UPDATES

ട്രെന്‍ഡിങ്ങ്

താരങ്ങളേ, നല്ല തീരുമാനം; കുറച്ചു നാളേക്കെങ്കിലും ഞങ്ങളുടെ കൺവെട്ടത്തു നിന്ന് മാറി നിൽക്കുക

ഓണക്കാലത്ത് ടി.വി പരിപാടികള്‍ ബഹിഷ്ക്കരിക്കാനാണ് സിനിമ താരങ്ങളുടെ തീരുമാനം

ദിലീപിന്റെ അറസ്റ്റും അതുമായി ബന്ധപ്പെട്ട മാധ്യമ ഇടപെടലുകളിലും പ്രതിഷേധിച്ച് മലയാള സിനിമാ താരങ്ങള്‍ ഓണസമയത്ത് ചാനലുകള്‍ ബഹിഷ്ക്കരിക്കുമെന്ന തീരുമാനം വളരെ നല്ലതാണെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. ഓണസമയത്ത് ചാനലുകളില്‍ അതിഥികളായി എത്തുന്ന പരിപാടി ഇത്തവണ വേണ്ടെന്ന താരങ്ങളുടെ അനൌദ്യോഗ തീരുമാനം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്.

താരങ്ങള്‍ ചാനലുകള്‍ ബഹിഷ്കരിച്ചാല്‍ തിരിച്ച് ചാനലുകളും താരങ്ങളെ ബഹിഷ്ക്കരിക്കണമെന്ന വാദങ്ങളും ഇതിനിടയിലുണ്ട്. താരങ്ങള്‍ വരാതിരുന്നാല്‍ നഷ്ടം അവര്‍ക്ക് തന്നെയാണെന്നും തങ്ങളുടെ സിനിമകള്‍ക്ക് സൌജന്യമായി കിട്ടുന്ന പ്രചരണം നഷ്ടപ്പെടാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നുള്ള വാദങ്ങളും ഉണ്ട്. അതിനിടയാണ് താരങ്ങളുടെ ബഹിഷ്ക്കരണം നല്ലതാണെന്നും ഇതിലും സന്തോഷം തരുന്ന തീരുമാനം വേറെ ഇല്ലെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

വര്‍ഷങ്ങളായി തങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചതാണ് ഇപ്പോള്‍ താരങ്ങള്‍ പറയുന്നത് എന്നും കുറച്ചു നാളത്തേക്കെങ്കിലും ഞങ്ങളുടെ കൺവെട്ടത്തു നിന്ന് മാറി നിൽക്കാന്‍ ആവശ്യപ്പെടാനുള്ള ധാർമ്മിക ബാധ്യത ഞങ്ങൾക്കുണ്ട് എന്നും അവര്‍ പറയുന്നു. യാതൊരു സാമൂഹ്യ ഉത്തരവാദിത്തവും പാലിക്കാത്ത നിങ്ങൾ, ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും ആനയിച്ചു കൊണ്ടുള്ള ആ വരവ് ആലോചിക്കുമ്പോൾ ആ ദിവസങ്ങളിൽ ടിവി ഓൺ ചെയ്യാൻ പോലും ഭയമായിരുന്നു എന്നും ശാരദക്കുട്ടി പറയുന്നു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

താരങ്ങൾ ചാനലുകൾ ബഹിഷ്കരിക്കുന്നു. ഇതിലും സന്തോഷം തരുന്ന ഒരു തീരുമാനവും മലയാളി താരങ്ങൾ സ്വീകരിക്കാനില്ല. വർഷങ്ങളായി ഞങ്ങൾ കേൾക്കാൻ ആഗ്രഹിച്ചത്. യാതൊരു സാമൂഹ്യ ഉത്തരവാദിത്തവും പാലിക്കാത്ത നിങ്ങൾ,ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും ആനയിച്ചു കൊണ്ടുള്ള ആ വരവ് ആലോചിക്കുമ്പോൾ ആ ദിവസങ്ങളിൽ tv ഓൺ ചെയ്യാൻ പോലും ഭയമായിരുന്നു.നിങ്ങളെ ഞങ്ങൾ ആസ്വദിക്കുകയായിരുന്നില്ല, അടിച്ചേല്പിക്കപ്പെടുകയായിരുന്നു. വിവേകമുള്ള ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിലൂടെ ചിലപ്പോൾ മലയാളി പ്രേക്ഷകരിൽ നിന്നും നഷ്ടപ്പെട്ട നിങ്ങളുടെ പ്രതിച്ഛായകൾ വീണ്ടെടുക്കാൻ ആയേക്കും. കുറച്ചു നാളത്തേക്കെങ്കിലും ഞങ്ങളുടെ കൺവെട്ടത്തു നിന്ന് മാറി നിൽക്കുക. അത്രയുമൊക്കെ ആവശ്യപ്പെടാനുള്ള ധാർമ്മിക ബാധ്യത ഞങ്ങൾക്കുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍