UPDATES

ട്രെന്‍ഡിങ്ങ്

ചിലങ്കയണിഞ്ഞ രാഷ്ട്രീയ നൃത്തം അങ്ങനെ അവസാനിക്കുന്നു; ടി എന്‍ ജോയിയെക്കുറിച്ച് തന്നെ

രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഏതോ കയങ്ങളില്‍ നിന്ന് കരപറ്റി താല്‍ക്കാലികമായിട്ടെങ്കിലും മറ്റു രസങ്ങളില്‍ അലയുന്ന/അലിയുന്ന അവസ്ഥയായിരുന്നു ജോയി ചേട്ടന്റേത്‌

മായാ എസ്

മായാ എസ്

2002-2003 വര്‍ഷങ്ങളിലാണ് (നജ്മല്‍ ബാബുവായി മാറിയ) ജോയിചേട്ടനെ ഞാന്‍ പരിചയപ്പെടുന്നത്. എം ജി യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം ചെയ്യുന്ന കാലം. കോട്ടയത്ത് നിന്നും ഇടയ്ക്കിടെ തിരുവനന്തപുരത്തേക്ക് ഷട്ടിലടിച്ചിരുന്ന കാലം. അവിടെ മൈത്രയ-ജയശ്രീച്ചേച്ചിയുടെ വീട്ടില്‍ മിക്ക ദിവസവും പോയിരുന്നു. അന്നവിടെ ജോയിച്ചേട്ടനും താമസിച്ചിരുന്നു. ഉള്ളൂരു നിന്നും കുറച്ചുള്ളിലേക്കു പോയാല്‍ പുലയനാര്‍ക്കോട്ട എന്നയിടത്തുനിന്നും വീണ്ടും കുറച്ചുള്ളിലേക്കു പോയാലുള്ള വീട്. അവിടെ ജോയിചേട്ടനെ ഞാന്‍ കാണുന്നത് ഒരു ചിലങ്കയും കയ്യില്‍പ്പിടിച്ചു ചാരുകസേരയിലിരുന്നു ആരോടോ ഫോണില്‍ സംസാരിക്കുന്നതായിട്ടാണ്. ഈ ചിലങ്കയില്‍ എത്ര മണികളുണ്ടെന്നറിയാമോ എന്നൊക്കെ ചോദിച്ചുകൊണ്ട് എണ്ണുകയും പറയുകയും ചെയ്യുന്നത് കാണാം. ഇത് പലപ്പോഴും കേള്‍ക്കാം എന്നതാണ് രസം. അപ്പോള്‍ ആരോടൊക്കെയാണ് ചിലങ്കയുടെ കാര്യം പറയുന്നത് ചേട്ടാ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. എല്ലാവരോടും പറയുകയാണോ! ഫോണിലൂടെ ചിലങ്കയുടെ ശബ്ദം കേള്‍പ്പിച്ചു കൊടുക്കുന്നതും കേള്‍ക്കാം!

ജോയ് ആരാണെന്നൊന്നും എനിക്കാദ്യം മനസ്സിലായില്ല. അല്ലെങ്കിലും അവിടെ അന്നത്തെ രീതിയനുസരിച്ചു എല്ലാവര്‍ക്കും അറിയാം അവിടെക്കൂടുന്നവരൊക്കെ ജീവിതത്തിന്റെ ഏതൊക്കെയോ ഘട്ടങ്ങളില്‍ ചുറ്റിത്തിരിയുന്നവരാണ് എന്ന്. ഏതോ ഘട്ടത്തില്‍ നിന്നു അടര്‍ന്നു പോന്നു മറ്റേതോ ഘട്ടത്തിലേക്ക് പോകുന്നവര്‍. ഞാനും അങ്ങനെത്തന്നെയായിരുന്നു. അടിയന്തിരാവസ്ഥക്കാലത്തെകുറിച്ചൊന്നും എനിക്കന്നത്രയ്ക്കു മനസ്സിലായിട്ടില്ല. അക്കാലഘട്ടങ്ങളില്‍ ജനിച്ച ഒരാളെന്ന നിലക്ക് എനിക്ക് അതേക്കുറിച്ചു കേട്ടറിവും വായിച്ചറിവും മാതമേയുള്ളു ചെറിയ തോതില്‍. എങ്കിലും തീവ്ര ഇടതുപക്ഷത്തെക്കുറിച്ചു ഞാന്‍ കുറെ വായിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നു. പഞ്ചാഗ്‌നി എന്ന സിനിമ സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ അഞ്ചാറു തവണ കണ്ടിട്ടുമുണ്ട്. സാമൂഹികമായി യാതൊരു വര്‍ത്തമാനവും കേള്‍ക്കാനിടയില്ലാത്ത സാധാരണ മധ്യവര്‍ഗ കുടുംബത്തിലെ ഗവണ്മെന്റ് ജോലിക്കാരായ മാതാപിതാക്കളുടെ ന്യൂക്ലിയര്‍ കുടുംബത്തില്‍ ജീവിച്ച എനിക്ക്, പ്രായപൂര്‍ത്തിയായതിന്റെ അനിവാര്യമായ അഹങ്കാരത്തില്‍ എന്റേതായ സാമൂഹിക എടുത്തു ചാട്ടങ്ങള്‍ വഴി ലഭിച്ച വിവരങ്ങളെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ളു. എങ്കിലും ഞാന്‍ നല്ല പോലെ എടുത്തു ചാടി നീന്തിത്തുടിച്ചു വീണ്ടുമിറങ്ങിപ്പോകേണ്ടുന്ന വിധമുള്ള ചില കരകള്‍ കണ്ടു നില്‍ക്കുന്ന സമയമായിരുന്നു അന്ന്.

രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഏതോ കയങ്ങളില്‍ നിന്ന് കരപറ്റി താല്‍ക്കാലികമായിട്ടെങ്കിലും മറ്റു രസങ്ങളില്‍ അലയുന്ന/അലിയുന്ന അവസ്ഥയാണ് ജോയിചേട്ടന്റേതെന്നു എനിക്കു മനസ്സിലായി. ചിലങ്കയും പുല്ലാങ്കുഴലുമായിരുന്നു അന്ന് ജോയിച്ചേട്ടന്റെ സന്തത സഹചാരികളായി ഞാന്‍ കണ്ടത്. ഏതോ പ്രേമത്തിലാണല്ലേ എന്ന് ഞാന്‍ കളിയാക്കിയിട്ടുമുണ്ട്. എന്നെയും എന്റെ കൂടെ സ്ഥിരം സന്ദര്‍ശകനായിരുന്ന സുഹൃത്തിനെയും ജോയിക്ക് വലിയ സ്‌നേഹമായിരുന്നു. ആ കാലഘട്ടത്തില്‍ കണ്ടതിനു ശേഷം ഫേസ്ബുക്കിലാണ് കണ്ടത് അഞ്ചാറു കൊല്ലത്തിനു ശേഷം. ആ സ്‌നേഹം എന്നോട് പിന്നീടും ജോയിച്ചേട്ടന്‍ കാണിച്ചിരുന്നു. ഫേസ്ബുക്കിലൂടെ! അപ്പോഴെന്റെ ആദ്യ നോവല്‍ ‘മധ്യവേനലവധിക്കു’ ഇറങ്ങിയിരുന്നു. അതിലെ കഥാപാത്രമായ ഹിത എന്ന പേരിലാണ് പിന്നെ ജോയിച്ചേട്ടന്‍ എന്നെ വിളിച്ചുകൊണ്ടിരുന്നത്. ഞാന്‍ എഴുതിയത് വായിക്കുകയും അംഗീകരിക്കുകയും ചെയ്ത അപൂര്‍വ്വം സുഹൃത്തുക്കളില്‍ ഒരാള്‍ ജോയിച്ചേട്ടന്‍ തന്നെയാണ്. ഫെമിനിസ്റ്റ്, ബുദ്ധിജീവി, ആക്ടിവിസ്റ്റ്, എഴുത്തു- ഗ്രൂപ്പുകളില്‍ അധികം ആരും എന്റെ നോവലിനെ കണ്ടെന്നു നടിച്ചിട്ടില്ല എന്നെനിക്കു തോന്നാറുണ്ടായിരുന്നു. അക്കാദമിക് രംഗത്ത് നിന്നും ഉള്ളവര്‍ കുറെയേറെ എന്റെ എഴുത്തിനെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തുവെങ്കിലും ആക്ടിവിസ്റ്റ്/എഴുത്തു മേഖലയിലുള്ളവര്‍ വിമര്‍ശിക്കുകയെങ്കിലും ചെയ്തിട്ടില്ല എന്നൊരു പരാതി ഞാന്‍ പറയും. സെല്‍ഫ് പ്രൊമോഷന്റെ കാലമല്ലേ. എന്നിങ്ങനെ ജോയിച്ചേട്ടന്‍ ചിരിക്കും. ചേട്ടനിപ്പോള്‍ ഒരു ബുട്ടി കണ്‍സല്‍ട്ടന്റ് ആയി കൊടുങ്ങല്ലൂരിലുണ്ടെന്നും പറഞ്ഞു. ഞാന്‍ അത്ഭുതപ്പെട്ടു. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വില്‍ക്കുകയോ! അങ്ങിനെയൊക്കെയുള്ള കാര്യങ്ങള്‍ ഒരു വിപ്ലവരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആള്‍ ചെയ്‌തേക്കാവുന്നതാണോ! ജോയിച്ചേട്ടന്‍ ചിരിച്ചു.. അല്ലാതെ അതേപ്പറ്റി വിശദീകരണം ഒന്നും പറഞ്ഞില്ല. ഒരു പുസ്തകം എഴുതിയതിന്റെ പേര് ‘നേതി നേതി’ എന്നാണെന്നു പറഞ്ഞു. അയ്യോ അത് ഞാന്‍ എന്റെ ആത്മകഥയ്ക്കിടാന്‍ വെച്ചതാണെന്നു ഞാന്‍ വിലപിച്ചു. അത് സാരമില്ല എന്റെ പുസ്തകത്തിനിട്ടു എന്ന് വെച്ച് ഒന്നുമാകാന്‍ പോകുന്നില്ല, അതേ പേരിടാമല്ലോ പുസ്തകത്തിന്. എന്ന് ചിരിച്ചു ജോയിച്ചേട്ടന്‍.

ഞാന്‍ തൃശൂര്‍ കേരളവര്‍മ കോളേജില്‍ വന്ന ശേഷം കൊടുങ്ങല്ലൂരില്‍ ഇടക്ക് പോകണമെന്ന് കരുതിയെങ്കിലും ജോലിസംബന്ധമായ തൊന്തരവുകളും മറ്റും കാരണം സാമൂഹികത മുരടിച്ച പോലെയാക്കുന്നതിനാല്‍ ഒന്നും നടക്കാറില്ല. ചില പൊതു പരിപാടികളില്‍ വെച്ച് തൃശ്ശൂരില്‍ ഒന്ന് രണ്ടു തവണ കണ്ടുമുട്ടി, പേര് മാറ്റിയ കഴിഞ്ഞ മൂന്നാലു വര്‍ഷം മുന്‍പേ. പിന്നെ അവസാനമായി കണ്ടത് മൂന്നാഴ്ച മുന്‍പ് സെപ്തംബര്‍ പതിനാലു വൈകുന്നേരം തേക്കിന്‍കാട് മൈതാനം-വടക്കുന്നാഥ- തെക്കേ ഗോപുരനടയില്‍ കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഡ്ഡ്യം ആയിട്ടുള്ള പൊതു പരിപാടിയിലാണ്. ജോയിച്ചേട്ടന്‍ നിങ്ങള്‍ക്ക് വയസ്സായി എന്നു തോന്നുന്നു, ഇനി ബ്യുട്ടിഫിക്കേഷന്‍ കൊണ്ടൊന്നും കാര്യമില്ലാട്ടോ, മറവിയും തുടങ്ങിയല്ലെ എന്നൊക്കെ ഞാന്‍ പറഞ്ഞു. ചേട്ടന്റെ ചിലങ്ക ഇപ്പോള്‍ എവിടെയുണ്ട്.. ചിലങ്ക ഞാന്‍ മറക്കില്ലട്ടോ എന്നും ഞാന്‍ പറഞ്ഞു. എനിക്ക് ഭ്രാന്താണ്.. കഷ്ട്ടാണ് കാര്യങ്ങള്‍ എന്നൊക്കെയാണ് ജോയിച്ചേട്ടന്‍ പറഞ്ഞത്. ലോകകാര്യങ്ങള്‍ കഷ്ടമാണ് എന്നാണോ അതോ ലോകകാര്യങ്ങള്‍ നോക്കാന്‍ നടന്നു ജീവിതം കഴിച്ച ജോയിചേട്ടനെപ്പോലുള്ളവരുടെ കാര്യമൊക്കെ മഹാകഷ്ട്ടമാണ് എന്നാണോ പറഞ്ഞത്? രണ്ടും ശരിയാണല്ലോ. സാമൂഹ്യ പ്രവര്‍ത്തനത്തിന്റെയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും അര്‍ത്ഥവ്യത്യാസം, വേഷപ്പകര്‍ച്ച, നിലവാരത്തകര്‍ച്ച, എല്ലാം കൊണ്ടും കഷ്ട്ടമായ ഈ ലോകത്തു നിന്ന് പെട്ടെന്ന് പോയ പോലെ ജോയിച്ചേട്ടന്‍ വേദനയുടെ ഓര്‍മ അവശേഷിപ്പിക്കുന്നു. ചിലങ്കയണിഞ്ഞ രാഷ്ട്രീയ നൃത്തം അങ്ങിനെ അവസാനിക്കുന്നു. സ്‌നേഹത്തിനും സ്വാര്‍ത്ഥമില്ലായ്കയ്ക്കുമൊപ്പം വേദന സ്വാഭാവികം.

അടിയന്തരാവസ്ഥ പെന്‍ഷന്‍ കാര്യത്തില്‍ സിപിഎം നേതാക്കളുടെ നെഗറ്റീവ് സമീപനം ജോയ് പ്രതീക്ഷിക്കാത്തതായിരുന്നു; കെ വേണു തുറന്നു പറയുന്നു

മുഖത്ത് നോക്കി വര്‍ത്തമാനം പറയുന്ന, നാല് തെറി പറയുന്ന പെണ്ണുങ്ങളോട് ജോയിക്ക് ബഹുമാനമായിരുന്നു-ജോളി ചിറയത്ത് സംസാരിക്കുന്നു

സിംഹങ്ങളെ സ്വപ്നം കണ്ട് നീ ഉറങ്ങുന്നു: ടി എന്‍ ജോയിക്ക് ചുള്ളിക്കാടിന്റെ കാവ്യാഞ്ജലി

എന്തിനാണ് ജോയി ഒളിച്ചിരിക്കുന്നത്? ഒരിക്കല്‍ സക്കറിയ ചോദിച്ചു

 

 

മായാ എസ്

മായാ എസ്

എഴുത്തുകാരി, കേരള വര്‍മ്മ കോളേജില്‍ ഫിലോസഫി അദ്ധ്യാപിക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍