UPDATES

‘വീട് സംഘപരിവാറുകാര്‍ വളഞ്ഞിരിക്കുന്നു; അങ്ങോട്ട് ചെന്നാല്‍ കൊല്ലുമെന്നാണ് ഭീഷണി’; മല കയറിയ യുവതികള്‍ വേട്ടയാടപ്പെടുകയാണ്

ലിബി, മഞ്ജു, ബിന്ദു തങ്കം കല്യാണി; ഭീഷണിയുടേയും അസഭ്യവര്‍ഷങ്ങളുടേയും കൊലവിളികളുടേയും നടുവില്‍ ജീവിക്കുന്ന ഇവര്‍ ജീവന്‍ രക്ഷിക്കാനായി സുരക്ഷിതമായ ഇടങ്ങള്‍ തേടിയുള്ള ഓട്ടത്തിലാണ്

‘എനിക്ക് ഇപ്പോള്‍ വീട്ടില്‍ പോവാന്‍ പറ്റാത്ത അവസ്ഥയാണ്. വീട് സംഘപരിവാറുകാര്‍ വളഞ്ഞിരിക്കുകയാണ്. പോലീസ് പ്രൊട്ടക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ അങ്ങോട്ട് ചെന്നാല്‍ കൊല്ലും എന്നാണ് ഭീഷണി. വാടക വീട് ഒഴിഞ്ഞുകൊടുക്കാന്‍ വീട്ടുടമ ആവശ്യപ്പെട്ടു. ഞാനിപ്പോഴും തിരുവനന്തപുരത്ത് ഒരിടത്ത് താമസിക്കുകയാണ്.’ ശബരിമലയില്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ട് പാതിവഴിയില്‍ മടങ്ങേണ്ടി വന്ന സി എസ് ലിബി പറയുന്നു.

ചേര്‍ത്തല ചക്കരക്കുളത്ത് ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്ന് ഇപ്പോള്‍ സാധനങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. ലിബിയ്ക്ക് ഇതേവരെ ചേര്‍ത്തലയില്‍ തിരിച്ചെത്താനായിട്ടില്ല. തിരുവനന്തപുരത്ത് ഒരു ബന്ധുവിന്റെ വീട്ടിലാണ് ഒരാഴ്ചയായി താമസം. സംഘപരിവാറുകാരുടെ ഭീഷണിയെ തുടര്‍ന്ന് ചക്കരക്കുളത്തെ വീടൊഴിഞ്ഞുകൊടുക്കാന്‍ വീട്ടുടമസ്ഥന്‍ ആവശ്യപ്പെട്ടു. ചേര്‍ത്തല തൈക്കലില്‍ ഉള്ള കുടുംബവീട്ടിലേക്ക് സാധനങ്ങള്‍ എല്ലാം മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ലിബി പറയുന്നു. ലിബി ശബരിമലയില്‍ എത്തിയ അന്നുതന്നെ തൈക്കലിലെ വീട് അക്രമികള്‍ അടിച്ചുതകര്‍ത്തിരുന്നു. തുടര്‍ന്ന് പോലീസ് സംരക്ഷണം ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ പോലീസ് സംരക്ഷണം ഉണ്ടായിട്ടുകൂടി ഭീഷണിയുടെ നിഴലില്‍ ആണ് തന്റെയും വീട്ടുകാരുടേയും ജീവിതമെന്ന് ലിബി പറയുന്നു.

ലിബി, മഞ്ജു, ബിന്ദു തങ്കം കല്യാണി.. ശബരിമലയില്‍ യുവതികളായ സ്ത്രീകള്‍ക്കും സുപ്രീംകോടതി പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്ന് മലകയറിയവരാണ്. സ്ത്രീകളെത്തിയാല്‍ തടയുമെന്ന് മുന്‍കൂട്ടി ആഹ്വാനം ചെയ്ത സംഘപരിവാറുകാരെ അവഗണിച്ചുകൊണ്ട്, സ്ത്രീകളെത്തിയാല്‍ ദര്‍ശനത്തിന് സുരക്ഷനല്‍കുമെന്ന സര്‍ക്കാരിന്റെ ഉറപ്പില്‍ വിശ്വസിച്ച് ശബരിമലയില്‍ എത്തിയവരാണിവര്‍. പക്ഷെ ഇന്ന് ഇവര്‍ ഒളിവ് ജീവിതത്തിലാണ്. ഭീഷണിയുടേയും അസഭ്യവര്‍ഷങ്ങളുടേയും കൊലവിളികളുടേയും നടുവില്‍ ജീവിക്കുന്ന ഇവര്‍ ജീവന്‍ രക്ഷിക്കാനായി സുരക്ഷിതമായ ഇടങ്ങള്‍ തേടിയുള്ള ഓട്ടത്തിലാണ്.

ലിബി ഓണ്‍ലൈന്‍ മാധ്യമമായ ‘ന്യൂസ് ഗില്‍’ന്റെ എഡിറ്റര്‍ ആണ്. എന്നാല്‍ ഭീഷണികളും അക്രമങ്ങളും ഭയന്ന് സ്വവന്തം വീട്ടിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ പോയതിനെ തുടര്‍ന്ന് ജോലിയും തടസ്സപ്പെട്ടിരിക്കുകയാണ്. ലിബി തുടരുന്നു; ‘വീടിനെ വലയം ചെയ്ത് ഏത് സമയവും വിശ്വഹിന്ദുപരിഷത്, ആര്‍എസ്എസ് പ്രവര്‍ത്തകരുണ്ട്. ചെന്നാല്‍ കൊല്ലും എന്ന് തന്നെയാണ് പറയുന്നത്. ഞാന്‍ താമസിച്ചിരുന്ന ചക്കരക്കുളത്തെ വാടക വീടിന് നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടായി. വീട്ടിലേക്ക് ജാഥകളും പ്രകടനങ്ങളും നടന്നു. വീട്ടുടമയുടെ അമ്മ ആ വീടിന്റെ ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നത്. അവരുടെ സുരക്ഷിതത്വത്തെക്കുറിച്ചോര്‍ത്ത് ഉടമസ്ഥന് വേവലാതിയായി. അതുകൊണ്ട് എന്നോട് വീടൊഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ എനിക്ക് വീട്ടില്‍ പോവാന്‍ പറ്റാത്ത സാഹചര്യം മുതലെടുത്ത് ജന്‍മഭൂമി റിപ്പോര്‍ട്ടര്‍ വീട്ടിലെത്തി വീട്ടുകാരെ ഭീഷണിപ്പെടുത്തി അമ്മയുടെ ഇന്റര്‍വ്യൂ എടുത്തുകൊണ്ട് പോയി പ്രസിദ്ധീകരിച്ചു. വീട്ടുകാരും നാട്ടുകാരും എന്നെ തള്ളിപ്പറയുന്നതായാണ് ആ റിപ്പോര്‍ട്ട് വന്നത്. അവരുടെ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണ് ആ റിപ്പോര്‍ട്ടും. സത്യവസ്ഥ അതല്ല. ശബരിമലയിലേക്കാണ് പോവുന്നതെന്ന് പറഞ്ഞല്ല വീട്ടില്‍ നിന്ന് ഇറങ്ങിയത് എന്നത് സത്യം. പക്ഷെ ഞാന്‍ ശബരിമലയില്‍ പോകാന്‍ മാലയിട്ട വിവരം വീട്ടില്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇന്നലെ വീട്ടുകാരുടെ ഭയം ഒഴിവാക്കാന്‍ വേണ്ടി മാത്രം അവിടേക്ക് പോവുന്ന കാര്യം ഞാന്‍ മറച്ചുവച്ചു എന്നേയുള്ളൂ.

സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ചേര്‍ത്തലയിലെ വീട്ടില്‍ നിന്നും ശബരിമലയിലേക്ക് പുറപ്പെടുന്നത്. പോവുന്നതിന് മുമ്പ് ചേര്‍ത്തല പോലീസ് സ്‌റ്റേഷനില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ചങ്ങനാശേരി എത്തിയപ്പോള്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും പോലീസിനെ അറിയിച്ച് വീണ്ടും യാത്ര തുടര്‍ന്നു. ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയില്‍ എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ എനിക്കായി അവിടെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ കയറുന്ന പമ്പ ബസ് എനിക്കൊപ്പം കത്തിക്കും എന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ നിന്നത്. സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ പോലീസുകാര്‍ എന്നെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. സുരക്ഷാ സംവിധാനമൊരുക്കി ഉച്ചയ്ക്ക് ശേഷം ശബരിമലയിലേക്ക് എത്തിക്കാം എന്നാണ് ആദ്യം പോലീസുകാര്‍ പറഞ്ഞത്. പക്ഷെ അപ്പോഴേക്കും നിലയ്ക്കലില്‍ വലിയ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. മുഖംമൂടി ധരിച്ച് പലരും അവിടെ ആക്രമണം നടത്തി. മാധ്യമപ്രവര്‍ത്തകരെ വരെ ആക്രമിച്ചു. ആ അവസ്ഥയില്‍ തങ്ങള്‍ക്ക് വേണ്ടത്ര ആള്‍ബലമില്ല എന്ന നിസ്സഹായാവസ്ഥ പോലീസ് എന്നെ ബോധ്യപ്പെടുത്തി.

മുവായിരത്തിലധികം ആളുകള്‍ അപ്പോള്‍ തന്നെ പ്രതിഷേധവുമായി എത്തിയിരുന്നു. ആ സാഹചര്യത്തില്‍ വേണ്ടത്ര സുരക്ഷ നല്‍കാന്‍ പോലീസിന് കഴിയില്ല എന്നറിയിച്ചു. മടങ്ങിപ്പോവാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ഡിവൈഎസ്പിയേയും ഡിജിപിയേയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരെ ലഭ്യമായില്ല. മനസ്സുണ്ടായിട്ട് തിരികെ പോന്നതല്ല. പ്രൊട്ടക്ഷന്‍ തരാനുള്ളത്ര പോലീസ് സംവിധാനമില്ലാത്തതിനാല്‍ തിരികെ പോരേണ്ടി വന്നതാണ്.

കോടതിവിധിയുടെ ബലത്തില്‍ ശബരിമലയില്‍ പോവുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാമെന്നുള്ള സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ചാണ് ഞാന്‍ ഇറങ്ങിയത്. എന്നാല്‍ അതുണ്ടായില്ല. പോലീസ് പ്രതീക്ഷിച്ചതിലുമധികമാളുകള്‍ അവിടേക്ക് പ്രതിഷേധിച്ച് എത്തിയിരുന്നു. അഞ്ഞൂറ് പോലീസുകാരായിരുന്നു അവിടെയുണ്ടായിരുന്നത്. എന്നാല്‍ ഉത്തരേന്ത്യയില്‍ നിന്ന് പോലും പ്രതിഷേധക്കാര്‍ എത്തുകയായിരുന്നു. ആക്ടിവിസ്റ്റുകളോട് അവിടെ പോവണ്ട എന്നാണ് ഇപ്പോള്‍ പറയുന്നത്. ആക്ടിവിസ്റ്റുകളായ യുവതികള്‍ പോവണ്ട എന്ന് കോടതി പറഞ്ഞിട്ടില്ല. യുവതികള്‍ക്കും ശബരിമലയില്‍ പോവാമെന്നാണ് വിധി. അവിടെയെത്തിയ യുവതികള്‍ക്ക് വേണ്ട സംരക്ഷണം നല്‍കി അവരെ ശബരിമലയില്‍ എത്തിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. എന്നാല്‍ എന്നോടൊപ്പം നില്‍ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കോടതി വിധി നടപ്പാക്കാന്‍ തടസ്സം നിന്നു, എന്റെ യാത്ര വഴിയില്‍ തടഞ്ഞു തുടങ്ങിയ കാര്യങ്ങള്‍ കാണിച്ച് ഞാന്‍ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നുണ്ട്. അതിനുള്ള പൂര്‍ണ സഹകരണം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഞാന്‍ പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലിരിക്കെത്തന്നെ എന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി പോലീസില്‍ നല്‍കുന്നുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ എഫ്ബി പോസ്റ്റ് എന്റേതല്ലായിരുന്നു. സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം പോവുന്നുവെങ്കില്‍ കടുക്ക കൊടുക്കുന്നതായിരിക്കും നല്ലത് എന്നുള്ള ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തത്. ഈ പോസ്റ്റിനെതിരെ ചങ്ങനാശേരി പോലീസ്്‌റ്റേഷനിലും എന്നെ പ്രതിചേര്‍ത്ത് കേസ് നല്‍കിയിട്ടുണ്ട്.

ഫാസിസം എന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണെന്നായിരുന്നു ധാരണ. നമ്മുടേത് നവോത്ഥാനം നടന്ന മണ്ണാണ്, നവോത്ഥാന നായകരുടെ കേരളമാണ്, ഇവിടെ ഫാസിസം ഉണ്ടാവില്ല എന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതിലും ഭീകരമായി ഇവിടെ ഫാസിസം ഉണ്ടെന്ന് മനസ്സിലായി. ഇവിടെ ഒരു ജില്ല മുഴുവന്‍ അവര്‍ പിടിച്ചെടുത്തു എന്ന് പറയാവുന്ന അവസ്ഥയാണ്. ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ട്വിറ്ററിലും എല്ലാം എനിക്കെതിരെയുള്ള കൊലവിളികളാണ്. ഉത്തരേന്ത്യയില്‍ നിന്ന് പോലും അത് ഉയരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും വരെയുള്ള കൊലവിളികളും അസഭ്യവര്‍ഷവും കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്റെ സോഷ്യല്‍ മീഡിയ വാളുകള്‍. ഫേസ്ബുക്കില്‍ മതസ്പര്‍ദ്ദയുണ്ടാക്കുന്ന വിധം പോസ്റ്റിട്ടു എന്ന പേരില്‍ ലിബിയ്ക്ക് നേരെ പോലീസ് കേസെടുത്തിരിക്കുകയാണ്.

ഇനി എന്താണ് സംഭവിക്കുക എന്നറിയില്ല. നല്ലതിനായി ആഗ്രഹിക്കുന്നു. ഭയപ്പെടുത്തുന്ന സാഹചര്യമാണ് എനിക്ക് ചുറ്റിലുമുള്ളതെങ്കിലും ഒട്ടും ഭയമില്ല. പക്ഷെ വീട്ടുകാരെയെങ്കിലും ഇതില്‍ നിന്ന് ഒഴിവാക്കി തന്നാല്‍ മതിയായിരുന്നു. എന്റെ വീട് അവര്‍ അടിച്ചുതകര്‍ത്തതിന് പിന്നാലെ എല്ലാവിധ സംരക്ഷണവും ഉറപ്പുനല്‍കി പോലീസുകാരെ വീടിന് മുന്നില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. പക്ഷെ അതൊന്നും അക്രമികളെ തളര്‍ത്തിയിട്ടില്ല. അവര്‍ ഇപ്പോഴും എന്നെ കാത്ത് അവിടെയുണ്ട്.’

ചാത്തന്നൂര്‍ സ്വദേശിനിയും ദളിത് പ്രവര്‍ത്തകയുമായ മഞ്ജു ശബരിമലയില്‍ എത്തിയതിനെ തുടര്‍ന്ന് അവര്‍ക്കെതിരെ പല ആരോപണങ്ങളും ഉന്നയിക്കപ്പെട്ടു. താനൊരു വിശ്വാസിയാണെന്നും മലകയറണമെന്നും ആവശ്യപ്പെട്ട് എത്തിയ മഞ്ജുവിനെ രാവിലെ മുതല്‍ വൈകിട്ട് വരെ അന്വേഷണത്തിന്റെ പേരില്‍ പോലീസ് തടഞ്ഞുവച്ചു. പിന്നീട് ദര്‍ശനം നടത്താനാവാതെ തിരികെ പോന്ന മഞ്ജു വീട്ടിലെത്തിയപ്പോള്‍ വീട് അക്രമികള്‍ തകര്‍ത്ത നിലയിലായിരുന്നു. പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അത് ലഭിച്ചെങ്കിലും ഭീഷണിയും പോര്‍വിളിയും തുടര്‍ന്നുകൊണ്ടേയിരുന്നു എന്ന് മഞ്ജു പറയുന്നു. എന്നാല്‍ നിലവില്‍ പോലീസുകാരെ മഞ്ജുവിന്റെ വീട്ടില്‍ നിന്ന് നീക്കിയിരിക്കുകയാണ്. സംഘപരിവാറുകാര്‍ അസഭ്യവര്‍ഷവും, കൊലവിളിയും തുടരുകയാണെന്ന് മഞ്ജു പറയുന്നു. ‘ഞാനൊരു വിശ്വാസിയാണ്. കാല് വേദന വന്ന് എനിക്ക് നടക്കാന്‍ പറ്റാതായ ഒരു സമയം, നടക്കാന്‍ പറ്റുന്ന വിധം കാലിന്റെ വേദന മാറിയാല്‍ മലചവിട്ടിക്കോളാമെന്ന് നേര്‍ച്ചയുണ്ടായിരുന്നു. സുപ്രീംകോടതി വിധി വന്നപ്പോള്‍ സന്തോഷമായി. എന്റെ നേര്‍ച്ച നേരത്തെ തന്നെ നടത്താമല്ലോ എന്നായിരുന്നു ചിന്ത. എന്നാല്‍ ദര്‍ശനത്തിനായി അവിടെ എത്തിയപ്പോള്‍ പോലീസുകാര്‍ എന്റെ ബാക്ഗ്രൗണ്ട് ചെക്ക് ചെയ്യണമെന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ പിടിച്ചിരുത്തി. കേസുകളുടേയും മറ്റും എണ്ണം എടുത്തു. സത്യത്തില്‍ എനിക്കെതിരെ ഇപ്പോള്‍ ഒരു സിവില്‍ കേസ് മാത്രമേയുള്ളൂ. ബാക്കിയെല്ലാം തള്ളിപ്പോയ കേസുകളാണ്.

പോലീസുകാര്‍ ഇതെല്ലാം ചെക്ക് ചെയ്യുമ്പോഴും എന്നെ കൊണ്ടുപോവും എന്ന ഉറച്ച തീരുമാനത്തില്‍ തന്നെയായിരുന്നു. പക്ഷെ അന്വേഷണവും മറ്റും പൂര്‍ത്തിയായി വന്നപ്പോള്‍ വൈകിട്ട് അഞ്ചരയായി. അപ്പഴേക്കും മഴയും തുടങ്ങി. പക്ഷെ ഞാന്‍ പോവാന്‍ തയ്യാറാണെങ്കില്‍ കൊണ്ടുപോവാന്‍ പോലീസ് തയ്യാറായിരുന്നു. വനമായതിനാല്‍ മഴ പെയ്താല്‍ വലിയ ഇരുട്ടാവും. അപ്പോള്‍ അക്രമി സംഘത്തെ കടന്ന് എനിക്ക് അവിടെയെത്താനാവുമെന്ന പ്രതീക്ഷയില്ലാതെ പോയി. കൊച്ചുകുഞ്ഞുങ്ങളൊക്കെയാണ് സന്നിധാനത്ത് പ്രതിഷേധത്തിന് നില്‍ക്കുന്നത്. ഞാന്‍ കാരണം സന്നിധാനം കലാപഭൂമിയായാല്‍ ആ കുഞ്ഞുങ്ങളെ വരെ കുരിതിയ്ക്ക് വിട്ടുകൊടുക്കലാവും. അതുകൊണ്ട് മാത്രം ഞാന്‍ തിരികെ പോന്നു. അന്ന് തന്നെ ഇവിടേക്ക് തിരിച്ചെത്തി. പിറ്റേന്ന് രാവിലെ പോവാം എന്നുകരുതി തന്നെയാണ് അന്ന് തിരികെ പോന്നത്. പക്ഷെ അപ്പോഴേക്കും എന്റെ വീടെല്ലാം അക്രമികള്‍ തകര്‍ത്തിരുന്നു.

എന്റെ വീട്ടില്‍ വയ്യാത്ത ഒരു സഹോദരനുണ്ട്. കണ്ണിന് കാഴ്ചശക്തിയില്ലാത്ത അപ്പച്ചിയുണ്ട്. ഇവരുടെയെല്ലാം സുരക്ഷിതത്വം ഞാന്‍ തന്നെ നോക്കണം. അപ്പഴേക്കും പോലീസ് സംരക്ഷണം ഉണ്ടെങ്കില്‍ കൂടി സംഘപരിവാറുകാര്‍ അവിടെയും ഇവിടെയും ചുറ്റിനിന്ന് ഭീഷണി മുഴക്കുന്നുണ്ടായിരുന്നു. പോലീസുകാരുണ്ടായിട്ടും അവരുടെ റോന്ത് ചുറ്റലിന് ഒരു കുറവും ഉണ്ടായിട്ടില്ല. ഇപ്പോള്‍ പോലീസുകാരുടെ സംരക്ഷണം ഒഴിവാക്കി. ഏത് സമയവും ആക്രമിക്കപ്പെടാം എന്ന അവസ്ഥയിലാണ് ജീവിതം മുന്നോട്ട് പോവുന്നത്.’

താമസിച്ചിരുന്ന വാടക വീട്ടിലേക്കോ, ജോലി ചെയ്തിരുന്ന മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹയര്‍ സെക്കന്ററി സ്‌കൂളിലേക്കോ തിരികെ പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ബിന്ദു തങ്കം കല്യാണി. ബിന്ദുവിനെ സ്‌കൂളിലോ വീട്ടിലോ പ്രവേശിപ്പിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന തരത്തിലുള്ള ഭീഷണികളാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. വീട്ടിലേക്കു ചെല്ലാതെ സുഹൃത്തിന്റെ ഫ്ലാറ്റില്‍ അഭയം തേടിയപ്പോഴും അക്രമി സംഘം അന്വേഷിച്ചെത്തിയിരുന്നു. അവരില്‍ നിന്നും രക്ഷപ്പെടാനായി പൊലീസ് സഹായം സ്വീകരിക്കേണ്ടിയും വന്നു ബിന്ദുവിന്. നിലവില്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ബിന്ദു, സുരക്ഷിതമായ ഇടം തേടിയുള്ള ഓട്ടത്തിലാണ്.

‘എനിക്കിപ്പോള്‍ പോകാനൊരിടമില്ല. ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ഓടിക്കുകയാണ്. തെരുവില്‍ വച്ച് കൈയേറ്റം ചെയ്യുമോ എന്നെനിക്കു ഭയമുണ്ട്. എനിക്കെതിരെ നടക്കുന്ന ജാതീയമായ അധിക്ഷേപമായിത്തന്നെ ഈ ആക്രമണത്തെ കണക്കാക്കേണ്ടതുമുണ്ട്.’ സുരക്ഷിതമായ ഒരു അഭയസ്ഥാനത്തെത്താനുള്ള വ്യഗ്രതയോടെയാണ് ബിന്ദു തങ്കം സംസാരിച്ചത്. ശബരിമല കയറാന്‍ ശ്രമിച്ച വിവരം പുറം ലോകമറിഞ്ഞതു മുതല്‍ തനിക്കെതിരെ നടക്കുന്ന സംഘടിതമായ അതിക്രമങ്ങളെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചും സംസാരിക്കുമ്പോഴും, സ്വാഭാവിക ജീവിതത്തില്‍ നിന്നും തന്നെ വിലക്കുന്നവരെക്കുറിച്ചുള്ള ഭയം ബിന്ദുവിന്റെ വാക്കുകളിലുണ്ട്. അക്രമി സംഘത്തിന്റെ ഭീഷണികളെത്തുടര്‍ന്ന് മലകയറ്റം ഉപേക്ഷിച്ച് ഇന്ന് രാവിലെ സ്വദേശമായ കോഴിക്കോട്ട് തിരിച്ചെത്തിയതിനു ശേഷവും അത്രയേറെ ഭീകരമായ പ്രതികരണങ്ങളാണ് ബിന്ദുവിന് നേരിടേണ്ടി വന്നിട്ടുള്ളത്.

പോലീസ് സുരക്ഷ ഒരുക്കുമ്പോള്‍ പോലും അക്രമികളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടേണ്ടിവരുന്ന സ്ത്രീകളാണ് ഇവര്‍. അതേസമയം, ശബരിമല വിഷയത്തില്‍ അക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ എല്ലാ രീതിയിലും പൊലീസ് സേന തയ്യാറാണെന്നാണ് ഐ.ജി. ശ്രീജിത്തിന്റെ പക്ഷം.

ശബരിമലയില്‍ നിന്നും തിരിച്ചെത്തിയ സ്ത്രീകള്‍ തൊഴിലിടങ്ങളിലും വീടുകളിലും നേരിടുന്ന അതിക്രമങ്ങളും പുറത്താക്കലുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സഹായമാവശ്യപ്പെടുന്നവര്‍ക്ക് അത് ലഭിക്കുമെന്ന് ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറയുന്നുണ്ട്. ‘സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതാതു സ്ഥലങ്ങളിലെ ലോക്കല്‍ പൊലീസിന്റെ പരിധിയില്‍ വരുന്നതാണ്. അവര്‍ക്കു കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അക്രമം നേരിടുന്ന സ്ത്രീകള്‍ അവരെ സമീപിക്കുന്നതനുസരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും. പൊലീസ് ചീഫ് തന്നെ നേരിട്ടു നല്‍കിയ നിര്‍ദ്ദേശമാണത്.’ സഹായം വേണ്ട സ്ത്രീകള്‍ ലോക്കല്‍ പൊലീസിനെ സമീപിക്കണമെന്നും എങ്കില്‍ മാത്രമേ അവരുടെ ആവശ്യമെന്തെന്ന് തിരിച്ചറിയാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാമജപ യജ്ഞങ്ങളല്ല, ശബരിമലയില്‍ നടന്നത് ആസൂത്രിത അക്രമങ്ങള്‍

“അവന്മാരാ പെങ്കൊച്ചിനെ അടിച്ച അടി കാണണം, പോലീസുകാരികള്‍ പോലും പേടിച്ചോടുകയായിരുന്നു”; നിലയ്ക്കലില്‍ നടന്നത്

‘മാന്‍ ടു മാന്‍ മാര്‍ക്കിംഗ്’ കണ്ടിട്ടില്ലേ? ശബരിമലയില്‍ അതായിരുന്നു ഞങ്ങള്‍ അനുഭവിച്ചത്

നാപ്കിനോ മാഡം? ചകിരിയും അറപ്പൊടിയും വൃത്തിയില്ലാത്ത തുണിയും ഉപയോഗിക്കുന്ന സ്ത്രീകളെ താങ്കള്‍ക്കറിയുമോ?

മല കയറാൻ ശ്രമിച്ചതിന് ഒരു ദളിത് സ്ത്രീ ഗുണ്ടകളെ പേടിച്ച് ഓടുകയാണ് ഈ കേരളത്തിൽ

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍