UPDATES

ട്രെന്‍ഡിങ്ങ്

ഫ്‌ളാഷ് മോബിനെ പിന്തുണച്ചതിന് തെറിയും ഭീഷണിയും; ആര്‍ജെ സൂരജ് റേഡിയോ ഷോയില്‍ നിന്നും പിന്മാറി

പണ്ട് സപ്പോര്‍ട്ട് സൂരജ് എന്ന് പറഞ്ഞുകൊണ്ടിരുന്ന ആളുകള്‍ എല്ലാം ഇപ്പോള്‍ ‘ഐ ഹേറ്റ് സൂരജ്’ എന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നു

മലപ്പുറത്ത് കഴിഞ്ഞദിവസം എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി തട്ടമിട്ട പെണ്‍കുട്ടികള്‍ നടത്തിയ ഫ്‌ളാഷ് മോബിന് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ട ആര്‍ജെ സൂരജിന് നേരെ സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം. ഒടുവില്‍ മാപ്പ് പറഞ്ഞ സൂരജ് തന്റെ റേഡിയോ മലയാളം 98.6ലെ തന്റെ പ്രോഗ്രാമായ ദോഹ ഗേറ്റില്‍ നിന്നും പിന്മാറുകയും ചെയ്തു.

ഹാദിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി രംഗത്ത് വന്നവരില്‍ ചിലര്‍ തന്നെയാണ് ഈ പെണ്‍കുട്ടികള്‍ക്കെതിരെയും പ്രതികരിക്കുന്നതെന്നാണ് സൂരജ് വിമര്‍ശിച്ചത്. മുമ്പും പലവിഷയങ്ങളിലും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിട്ടുള്ള സൂരജിന് അന്നെല്ലാം ലഭിച്ച കയ്യടിയ്ക്ക് പകരമായി ഇന്ന് ലഭിച്ചത് തെറിവിളിയാണെന്ന് മാത്രം. ചിലര്‍ തങ്ങളുടെ മതവികാരം വൃണപ്പെട്ടുവെന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയയിലൂടെ സൂരജിനെതിരെ പ്രതിഷേധവും ഭീഷണിയും മുഴക്കിയത്. പിന്നീട് സൂരജ് നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയയോയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

പണ്ട് സപ്പോര്‍ട്ട് സൂരജ് എന്ന് പറഞ്ഞുകൊണ്ടിരുന്ന ആളുകള്‍ എല്ലാം ഇപ്പോള്‍ ‘ഐ ഹേറ്റ് സൂരജ്’ എന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നു. തല്ലും, കൊല്ലും ജയിലില്‍ അടക്കും ജോലി കളയിക്കും എന്നൊക്കെയായിരുന്നു തനിക്ക് കിട്ടിയ ഭീഷണികള്‍ എന്ന് സൂരജ് പറയുന്നുണ്ട്. അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നും സൂരജ് വ്യക്തമാക്കുന്നു. വീഡിയോയുടെ ഒരു ഭാഗത്ത് പ്രത്യേക താളത്തില്‍ സംസാരിക്കുന്നത് മതപ്രഭാഷണങ്ങളെ അനുകരിക്കുന്ന രീതിയില്‍ ആണെന്നാണ് ആരോപണം. എന്നാല്‍ അതേക്കുറിച്ച് തനിക്കറിയില്ലായിരുന്നെന്നും അതിനാലാണ് അങ്ങനെ പറഞ്ഞതെന്നുമാണ് സൂരജിന്റെ വിശദീകരണം.

അത്തരത്തിലൊരു പ്രയോഗവും ശൈലിയും ചിലരുടെ വികാരത്തെ വൃണപ്പെടുത്തിയതായി അറിയാന്‍ കഴിഞ്ഞെന്നും അതുകൊണ്ട് ഹൃദയത്തില്‍ തൊട്ട് മാപ്പ് പറയുന്നുവെന്നുമാണ് സൂരജ് പറയുന്നത്. താന്‍ ഒരുമതത്തെയും അവഹേളിക്കുന്നയാളല്ല. എന്നാല്‍ ഇപ്പോള്‍ ആര്‍എസ്എസുകാരനാണെന്നും ബിജെപിക്കാരനാണെന്നുമൊക്കെയുള്ള തരത്തിലെ പ്രചരണങ്ങളാണ് നടക്കുന്നത്. എന്നാല്‍ താന്‍ ഇതൊന്നുമല്ലെന്നും ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്നും സൂരജ് വിശദീകരിക്കുന്നു. ഇനി ഒരിക്കലും ഇത്തരത്തിലുള്ള വീഡിയോയുമായി വരില്ലെന്നും സൂരജ് പറയുന്നു.

തനിക്കെതിരെ മാത്രമല്ല, റേഡിയോ മലയാളം 98.6ന് എതിരായും കാമ്പെയ്‌നിംഗ് നടക്കുന്നുണ്ട്. ഇതിന്റെ പേരില്‍ ആ റേഡിയോയെ ഉപദ്രവിക്കരുതെന്നാണ് സൂരജിന് പറയാനുള്ളത്. നാട്ടില്‍ നിന്നും ഒരുപാട് പ്രതീക്ഷകളുമായി വന്ന ഒരുകൂട്ടം ചെറുപ്പക്കാരാണ് അവിടെ ജോലി ചെയ്യുന്നത്. അവരുടെ ജീവിതം ഇല്ലാതാക്കരുതെന്നും സൂരജ് അഭ്യര്‍ത്ഥിക്കുന്നു. വി ഹേറ്റ് സൂരജ് എന്ന കാമ്പെയ്‌നിംഗിനെ മാനിച്ചുകൊണ്ടാണ് ദോഹ ഗെയ്റ്റ് എന്ന പരിപാടിയില്‍ നിന്നും മാറിനില്‍ക്കുന്നതെന്നും സൂരജ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍