UPDATES

ട്രെന്‍ഡിങ്ങ്

എന്തിനായിരുന്നു എസ്.കെ ശര്‍മയ്ക്ക് ഇത്ര ദാരുണമായ ഒരന്ത്യം നാം നല്‍കിയത്? ചോദ്യം കേരളത്തിന്റെ മന:സാക്ഷിയോടാണ്

വിജയിച്ച ഒരു ലേബര്‍ കോണ്‍ട്രാക്ടറില്‍ നിന്ന് ഒരു ദിവസം നേരം വെളുത്തപ്പോള്‍ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ട കഥയാണ് ശര്‍മ്മയുടേത്

നമ്പി നാരായണനൊപ്പം ഐഎസ്ആര്‍ഒ ചാരക്കേസില്‍ അകപ്പെടുകയും പിന്നീട് കുറ്റവിമുക്തനാകുകയും ചെയ്ത എസ് കെ ശര്‍മ്മ ഇന്ന് അന്തരിച്ചപ്പോള്‍ കേരളത്തെ അതൊരു ഒരിക്കലും മാറാത്ത കുറ്റബോധമാകുകയാണ്. നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം കൈമാറിയെങ്കിലും അന്ന് ഐഎസ്ആര്‍ഒയിലെ ലേബര്‍ കോണ്‍ട്രാക്ടര്‍ ആയിരുന്ന എസ് കെ ശര്‍മ്മയ്ക്ക് നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. 12 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് കാന്‍സര്‍ രോഗബാധിതനായിരുന്ന അദ്ദേഹം ബംഗളൂരുവില്‍ വച്ച് മരണത്തിന് കീഴടങ്ങിയത്.

വിജയിച്ച ഒരു ലേബര്‍ കോണ്‍ട്രാക്ടറില്‍ നിന്ന് ഒരു ദിവസം നേരം വെളുത്തപ്പോള്‍ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ട കഥയാണ് ശര്‍മ്മയുടേത്. ‘എന്നെ അവര്‍ കേട്ടലറയ്ക്കുന്ന പേരുകളാണ് വിളിച്ചത്. തുടരെ തുടരെ തല്ലി, ഒരാള്‍ പോകുമ്പോള്‍ അടുത്തയാള്‍ എന്ന രീതിയില്‍ ഇത് തുടര്‍ന്നു. ഇതെല്ലാം എന്തിനായിരുന്നെന്ന് എനിക്കറിയില്ല’ ശര്‍മ്മ ഒരിക്കല്‍ താന്‍ പോലീസ് കസ്റ്റഡിയില്‍ നേരിട്ട മര്‍ദ്ദനങ്ങളെ കുറിച്ച് പറഞ്ഞു. 1994 നവംബര്‍ 21ന് ബംഗളൂരുവിലെ ഡിആര്‍ഡിഒ ലാബില്‍ നിന്നും അറസ്റ്റ് ചെയ്യുമ്പോള്‍ ശര്‍മ്മയ്ക്ക് 34 വയസ്സായിരുന്നു പ്രായം. അതോടെ തങ്ങളുടെ ജീവിതം മാറി മറിഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ ഒരിക്കല്‍ പറഞ്ഞത്. പെണ്‍മക്കളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. അധ്യാപകര്‍ അടക്കമുള്ളവര്‍ അവരെ അപമാനിച്ചു. രാജ്യദ്രോഹികളെന്ന് വിളിച്ചു. ജയിലില്‍ നിന്നിറങ്ങിയിട്ടും അപമാനവും ഒറ്റപ്പെടുത്തലും തുടര്‍ന്നു. ക്ലബില്‍ ചെന്നാല്‍ തന്നെക്കണ്ടാല്‍ പലരും പോകും. പലര്‍ക്കും എന്നെ പേടി പോലെ ആയിരുന്നു. അവരുടെ വൈകുന്നേരത്തെ ഒഴിവ് സമയങ്ങള്‍ നശിപ്പിക്കേണ്ടെന്ന് കരുതി താന്‍ പിന്നീട് അവിടെ പോകുന്നത് നിര്‍ത്തിയെന്നും ഒരിക്കല്‍ എസ്‌കെ ശര്‍മ പറഞ്ഞിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തോട് അന്വേഷിക്കാന്‍ ആരും തയ്യാറായതുമില്ല.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ട കെ ചന്ദ്രശേഖരന്റെ അടുത്ത സുഹൃത്തായിരുന്നു ശര്‍മ്മ. ഇരുവരും എണ്‍പതുകളുടെ തുടക്കത്തില്‍ മുതല്‍ സുഹൃത്തുക്കളായിരുന്നെന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും ഇളയ മകളായ മോനിഷ ശര്‍മ്മ പറയുന്നത്. ബംഗളൂരുവിലെ ഇസിഎ ക്ലബ്ബില്‍ നിന്നാണ് ഈ സൗഹൃദം ആരംഭിക്കുന്നത്. 1994ല്‍ ഒരു ദിവസം താന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പരിചയപ്പെട്ട രണ്ട് മാലിദ്വീപ് സ്വദേശികളില്‍ ഒരാളുടെ മകള്‍ക്ക് സ്‌കൂള്‍ അഡ്മിഷന് വേണ്ടി ചന്ദ്രശേഖര്‍ ശര്‍മ്മയെ വിളിച്ചു. ഇടനിലക്കാരാല്‍ കബളിപ്പിക്കപ്പെട്ട് ഭാഷ മനസിലാകാതെ വിമാനത്താവളത്തില്‍ പെട്ട് പോയ അവരെ ചന്ദ്ര സഹായിക്കുകയായിരുന്നു. പിന്നീട് തനിക്കറിയാവുന്ന ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് സംസാരിച്ച് ശര്‍മ്മ കുട്ടിയ്ക്ക് അഡ്മിഷന്‍ നേടിക്കൊടുത്തു. അതിന് മാസങ്ങള്‍ക്ക് ശേഷം അറസ്റ്റിലാകുമ്പോഴും അവരെക്കുറിച്ച് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ ഇദ്ദേഹത്തിനറിയുമായിരുന്നുള്ളൂ. ചന്ദ്രശേഖറുമായുള്ള ബന്ധമാണ് ശര്‍മ്മയെ ഈ കേസിലേക്ക് വലിച്ചിഴച്ചത്.

ബംഗളൂരുവില്‍ രണ്ട് ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷം മൊഴി നല്‍കാനായി തിരുവനന്തപുരത്ത് വരണമെന്ന് അദ്ദേഹത്തോട് പോലീസ് ആവശ്യപ്പെടുകയായിരുന്നു. നവംബര്‍ 26ന് തന്റെ അഭിഭാഷകനൊപ്പം തിരുവനന്തപുരത്ത് എത്തുകയും ചെയ്തു. എന്നാല്‍ ഇവിടെ എല്ലായിടങ്ങളിലും തന്റെ ചിത്രം പ്രസിദ്ധീകരിച്ച പത്രങ്ങളിലേക്ക് നോക്കിയിരിക്കുന്ന ജനങ്ങളെയാണ് അദ്ദേഹം കണ്ടത്.

ഡിസംബര്‍ ഒന്നിനാണ് കേരള പോലീസും ഐബിയും അദ്ദേഹത്തിന്റെ മൊഴിയെടുക്കാനായി വിളിപ്പിച്ചത്. എന്നാല്‍ മൊഴി നല്‍കാനായി എത്തിയപ്പോഴാണ് താന്‍ അറസ്റ്റിലായി എന്ന് അദ്ദേഹത്തിന് മനസിലായത്. അതിന് ശേഷം മരണം വരെയും വേട്ടയാടിയ ക്രൂരമായ അനുഭവങ്ങളുടെ തുടര്‍ക്കഥകളാണ് അദ്ദേഹം നേരിട്ടത്. പ്രമേഹ രോഗിയായിരുന്ന അദ്ദേഹത്തിന് മരുന്ന് പോലും നിഷേധിച്ചായിരുന്നു കേരള പോലീസ് അന്ന് ‘രാജ്യസ്‌നേഹം’ പ്രകടിപ്പിച്ചത്.

1998ല്‍ നമ്പി നാരായണനും ചന്ദ്രശേഖറിനുമൊപ്പം കുറ്റവിമുക്തനാക്കപ്പെട്ടപ്പോള്‍ സുപ്രിംകോടതി പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ മാത്രമാണ് ശര്‍മ്മയ്ക്ക് ലഭിച്ചിട്ടുള്ളത്. കേരള സര്‍ക്കാരിനും പോലീസിനുമെതിരായ നഷ്ടപരിഹാര കേസ് ഇരുപത് വര്‍ഷമായിട്ടും ഇപ്പോഴും കോടതിയില്‍ തുടരുകയാണ്. നമ്പി നാരായണന് സുപ്രിംകോടതി പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയായ 50 ലക്ഷം രൂപ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിരുന്നു. സുപ്രിംകോടതി വിധി വന്ന സെപ്തംബര്‍ 14ന് ചന്ദ്രശേഖര്‍ അബോധാവസ്ഥയിലാകുകയും രണ്ട് ദിവസത്തിന് ശേഷം മരിക്കുകയും ചെയ്തു. എന്തിനായിരുന്നു ശര്‍മ്മയ്ക്കും ചന്ദ്രശേഖറിനും ഇത്ര ദാരുണമായ ഒരന്ത്യം നാം നല്‍കിയതെന്ന് കേരളത്തിന്റെ മനസാക്ഷി ഇനിയെന്നും ചിന്തിച്ചുകൊണ്ടിരിക്കും. കാരണം ഒരിക്കലും മാറാത്ത ഒരു കുറ്റബോധം നമുക്ക് നല്‍കിയാണ് അദ്ദേഹം ജീവിതത്തില്‍ നിന്നും വിടവാങ്ങിയിരിക്കുന്നത്.

ശര്‍മ്മയെ തനിക്ക് ചാരക്കേസിന് മുമ്പേ അറിയാമായിരുന്നെന്ന് നമ്പി നാരായണന്‍ അഴിമുഖത്തോട് പ്രതികരിച്ചു. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനായിരുന്നു. ചാരക്കേസില്‍ ഇരയായ ശേഷം സാമൂഹികമായി ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചിരുന്നു. സാമ്പത്തികമായി മാത്രമല്ല ആരോഗ്യപരമായും സമൂഹത്തില്‍ നിന്നേറ്റ അധിക്ഷേപങ്ങളുമെല്ലാം അദ്ദേഹത്തെ തകര്‍ത്തു. ലേബര്‍ കോണ്‍ട്രാക്ട് കൂടാതെ സ്റ്റീല്‍ കമ്പനി പോലെ വേറെയും ബിസിനസുകളുണ്ടായിരുന്നു. അതെല്ലാം ഇതോടെ പൊളിഞ്ഞ് നാശമായി. അടുത്തകാലത്തും താനദ്ദേഹത്തെ കണ്ടിരുന്നതായും നമ്പി നാരായണന്‍ വ്യക്തമാക്കി. കെട്ടച്ചമച്ച ഒരു കേസാണ് ആ മനുഷ്യന്റെയും ജീവിതത്തെ നാശമാക്കിയതെന്ന് ദയനീയമാണ്- നമ്പി നാരായണന്‍ പറഞ്ഞ് അവസാനിപ്പിച്ചു.

മനോരമയ്ക്ക് ‘മറിയം തുറന്നുവിട്ട ഭൂതം’, മാതൃഭൂമിക്ക് ‘ബഹിരാകാശത്ത് ചാരപ്പുക’, ദേശാഭിമാനിക്ക് ‘ചാരപഥം’; മലയാളിയോട് ഈ മാധ്യമങ്ങള്‍ പറഞ്ഞ കഥകളാണ്

‘അന്ന് ക്രിമിനലെന്നു മുദ്രകുത്തി പോലീസ് ജീപ്പില്‍ കൊണ്ടുപോയി, ഇന്ന് അതേ വീട്ടിലേക്ക് സര്‍ക്കാര്‍ കാറില്‍’; പോരാട്ടം ഓര്‍ത്തെടുത്ത് നമ്പി നാരായണന്‍

Explainer: ഗുജറാത്തിലെ പ്ലേഗ് ബാധ മുതൽ തുടങ്ങുന്ന ചാരക്കേസ്; കേരള രാഷ്ടീയത്തെ സിഐഎ കൈവെള്ളയിലെടുത്തതിന്റെ ചരിത്രം

നമ്പി നാരായണന്‍/അഭിമുഖം: ഒരു മീന്‍ കുട്ടയില്‍ വെച്ച് കടത്തിക്കൊടുക്കാന്‍ കഴിയുന്നതാണോ ഈ സങ്കേതിക വിദ്യ?

എന്റെ ഭാര്യയെ അവര്‍ മഴയത്ത് ഓട്ടോയില്‍ നിന്നിറക്കി വിട്ടിട്ടുണ്ട്; അമേരിക്കന്‍ പൗരത്വം വേണ്ടെന്ന് പറഞ്ഞവനാണ് ഞാന്‍, എന്നിട്ടാണ് എന്നെ ചാരനാക്കിയത്: നമ്പി നാരായണന്‍ സംസാരിക്കുന്നു

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍