. ഇങ്ങനെയാവുമ്പോൾ ആ കാശും ലാഭം. ചുരുക്കിപ്പറഞ്ഞാൽ നാട്ടുകാരുടെ കാശു വാങ്ങി പെട്ടിയിൽ വെച്ചിട്ടാണ്, അല്ലാതെ സ്വന്തം പോക്കറ്റിലെ കാശെടുത്ത് വീശിയിട്ടല്ല മുതലാളി കച്ചോടത്തിനിറങ്ങിയതെന്ന് ചുരുക്കം. ഏതു ബിസിനസിലും കാപ്പിറ്റൽ ആണ് പ്രധാനം. ഇന്ത്യൻ ജനസംഖ്യ ഒരു കോടിയല്ല, നൂറു കോടിക്കു മുകളിലാണെന്ന് ഒരിക്കൽ കൂടി ഓർക്കുക.

ഇനി ടെക്നിക്കലായ ഒരു കാര്യം കൂടി പറയാം. നിക്ഷേപമായി കിട്ടിയ ഈ കാശു മുഴുവൻ ജിയോ അവരുടെ ബാലൻസ് ഷീറ്റിൽ വരവു വെക്കുക ലയബിലിറ്റി സൈഡിലാണ്. (ചാർട്ടേർഡ് അക്കൗണ്ടൻസിന് ഇത് കുറച്ചു കൂടി വിശദീകരിക്കാന്‍ പറ്റും) അതായത്, ആ വഴിക്കും നല്ലൊരു തുക ടാക്സ് വെട്ടിക്കാമെന്നർത്ഥം.

ഇനിയിപ്പൊ മൂന്ന് കൊല്ലം കഴിഞ്ഞ് ഈ പൈസ തിരിച്ചൂ കൊടുക്കേണ്ടി വരില്ലേ എന്നല്ലേ? ഒന്നാമത്തെ കാര്യം ഫോൺ എടുത്ത എല്ലാവരും ഒരേ ദിവസം ആകില്ല സറണ്ടർ ചെയ്യുന്നത്. മുതലാളിക്ക് ആവശ്യമുളളത്ര മൂലധനം കിട്ടുന്ന വരേക്കും ഈ ഓഫർ തുടരും. അപ്പോൾ രണ്ടാം കൊല്ലം പണമടച്ചവന്റെ കാശെടുത്ത് ഒന്നാം കൊല്ലം ഫോൺ വാങ്ങിയവന് കൊടുക്കാം. ഇതിങ്ങനെ തുടരാം… അപ്പോഴേക്കും മുതലാളിയുടെ ബിസിനസ് ഇന്ത്യ മുഴുവൻ വളർന്നിട്ടുണ്ടാകും. മോദിയുടെ ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ ആനുകൂല്യങ്ങൾ കൂടിയാവുമ്പോൾ പിന്നെ മുതലാളിയെ അടുത്ത കാലത്തൊന്നും പിടിച്ചാൽ കിട്ടൂല.

ഡിസ്ക്ലെയ്മർ: കഞ്ഞിയാണോ ഡാറ്റയാണോ പ്രധാനം എന്നു ചോദിച്ചാൽ ഇന്നത്തെക്കാലത്ത് രണ്ടും പ്രധാനമാണ് എന്നേ ഞാൻ പറയൂ. അതുകൊണ്ട് ജിയോ ഓഫർ തരുന്നുണ്ടെങ്കിൽ വാങ്ങരുത് എന്നൊന്നും പറയുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ നമ്മളെ വിറ്റ കാശാണ് അയാളുടെ പോക്കറ്റിലിരിക്കുന്നതെന്ന തിരിച്ചറിവോടെ തല വെച്ചു കൊടുത്താൽ തലയ്ക്ക് നല്ലത് എന്നേ പറഞ്ഞുളളൂ. നിങ്ങൾ ജിയോ തന്നെ ഉപയോഗിച്ചോളൂ, പക്ഷെ ഇന്ത്യ മഹാരാജ്യം മുതലാളിയുടെ സൗജന്യമാണെന്നൊന്നും വാഴ്ത്തരുത്!

(രാംദാസ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പി എസ് രാംദാസ്

പി എസ് രാംദാസ്

എഴുത്തുകാരന്‍, ബാങ്ക് ഉദ്യോഗസ്ഥന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍