UPDATES

ട്രെന്‍ഡിങ്ങ്

ഗാന്ധി സമാധിയില്‍ ആര്‍എസ്എസിന്റെ സമ്മേളനവും പ്രാര്‍ത്ഥനയും

ഗാന്ധിജിയുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് മാത്രമാണ് ഈ പ്രദേശം വാടകയ്ക്ക് നല്‍കാറ്

രാജ്ഘട്ടിലെ ഗാന്ധി സമാധിയ്ക്ക് സമീപം ആര്‍എസ്എസ് പോഷക സംഘടനയായ പ്രജ്‌ന പ്രവാഹിന്റെ സമ്മേളനവും പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. സമ്മേളനത്തില്‍ ആര്‍എസ്എസിന്റെ കാവി കൊടി ഉയര്‍ത്തുകയും പ്രാര്‍ത്ഥനകള്‍ ചൊല്ലുകയും ചെയ്തു.

ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭഗവത്, സഹ്‌സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബലെ, മുന്‍ കേന്ദ്രമന്ത്രി മുരളി മനോഹര്‍ ജോഷി, ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്, ആര്‍എസ്എസ് ചിന്തകന്‍ രാകേഷ് സിന്‍ഹ, മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സമീപകാലത്തായി മഹാത്മാഗാന്ധിയ്ക്കും സംഘപരിവാര്‍ തങ്ങളുടെ ചടങ്ങുകളില്‍ ഇടം നല്‍കുന്നുണ്ട്. ആര്‍എസ്എസിന്റെ പ്രഭാത നമസ്‌കാരത്തില്‍ ഗാന്ധിയെയും അടുത്തകാലത്തായി ഉള്‍പ്പെടുത്തിയിരുന്നു. ഗാന്ധിജിയെയും ഉള്‍പ്പെടുത്തിയുള്ള പ്രാര്‍ത്ഥനാഗീതം സമീപകാലത്ത് ദിവസത്തിലെ ഏത് നേരത്തും ചൊല്ലാവുന്നതാക്കുകയും ചെയ്തു.

മഹാത്മാ ഗാന്ധിയുടെ സമാധിസ്ഥലത്ത് ആര്‍എസ്എസ് പതാക ഉയര്‍ന്നതാണ് ഈ സമ്മേളനത്തിന്റെ പ്രത്യേകതയെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത ഒരു പ്രതിനിധി അറിയിച്ചു. മറ്റ് നഗരങ്ങളില്‍ നിന്നെത്തിയവര്‍ അന്ന് രാത്രി ഗാന്ധി സമാധിയിലാണ് തങ്ങിയത്. ഈ സംഘടന ഒരുമാസം മുമ്പ് പരിപാടിക്കായി തങ്ങളെ സമീപിച്ചിരുന്നതാണെന്ന് ഗാന്ധി ദര്‍ശന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഗാന്ധിജിയുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് മാത്രമാണ് ഈ പ്രദേശം വാടകയ്ക്ക് നല്‍കാറ്. ഗാന്ധിയുമായി ബന്ധപ്പെട്ട പ്രോഗ്രാമാണ് സംഘടിപ്പിക്കുന്നതെന്നാണ് പ്രജ്‌ന പ്രവാഹ് ഭാരവാഹികള്‍ ഇവരെ അറിയിച്ചിരുന്നത്. അതേസമയം പരിപാടിക്ക് ശേഷം അതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും സംഘടന തങ്ങളെ അറിയിച്ചിട്ടില്ലെന്നും തങ്ങള്‍ അതിനായി കാത്തിരിക്കുകയാണെന്നും ഗാന്ധി ദര്‍ശന്‍ പറയുന്നു.

കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതി. 5 ടീസ് ജനുവരി മാര്‍ഗിലും രാജ്ഘട്ടിനോട് ചേര്‍ന്നുള്ള ഗാന്ധി ദര്‍ശനിലുമായി ഇതിന് രണ്ട് ക്യാമ്പസുകളാണ് ഉള്ളത്. പ്രധാനമന്ത്രി ചെയര്‍മാനും സാംസ്‌കാരിക മന്ത്രി വൈസ് ചെയര്‍മാനുമായാണ് ഈ സമിതി പ്രവര്‍ത്തിക്കുന്നത്. മുതിര്‍ന്ന ഗാന്ധിയന്മാരും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളും ഈ സമിതിയില്‍ അംഗങ്ങളാണ്. ഗാന്ധിയുടെ ജീവിതവും ദര്‍ശനവും സാമൂഹിക വിദ്യാഭ്യാസ സാംസ്‌കാരിക പരിപാടികളിലൂടെ ജനങ്ങളിലെത്തിക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം.

ഗാന്ധി ദര്‍ശന്‍ ക്യാമ്പസിലെ ടാഗോര്‍ ഹാളും 20 ബെഡുകളുള്ള മൂന്ന് ഡോര്‍മെറ്ററികളുമാണ് സംഘാടകര്‍ വാടകയ്ക്ക് എടുത്തതെന്ന് ഗാന്ധി ദര്‍ശന്‍ അധികൃതര്‍ വ്യക്തമാക്കി. പല പ്രതിനിധികളും ഞായറാഴ്ച തന്നെ മടങ്ങിയെങ്കിലും കുറച്ചുപേര്‍ തിങ്കളാഴ്ചയാണ് മടങ്ങിയത്. എന്‍ജിഒകള്‍ പതിവായി പരിപാടികള്‍ക്കായി തങ്ങളെ സമീപിക്കാറുണ്ടെന്നും അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ചെറിയ ആര്‍എസ്എസ് പരിപാടികള്‍ ഇവിടെ നടന്നിട്ടുണ്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍