UPDATES

ട്രെന്‍ഡിങ്ങ്

ഉഴവൂര്‍ വിജയനെ ഈ അവസരത്തില്‍ കേള്‍ക്കേണ്ടതുണ്ട്: തമാശയ്ക്കായല്ല, കാര്യത്തിനായി

ഉഴവൂര്‍ വിജയന്‍ ജീവിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ എന്‍സിപിയ്ക്ക് ഇപ്പോള്‍ മന്ത്രിമാരില്ലാത്ത ഒരു സാഹചര്യം വന്നുചേരില്ലായിരുന്നു

എന്‍സിപിയെന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫില്‍ രണ്ടാമതൊരു മന്ത്രിയെക്കൂടി നഷ്ടമായിരിക്കുകയാണ്. ഇന്ന് രാജിവച്ച തോമസ് ചാണ്ടിയോ മാര്‍ച്ചില്‍ രാജിവച്ച എകെ ശശീന്ദ്രനോ ആദ്യം നിരപാരിധിത്വം തെളിയിക്കുന്നതെന്നാണ് ഇപ്പോള്‍ പാര്‍ട്ടി ഉറ്റുനോക്കുന്നത്. ഇവരില്‍ ആര് ആദ്യം നിരപരാധിത്വം തെളിയിച്ചാലും അവര്‍ മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ ഇന്ന് മാധ്യമങ്ങളെ അറിയിച്ചത്. ഏതായാലും തല്‍ക്കാലത്തേക്കാണെങ്കിലും എന്‍സിപിയ്ക്ക് മന്ത്രിമാര്‍ ആരുമില്ലാത്ത അവസ്ഥയാണ് ഉള്ളത്. എന്‍സിപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനാണ് ഇവിടെ അനുസ്മരിക്കപ്പെടേണ്ടത്. എന്‍സിപി നേതാക്കളില്‍ സിപിഎമ്മുമായി ഏറ്റവുമടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് ഉഴവൂര്‍ വിജയന്‍.

തന്റെ നര്‍മ്മ ബോധം കൊണ്ട് മാത്രമല്ല, പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള വ്യക്തിബന്ധത്തിലൂടെ കൂടിയാണ് അദ്ദേഹം എന്‍സിപിയെ എല്‍ഡിഎഫില്‍ പിടിച്ചു നിര്‍ത്തിയത്. കേന്ദ്രനേതൃത്വം എന്‍ഡിഎയ്‌ക്കൊപ്പം ചേരുമെന്ന സാഹചര്യം വന്നപ്പോള്‍ ഉഴവൂര്‍ വിജയന്റെ നിലപാടാണ് സംസ്ഥാന തലത്തില്‍ എല്‍ഡിഎഫുമായുള്ള പാര്‍ട്ടിയുടെ ബന്ധത്തെ അത് വഷളാക്കാതിരുന്നത്. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ എന്‍സിപിയ്ക്ക് ഇപ്പോള്‍ മന്ത്രിമാരില്ലാത്ത ഒരു സാഹചര്യം വന്നുചേരില്ലായിരുന്നു. തോമസ് ചാണ്ടിയും ഉഴവൂര്‍ വിജയനും തമ്മില്‍ കടുത്ത അസ്വാരസ്യങ്ങളാണ് നിലനിന്നിരുന്നതെന്നത് പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുട്ടനാട്ടിലെ എന്‍സിപി സ്ഥാനാര്‍ത്ഥി താനായിരിക്കുമെന്നും എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജലസേചന വകുപ്പ് മന്ത്രിയാകുമെന്നും തോമസ് ചാണ്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശതകോടീശ്വരനെ മന്ത്രിയാക്കേണ്ടെന്നും അന്നുവരെയും കാര്യമായ ആരോപണങ്ങള്‍ക്കൊന്നും വിധേയനാകാതിരുന്ന ശശീന്ദ്രനെ മന്ത്രിയാക്കാമെന്നും പിണറായി തീരുമാനിച്ചത് തന്നെ ഉഴവൂര്‍ വിജയന്റെ ഇടപെടല്‍ മൂലമാണെന്ന് സൂചനയുണ്ടായിരുന്നു. ഏതായാലും അതിന് മുമ്പും ശേഷവും ഇരുവരും തമ്മില്‍ പരസ്പര വാഗ്വാദങ്ങള്‍ നടത്തിയിരുന്നു.

തോമസ് ചാണ്ടി- ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ കേരള അധ്യായം

ഉഴവൂര്‍ വിജയന്റെ മരണത്തിലും ദുരൂഹതകള്‍ ഏറെയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇരുപത് മിനിറ്റോളം നീണ്ടുനിന്ന ഒരു ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് അദ്ദേഹം കുഴഞ്ഞു വീണതും പിന്നീട് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടതും. വ്യവസായിയായ സുള്‍ഫിക്കര്‍ മയൂരിയാണ് ഈ ഫോണ്‍ വിളിച്ചതെന്നായിരുന്നു വിജയന്റെ സഹായി പിന്നീട് മാധ്യമങ്ങളെയും പോലീസിനെയും അറിയിച്ചത്. തോമസ് ചാണ്ടിയുടെ വിശ്വസ്ഥനാണ് സുള്‍ഫിക്കര്‍ എന്നാണ് പറയപ്പെടുന്നത്. ശശീന്ദ്രന്‍ രാജിവച്ചതിന് ശേഷം മറ്റ് യാതൊരു രക്ഷയുമില്ലാത്തതിനാല്‍ മന്ത്രിയാക്കിയ തനിക്കെതിരെ ഉഴവൂര്‍ വിജയന്റെ നീക്കങ്ങളുണ്ടാകുമെന്ന് ചാണ്ടി ഭയന്നിരുന്നു. ഉഴവൂര്‍ വിജയന്റെ മരണത്തിന് ശേഷമാണ് എന്‍സിപിയുടെ സര്‍വാധികാരം പിടിച്ചെടുക്കാന്‍ ചാണ്ടിയ്ക്ക് ആയത്. പീതാംബരന്‍ മാറ്റര്‍ പിന്നീട് അധ്യക്ഷനായതും ചാണ്ടിയുടെ ഇടപെടലിലൂടെയാണ്. കച്ചവട ലക്ഷ്യങ്ങളുള്ള ചാണ്ടിയെ മന്ത്രിയാക്കുന്നത് ഭാവിയില്‍ പാര്‍ട്ടിയ്ക്ക് വിനയാകുമെന്ന് വിജയന്‍ കണക്കുകൂട്ടുകയും ചെയ്തിരുന്നു. ഇത് അദ്ദേഹം തന്നെ പല വേദികളിലും പറഞ്ഞിരുന്നതുമാണ്. അദ്ദേഹത്തിന്റെ കണക്കു കൂട്ടലുകള്‍ ശരിയാണെന്ന് തെളിയിക്കുകയായിരുന്നു പിന്നീട് ചാണ്ടി.

ഉഴവൂര്‍ വിജയനെ തളര്‍ത്തിയത് എന്‍സിപിക്കകത്തെ ചേരിപ്പോരും നേതാക്കളുടെ അധിക്ഷേപവും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍