UPDATES

ട്രെന്‍ഡിങ്ങ്

‘ഓഖി’ ദുരന്തം: സഭ മാത്രമല്ല; ഇടതുപക്ഷവും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലാണ്- റൂബിന്‍ ഡിക്രൂസ്‌

ഇടതുപക്ഷത്തിന്, സിപിഐഎമ്മിന്, വലിയ ശക്തിയുള്ളതാണ് തിരുവനന്തപുരത്തെ തീരപ്രദേശം. നാല്പതു ശതമാനം തദ്ദേശ ജനപ്രതിനിധികളെങ്കിലും സിപിഐഎംകാരാണ്. അവരും ഇവിടത്തെ പാര്‍ടിയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലാണ്. ജനങ്ങളുടെ ഇടയിലാണ്. മാധ്യമങ്ങള്‍ അത് കാണുന്നില്ല എന്നേ ഉള്ളൂ

‘ഓഖി’ ദുരന്തം കടലോരമേഖലയില്‍ വിതച്ച ദുരന്തത്തില്‍ നിന്നും മതപരവും രാഷ്ട്രീയവുമായ താല്‍പര്യങ്ങള്‍ കൊയ്‌തെടുക്കാനുളള പ്രവണതയെ അങ്ങേയറ്റം ആശങ്കയോടെയാണ് എഴുത്തുക്കാരനും എഡിറ്ററുമായ റൂബിന്‍ ഡിക്രൂസ് കാണുന്നത്. അത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിനായി അദ്ദേഹം തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകളിടുന്നുണ്ട്. കഴിഞ്ഞ ദിവസം ലത്തീന്‍സഭ വികാരിയച്ചന് അദ്ദേഹം തുറന്ന കത്തെഴുതി. ഇന്ന് ഇടതുപക്ഷ സുഹൃത്തുക്കള്‍ക്കായ് കുറിച്ച വരികള്‍ അഴിമുഖം പ്രസിദ്ധീകരിക്കുന്നു.

തിരുവനന്തപുരം ജില്ലയുടെ തീരത്തെ മനുഷ്യജീവിതത്തെ കശക്കിയെറിഞ്ഞ ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് രാഷ്ട്രീയ മുതലെടുപ്പിന് തുനിയരുത് എന്ന് അഭ്യര്‍ത്ഥിച്ച് വികാരി ജനറല്‍ യൂജിന്‍ ഹിലാരി പെരേര അച്ചന് ഇന്നലെ ഞാന്‍ ഒരു തുറന്ന കത്തെഴുതിയിരുന്നു. ഇന്ന് എനിക്ക് പറയാനുള്ളത് ഇക്കാര്യത്തില്‍ പ്രതികരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയമുള്ളവരോടാണ്, പ്രത്യേകിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതുന്ന സിപിഐഎം അനുഭാവികളോടും പ്രവര്‍ത്തകരോടും.

ഒരു വലിയ മാനുഷിക ദുരന്തമാണ് തിരുവനന്തപുരത്തിന്റെ തീരത്തുണ്ടായിരിക്കുന്നത്. നൂറിലേറെ കുടുംബങ്ങളുടെ അന്നത്തിനു വഴിയുണ്ടാക്കുന്ന പുരുഷന്മാര്‍ കടലില്‍ നിന്ന് തിരിച്ചു വന്നില്ല. ഒരുപാടുപേരുടെ ജീവിതപങ്കാളികള്‍ ഇല്ലാതായി. സേനേഹരഹിതമായ, അനാഥമായ ജീവിതമാണിനി മുന്നില്‍. ഈ ദുരന്തം വിഴിഞ്ഞം, പൂന്തുറ, അടിമലത്തുറ, ചെറിയതുറ എന്നീ ഏതാനും സ്ഥലങ്ങളെ കേന്ദ്രീകരിച്ചാണുണ്ടായതെന്നും ഓര്‍ക്കണം. അവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ മീന്‍പിടിക്കാന്‍ പോയത്. മിക്കവാറും പേര്‍ മരിച്ചതും ഈ ഗ്രാമങ്ങളില്‍ നിന്നാണ്. സജീവ മത്സ്യബന്ധനം ഉള്ള മര്യനാട്, അഞ്ചു തെങ്ങ് എന്നീ സ്ഥലങ്ങളിലെ മീന്‍പിടുത്ത രീതിയുടെ വ്യത്യാസം കൊണ്ടാവണം അവിടെ നിന്നൊന്നും കാര്യമായി ആളുകള്‍ കടലിലുണ്ടായിരുന്നില്ല. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നും കാര്യമായ മരണമുണ്ടായില്ല.

അപ്രതീക്ഷിതമായി സമുദ്രത്തെയാകെ ഇളക്കി മറിച്ചുകൊണ്ടു വന്ന ചുഴലിക്കാറ്റ് ഇവിടത്തെ ജീവിതത്തെ ഇന്നലത്തെപ്പോലെ അല്ലാതാക്കിയിരിക്കുന്നു. രാത്രിയില്‍ ശാന്തമായിരുന്ന ഉള്‍ക്കടലാണ് പെട്ടെന്ന് കോളുകൊണ്ട് ഇളകി മറിഞ്ഞ് ശാന്തമായി മീന്‍പിടിച്ചിരുന്നവരുടെ മേല്‍ നേരം വെളുക്കുമ്പോഴേക്ക് വന്‍തിരമാലകളായി ആഞ്ഞടിച്ചത്. നൂറു കണക്കിന് മനുഷ്യരാണ് ജീവനും കയ്യിലെടുത്ത് പായാന്‍ തുടങ്ങിയത്. നിലയില്ലാത്ത, ആകെയിളകി, ആഞ്ഞടിക്കുന്ന കടലില്‍, തകര്‍ന്ന വള്ളത്തിലും ബോട്ടിലും കെട്ടിപ്പിടിച്ച്, കിട്ടിയ കച്ചിത്തുരുമ്പിലെങ്കിലും പിടിച്ചു തൂങ്ങി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചത് നൂറു കണക്കിനു പേരാണ്. ഉറ്റവര്‍ കടലില്‍ മുങ്ങി മരണത്തിലേക്കാണ്ടു പോകുന്നത് നിസ്സഹായരായി നോക്കി നില്‌ക്കേണ്ടി വന്നത് നൂറുകണക്കിനു പേര്‍ക്കാണ്. കുറേയേറെപ്പേരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനം കൊണ്ടു കഴിഞ്ഞു. നൂറു കണക്കിനുപേരെ രക്ഷപ്പെടുത്തി. എന്നാലും നാലപ്തു പേരുടെ ശവശരീരമാണ് കിട്ടിയത്. നൂറോളം പേരെ ഇനിയും കിട്ടാനുണ്ട്. അതില്‍ കൂടുതല്‍ ഉണ്ടോ എന്നതും വ്യക്തമല്ല. കേരളാതിര്‍ത്തിക്ക് തൊട്ടു തെക്കു കിടക്കുന്ന മീന്‍പിടുത്ത ഗ്രാമങ്ങളിലെ മനുഷ്യരും ഉണ്ട്. അവരും ഇവിടുത്തെ മനുഷ്യരുടെ ബന്ധുക്കളും ചാര്‍ച്ചക്കാരും ആണ്. മനുഷ്യബന്ധം സംസ്ഥാന അതിര്‍ത്തി വച്ചല്ലല്ലോ തീരുമാനിക്കുന്നത്. ഇതും ദുഖത്തെ വര്‍ധിപ്പിക്കുന്നു.

ഈ ജനങ്ങളുടെ മതനേതൃത്വത്തെയും ജനങ്ങളെ തന്നെയും ആക്ഷേപിക്കാനും വിമര്‍ശിക്കാനും ഈ അവസരത്തില്‍ മുതിരരുത് എന്ന് അഭ്യര്‍ത്ഥിക്കാനാണ് ഞാന്‍ ഇതെഴുതുന്നത്. കത്തോലിക്ക സഭ വിമര്‍ശനത്തിനുപരിയൊന്നുമല്ല. അതു പറയാനുള്ള സന്ദര്‍ഭമല്ല ഇതെന്നു മാത്രം. തങ്ങളുടെ ജീവിത പ്രശ്‌നം ഉന്നയിക്കുന്ന മതനേതൃത്വത്തെ ആക്ഷേപിക്കുന്നത് വിശ്വാസികള്‍ തങ്ങളെ അപമാനിക്കുന്നതായാണ് എടുക്കുന്നത്. സഭ ഇവിടെ ഒരു വിശ്വാസ പ്രശ്‌നമല്ല ഉന്നയിക്കുന്നത്. ഈ മാനുഷിക ദുരന്ത വേളയില്‍ അവരെ ആക്ഷേപിക്കരുത്. ഞങ്ങള്‍ നിങ്ങള്‍ക്ക് ഇത്രയും ആശ്വാസം തന്നില്ലേ, ഇത്രയും നഷ്ടപരിഹാരം പ്രഖ്യപിച്ചില്ലേ, കഴിയുന്നത്ര രക്ഷാ പ്രവര്‍ത്തനം നടത്തിയില്ലേ എന്നിട്ടും നിങ്ങളെന്താ ഇങ്ങനെ ഞങ്ങളുടെ നേര്‍ക്ക് വിമര്‍ശനമുന്നയിക്കുന്നത്, എന്ന മട്ടിലുള്ള ചില പോസ്റ്റുകള്‍ കണ്ടു. ഇവിടെ ഞങ്ങളും നിങ്ങളുമാവുന്നിടത്തു തന്നെ ഇടതുപക്ഷ രാഷ്ട്രീയം തോറ്റു. നമ്മളാണ്. നമ്മുടെ തൊഴിലാളി വര്‍ഗമാണ്. ഈ ചെയ്യുന്നതാണ് നമ്മുടെ രാഷ്ട്രീയം. അതെന്തോ ഔദാര്യം ചെയ്തു എന്ന മട്ടില്‍ പറയുന്നവരെ ഫ്യൂഡല്‍ ബോധമുള്ളവര്‍ എന്നല്ലേ പറയേണ്ടത്?

സഭയെന്തു ചെയ്തു? സഭയുടെ ഫണ്ടില്‍ നിന്ന് പണമെടുത്തു കൊടുത്താലെന്താ? സഭയ്ക്ക് പണമില്ലേ? സഭ പണം പിരിക്കുന്നില്ലേ? സഭയുടെ സ്ഥാപനങ്ങളില്‍ ജോലി കൊടുത്താലെന്താ? എന്നൊക്കെ ചോദിക്കുന്നതു കണ്ടു. അല്ലല്ലോ! ഒരു പ്രകൃതി ദുരന്തമുണ്ടായാല്‍ അതാത് സമുദായ നേതൃത്വമല്ലല്ലോ നഷ്ടപരിഹാരം ചെയ്യേണ്ടത്? ഈ ജനങ്ങളും കേരള പൌരരാണല്ലോ? ഇവരും നമ്മുടെ ദേശീയ ഉല്പാദനത്തില്‍ സംഭാവന ചെയ്യുന്നുണ്ടല്ലോ? ഇവര്‍ ജീവന്‍ പണയം വച്ച് പിടിച്ചു കൊണ്ടു വരുന്ന മീന്‍ തിന്നു കിട്ടുന്ന പ്രോട്ടീനുമായാണല്ലോ മറ്റെല്ലാവരും ജോലിക്ക് പോകുന്നത്? അപ്പോള്‍ കേരളത്തിന്റെ സമ്പത്ത് ഇവരുണ്ടാക്കുന്നതും കൂടെയാണ്. അതില്‍ നിന്ന് ജോലിക്കിടയില്‍ ജീവന്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. ഇവരുടെ കുടുംബങ്ങള്‍ അനാഥരായെങ്കില്‍ അവരെ ഇനി സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യത ആണ്.

മുഖ്യമന്ത്രി വിഴിഞ്ഞത്ത് പോയപ്പോള്‍ ആരൊക്കെയോ കയര്‍ത്തു സംസാരിച്ചു, ഒരാള്‍ മുഖ്യമന്ത്രിയുടെ കാറിന്മേല്‍ അടിച്ചു, മുഖ്യമന്ത്രിക്ക് കാറിനടുത്തേക്ക് വരാനായില്ല എന്നതൊക്കെയാണ് ചിലരെ പ്രകോപിപ്പിക്കുന്നത്. കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെ കടുത്ത അഭ്യുദയകാംക്ഷി ആയിക്കൊണ്ടു തന്നെ പറയട്ടെ, ഇവിടെ അസാധാരണമായൊന്നും സംഭവിച്ചില്ല. അമ്പതു പേര്‍ ഒറ്റയടിക്ക് മരിച്ച വേറെ ഏതു ഗ്രാമത്തില്‍ പോയിട്ടാണ് ഏത് കേരള മുഖ്യമന്ത്രിക്കായാലും ഇത്രയെങ്കിലും പ്രതിഷേധം ഇല്ലാതെ തിരിച്ചു വരാനാവുന്നത്? ചങ്ങനാശ്ശേരിയില്‍ ഇതു പോലെ അമ്പതുപേര്‍ മരിച്ചാല്‍ കേരള മുഖ്യമന്ത്രി പോയാല്‍ ഇതേ പ്രതികരണം ഉണ്ടാവില്ലേ? പയ്യന്നൂരില്‍ ഇത്തരമൊരു ദുരന്തവേളയില്‍ ഉമ്മന്‍ ചാണ്ടി വന്നാല്‍ എന്തായിരിക്കും പ്രതികരണം? മത്സ്യത്തൊഴിലാളികള്‍ വികാര ജീവികളാണ് അവര്‍ ഇങ്ങനെയൊക്കെ പ്രതികരിക്കും എന്നൊക്കെ പറയുന്നത് പൊതുബോധ നിര്‍മിതി കൊണ്ടാണ്. കേരളത്തിലെവിടെ ഇങ്ങനെ ഒരു സാഹചര്യത്തില്‍ പോയാല്‍ ഉണ്ടാവുന്നതിനെക്കാളും നിയന്ത്രിതമായ പ്രതികരണമേ വിഴിഞ്ഞത്തും പൂന്തുറയും ഉണ്ടായുള്ളു. ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ പള്ളി മുറ്റത്ത് വന്ന് ആര്‍ത്തലയ്ക്കുകയായിരുന്നു. പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും അസാധാരണമാം വിധം അവരെ പ്രകോപിപ്പിക്കാന്‍ നോക്കിയിട്ടും ആത്മസംയമനം പാലിച്ചു.

നാളെ ലത്തീന്‍ കത്തോലിക്ക സഭയുടെ തിരുവനന്തപുരം രൂപതയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടക്കുകയാണ്. സഭ നേരിട്ടു രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ എതിര്‍ക്കുന്ന ഒരാളാണ് ഞാന്‍. പക്ഷേ, ആ തര്‍ക്കത്തിനുള്ള സമയമല്ല ഇത്. പല ഇടതുപക്ഷ അനുഭാവികളെയും പ്രകോപിച്ചത് ശവശരീരങ്ങളുമായി മാര്‍ച്ചു ചെയ്യും എന്ന പ്രസ്താവനയാണ്. ഈ മാനവദുരന്തത്തിന്റെ സാഹചര്യത്തിലേ അതിനെ കാണാവൂ. മാത്രവുമല്ല, സംസ്ഥാന സെക്രട്ടേറിയേറ്റിലേക്കല്ല, കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയുടെ രാജ്ഭവനിലേക്കാണ് മാര്‍ച്ച്. കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ ഇനിയും ഒരുപാട് ചെയ്യാനുണ്ട് എന്നതില്‍ തര്‍ക്കമുണ്ടോ?കേരള സര്‍ക്കാരിന് വേണ്ടി സഖാവ് കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ കത്തോലിക്ക സഭയുമായും ഇവിടത്തെ ജനങ്ങളുമായും ഫലപ്രദമായതും പക്വതയുള്ളതുമായ ആശയവിനിമയം നടക്കുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനെ പിന്തുണയ്ക്കുകയാണ് വേണ്ടത്.

അവസാനമായി, ഇടതുപക്ഷത്തിന്, സിപിഐഎമ്മിന്, വലിയ ശക്തിയുള്ളതാണ് തിരുവനന്തപുരത്തെ തീരപ്രദേശം. നാല്പതു ശതമാനം തദ്ദേശ ജനപ്രതിനിധികളെങ്കിലും സിപിഐഎംകാരാണ്. അവരും ഇവിടത്തെ പാര്‍ടിയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലാണ്. ജനങ്ങളുടെ ഇടയിലാണ്. മാധ്യമങ്ങള്‍ അത് കാണുന്നില്ല എന്നേ ഉള്ളൂ. അവര്‍ സഭയെ മാത്രമേ കാണുന്നുള്ളു. പക്ഷേ, ഇടതുപക്ഷക്കാര്‍ സഹപ്രവര്‍ത്തകരെ കാണണം, പിന്തുണയ്ക്കണം.

ഇത്രയും പറഞ്ഞുകൊണ്ട് നീണ്ടു പോയ ഈ പോസ്റ്റ് അവസാനിപ്പിക്കട്ടെ,
അഭിവാദ്യങ്ങളോടെ,

റൂബിന്‍ ഡിക്രൂസ്

റൂബിന്‍ ഡിക്രൂസ്

റൂബിന്‍ ഡിക്രൂസ്

എഴുത്തുകാരന്‍, പ്രസാധകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍