UPDATES

ട്രെന്‍ഡിങ്ങ്

ആള്‍ദൈവം, സമുദായ നേതാവ്, റിട്ടയേര്‍ഡ് ഐപിഎസ്; സംഘപരിവാറിന്റെ ഉത്തരേന്ത്യൻ മാതൃക കേരളത്തിന്റെ മണ്ണിൽ വേവുമോ?

ബി ജെ പിയുടെ സമരം പൊളിഞ്ഞു എന്നത് ഒരു യാഥാർഥ്യമാണെങ്കിലും ഇന്നലെ പുത്തരിക്കണ്ടം മൈതാനത്തു സംഘടിപ്പിക്കപ്പെട്ട ഭക്തജന സംഗമം അവരുടെ കൂടി പങ്കാളിത്തത്തോടു കൂടിയായിരുന്നുവെന്ന കാര്യം വിസ്മരിച്ചുകൂട

കെ എ ആന്റണി

കെ എ ആന്റണി

ശബരിമല കർമ്മ സമിതി ഇന്നലെ തിരുവനതപുരം പുത്തിരിക്കണ്ടം മൈതാനത്തു സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമത്തിൽ ഭക്തലക്ഷങ്ങൾ ഇരമ്പിയെത്തിയെന്നും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നാപജപ ഘോഷയാത്ര വൻ സ്ത്രീജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി എന്നും ഇന്നത്തെ മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ‘സർക്കാരിന് വിമർശനവും താക്കീതുമായി ഭക്ത സംഗമം’ എന്ന തലക്കെട്ടിൽ നൽകിയിട്ടുള്ള വാർത്തയിൽ മാതൃഭൂമിയും ഏതാണ്ട് ഇക്കാര്യങ്ങളൊക്കെ തന്നെ പറയുന്നുണ്ട്. പുത്തിരിക്കണ്ടം മൈതാനിയിൽ നടന്നിട്ടുള്ള രാഷ്ട്രീയ പാർട്ടികളുടേതും അല്ലാത്തതുമായ ഒട്ടേറെ സമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒരാൾ എന്ന നിലയിൽ ഇന്നലെ അവിടെ എത്തിച്ചേർന്ന ജനസഞ്ചയം ഒട്ടും വിസ്മയിപ്പിക്കുന്ന ഒന്നല്ല. ഇന്നലത്തേതു ആഴ്ചകൾ നീണ്ട തയ്യാറെടുപ്പിനു ശേഷം നടന്ന ഒരു സമ്മേളനം കൂടി ആയതിനാൽ പ്രത്യേകിച്ചും. ശബരിമലയുമായി ബന്ധപ്പെട്ട ഒരു വിഷയം ആയതിനാലും മാതാ അമൃതാനന്ദമയി കൂടി പങ്കെടുത്ത ഒരു സമ്മേളനം ആയിരുന്നതിനാലും സത്യത്തിൽ ഇതിലേറെ ആളുകളെ അവിടെ പ്രതീക്ഷിച്ചിരുന്നു. എന്നുകരുതി ഇന്നലത്തെ സമ്മേളനം ഒരു പരാജയം ആയിരുന്നു എന്നാണു പറഞ്ഞുവരുന്നതെന്ന് ദയവായി തെറ്റിദ്ധരിക്കരുത്.

സമ്മേളനത്തിലെ പങ്കാളിത്തത്തേക്കാൾ സമ്മേളനം നൽകുന്ന ചില വിപൽ സന്ദേശങ്ങൾ പങ്കുവെക്കുക എന്നതാണ് ഇവിടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. അതിലേക്കു വരുന്നതിനു മുൻപ് ഒട്ടേറെ സന്യാസികൾ കൂടി പങ്കെടുത്ത ഇന്നലത്തെ ഭക്തജന സംഗമത്തിലേക്കു നയിച്ച സാഹചര്യങ്ങളിലേക്കു അല്പം കടക്കേണ്ടതുണ്ടെന്നു തോന്നുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ ദർശനം നടത്താനുള്ള അനുമതി നൽകുന്ന 2018 സെപ്റ്റംബർ 28ലെ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധിയും പ്രസ്തുത വിധി നടപ്പിലാകുമെന്ന കേരള സർക്കാരിന്റെ പ്രഖ്യാപനവും തന്നെയാണ് ഇന്നലെ പുത്തിരിക്കണ്ടം മൈതാനിയിലെ ഭക്തസംഗമത്തിനും നിമിത്തമായത്. ഭക്തസംഗമത്തിന് മുൻപ് അയ്യപ്പ ഭക്തിയുടെ പേര് പറഞ്ഞു ബി ജെ പിയും ഇതര സംഘപരിവാർ സംഘടനകളും കോൺഗ്രസ്സുമൊക്കെ ശബരിമല വിഷയത്തെ എത്രകണ്ട് രാഷ്ട്രീയവൽക്കരിച്ചു എന്നത് നാം കണ്ടതാണ്. രണ്ടു കൂട്ടർക്കും പ്രചോദനമായതാവട്ടെ എൻ എസ് എസ് എന്ന സാമുദായിക സംഘടന കോടതി വിധിക്കും സർക്കാർ നിലപാടിനുമെതിരെ പരസ്യമായി രംഗത്ത് വന്നതാണുതാനും.

നാമ ജപ പ്രതിക്ഷേധത്തിന്റെ രൂപത്തിൽ എൻ എസ് എസ് തുടങ്ങിവെച്ച പ്രക്ഷോഭം ബി ജെ പിയും സംഘ പരിവാർ സംഘടനകളും തുടക്കത്തിൽ ഏറ്റെടുത്തത് ദർശനത്തിനെത്തുന്ന യുവതികളെ തടഞ്ഞും അടിച്ചോടിച്ചും കൊണ്ടായിരുന്നുവെങ്കിൽ ബി ജെ പി പിന്നീട് മലയിലെ സമരം സെക്രട്ടറിയേറ്റിന്റെ മുന്നിലേക്ക് മാറ്റി. കോൺഗ്രസ്സാവട്ടെ ആദ്യം നിയമസഭ കവാടത്തിലേക്കും പിന്നീട് തെരുവിലേക്കും വ്യത്യസ്ത സമര രീതികളുമായി ഇറങ്ങുകയും ചെയ്തു. 48 ദിവസം നീണ്ട സെക്രട്ടേറിയറ്റ് നടയിലെ നിരാഹാര സമരം ഇന്നലെ പുത്തരിക്കണ്ടത്തെ ഭക്തസംഗമത്തിന് തൊട്ടു മുൻപാണ് അവസാനിപ്പിച്ചത്. തങ്ങളുടെ സമരം വലിയ വിജയമൊന്നുമായിരുന്നില്ലെന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള തന്നെ ഇന്നലെ സമ്മതിച്ച കാര്യമാണ്.

Read More: ടി.പി സെന്‍കുമാര്‍ ബിജെപി തലപ്പത്തേക്കോ?

ബി ജെ പിയുടെ സമരം പൊളിഞ്ഞു എന്നത് ഒരു യാഥാർഥ്യമാണെങ്കിലും ഇന്നലെ പുത്തരിക്കണ്ടം മൈതാനത്തു സംഘടിപ്പിക്കപ്പെട്ട ഭക്തജന സംഗമം അവരുടെ കൂടി പങ്കാളിത്തത്തോടു കൂടിയായിരുന്നുവെന്ന കാര്യം വിസ്മരിച്ചുകൂട. ഇന്നലത്തെ പങ്കെടുത്ത സന്യാസിമാരുടെ എണ്ണവും അവർ കേരളത്തിലെ ഇടതു സർക്കാരിനും, പ്രത്യേകിച്ചും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ ഉന്നയിച്ച കടുത്ത വിമർശനവും വിരൽചൂണ്ടുന്നത് സന്യാസി സമൂഹത്തെ ഉപയോഗിച്ച് കേരള സർക്കാരിനും അതിനു നേതൃത്വം നൽകുന്ന സി പി എമ്മിനും എതിരെ ഹിന്ദു മത വിശ്വാസികളെ അണിനിരത്താനുള്ള ഒരു വലിയ ശ്രമത്തിലേക്കാണ്. ബി ജെ പി – ആർ എസ് എസ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പയറ്റി വിജയിച്ചിട്ടുള്ള അതേ തന്ത്രം തന്നെയാണ് അവരിപ്പോൾ കേരളത്തിലും പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതെന്നുവേണം കരുതാൻ. കേരളത്തിന്റെ മുഖ്യമന്ത്രി വിശ്വാസി അല്ലെന്നു മാത്രമല്ല, വിശ്വാസങ്ങൾക്ക് എതിരാണെന്നുകൂടി വരുത്തി തീർക്കാനുള്ള ശ്രമം ഇന്നലെ സംഗമത്തെ അഭിസംബോധന ചെയ്ത കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ വാക്കുകളിൽ പ്രകടമായിരുന്നു. സംഘപരിവാറിന്റെ ഇത്തരം ഉത്തരേന്ത്യൻ മാതൃക പക്ഷെ കേരളത്തിന്റെ മണ്ണിൽ വേവുമോ എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ.

Read More: അമൃതാനന്ദമയിയെ കടപ്പുറം സുധാമണിയെന്ന് വിളിക്കുന്നവര്‍ എന്ത് നവോത്ഥാനമാണ് ഇവിടെ മുന്നോട്ട് വയ്ക്കുന്നത്?

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍