UPDATES

ട്രെന്‍ഡിങ്ങ്

“എനിക്ക് 9 വയസ്സായി, ഇനി 41 വര്‍ഷം കഴിഞ്ഞേ തിരിച്ചുവരൂ”: ശബരിമല പ്രതിഷേധത്തിന് കുട്ടികളെ കരുവാക്കുന്നുവെന്നും ആരോപണം

അങ്ങേയറ്റം ആക്രമണപരതയോടെ നിലകൊള്ളുന്ന ജനക്കൂട്ടം പൊലീസിനെതിരെയുള്ള മനുഷ്യകവചമായാണ് കുട്ടികളെ ഉപയോഗിക്കുന്നതെന്നുമാണ് ആരോപണം

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനെതിരെ നടക്കുന്ന സമരത്തില്‍ കുട്ടികളെയും ഉപയോഗിച്ചുള്ള നീക്കം. കുട്ടിഅയ്യപ്പന്മാരെയും മാളികപ്പുറങ്ങളെയും തോളിലേറ്റിയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ ഇന്ന് പതിനെട്ടാം പടിക്ക് താഴെ തമിഴ്‌നാട് സ്വദേശിയായ ഒമ്പത് വയസ്സുകാരിയുടെ സമരം പ്രത്യേകം ശ്രദ്ധ നേടി.

തനിക്ക് ഒമ്പത് വയസ്സായെന്നും ഇനി 41 വര്‍ഷങ്ങള്‍ക്ക് ശേഷമേ ഇവിടേക്ക് തിരിച്ചു വരൂവെന്നും എഴുതിയിരിക്കുന്ന ബാനര്‍ പിടിച്ചാണ് കുട്ടിയുടെ പ്രതിഷേധം. ചെന്നൈ പുതുക്കോട്ടൈ സ്വദേശിയായ മണികണ്ഠന്റെ മകള്‍ പത്മപൂര്‍ണിയാണ് പ്രതിഷേധം നടത്തുന്നത്. മണ്ഡലക്കാലത്തിന് മുമ്പ് തനിക്ക് 10 വയസ്സാകുമെന്നതിനാല്‍ നേരത്തെ വന്നതാണെന്നും ഈ കുട്ടി പറയുന്നു. അയ്യപ്പന്റെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ഇവിടെയെത്തിയിരിക്കുന്നതെന്നും ഈ കുട്ടിയും കുടുംബാംഗങ്ങളും പറയുന്നു. പത്മപൂര്‍ണി ഇത് മൂന്നാം തവണയാണ് ശബരിമലയിലെത്തുന്നത്.

ഇതിനിടെയില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ തടയാന്‍ അയ്യപ്പവേഷധാരികള്‍ കുട്ടികളെ മനുഷ്യകവചമാക്കുന്നതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പരാതിയുയര്‍ന്നിട്ടുണ്ട്. കടുത്ത ബാലാവകാശ ലംഘനമാണ് നടക്കുന്നതെന്നും അങ്ങേയറ്റം ആക്രമണപരതയോടെ നിലകൊള്ളുന്ന ജനക്കൂട്ടം പൊലീസിനെതിരെയുള്ള മനുഷ്യകവചമായാണ് കുട്ടികളെ ഉപയോഗിക്കുന്നതെന്നും സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ജെ ദേവിക നല്‍കിയ പരാതിയില്‍ പറയുന്നു. ഹിന്ദു വലതുപക്ഷ വിഭാഗങ്ങള്‍ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ കുട്ടികളെ ദുരുപയോഗം ചെയ്യുകയാണ്. ശബരിമലയിലേക്ക് കയറുന്ന വഴികളിലെല്ലാം കുട്ടികളെ മുന്നില്‍ നിര്‍ത്തി സ്ത്രീകളായ തീര്‍ത്ഥാടകരെ ഭീഷണിപ്പെടുത്തുന്നതായാണ് വാര്‍ത്തകള്‍.

ഈ കുട്ടികളുടെ സുരക്ഷയെക്കരുതിയാണ് തീര്‍ത്ഥാടനത്തിന് പോയ സ്ത്രീകള്‍ തിരിച്ചിറങ്ങിയതെന്നും പരാതിയില്‍ ദേവിക ചൂണ്ടിക്കാട്ടുന്നുണ്ട്. തുടര്‍ന്നും കുട്ടികളെ ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയാണ് ഹിന്ദുത്വ സംഘങ്ങളെന്നും ദേവിക പറയുന്നു. ഒരു കുട്ടിയോടൊപ്പമെത്തിയ മാധവി എന്ന തീര്‍ത്ഥാടകയും ഭീഷണിക്കിരയായി. അവരും അവരുടെ കുടുംബവും നേരിട്ട കടുത്ത ഭീഷണിയെ തെളിയിക്കുന്ന നിരവധി ചിത്രങ്ങള്‍ ലഭ്യമാണ്. തീര്‍ത്ഥാടനത്തിനെത്തുന്ന സ്ത്രീകള്‍ക്കെതിരായ തെറിവിളികളിലും ഈ കുട്ടികളെ പങ്കാളികളാക്കുകയാണ്.

ജസീറ എന്നൊരു സ്ത്രീ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സെക്രട്ടേറിയറ്റിനു മുമ്പില്‍ കുട്ടികളുമായി സമരത്തിനെത്തിയ സംഭവവും ജെ ദേവിക തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടി. കണ്ണൂരിലെ മണല്‍മാഫിയയ്‌ക്കെതിരെയായിരുന്നു അവരുടെ സമരം. അന്ന് ചൈല്‍ഡ് ലൈന്‍ ആണ് അവര്‍ക്കെതിരെ നടപടിയെടുത്തത്, കുട്ടികള്‍ നേരിടുന്ന കെടുതിയെ ചൂണ്ടിക്കാട്ടി. എന്നാല്‍, അതിനെ അപേക്ഷിച്ച് എത്രയോ അപകടകരമായ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ ശബരിമലയിലെ കുട്ടികള്‍ നേരിടുന്നതെന്നും ദേവികയുടെ പരാതി ചൂണ്ടിക്കാട്ടുന്നു.

ഇക്കാരണത്താല്‍ ഈ സീസണില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ശബരിമലയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെടുന്നു. കുട്ടികളെ അപകടകരമാം വിധം അക്രമം നിലനില്‍ക്കുന്ന ഒറു സാഹചര്യത്തില്‍ കൊണ്ടുവന്ന സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയും ആവശ്യപ്പെടുന്നുണ്ട്. ശബരിമല ആചാര സംരക്ഷണ സമിതി തുടങ്ങിയ പുതുതായി പൊട്ടിമുളച്ച സംഘടനകളും കുറെക്കൂടി പഴക്കം ചെന്ന ബിജെപി, അയ്യപ്പസേവാ സംഘം പോലുള്ള സംഘടനകളും രാജ്യത്തെ നിയമങ്ങള്‍ കൈയിലെടുത്ത് കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെ തടുക്കേണ്ട ഉത്തരവാദിത്വം ബാലാവകാശ കമ്മീഷനുണ്ടെന്നും അത് നിര്‍വ്വഹിക്കണമെന്നും ദേവിക ആവശ്യപ്പെട്ടു.

ഒരഞ്ചാറ് കൊല്ലം കഴിയുമ്പോള്‍ ഇവിടെ ബാറും അഞ്ചാറ് ഹോട്ടലുകളും കൂടി കാണാം; ഒരു ‘ഭക്തൻ’ പറയുന്നത് കേള്‍ക്കുക

വനിതാ മാധ്യമ പ്രവര്‍ത്തകരെ അവര്‍ ഭയപ്പെടുന്നതിന് കാരണങ്ങളുണ്ട്‌

“മോദിയുടെ ഗുണ്ടകൾ’ ക്ഷേത്രത്തിൽ സ്ത്രീകളെ തടയുന്നു”: ദി ഓസ്ട്രേലിയൻ സ്ത്രീപ്രവേശനം വാർത്തയാക്കിയത് ഇങ്ങനെ

ശബരിമല LIVE: പമ്പയില്‍ വീണ്ടും സ്ത്രീകളെ തടഞ്ഞു, പ്രതിഷേധം; ആന്ധ്ര സ്വദേശിനികള്‍ മടങ്ങി

 

 

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍