UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയെ രക്ഷിക്കാനുള്ള സമരങ്ങള്‍ കോടതിയലക്ഷ്യവും കലാപാഹ്വാനവുമോ? 28 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

പൗരാവകാശങ്ങളായ സമത്വം, ലിംഗനീതി, സ്വാതന്ത്ര്യത്തെ, ജീവിക്കാനുള്ള അവകാശം, മാന്യത എന്നിവയെ മറികടന്ന് ഈ രാജ്യത്ത് ആര്‍ക്കും നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കില്ല

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആദ്യമെത്തിയത് കല്‍ക്കത്തയിലാണ്. അവിടെ നിന്നും അവര്‍ മീററ്റിലേക്ക് നീങ്ങിയപ്പോള്‍ ജനങ്ങള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത് പട്ടാളത്തെ പേടിച്ചല്ല പകരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അന്നത്തെ സമൂഹത്തില്‍ അടിച്ചേല്‍പ്പിച്ച കോടതികളെ ഭയന്നാണ് എന്നൊരു കഥ ഇവിടെ നിലനില്‍ക്കുന്നുണ്ട്. കോടതികളില്‍ വിധി പ്രഖ്യാപിക്കുമ്പോള്‍ സായിപ്പിന് കൂട്ട് അന്ന് ഈ സമൂഹത്തില്‍ വിദ്യാഭ്യാസമുള്ള ഏക വിഭാഗമായ ബ്രാഹ്മണരായിരുന്നു. അവര്‍ മനുസ്മൃതി പറയുന്നതനുസരിച്ചാണ് നിയമങ്ങളെ വ്യാഖ്യാനിച്ചതെന്ന് ഗൂഗിളില്‍ തപ്പിയാല്‍ പോലും വ്യക്തമാണ്. ഇന്ത്യന്‍ ഭരണഘടന എഴുതപ്പെട്ടപ്പോള്‍ അതിന് മാറ്റമുണ്ടായി എന്ന് പറയാമെങ്കിലും മനുസ്മൃതിയിലെ ഉദ്ദരണികള്‍ നമ്മുടെ നിയമ പുസ്തകങ്ങളില്‍ കാണാം. ശബരിമല വിധിയില്‍ സുപ്രിംകോടതിക്ക് മനുസ്മൃതിയെ ആശ്രയിക്കേണ്ട കാര്യമില്ല. കാരണം നവോത്ഥാന കേരളത്തിലേക്ക് ചിലരുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിച്ച അന്ധവിശ്വാസം മാത്രമാണ് അത്. അതിനാല്‍ തന്നെയും ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിക്കരുതെന്ന് മനുസ്മൃതിയില്‍ പറഞ്ഞിട്ടുണ്ടാകാന്‍ വഴിയില്ല. അങ്ങനെ വല്ലതും പറഞ്ഞിരുന്നെങ്കില്‍ ഈ വിധി ചിലപ്പോള്‍ മറ്റൊന്നാകുമായിരുന്നു. മനുസ്മൃതിയല്ല പകരം ഇന്ത്യയുടെ ഭരണഘടനയാണ് പാലിക്കപ്പെടേണ്ടത് എന്ന് ഇക്കാലത്ത് ജീവിക്കുന്നവര്‍ക്ക് ഉത്തമ ബോധ്യമുണ്ട്. അല്ലങ്കില്‍ വേദം കേള്‍ക്കുന്നവന്റെ ചെവിയിലേക്ക് നിങ്ങള്‍ ഈയം ഉരുക്കി ഒഴിച്ചേനെ. ഇപ്പോള്‍ ശബരിമലയില്‍ ആര്‍ത്തവ പ്രായത്തിലുമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരത്തിന് വിരുദ്ധമാണെന്നും ദൈവത്തിന് ഇഷ്ടമല്ലെന്നും പറയുന്നത് പോലെ ശൂദ്രര്‍ വേദം കേള്‍ക്കുന്നതും വിദ്യാ അഭ്യസിക്കുന്നതും ദൈവത്തിന് ഇഷ്ടമല്ലെന്നായിരുന്നല്ലോ പഴയ ബ്രാഹ്മണ പ്രമാണികള്‍ അവകാശപ്പെട്ടിരുന്നത്. ഇനി ശബരിമല വിധിയില്‍ ഉയര്‍ന്നു വന്ന ചില സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വാട്‌സ്ആപ്പില്‍ ലഭിച്ചത് ഇവിടെ പങ്കുവയ്ക്കുന്നു.

ശബരിമല സ്ത്രീപ്രവേശനം നടന്നതെന്ത്? ഇനിയെന്ത് ?

രാജ്യത്ത് എന്തോ മഹാപാതകം നടന്നിരിക്കുന്നു, മാലോകരൊക്കെ അന്തിമ സമരത്തിനിറങ്ങുക, ജെല്ലിക്കെട്ട് മാതൃകയില്‍ സുപ്രീം കോടതിക്കെതിരെ അണിനിരക്കുക. പ്രകൃതിക്ഷോഭങ്ങളും ലോകാവസാനവും വരുത്തി വെച്ചിരിക്കുന്നു സുപ്രീം കോടതി. ദളിതര്‍ക്കും കര്‍ഷകര്‍ക്കും, അശരണര്‍ക്കും വേണ്ടി തെരുവിലിറങ്ങി സമരം ചെയ്യുന്നതുപോലെ ശബരി മല അയ്യപ്പന് വേണ്ടി ആതാമാഹുതിയടക്കം ചെയ്ത് സുപ്രീം കോടതിയോട് പോരടിക്കുക. 18 ദിവസത്തെ ജീവന്‍ മരണ പോരാട്ടങ്ങള്‍ എന്നൊക്കെ അന്തോം കുന്തവുമില്ലാത്ത രാഹുല്‍ ഈശ്വരന്റെ ആഹ്വാനങ്ങളും വെല്ലുവിളികളും കേട്ട് രോമാഞ്ചകഞ്ചുകന്മാരും കഞ്ചുകികളുമായിരിക്കുന്ന റെഡീ ീേ വെയിറ്റ് ടീമുകളോടായി ചില യാഥാര്‍ഥ്യങ്ങള്‍ പറയെട്ടെ…,

എന്താണിവിടുത്തെ പ്രശ്‌നം?

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്കിയതാണിവിടുത്തെ പ്രശനം.

സുപ്രീം കോടതി വിധി ഹിന്ദുക്കളുടെ കാലങ്ങളായുള്ള ആചാരത്തെ ഇല്ലാതാക്കിയില്ലേ?

ഇല്ല. നിങ്ങള്‍ കരുതുന്നതുപോലെ കാലങ്ങളായി നടന്നുവന്ന ഒരാചാരമല്ല സ്ത്രീകളെ ശബരിമലയില്‍ നിന്നും വിലക്കുക എന്നത്. 1950 നു മുന്‍പ് എല്ലാ മാസവും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നു. ചോറൂണ് എന്ന പ്രത്യേക കര്‍മ്മങ്ങളും അവിടെ നടന്നിരുന്നു. തിരുവിതാംകൂര്‍ രാജകുമാരിയും ദര്‍ശനം നടത്തിയിട്ടുണ്ട്. മുന്‍ചീഫ് സെക്രട്ടറിക്ക് അവരുടെ ‘അമ്മ ചോറ് കൊടുത്തത് അവിടെ വെച്ചാണ്. ഈ കാര്യങ്ങളെല്ലാം ശബരിമല ഭരിക്കുന്ന ദേവസ്വം ബോര്‍ഡും, തന്ത്രിയും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പറഞ്ഞിട്ടുണ്ട് പക്ഷെ പാവപ്പെട്ട ഭക്തര്‍ ഇതൊന്നും അറിഞ്ഞിട്ടില്ല.

അപ്പോള്‍ ഒരു ഗ്രന്ഥത്തിലും ഇങ്ങനെ പറഞ്ഞിട്ടില്ലേ?

ഇല്ല. ഹിന്ദു മതത്തിന്റെ സുപ്രധാന ഗ്രന്ഥങ്ങളിലൊന്നിലും ഇത്തരമൊരു ആചാരമില്ല. തന്ത്രി കോടതിയില്‍ ഹാജരാക്കിയ കേരളത്തിലെ ക്ഷേത്ര പൂജാവിധികളടങ്ങിയ ‘തന്ത്ര സമുച്ചയ’ എന്ന തന്ത്രങ്ങളുടെ ബുക്കിലെ പത്താം ചാപ്റ്ററില്‍ 2 ഖണ്ഡത്തില്‍മാത്രമാണ് ഇത്തരത്തില്‍ ഒരു കാര്യമുള്ളത്. പക്ഷെ ആ ബുക്ക് ഒരു ഹിന്ദു മത ആധികാരിക അവിഭാജ്യ ഗ്രന്ഥമോ രേഖയോ അല്ലെന്നു സുപ്രീം കോടതി കണ്ടെത്തി. ശബരിമലയില്‍ നടന്ന ജ്യോതിഷന്മാരുടെ ഒരു പ്രശനം വെക്കലിലാണ് പിന്നീട് ഇക്കാര്യം കണ്ടെതെന്ന വാദവും നിലനിന്നില്ല.

അപ്പോള്‍ ഈ ആചാരം ഹിന്ദുമതവുമായി ബന്ധമില്ലേ?

ഹിന്ദുമതത്തിന്റെ ഒരു അവിഭാജ്യ ആചാരമല്ല എന്ന് മാത്രമല്ല ഒരു അന്ധവിശ്വാസമാണ് എന്നുകൂടെ കോടതി ചൂണ്ടികാണിച്ചു.

കാലങ്ങളായിനടന്നുവന്ന ആചാരമാണ് എന്ന് കോടതിയില്‍ തെളിയിക്കാന്‍ പരാജയപ്പെട്ടതാണോ കാരണം?

അതും കാരണമാണ് ഒരു തരത്തിലുള്ള തെളിവുകളും നല്‍കാന്‍ സര്‍ക്കാരിനോ, ക്ഷേത്രം തന്ത്രിക്കോ, നായര്‍ സര്‍വീസ് സൊസൈറ്റിക്കോ, രാഹുല്‍ ഈശ്വരനോ മറ്റ് 24 എതിര്‍ കക്ഷികള്‍ക്കോ കഴിഞ്ഞിട്ടില്ല എന്ന് കോടതി കണ്ടെത്തി.

ഏത് നിയമങ്ങളാണ് റദ്ദാക്കിയത് ?

നിയമങ്ങളല്ല, കേരള നിയമസഭാ പാസാക്കിയ നിയമങ്ങളിലെയും ആ നിയമത്തിന്റെ പിന്‍ബലത്തില്‍ നിര്‍മ്മിച്ച സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്ന ചില റൂളുകളും അഥവാ നിബന്ധനകളുമാണ് റദ്ദാക്കിയത്. പത്ത് മുതല്‍ അമ്പത് വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാന്‍ പാടില്ല എന്ന നിബന്ധനയും, നിയമത്തിലെ ആ വകുപ്പും എടുത്തു കളഞ്ഞു.

അതിനര്‍ത്ഥം ഇനി മുതല്‍ ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും കയറാം എന്നാണോ ?

തീര്‍ച്ചയായും അതെ. വയസ്സിന്റെയോ, ലിംഗത്തിന്റെയോ അതായത് സ്ത്രീയെണെന്നു പറഞ്ഞോ, ഭിന്നലിംഗമാണെന്നു പറഞ്ഞോ ആരെയും ശബരിമലയില്‍ പോകുന്നത് തടയാന്‍ പാടില്ല.

ആര്‍ത്തവ സമയത്തും കയറാമോ ?

തീര്‍ച്ചയായും, ശരീരത്തിന്റെ ശാരീരിക പ്രത്യേകതകള്‍ ഉള്ളതുകൊണ്ട് (ഉദാഹരണത്തിന് സ്ത്രീകള്‍ക്ക് ആര്‍ത്തവം ) ആരെയും വിലക്കാന്‍ പാടില്ലെന്നും വിധിയില്‍ പറയുന്നുണ്ട്.

വിശ്വാസമുള്ള ഹിന്ദുസ്ത്രീകള്‍ വിധി ഉണ്ടെങ്കിലും മലയ്ക്ക് പോയിട്ടില്ലെങ്കിലോ ?

ഒരു പ്രശ്നവുമില്ല. അവിടെയാണ് ഹിന്ദു സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുന്നത്. എല്ലാ ഹിന്ദു സ്ത്രീകളും വിധി വന്ന ശേഷം ശബരി മലയ്ക്ക് പോകണം എന്നല്ല കോടതി പറഞ്ഞത്. പോകാന്‍ ആഗ്രഹിക്കുന്ന ഹിന്ദു സ്ത്രീകള്‍ക്ക് ഏതു പ്രായത്തിലും, ആര്‍ത്തവമുള്ളപ്പോഴും വേണമെങ്കില്‍ പോകാം ആരും തടയരുത് എന്നാണ്.

അങ്ങനെ യുവതികളായ സ്ത്രീകള്‍ പോയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നശിക്കില്ലേ ?

അങ്ങനൊരു ചോദ്യം ചോദിച്ചാല്‍ 1950 നു മുന്‍പ് അയ്യപ്പ സന്നിധിയില്‍ യുവതികള്‍ കയറിയപ്പോഴേ അയ്യപ്പന്റെ ബ്രഹ്മചര്യം നശിച്ചു പോകേണ്ടതായിരുന്നില്ലേ ? പോയില്ലല്ലോ അപ്പോള്‍ ഇപ്പോഴും പോകില്ല എന്ന സാമാന്യ വിശ്വാസം മതിയല്ലോ അത് മനസിലാക്കാന്‍. കൂടാതെ അങ്ങനെ ബ്രഹ്മചര്യത്തിനായി പ്രതിജ്ഞയെടുത്ത ഒരാളുടെയും ബ്രഹ്മചര്യം ഒരു യുവതിയെ കണ്ടാലൊന്നും നശിക്കില്ല അങ്ങനെ നശിച്ചാല്‍ അയാള്‍ ശരിയായ ബ്രഹ്മചാരി അല്ല .എന്നും സുപ്രീംകോടതി പുരാണ ഗ്രന്ഥങ്ങളെ ഉദ്ധരിച്ച് പറയുന്നുണ്ട്.

സത്യത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് അയ്യപ്പനാണോ ?

അല്ല. അങ്ങനെ പ്രചരിപ്പിക്കുന്നതാണ്. നിരോധനം ഏര്‍പ്പെടുത്തിയത് സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണ്.

ദേവസ്വം ബോര്‍ഡ് ഹിന്ദുക്കളുടേതല്ലേ?

ശരിയായ അര്‍ത്ഥത്തില്‍ അല്ല. കേരളത്തിലെ എല്ലാ മതസ്ഥരുടെയും നികുതി പണമായ കണ്‌സോളിഡേറ്റഡ് ഫണ്ടില്‍ നിന്നും പണം കൊടുത്ത് നടത്തപ്പെടുന്ന സര്‍ക്കാര്‍ വകുപ്പിലെ ബോര്‍ഡാണ് അത്. അതിലെ നിയമനങ്ങള്‍ നടത്തുന്നതും ശമ്പളം കൊടുക്കുന്നതും പബ്ലിക് സര്‍വീസ് കമ്മീഷനും സര്‍ക്കാരുമാണ്.

ശരിക്കും എന്തിനാണ് സുപ്രീം കോടതി സ്ത്രീകള്‍ക്ക് പ്രവേശന അനുമതി നല്‍കിയത് ?

അതായത് സുപ്രീം കോടതിയുടെ ചുമതല എന്ന് പറയുന്നത് ഈ രാജ്യത്തെ സുപ്രീം നിയമമായ ഭരഘടന നോക്കി നടത്തുക എന്നതാണ്. രാജ്യത്തെ നാനാ ഭാഷയിലും വേഷത്തിലും മതത്തിലും ഉള്‍പ്പെട്ട നൂറ്റി ഇരുപത്തി ഒന്‍പത് കോടിജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ്. ഭരണഘടന ഒരു പൗരന് ലിംഗഭേദമന്യേ നല്‍കുന്ന പൗരാവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് പരമ പ്രധാനമായ ലക്ഷ്യം. സമത്വത്തിനും, സ്വാതന്ത്ര്യത്തിനും, മാന്യതയ്ക്കും, ജീവിക്കാനും, ആത്മാഭിമാനത്തിനുമുള്ള ഉള്ള പൗരന്മാരുടെ അവകാശം എന്ന് പറയുന്നത് മതത്തില്‍ വിശ്വസിക്കാനും, പ്രാര്‍ത്ഥനകള്‍ നടത്താനും ഒക്കെയുള്ള ഭരണഘടന അവകാശങ്ങള്‍ക്കും മുകളിലാണ്. അതുകൊണ്ട് സമത്വവും, സ്വാതന്ത്ര്യവും, അവിവേചനവും, മാന്യതയുമൊക്കെ കഴിഞ്ഞിട്ടേ മതവിശ്വാസത്തിനുള്ള അവക്ഷമുള്ളൂ. ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്ക് കിട്ടേണ്ട ഭരണഘടന മൗലിക അവകാശങ്ങളായ സമത്വവും, അവിവേചനവും, സ്വാതന്ത്ര്യവും, ആത്മാഭിമാനവും ക്ഷേത്രത്തില്‍ പ്രവേശക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ലംഘിക്കപ്പെട്ടു. അത് ഭരണഘടനാപരമായി പരിശോധിച്ചും, കോടതിമുറിയില്‍ വാദപ്രതിവാദങ്ങളിലൂടെയും, അമിക്കസ് ക്യൂറികളുടെ സഹായത്താലും കണ്ടെത്തിയതുകൊണ്ടാണ് നിരോധനം മാറ്റിയത്.

ആര്‍ത്തവം ആയിരുന്നോ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന്റെ പ്രധാന കാരണമായി പറയുന്നത് ?

അതേ വിധിയില്‍ വളരെ കൃത്യമായി പ്രതിപാദിക്കുന്ന തടസ്സവാദം അത് തന്നെയാണ്. സ്ത്രീകള്‍ക്ക് അശുദ്ധിയുള്ളതിനാല്‍ 41 ദിവസത്തെ വ്രതം എടുക്കാന്‍ സാധിക്കില്ല എന്ന വാദം. എന്നാല്‍ ആ വാദത്തെ ഭരഘടന ധാര്‍മ്മികതയും നിയമവും വെച്ചായിരുന്നു സുപ്രീം കോടതി നേരിട്ടത്. ഭരണഘടനയില്‍ ശുദ്ധി എന്നോ അശുദ്ധി എന്ന് ഉള്ള വാക്കുകള്‍ ഇല്ലെന്നും അത്തരം മാനങ്ങള്‍ നല്‍കുന്നത് അയിത്തത്തിനും, തൊട്ടുകൂടായ്മയ്ക്കും തുല്യമായ ശാപമായ നടപടിയാണെന്നും അതിനു നിയമസാധുത നല്കാന്‍ സാധിക്കില്ലെന്നും കോടതി കണ്ടെത്തി.

സ്ത്രീകള്‍ക്ക് ചെങ്കുത്തായ മലകളും കാടുകളുംതാണ്ടി ശബരിമലയിലെത്താന്‍ പ്രയാസമായിരിക്കും എന്ന വാദം ശരിയല്ലേ ?

ഏറ്റവും പൊള്ളയായ വാദങ്ങളിലൊന്നാണ് അത്. അതായത് പത്ത് വയസിനു താഴെ പ്രായമുള്ള കൊച്ചു കുട്ടികള്‍ക്കും അമ്പതു വയസ്സിനു മുകളില്‍ പ്രായമുള്ള പ്രായമായവര്‍ക്കും ഈ മലകളും കാടുകളും താണ്ടാന്‍ പറ്റുമെങ്കില്‍ ഏറ്റവുംആരോഗ്യകരമായിട്ടുള്ള പത്തു മുതല്‍ അമ്പത് വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പോകാന്‍ പറ്റും എന്നല്ലേ മനസിലാക്കേണ്ടത്.

പുരുഷന്മാര്‍ അമിതമായി വരുന്ന സ്ഥലത് സ്ത്രീ പീഡനങ്ങളും അത്തരം ശല്യങ്ങളും ഉണ്ടാകില്ലേ ?

എന്ത് യുക്തിയാണ് ഈ ചോദ്യത്തിനുള്ളത്? സ്വന്തം പിതാവ് മകളെ ക്രൂരമായി പീഡിപ്പിക്കുന്ന എത്ര സംഭവങ്ങളാണ് നാം ദിവസേന കേള്‍ക്കുന്നത്. മത പഠന കേന്ദ്രങ്ങളില്‍ വിടുന്ന കുട്ടികളും, ജോലി സ്ഥലങ്ങളില്‍ ക്യാബിനുകളില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നില്ലേ? അമ്പലങ്ങളിലും പള്ളിമേടകളിലും പീഡിപ്പിക്കപ്പെടുന്നില്ലേ ? മറ്റേതൊരു സ്ഥലം പോലെയും ഇവിടെയും സാമൂഹിക വിരുദ്ധന്മാര്‍ ഉണ്ടാകും എന്നതില്‍ തര്‍ക്കമില്ല പക്ഷെ അതിനര്‍ത്ഥം അങ്ങോട്ടുള്ള സ്ത്രീകളുടെ പ്രവേശനം തടയുക എന്നാണോ ?

പന്തളംകൊട്ടാരം അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ തരില്ലെന്നാണല്ലോ കേട്ടത് ?

അത് തികച്ചും വ്യാജ പ്രചാരണമാണെന്നും, അത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികളും കൊട്ടാരം അധികൃതര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അവര്‍ തന്നെ അറിയിച്ചിട്ടുണ്ട്.

അങ്ങനെയാണെങ്കില്‍ വാവര് പള്ളിയിലും സ്ത്രീകളെ കയറ്റേണ്ടിവരില്ലേ ?

ശബരിമല ദര്‍ശനത്തിന്റെ ഭാഗമായി പുരുഷ ഭക്തന്മാര്‍ പോലും വാവര് പള്ളിയുടെ ഉളില്‍ കയറി പ്രാര്‍ത്ഥിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പള്ളിയുടെ ചിലഭാഗത്തു നിന്നും പ്രസാദം സ്വീകരിക്കുക എന്നതാണ് ഐതിഹ്യം, അത് നടത്താന്‍ സ്ത്രീകളെയും അനുവദിക്കേണ്ടി വരും, എന്നാല്‍ അത്തരത്തില്‍ പള്ളിയില്‍ സ്ത്രീകളെ കയറ്റുന്നതിനു യാതൊരു പ്രശനവുമില്ലെന്ന് വാവര് പള്ളികമ്മറ്റിയും അറിയിച്ചിട്ടുണ്ട്.

ഈ വിധി മാറ്റാന്‍ വഴിയുണ്ടോ ?

ഇല്ല എന്ന് ഉറപ്പിച്ച് പറയാം. ചെറിയ ഇളവുകള്‍ കിട്ടിയേക്കാം അതായത് അമ്പലത്തിനുള്ളില്‍ നടക്കുന്ന ചില അവിഭാജ്യ ചടങ്ങുകളിലേക്ക് സ്ത്രീകളെ അനുവദിക്കാതിരിക്കാം എന്നല്ലാതെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുക എന്നത് ഇനി അസംഭവ്യമാണ്.

അല്ല എന്നാണല്ലോ പറയുന്നത്. റിവ്യൂ പെറ്റിഷന്‍ നല്‍കിയാല്‍ മാറും എന്നാണല്ലോ പറയുന്നത് ?

അത് റിവ്യൂ പെറ്റിഷനെക്കുറിച്ചും നിയമങ്ങളെ കുറിച്ചും അത്ര ധാരണയില്ലാത്തവര്‍ പറയുന്നതാണ്.

അതെന്താ റിവ്യൂ പെറ്റിഷനില്‍ ഈ വിധി മാറ്റാന്‍ പറ്റില്ലേ?

പറ്റും, എങ്ങനെയാണെന്ന് പറയാം.. ആദ്യം റിവ്യൂ പെറ്റിഷന്‍ എന്താണെന്നു പറയാം. ഭരണഘടനയുടെ അനുച്ഛേദം 137 പ്രകാരം സുപ്രിം കോടതിയുടെ ഏത് വിധിയും റിവ്യൂ അഥവാ റീ എക്സാമിനേഷന്‍ അഥവാ പുനഃപരിശോധനയ്ക്ക് വിധേയമാണ്. 1966 സുപ്രീം കോടതി റൂള്‍ പ്രകാരം ആദ്യത്തെ വിധി പ്രഖ്യാപിച്ച അതേ ബെഞ്ചിനും ജഡ്ജിമാരുടെയും മുന്നിലായിരിക്കണം റിവ്യൂ പെറ്റിഷന്‍ വരേണ്ടത്. വിധി പ്രഖ്യാപിച്ച് 30 ദിവസത്തിനകം അത് നല്‍കണം. റിവ്യൂ പെറ്റിഷന്‍ ഒരു അപ്പീല്‍ അല്ല. ആദ്യവിധിക്കുവേണ്ടി തുറന്ന കോടതിയില്‍ വക്കീലന്മാരുടെ വാദം കേട്ടതുപോലെ റിവ്യൂ പെറ്റിഷനില്‍ വാദ പ്രതിവാദങ്ങളുണ്ടാവില്ല. ആദ്യ വിധി പറഞ്ഞ ജഡ്ജിമാര്‍ അവരുടെ ചേമ്പറിലാണ് റിവ്യൂ പെറ്റിഷനുകള്‍ പരിഗണിക്കുക. അതായത് ഒരാള്‍ വാദങ്ങളൊന്നും ഉണ്ടാകില്ല എന്നര്‍ത്ഥം. കാതലായ എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ മാത്രമേ പെറ്റിഷന്‍ തുറന്ന കോടതിയില്‍ കേള്‍ക്കുകയുള്ളൂ. സാധാരണഗതിയില്‍ ചേമ്പറില്‍ നിന്നുതന്നെ മടക്കുകയാണ് ചെയ്യാറ്

ശബരിമല കേസുപോലെ സിവില്‍കേസുകളില്‍ Order XLVII, Rule I of the Civil Procedure Code, പ്രകാരം ഒരു പ്രധാനപ്പെട്ട വിഷയം അല്ലെങ്കില്‍ തെളിവ് പുനഃപരിശോധിക്കാന്‍ തക്കവിധത്തില്‍ ഉണ്ടാകുകയോ, തങ്ങള്‍ക്ക് മുന്‍പില്‍ വന്ന രേഖകള്‍ പരിശോധിക്കുന്നതില്‍ തെറ്റ് സംഭവിച്ചെന്ന് കരുത്തുകയോ, അല്ലെങ്കില്‍ മറ്റ് മതിയായ കാരണങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍ മാത്രമേ റിവ്യൂ പെറ്റിഷന്‍ പരിഗണിക്കുകയുള്ളൂ
വളരെ ലിമിറ്റഡ് ആയ സാഹചര്യങ്ങളിലേ പരിഗണിക്കുകയുള്ളൂ എന്ന് ചുരുക്കം

ശബരിമല കേസില്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞതുപോലെ ഇങ്ങനെ പരിഗണിക്കാനും സാധ്യതയില്ലേ?

നൂറില്‍ ഒരു സാധ്യത മാത്രമാണ് ഞാന്‍ കാണുന്നത്. കാരണം, പന്ത്രണ്ട് വര്‍ഷക്കാലം വിശദമായി വാദം കേള്‍ക്കുകയും നാല് അമിക്കസ് ക്യൂറികളുടെ സഹായം കോടതിക്ക് ലഭിക്കുകയും ചെയ്ത കേസാണ്. സര്‍ക്കാരും ക്ഷേത്രം തന്ത്രിയും ഉള്‍പ്പെടെ 24 എതിര്‍കക്ഷികള്‍ കേള്‍ക്കുകയും അവരുടെ രേഖകളും തെളിവുകളും പരിശോധിക്കുകയുംഎം വാദങ്ങള്‍ കേള്‍ക്കുകയും ചെയ്തു. പൂര്‍ണ്ണമായും ഭരണഘടനാ ധാര്‍മ്മികതയിലും നിയമപരിധിയിലും നിന്നുകൊണ്ടാണ് വിധി പറഞ്ഞിട്ടുള്ളത് എന്നതുകൊണ്ട് ഒരു പുനഃപരിശോധന സാധ്യമാണെന്ന് തോന്നുന്നില്ല.

ഈ വിധി പറഞ്ഞ ബെഞ്ചിലെ ഒരംഗമായിരുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ശേഷം വന്ന പുതിയ അംഗമല്ലേ റിവ്യൂ പെറ്റിഷന്‍ കേള്‍ക്കുക? അങ്ങനെയെങ്കില്‍ വീണ്ടും സാധ്യതകളില്ലേ ?

ഇല്ല. ഇനി പുതുതായി വരുന്ന ജസ്റ്റിസ് ഈ കേസ് പുനഃപരിശോധനയ്ക്കായി വാദം കേള്‍ക്കാന്‍ തീരുമാനിച്ചു എന്നിരിക്കട്ടെ, അവസാനം ശബരിമലയില്‍ സ്ത്രീകളെ കയറ്റണ്ട എന്ന തീരുമാനത്തിലെത്തി എന്നും ഇരിക്കട്ടെ അപ്പോഴും 3 :2 എന്ന നിലയില്‍ ഭൂരിപക്ഷ വിധി നിലനില്‍ക്കും അഥവാ സ്ത്രീകളെ ശബരിമലയില്‍ കയറാന്‍ അനുവദിക്കേണ്ടിവരും എന്ന് സാരം. ഈ കേസില്‍ ആദ്യം വിധിപറഞ്ഞ ജസ്റ്റിസുമാര്‍ വിഷയം കലക്കി കുടിച്ചിട്ടുള്ളതാകയാല്‍ അവരില്‍ നിന്നും ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല എന്ന് വിധി വായിച്ചാ ഒരു അഭിഭാഷകന്‍ എന്നനിലയില്‍; ഉറപ്പിച്ചു പറയാം.

രാഷ്ട്രപതിക്ക് ഈ നിയമം മാറ്റാന്‍ പറ്റില്ലേ ?

ഇല്ല. അത്തരമൊരു അധികാരം രാഷ്ട്രപതിക്കില്ല. ഭരണഘടനയ്ക്ക് വിരുദ്ധമായി ഒരു ആചാരം വേണം എന്ന് പറയാന്‍ ആര്‍ക്കാണ് സാധിക്കുക.

ഈ വിധി നിയമമാണോ ?

അതേ., പാര്‍ലമെന്റും നിയമസഭയും പാസാക്കുന്ന നിയമം കഴിഞ്ഞാല്‍ ഇത്തരത്തില്‍ ഭരണഘടനയെ വ്യാഖ്യാനിച് പ്രഖ്യാപിക്കുന്ന വിധികളെ അനുദ്യോദികമായി ജഡ്ജ് മെയിഡ് ലോ എന്ന് ജൂറിസ് പ്രുഡന്‍സില്‍ വിളിക്കും.

കേന്ദ്രസര്‍ക്കാരിന് പുതിയ നിയമമോ, ഓര്‍ഡിനന്‍സോ കൊണ്ടുവന്നു ഈ വിധി മറികടന്നുകൂടെ ?

സാധ്യമല്ല. ഭരണഘടനാ പൗരന് നല്‍കുന്ന അവക്ഷങ്ങള്‍ ലംഘിക്കുന്നു എന്ന് കണ്ടെത്തിയ അതേ നിയമം പുനര്‍ നിര്‍മ്മിക്കാന്‍ പാര്‌ലമെന്റിനോ, നിയമസഭയ്‌ക്കോ കഴിയില്ല എന്നുമാത്രമല്ല പാര്‍ലമെന്റും നിയമസഭയും സ്ത്രീകളെ വിലക്കിക്കൊണ്ട് നിയമം നിര്‍മിച്ചാല്‍ അത് വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരികയും റദ്ധാക്കപ്പെടുകയും ചെയ്യും,. ചുരുക്കി പറഞ്ഞാല്‍ പൗരാവകാശങ്ങളായ സമത്വം, ലിംഗനീതി, സ്വാതന്ത്ര്യത്തെ, ജീവിക്കാനുള്ള അവകാശം, മാന്യത എന്നിവയെ മറികടന്ന് ഈ രാജ്യത്ത് ആര്‍ക്കും നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കില്ല.

അങ്ങനെയാണെങ്കില്‍ രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടങ്ങളുടെ ഉദ്ദേശമെന്താണ് ?

അതാണ് എനിക്കും മനസിലാകാത്തത്. യാഥാര്‍ഥ്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ ജെല്ലിക്കെട്ടുപോലേം കലാപമുണ്ടക്കണം, നിരത്തിലിറങ്ങണം ആത്മാഹൂതി നടത്തണം എന്നൊക്കെ പറയുന്നത് ഏതു ബോധത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. മറ്റൊരുകാര്യം അങ്ങേരിപ്പോ ചെയ്തുകൊണ്ടിരിക്കുന്നത് കോടതിയലക്ഷ്യവും, കലാപത്തിനുള്ള ആഹ്വാനം എന്നരീതിയില്‍ ക്രിമിനല്‍ കുറ്റവുമാണ്. വിവേകവും ബോധവുള്ള വിശ്വാസികള്‍ അത്തരം ചതിയില്‍ ചെന്ന് ചാടില്ല എന്നാണെന്റെ വിശ്വാസം.

ചുരുക്കി പറഞ്ഞാല്‍ ഈ നാട്ടിലെ ഹിന്ദു സ്ത്രീകളായ അയ്യപ്പ ഭക്തരെ കഴിഞ്ഞ അറുപത് വര്‍ഷക്കാലമായി ഈ നാട്ടിലെ പുരഷപ്രമാണിമാരായ ഭക്തി കച്ചവടക്കാര്‍ പറ്റിക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. പ്രിവിലേജ്ഡ് ക്ലാസില്‍ പെടുന്ന ഭക്തരും വി ഐ പികളും സിനിമ നടികളും യഥേഷ്ടം കയറിറങ്ങുമ്പോള്‍ നാട്ടിലെ സധാരണക്കാരായ സ്ത്രീ വിശ്വാസികള്‍ ശരണം വിളിച്ചുകൊണ്ട് അന്ധ വിശ്വാസവും കെട്ടിപിടിച്ചിരുന്നതിന്റെ ദുരന്തം.

ക്ലീന്‍ ഷേവ്, കാലില്‍ കാന്‍വാസ് ഷൂ; ആചാരങ്ങളില്‍ എത്ര വരെ ഇളവാകാം ചെന്നിത്തല?

ശബരിമലയല്ല, ആഗോളതാപനമാണ് കേരളമേ നിന്റെ പ്രശ്നം; രാഷ്ട്രീയനേതാക്കൾ ഇനിയെങ്കിലും യാഥാർത്ഥ്യത്തിലേക്ക് വളരുമോ?

ഇപ്പോൾ രാജ്യം നേരിടുന്ന ജീവന്മരണപ്രശ്നമാണല്ലോ അയ്യപ്പന്റെ ബ്രഹ്മചര്യം; ആത്മനിന്ദ തോന്നുന്നെന്ന് കെ ആര്‍ മീര

സ്ത്രീകളെ തെറിയഭിഷേകം നടത്തി ദൈവത്തെ പ്രീതിപ്പെടുത്താമെന്നാണോ നിങ്ങള്‍ കരുതുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍