UPDATES

വൈറല്‍

ഈ യുവതികൾ എങ്ങനെ സന്നിധാനത്തെത്തി? 2012ല്‍ രാഹുല്‍ ഈശ്വര്‍ എന്തുകൊണ്ട് മൌനം പാലിച്ചു?

ദേശാഭിമാനി പത്തനംതിട്ട ലേഖകനായ എബ്രഹാം തടിയൂരിന്റെ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

ശബരിമലയിലെ സ്‌ത്രീ പ്രവേശന വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട കോടതി വിധിക്കെതിരെ നൽകിയ വിധി ഉടൻ പരിഗണിക്കാനാവില്ലെന്നാണ് ഇന്നലെ സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാൽ കേരളത്തിൽ ബി ജെ പി യും, എൻ എസ് എസും അടക്കമുള്ള സംഘടനകളും ഒപ്പം പന്തളം രാജകുടുംബവും തന്ത്രി കുടുംബവും കൂടുതൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുകയാണ്.

കോടതി വിധി അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്യുമെന്ന് സർക്കാരും ആവർത്തിച്ചിരിക്കുന്ന അവസരത്തിൽ കൂടുതൽ സംഘർഷഭരിതമായ ദിവസങ്ങളാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന് രാഷ്ട്രീയ-സാമൂഹ്യ നിരീക്ഷകർ വിലയിരുത്തുന്നു. അതിനിടെ ശബരിമലയിൽ നിയമവിരുദ്ധമായി യുവതികൾ പ്രവേശിച്ചതിന്റെ ചിത്രം സഹിതം ആറുവർഷം മുൻപ്‌ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്ത വീണ്ടും ശ്രദ്ധ നേടുകയാണ്.

ശബരിമലയിലെ കരാറുകാരനായിരുന്ന സുനിൽ സ്വാമി എന്ന വ്യവസായിയുടെ സ്വാധീനത്തിൽ 20നും 45നുമിടക്ക്‌ പ്രായമുള്ള മൂന്ന്‌ യുവതികൾ സന്നിധാനത്ത്‌ പ്രവേശിച്ചതായി 2012 ഏപ്രിൽ ആറിന്‌ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു. യുവതികൾ ക്ഷേത്രത്തിന്‌ സമീപം നിൽക്കുന്ന ചിത്രവും അന്ന്‌ ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു.

ദേശാഭിമാനി പത്തനംതിട്ട ലേഖകനായ എബ്രഹാം തടിയൂർ അന്ന്‌ താൻ റിപ്പോർട്ട്‌ ചെയ്‌ത വാർത്തയുടെ ചിത്രമടക്കമുള്ള വിവരങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ്‌ ചെയ്‌തതോടെയാണ്‌ ഈ സംഭവം വീണ്ടും ചർച്ചയായിരിക്കുന്നത്‌. മുംബൈ സ്വദേശികളെന്ന്‌ കരുതുന്ന യുവതികൾ പൊലീസ്‌ സംരക്ഷണത്തിലാണ്‌ ശബരിമല ക്ഷേത്ര ദർശനം നടത്തിയത്‌. ശബരിമല സ്‌ത്രീ പ്രവേശനത്തിന്റെ ഇന്ന്‌ കോലാഹലം സൃഷ്‌ടിക്കുന്ന രാഹുൽ ഈശ്വറിന്റെ അന്നത്തെ പ്രതികരണവും എബ്രഹാം തടിയൂർ തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. സുനിൽ സ്വാമി വേണ്ടപ്പെട്ട ആളാണെന്നും കേസിന്‌ പോകരുതെന്ന്‌ അമ്മ പറഞ്ഞിനാൽ താനാ വിഷയം വിട്ടെന്നും അന്ന്‌ രാഹുൽ ഈശ്വർ എബ്രഹാം തടിയൂരിനോട്‌ പറഞ്ഞതായി വാർത്തകളുണ്ട്. പണവും സ്വാധീനവും ഉപയോഗിച്ച്‌ നിയമവിരുദ്ധമായി ശബരിമലയിൽ യുവതികൾ പ്രവേശിച്ചപ്പോൾ മൗനിയായിരുന്ന രാഹുൽ ഈശ്വർ ഇന്ന്‌ വിവേചനരഹിതമായി താൽപര്യമുള്ളവർക്ക്‌ ശബരിമലയിൽ പോകാനുള്ള അവസരത്തെ എതിർക്കുന്നതിലെ വൈരുധ്യം ഇതോടെ വെളിവാവുകയാണെന്ന് നവമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.

എബ്രഹാം തടിയൂരിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌

2012 ഏപ്രിൽ 6 ന് ദേശാഭിമാനി പത്രത്തിൽ ഞാൻ കൊടുത്ത ഒരു വാർത്തയാണിത്. പൊലീസ് സംരക്ഷണയിൽ യുവതികൾ ശബരിമല സന്നിധാനത്ത് കയറിയത് സംബന്ധിച്ച ഫോട്ടോ സഹിതമുള്ള വാർത്ത.

ഈ വാർത്ത ഇപ്പോൾ ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് പ്രത്യേക കാരണമുണ്ട്. ശബരിമലയിൽ സ്ത്രീകളുടെ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി വന്ന ശേഷമുള്ള ചിലരുടെ നിലപാടുകളും പ്രതിഷേധവും കണ്ടപ്പോൾ ഇത് എടുത്ത് കൊടുക്കണമെന്നു തോന്നി.

ഈ വാർത്ത വന്നശേഷം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിരവധി ഫോൺ കോളുകൾ എനിക്ക് ലഭിക്കുകയുണ്ടായി. അതിലൊന്ന് ശ്രീ. രാഹുൽ ഈശ്വറിന്റെതായിരുന്നു. അദ്ദേഹം വിവരങ്ങൾ ആരാഞ്ഞു. അതിന് ശേഷം എന്നോട് പറഞ്ഞു. ‘ഈ വിഷയം അങ്ങനെ വിട്ടാൽ പറ്റില്ല. ഗൗരവമായി എടുക്കും. വേണ്ടിവന്നാൽ കേസു കൊടുക്കാൻ ഫോട്ടോകൾ കൈയ്യിലുണ്ടല്ലോ’ എന്നും ചോദിച്ചു. കാര്യങ്ങൾ പിന്നാലെ അറിയിക്കാമെന്നും പറഞ്ഞു.

എന്നാൽ, രണ്ടു ദിവസം കഴിഞ്ഞ്, രാഹുലിന്റെ വിളി ഉണ്ടാകാതിരുന്നതിനെ തുടർന്ന് ഞാൻ അദ്ദേഹത്തെ വിളിച്ചു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് ‘സുനിൽ സ്വാമി വേണ്ടപ്പെട്ട ആളാണ്. കേസിനൊന്നും പോകരുതെന്ന് അമ്മ പറഞ്ഞു. അതു കൊണ്ട് ഞാനതങ്ങ് വിട്ടു’ എന്നാണ്.

സുനിൽ സ്വാമി എന്നൊരാളെപ്പറ്റി ഈ വാർത്തയിൽ പറയുന്നുണ്ട്. ഇദ്ദേഹം കൊല്ലംകാരനായ ഒരു വൻവ്യവസായി ആണ്. തീർഥാടന കാലത്ത് ഉൾപ്പെടെ മിക്കപ്പോഴും ശബരിമലയിൽ ഉണ്ടാകും. ശബരിമലയുടെ വികസന പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ കൈ അയച്ച് സംഭാവന ചെയ്യുന്നയാൾ.

ഇനി വാർത്തയിലെ പ്രധാന ഭാഗത്തേക്ക് വരാം. യുവതികൾ സന്നിധാനത്തും മാളികപ്പുറത്തും നിൽക്കുന്നത് കണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചവരെ പൊലീസ് വിരട്ടിയോടിച്ചു. ക്യാമറയും മൊബൈൽ ഫോണും പിടിച്ചു വാങ്ങാനും ശ്രമിച്ചു. ഈ യുവതികൾ എങ്ങനെ സന്നിധാനത്തെത്തി എന്ന് അന്വേഷിച്ചപ്പോൾ മാളികപ്പുറം ശാന്തി പറഞ്ഞത് അവർ സുനിൽ സ്വാമിയുടെ ആൾക്കാരാണെന്നാണ്. മുംബൈയിൽ നിന്ന് ഒരു വണ്ടി നിറയെ ആൾക്കാരാണ് അന്നവിടെ എത്തിയത്. പിന്നീട് ഇതേപ്പറ്റി അന്വേഷണം നടന്നു.

ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച് സുപ്രീം കോടതി വിധിയെ തുടർന്ന് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സന്ദർഭമാണല്ലോ ഇത്. ശബരിമല ശ്രീ അയ്യപ്പസന്നിധിയിൽ യുവതികൾ പ്രവേശിക്കുന്നത് എന്തു വില കൊടുത്തും തടയുമെന്ന് പറയുന്ന രാഹുൽ ഈശ്വറിനോട് എനിക്കിപ്പോൾ ചോദിക്കാനുള്ളത് 2012ൽ ഈ വിഷയത്തിൽ താങ്കളെന്തേ മൗനിയായിപ്പോയി? അധികാരവും പണവും ഉണ്ടെങ്കിൽ ദർശനം വിലക്കിയിരിക്കുന്ന പ്രായപരിധിയിലുള്ള ഏത് സ്ത്രീക്കും അയ്യപ്പദർശനമാകാമെന്നാണോ? വിശ്വാസികളായ സാധാരണ യുവതികൾക്ക് മാത്രം അയ്യപ്പദർശനം പാടില്ലെന്നാണോ? ദയവു ചെയ്ത് ഇനിയെങ്കിലും ശബരിമല ശ്രീ അയ്യപ്പനോടുള്ള ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നേ പറയാനുള്ളു.

ശബരിമലയില്‍ നൂറ്റാണ്ടുകളുടെ അവകാശവാദം ഉന്നയിക്കുന്ന താഴമണ്‍ തന്ത്രിമാര്‍ ആരാണ്? രാഹുല്‍ ഈശ്വര്‍ തന്ത്രികുടുംബമാണോ?

പിന്നോട്ട് നട(ത്തി)ക്കുന്ന കേരളം

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതിഭായി ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

ഗര്‍ഭപാത്രം നീക്കം ചെയ്തതിനു ശേഷം ശബരിമലയിലെത്തിയ മുന്‍ കോളേജ് പ്രിന്‍സിപ്പലോട് പോലീസ് ചോദിച്ചു, “എന്താണ് തെളിവ്?”

ശബരിമലയില്‍ നൂറ്റാണ്ടുകളുടെ അവകാശവാദം ഉന്നയിക്കുന്ന താഴമണ്‍ തന്ത്രിമാര്‍ ആരാണ്? രാഹുല്‍ ഈശ്വര്‍ തന്ത്രികുടുംബമാണോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍