UPDATES

സിനിമ

‘താമരശേരി ചൊരം’ കടന്ന് പപ്പു പോയിട്ട് ഇന്ന് 19 വര്‍ഷം

വൈക്കം മുഹമ്മദ് ആണ് പത്മദളാക്ഷന്‍ എന്ന പേര് കുതിരവട്ടം പപ്പു എന്നാക്കിയത്

മലയാള സിനിമയിലെ ഹാസ്യസാമ്രാട്ട് കുതിരവട്ടം പപ്പു യാത്രയായിട്ട് ഇന്ന് 19 വര്‍ഷം. 2000 ഫെബ്രുവരി 25നാണ് പപ്പു അന്തരിച്ചത്. ആയിരത്തിലേറെ മലയാള സിനിമകളില്‍ പപ്പു അഭിനയിച്ചു. 1937 ഡിസംബര്‍ 24ന് കോഴിക്കോട് ഫറോക്കില്‍ ആണ് പപ്പു ജനിച്ചത്. പണകോട് രാമനും ദേവിയുമാണ് മാതാപിതാക്കള്‍. പത്മദളാക്ഷന്‍ എന്നാണ് യഥാര്‍ത്ഥ പേര്.

നാടകത്തിലൂടെ സിനിമയിലെത്തിയ പപ്പുവിന്റെ കോഴിക്കോടന്‍ ശൈലിയിലുള്ള സംഭാഷണ ശൈലിയാണ് ശ്രദ്ധ നേടിയത്. പപ്പു സ്റ്റൈല്‍ എന്ന സ്വന്തം ശൈലി തന്നെ സിനിമയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പപ്പു വളരെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഗോവിന്ദപുരത്തു നിന്നും അരക്കിലോമീറ്റര്‍ ദൂരെയുള്ള കുതിരവട്ടം ഗ്രാമത്തിലേക്ക് കുടുംബം താമസം മാറി. 17-ാം വയസ്സിലാണ് അദ്ദേഹം ആദ്യമായി നാടകത്തില്‍ അഭിനയിച്ചത്. അന്ന് കോഴിക്കോട് സെന്റ് ആന്റണീസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം.

ആയിരത്തോളം അമേച്വര്‍ നാടകങ്ങളിലും രണ്ട് പ്രൊഷണല്‍ നാടകങ്ങളിലും അദ്ദേഹം വേഷമിട്ടു. സമസ്യ, മനസ് എന്നിവയായിരുന്നു പ്രൊഫഷണല്‍ നാടകങ്ങള്‍. സമസ്യയിലെ അഭിനയത്തിന് മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം ലഭിച്ചു. കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്‌കരന്‍, തിക്കോടിയന്‍, കെ ടി മുഹമ്മദ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. മുടിയാനയ പുത്രന്‍ എന്ന നാടകത്തിലെ പപ്പുവിന്റെ അഭിനയത്തില്‍ ആകൃഷ്ടരായി രാമു കര്യാട്ടും എ വിന്‍സന്റും മൂടുപടം എന്ന ചിത്രത്തില്‍ പപ്പുവിന് അവസരം നല്‍കി. വൈക്കം മുഹമ്മദ് ബഷീര്‍ രചിച്ച് വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവീ നിലയമാണ് പപ്പുവിന്റെ ശ്രദ്ധേയമായ ആദ്യ ചിത്രം. അങ്ങാടി, ഈനാട്, മൂര്‍ഖന്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, ഇതാ ഒരു തീരം, കാണാക്കിനാവ്, ചെമ്പരത്തി, അവളുടെ രാവുകള്‍, അങ്ങാടി, വെള്ളാനകളുടെ നാട്, മണിച്ചിത്രത്താഴ്, ദ കിംഗ് തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം ആണ് അവസാന ചിത്രം.

ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പപ്പു അന്തരിച്ചത്. പത്മിനിയാണ് പപ്പുവിന്റെ ഭാര്യ. ബിന്ദു, ബിജു, ബിനു എന്നിവര്‍ മക്കളും. വൈക്കം മുഹമ്മദ് ആണ് പത്മദളാക്ഷന്‍ എന്ന പേര് കുതിരവട്ടം പപ്പു എന്നാക്കിയത്. ഭാര്‍ഗവീ നിലയത്തിലെ കഥാപാത്രത്തിന്റെ പേരാണ് ഇത്. 1872ല്‍ സ്ഥാപിക്കപ്പെട്ട കുതിരവട്ടം മാനസിക രോഗാശുപത്രി പപ്പുവിന്റെ പേരിലൂടെയാണ് പ്രശസ്തമായത്.

അഭിനയിച്ച സംഭാഷണങ്ങളിലൂടെ പപ്പു ഇപ്പോഴും ജനഹൃദയങ്ങളില്‍ ജീവിക്കുന്നുണ്ട്. ‘താമരശേരി ചുരം..’, ‘താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ തന്നോട് ചോദിക്ക് താനാരാണെന്ന്..’, ‘അല്ല ഇതാര് വാര്യമ്പള്ളിയിലെ മീനാക്ഷിയല്ലിയോ? എന്താ മോളേ സ്‌കൂട്ടറില്‍..’, ‘തുറക്കൂല്ലടാ പട്ടീ..’, ‘എന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ഒന്ന് നോക്യേ’ തുടങ്ങിയ പപ്പുവിന്റെ ഡയലോഗുകള്‍ ഇന്നും മലയാളികള്‍ ആവര്‍ത്തിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍