UPDATES

വായന/സംസ്കാരം

അധ്യാപകര്‍ ഇത്തരം ചില ‘കളി’കള്‍ കളിക്കുന്നത് നല്ലതാണ്; എന്നാലെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചില്‍ മാറുമല്ലോ

എന്‍ പ്രഭാകരന്റെ ‘കളിയെഴുത്തിന്’ ഒരു അധ്യാപികയുടെ മറുപടി

എന്തിനാണ് എന്‍ പ്രഭാകരന്‍ മാഷ് ‘കളിയെഴുത്ത്’ എന്ന അസംബന്ധ കഥ എഴുതിയത് എന്ന് മനസിലാകുന്നില്ല. അധ്യാപക പരിശീലനത്തിലെ അപഹാസ്യതകളെ (അങ്ങനെ ചിലത് ഉണ്ടെങ്കില്‍) വിമര്‍ശിക്കുകയാണ് ലക്ഷ്യമെങ്കില്‍ അതിന് എന്തിന് ഈ വക ഇല്ലാക്കഥകള്‍ മെനയണം?

അധ്യാപക പരിശീലനത്തിന്റെ ഭാഗമായ ‘കളി’കള്‍ പരിഹാസ്യവും പ്രയോജന രഹിതവുമാണെന്ന് പറയാനാണ് കഥാകൃത്ത് ശ്രമിച്ചത് എന്നു തോന്നുന്നു. പക്ഷേ ആ കളികളെ അര്‍ത്ഥരഹിതമാക്കുന്നതും അതേ സമയം തന്നെ പങ്കെടുക്കുന്നവര്‍ക്ക് സ്വീകാര്യവുമാക്കി മാറ്റുന്നതുമായ സവിശേഷത ആണും പെണ്ണുമായ അധ്യാപകര്‍ തൊട്ടും പിടിച്ചും കളിക്കുന്ന രീതിയാണെന്ന് കഥ പറയുന്നുണ്ട്. അതായത് ‘വിദ്യാഭ്യാസ നിലവാരം’ ഉയര്‍ത്താന്‍ വേണ്ടി അധ്യാപികയുടെ പിന്‍ഭാഗം തപ്പുക, കൈകള്‍ കോര്‍ത്ത് കെണിയില്‍ പെടുത്തി കളിപ്പിക്കുക തുടങ്ങിയ രസകരമായ കളികള്‍.

നിര്‍ഭാഗ്യവശാല്‍ ഇത്തരം രസികന്‍ കളികളൊന്നും പരിശീലനക്കളരിയില്‍ ഉണ്ടാകാറില്ല എന്നാണ് സുഹൃത്തുക്കളായ അധ്യാപകര്‍ പറഞ്ഞത്. എന്തായാലും തങ്ങളൊന്നും പരിശീലനക്കളരിയില്‍ പോകുന്നത് ലൈംഗികദാഹം തീര്‍ക്കാനല്ല എന്നൊക്കെ ആണയിട്ടുകൊണ്ടും ‘ഇത് ഞങ്ങളല്ല, ഞങ്ങളുടെ പരിശീലനം ഇങ്ങനെയല്ല’ എന്ന് മുരണ്ടുകൊണ്ടും അധ്യാപകര്‍ നാനാഭാഗത്തു നിന്നും അരയും തലയും മുറുക്കി ഇറങ്ങിക്കഴിഞ്ഞു. പ്രിയപ്പെട്ട കഥാകാരാ.. സത്യത്തില്‍ എന്താണ് താങ്കളുടെ പ്രശ്‌നം? അധ്യാപക പരിശീലനം പ്രഹസനമാകുന്നതോ അതോ ആണും പെണ്ണും ഒന്നിച്ച് അതില്‍ പങ്കെടുത്ത് അടുത്ത് ഇടപഴകുന്നതോ? സംസ്‌കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഏറ്റവും വലിയ ജീര്‍ണ്ണതയായി ആണ്‍-പെണ്‍ സുഹൃത്തുക്കളെ ഒരെഴുത്തുകാരന്‍ അവതരിപ്പിക്കുന്നത് സങ്കടവും നിരാശയും ഉത്കണ്ഠയും ഉണ്ടാക്കുന്നുണ്ട്. അതും ‘ഏഴിനും മീതെ’, ‘പുലിജന്മം’ ‘ജീവന്റെ തെളിവുകളും ‘ ‘തീയ്യൂർ രേഖ, ‘ “മായാമയന്‍”, ‘ഒറ്റയാന്റെ പാപ്പാൻ” എന്നിവയെഴുതിയ ഒരെഴുത്തുകാരന്‍!

‘കളിയെഴുത്ത്’ വിവാദം: എന്‍. പ്രഭാകരന്‍ പ്രതികരിക്കുന്നു; ഭയപ്പെടുകയുമില്ല, പിന്മാറുകയുമില്ല

അധ്യാപക പരിശീലനം ആണ്‍-പെണ്‍ കെട്ടിമറിച്ചിലല്ലാതെ മറ്റൊന്നുമല്ല എന്ന് പറഞ്ഞുവയ്ക്കുകയാണ് കഥ. മറ്റൊരു ആരോപണവും കഥയ്ക്കില്ല. പരിശീലനക്കളരിയിലെ ആണ്‍-പെണ്‍ തൊട്ടുകളിയാണ് വിദ്യാഭ്യാസ മേഖലയുടെ ആകെ പ്രശ്‌നം എന്നുതോന്നും കഥ വായിച്ചാല്‍. സത്യത്തില്‍ പ്രഭാകരന്‍ മാഷ് അധ്യാപകരെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. എനിക്ക് തോന്നുന്നത് കേരളത്തില്‍ ഏറ്റവുമധികം ലൈംഗിക ദാരിദ്ര്യം നേരിടുന്ന വിഭാഗങ്ങളിലൊന്ന് അധ്യാപകരാണ് എന്നാണ്. അധ്യാപനം എന്ന തൊഴിലിന് സമൂഹം കല്‍പ്പിച്ചു നല്‍കിയ ആദര്‍ശാത്മകതയുടെ എടുത്താല്‍ പൊന്താത്ത ഭാരം താങ്ങി, ആരോടെങ്കിലും പ്രണയമോ, കാമമോ തോന്നിയാല്‍ത്തന്നെ ‘ഏയ് ഞാനാ ടൈപ്പല്ല’ എന്ന മട്ടില്‍ സദാചാര മുഖംമൂടി വച്ച് ജീവിക്കേണ്ടി വരുന്നവരാണവര്‍. അതുകൊണ്ടാണ് തങ്ങള്‍ പഠിപ്പിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്ത് ഇടപഴകുന്നതു കാണുമ്പോള്‍ അവരില്‍ ചിലര്‍ക്കെങ്കിലും ഇരിക്കപ്പൊറുതി കിട്ടാതെ വരുന്നത്. കുട്ടികള്‍ക്കെതിരെ സദാചാരത്തിന്റെ വടിയും വാളുമെടുത്ത് കണ്ണുരുട്ടി പേടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് തങ്ങള്‍ക്കെതിരെയുള്ള ‘ലൈംഗികാരോപണം’ അവരില്‍ ചിലരെ ഇത്രമേല്‍ ചൊടിപ്പിക്കുന്നതും.

എന്തായാലും എന്റെ അഭിപ്രായത്തില്‍ അധ്യാപകര്‍ക്ക് ഇത്തരം ചില ‘കളി’കള്‍ നിര്‍ബന്ധപൂര്‍വം കൊടുക്കുന്നത് നല്ലതാണ്. എന്നാലെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് കാണുമ്പോഴുള്ള ചൊറിച്ചില്‍ കുറയുമല്ലോ.

അല്‍പ്പം സദാചാരഭ്രംശം ആരോപിക്കപ്പെടുമ്പോൾ പ്രബുദ്ധരായ അധ്യാപകർക്ക് ഇത്രയും ദേഷ്യം വരുമോ?

ഡോ. എം എസ്. നസീറ സൈനബ

ഡോ. എം എസ്. നസീറ സൈനബ

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ തിരൂര്‍ പ്രാദേശിക കേന്ദ്രം മലയാള വിഭാഗത്തില്‍ അധ്യാപിക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍